അനുരജ്ഞനവും കുമ്പസാരവും
Mount Carmel Church Mariapuram

അനുരജ്ഞനവും കുമ്പസാരവും

  1. പാപം എന്നാ‍ല്‍ എന്ത്‌?

    ദൈവസ്നേഹത്തിനെതിരെ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും വഴി ദൈവപ്രമാണങ്ങളെയും തിരുസഭയുടെ കല്‍പനകളെയും ലംഘിക്കുന്നതാണ്‌ പാപം. ചെയ്യാന്‍ കഴിവുള്ള നന്‍മകള്‍ ചെയ്യാതിരിക്കുന്നതും പാപമാകുന്നു‍.

  2. പാപം എത്രതരം, ഏതെല്ലാം?

    രണ്ടുതരം: ജന്‍മപാപം, കര്‍മ്മപാപം

  3. ജന്‍മപാപം എന്നാ‍ല്‍ എന്ത്‌?

    ആദിമാതാപിതാക്കള്‍ അനുസരണക്കേട്‌ വഴി ദൈവസ്നേഹത്തില്‍ നിന്നി‍റങ്ങിപ്പോയി. പാപം ചെയ്യാനുള്ള ആദിമാതാ പിതാക്കളുടെ മനോഭാവം എല്ലാ മനുഷ്യരിലുമുണ്ട്‌. പാപത്തിലേക്ക്‌ ചാഞ്ഞിരിക്കുന്ന ഈ മനോഭാവമാണ്‌ ജന്‍മപാപം (ഉത്ഭവപാപം) (റോമ 5 :12)

  4. കര്‍മ്മപാപം എന്നാ‍ല്‍ എന്ത്‌?

    നന്‍മതിന്‍മകളെ തിരിച്ചറിയാന്‍ പ്രായമായതിനുശേഷം ചെയ്യുന്ന കല്‍പനകളുടെ ലംഘനമാകുന്നു കര്‍മ്മപാപം.

  5. കര്‍മ്മപാപം എത്രവിധത്തില്‍ ഉണ്ട്‌?

    നാലുവിധത്തില്‍

    1. വിചാരത്താല്‍
    2. വാക്കാല്‍
    3. പ്രവൃത്തിയാല്‍
    4. ഉപേക്ഷയാല്‍

  6. കര്‍മ്മപാപം എത്രതരമുണ്ട്‌?

    രണ്ടുതരം :       ചാവുദോഷം, പാപദോഷം

  7. ചാവുദോഷം എന്താകുന്നു‍?

    പൂര്‍ണ്ണമായ അറിവോടും സമ്മതത്തോടും കാര്യഗൗരവത്തോടും കൂടി ദൈവകല്‍പനകളെയോ തിരുസഭയുടെ കല്‍പനകളെയോ ലംഘിക്കുന്നത്‌ ചാവുദോഷമാകുന്നു

  8. പാപദോഷം എന്നാ‍ല്‍ എന്താകുന്നു‍?

    ചെറിയ പാപങ്ങള്‍ക്ക്‌ പാപദോഷങ്ങള്‍ എന്നു പറയുന്നു‍.

  9. ചാവുദോഷത്തോടുകൂടി മരിക്കുന്നവര്‍ എവിടെപ്പോകും?

    നിത്യനരകത്തില്‍ പോകും.

  10. ചാവുദോഷത്തിന്‌ എങ്ങനെ മോചനം കിട്ടും?

    കുമ്പസാരം വഴി, കുമ്പസാരിക്കുവാന്‍ കഴിയാത്തപ്പോള്‍ ഉത്തമ മനസ്താപം വഴി.

  11. പാപദോഷത്തോടുകൂടി മരിക്കുന്നവര്‍ എവിടെപ്പോകും?

    ശുദ്ധീകരണ സ്ഥലത്തില്‍ പോകും.

  12. പാപദോഷത്തിനെങ്ങനെ മോചനം കിട്ടും?

    കുമ്പസാരത്താലും, ഉപവാസം, പ്രാര്‍ത്ഥന, ധര്‍മ്മദാനം മുതലായ പുണ്യപ്രവൃത്തികളാലും മോചനം ലഭിക്കും.

  13. അനുരഞ്ജനകൂദാശ (കുമ്പസാരം)

    അനുരഞ്ജനകൂദാശയുടെ സ്ഥാപനം
    "നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍, നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നു‍വോ അവ അവരോട്‌ ക്ഷമിക്ക പ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നു‍വോ അവ ബന്ധിക്കപ്പെട്ടിരിക്കും" (യോഹ. 20:22-23) എന്നു നമ്മുടെ കര്‍ത്താവ്‌ അപ്പസ്തോലന്‍മാ‍രോട്‌ അരുള്‍ച്ചെയ്തുകൊണ്ട്‌ ഈ കൂദാശ സ്ഥാപിച്ചു.

  14. അനുരഞ്ജന കൂദാശ ആവശ്യമാണോ? എന്തുകൊണ്ട്‌?

    ആവശ്യമാണ്‌. കാരണം: ജീവിത വിശുദ്ധിക്കും ജീവിത വിജയത്തിനും മറ്റുള്ളവരുമായും ദൈവവുമായും നല്ല ബന്ധത്തില്‍ ജീവിക്കുവാന്‍ കുമ്പസാരം ആവശ്യമാണ്‌. കല്ലിനുതുല്യമായ ഹൃദയം മാറ്റി മാംസളമായ ഹൃദയത്തോടെ (ജറെ 31:33-34,എസെ. 36:25-27, ജോയേ 2:13) ഒരേ ഹൃദയവും ഒരേ മനസ്സുമുള്ളവരായി ജീവിക്കുവാന്‍ (അപ്പ 4:32) കുമ്പസാരം ആവശ്യമാണ്‌.

  15. എന്താണ്‌ മാനസാന്തരം?

    ഒരു നാണയത്തിന്‌  രണ്ട്‌ വശങ്ങളുള്ളതുപോലെ മാനസാന്തരത്തിന്‌ രണ്ട്‌ വശങ്ങളുണ്ട്‌.

    മ) പരിശുദ്ധാത്മാവിന്‍റെ ആലയമാണ്‌ (1 കോറി 6:14) നമ്മള്‍. കള്ളം, ചതി, വഞ്ചന, മദ്യം, ലഹരി വസ്തുക്കള്‍, മയക്കുമരുന്ന്‌‌, ആര്‍ഭാടം, അനീതി, അക്രമം, അശുദ്ധി, മുതലായ ദുഃശ്ശീലങ്ങള്‍വഴി സ്വന്തം സുഖം അന്വേഷിക്കുന്ന പ്രവണത  നമ്മിലുണ്ട്‌. അവ മാറ്റുതാണ്‌ (അവയില്‍ നിന്നു‍ള്ള മോചനമാണ്‌) മാനസാന്തരം.

    യ) നമ്മുടെ വളര്‍ച്ചയെ സഹായിക്കുന്ന പുണ്യപ്രവര്‍ത്തികളായ ധര്‍മ്മദാനം, ഉപവാസം, പ്രാര്‍ത്ഥന എന്നി‍വയാല്‍ നമ്മള്‍ നിറയുന്നതാണ്‌ മാനസാന്തരം (യോഹ 2:7, മത്താ 6:1-18).

  16. അനുതാപം എത്ര വിധമുണ്ട്‌?

    രണ്ടുവിധം: ഒന്നാമത്‌, പൂര്‍ണ്ണമായ അനുതാപം അഥവാ ഉത്തമ മനസ്താപം. രണ്ടാമത്‌, അപൂര്‍ണ്ണമായ അനുതാപം.

  17. ഉത്തമ മനസ്താപം എന്താകുന്നു‍?

    ഈശോയോടുള്ള സ്നേഹത്താല്‍ ചെയ്ത പാപങ്ങളെക്കുറിച്ച്‌ മനസ്തപിക്കുന്നത്‌ ഉത്തമ മനസ്താപമാകുന്നു‍.

  18. അപൂര്‍ണ്ണ മനസ്താപം എന്താകുന്നു‍?

    ഈശോ പാപത്തിന്‌ കല്‍പിക്കുന്ന ശിക്ഷകളെ ഭയന്നുകൊണ്ട്‌ പാപത്തെ വെറുക്കുന്നത്‌ അപൂര്‍ണ്ണ മനസ്താപമാകുന്നു‍.

  19. നേരിട്ട്‌ കുമ്പസാരിച്ചാല്‍ പോരെ? വൈദികനോട്‌ പാപങ്ങള്‍ ഏറ്റുപറയണമോ?

    ഏറ്റുപറയണം. കാരണം ഉത്ഥാനം ചെയ്ത യേശു അപ്പസ്തോലന്‍മാ‍ര്‍ക്ക്‌ പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ട്‌ പാപം മോചിക്കാനുള്ള അധികാരം നല്‍കി(യോഹ 20:22-23). അപ്പസ്തോലന്‍മാ‍രുടെ പിന്‍ഗാമികളായ മെത്രാന്‍മാ‍ര്‍ക്കും അവരുടെ സഹകാരികളായ വൈദികര്‍ക്കും പാപം മോചിപ്പിക്കാനുള്ള അധികാരം ഉണ്ട്‌.

  20. അനുരഞ്ജന കൂദാശയില്‍ വൈദികന്‍ ചെയ്യുന്ന 3 ദൗത്യങ്ങളേവ?

    മ) അദ്ധ്യാപകനെപ്പോലെ പഠിപ്പിക്കുന്നു

    യ) ന്യായാധിപനെപ്പോലെ വിധി പറയുന്നു.

    ര) കരുണയുള്ള അപ്പനെ/അമ്മയെപ്പോലെ പറയും; 'മടങ്ങിവരൂ.... മകനെ/മകളെ മനസ്സ്‌ തുറക്കൂ.... നിന്നെ‍ സ്നേഹിച്ചു കൊതി തീര്‍ന്നില്ല, നിന്നെ ലാളിച്ചു മതിയായില്ല. നീയില്ലാതെ എന്‍റെ ഭവനം ശൂന്യമാണ്‌. നിന്നെക്കാണാതെ എന്നു‍ള്ളം വിതുമ്പുന്നു‍ എന്ന്‌' (ലൂക്ക 15)

  21. അനുരഞ്ജന കൂദാശയില്‍ നടക്കുന്ന 3 ദൗത്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ത്?

    കരുണയുള്ള അപ്പന്‍റെ/അമ്മയുടെ സ്നേഹസ്വരം. കാരണം നാം ദൈവത്തിന്‍റെ മക്കളാണ്‌ (റോമ 8:13-17).

  22. അനുരഞ്ജനകൂദാശയില്‍ കുറച്ചു പാപങ്ങള്‍ മാത്രം ഏറ്റുപറഞ്ഞാല്‍ പോരെ?

    പോരാ! വൈദികന്‍ യേശുക്രിസ്തുവിന്‍റെ പ്രതിപുരുഷനാണ്‌.  അക്കാരണത്താല്‍ പാപങ്ങള്‍ ഒളിച്ചുവച്ച്‌ കുമ്പസാരിക്കുന്നത്‌ ദൈവത്തോടുതന്നെ‍യുള്ള ഒളിച്ചുവയ്ക്കലാണ്‌. അങ്ങനെ ദൈവത്തെ പറ്റിക്കുന്നത്‌ മാരകപാപമാണ്‌.

  23. നല്ല കുമ്പസാരത്തിനുവേണ്ട കാര്യങ്ങള്‍ എത്ര?

    അഞ്ച്‌  ( പേജ്‌ 14 കാണുക)

  24. പാപങ്ങളെ ക്രമമായി ഓര്‍ക്കേണ്ട വഴികള്‍ ഏവ?

    * 10 കല്‍പനകള്‍  * തിരുസഭയുടെ കല്‍പനകള്‍

  25. കുറ്റമില്ലാത്ത മറവിയാല്‍ വല്ല ചാവുദോഷവും കുമ്പസാരത്തില്‍ പറയാന്‍ ഇടയാകാഞ്ഞാല്‍ ആ കുമ്പസാരം വാസ്തവമാകുമോ?

    വാസ്തവമാകും. മറന്നുപോയ പാപങ്ങളെ പിന്നീ‍ട്‌ ഓര്‍ക്കുമെങ്കില്‍ അടുത്ത കുമ്പസാരത്തില്‍ അവയെ കൂടെ ഏറ്റു പറഞ്ഞു കുമ്പസാരിക്കേണ്ടതാകുന്നു

  26. കല്‍പനകള്‍ നല്‍കിയിരിക്കുന്നത്‌ എന്തിനാണ്‌?

    സമൂഹത്തിലെ ദുര്‍ബ്ബലരെ സംരക്ഷിക്കാനും, അവര്‍ക്ക്‌ ദൈവത്തിന്‍റെ നീതി ഉറപ്പാക്കാനും.

  27. ഒന്നാം പ്രമാണം എന്ത്‌ ആവശ്യപ്പെടുന്നു‍? (നിയമ 5:7)

    കാനാന്‍ ദേശത്തേക്ക്‌ മരുഭൂമിയിലൂടെയുള്ള യാത്രയില്‍ ദൈവം ഇസ്രായേല്‍ ജനതയ്ക്ക്‌ മന്നയും പാറ പിളര്‍ന്ന ജലവും നല്‍കി. കാല്‍ നനയാതെ അവരെ ചെങ്കടല്‍ കടത്തി (പുറ.14,16,17), ദൈവം അവരെ കണ്ണിലെ കൃഷ്ണമണി പോലെയും (സങ്കീ. 17:8) കണ്‍മുമ്പിലെ ആപ്പിള്‍പ്പോലെയും കഴുകന്‍റെ ചിറകിലെന്നപോലെയും സംരക്ഷിക്കുന്നു (പുറ 19:4). തലയിലെ തലമുടിനാരുപോലും എണ്ണി സൂക്ഷിക്കുകയും  പെറ്റമ്മ മറന്നാലും മറക്കാതെ (ഏശ 49:15-16) ഉള്ളം കയ്യില്‍ പേരു പോലും കുറിച്ചു വയ്ക്കുന്നവനുമാണ്‌ ദൈവമെന്നറിയുക.

  28. ഒന്നാം പ്രമാണത്തിനെതിരെയുള്ള പാപം?

    ഞാന്‍ എന്ന ഭാവം, അഹങ്കാരം (സ്വാര്‍ത്ഥത).

    സമ്പത്തിലും സ്ഥാനമാനത്തിലും അറിവിലും ആരോഗ്യത്തിലുമുള്ള അമിതാശ്രയം.

    കൈനോട്ടം, ജാതകം നോക്കല്‍ മുതലായവയിലൂടെ  മറ്റുള്ളവര്‍ക്ക്‌ ദൈവത്തിന്‍റെ സ്ഥാനം നല്‍കല്‍.

  29. രണ്ടാം പ്രമാണം ആവശ്യപ്പെടുന്നതെന്ത്‌? (നിയമ 5:11)

    ആണയിടുന്നതുവഴി ദൈവത്തെ വെറും ഉപകരണമാക്കി സഹോദരബന്ധങ്ങളെ വേര്‍പെടുത്താന്‍ പാടില്ല

  30. മൂന്നാം പ്രമാണത്തിന്‍റെ ഉറവിടം എന്ത്‌? (നിയമ 12:5)

    ദൈവസ്നേഹം നിറഞ്ഞു കവിഞ്ഞൊഴുകിയ സൃഷ്ടി കര്‍മ്മത്തില്‍ നിന്നു ദൈവം വിശ്രമിച്ചു (ഉത്പ 2:2). പാലും തേനു മൊഴുകുന്ന കാനാന്‍ നാട്ടിലെത്തിയതിന്‍റെ ഓര്‍മ്മയാചരണം (നിയമ  5:14).

  31. പാലും തേനും എന്തിനെ സൂചിപ്പിക്കുന്നു‍?

    പാല്‍ സ്വാതന്ത്ര്യത്തെയും തേന്‍ കൂട്ടായ്മയെയും സൂചിപ്പിക്കുന്നു‍.

  32. സാബത്തുദിവസം നാം എന്താണ്‌ ചെയ്യേണ്ടത്‌?

    ഇടവക സമൂഹം ഒരുമിച്ച്‌ ഇടവകവികാരിയോടൊപ്പം സജീവ ബലിയര്‍പ്പണം നടത്തണം. ഇടവകയുടെ നന്‍മയ്ക്കുവേണ്ടി എല്ലാവരും പരസ്പരം കാണണം. ക്ഷേമാന്വേഷണം നടത്തണം. ഒരുമിച്ച്‌ പ്രവര്‍ത്തിക്കണം.

  33. സാബത്തു ദിവസത്തെ ധന്യമാക്കാന്‍ നല്ലൊരു ചിന്ത എന്ത്‌?

    വി. വിന്‍സെന്‍റ്‌ ഡി പോള്‍ പറയുന്നു‍: "നിന്നെ കൊണ്ടു ചെയ്യാന്‍ പറ്റുന്ന നന്‍മ ഇന്നു തന്നെ‍ ചെയ്യുക. കാരണം നാളെ നീ ഇതുവഴി വരില്ല".

  34. നാലാം പ്രമാണം എന്താവശ്യപ്പെടുന്നു?‍ (നിയമ. 5:17)

    മാതാപിതാക്കള്‍, മുതിര്‍ന്നവര്‍, വൈദികര്‍, സന്യസ്തര്‍, ഗുരുഭൂതര്‍ മുതലായവരെ സ്നേഹിക്കുക, ബഹുമാനിക്കുക, ആദരിക്കുക.

  35. അഞ്ചാം പ്രമാണം എന്താവശ്യപ്പെടുന്നു‍?

    ദൈവം നല്‍കിയ മനുഷ്യജീവനെ സംരക്ഷിക്കുക (ഉത്പ 2:7), പരിപോഷിപ്പിക്കുക, പരിപാലിക്കുക. നമ്മള്‍ ജീവന്‍റെ ഉടമസ്ഥരല്ല, കാവല്‍ക്കാരാണ്‌. അക്കാരണത്താല്‍ നമ്മുടെ ജീവനും മറ്റുള്ളവരുടെ ജീവനും നാം കാവലിരിക്കണം. (ഉത്പ.4:9).

  36. ശരിയായ രീതിയിലല്ലാത്ത സമ്മതിദാനാവകാശം രേഖപ്പെടുത്തല്‍ അഞ്ചാം പ്രമാണത്തിനെതിരായ പാപമാകുമോ?

    പാപമാകും. കാരണം സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിലൂടെ നമുക്കുവേണ്ടി തീരുമാനമെടുക്കാനുള്ള വ്യക്തികളെ നാം തെരഞ്ഞെടുക്കുന്നു‍. നാം തെരഞ്ഞെടുക്കുന്ന വ്യക്തികള്‍ ജീവനെ, പ്രത്യേകിച്ചും ദുര്‍ബ്ബലരുടെ ജീവനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവരും ജീവനെ സംരക്ഷിക്കുവാന്‍ ആവശ്യം വേണ്ട നിലപാടുകളെടുക്കുന്നവരുമാകണം.

    ജീവനെ നശിപ്പിക്കുന്നവ:
    മദ്യം, മയക്കുമരുന്ന്‌‌, ലഹരിവസ്തുക്കള്‍, പുകവലി, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, ആഭരണഭ്രമം, ഫാഷന്‍ ഭ്രമം മുതലായവ.

  37. വാക്കുകളിലൂടെ അഞ്ചാം പ്രമാണത്തിനെതിരായി പാപം ചെയ്യാനാകുമോ?

    ആകും. പറഞ്ഞവാക്കും എറിഞ്ഞ കല്ലും എയ്ത അമ്പും തിരിച്ചുവരികില്ല. അതുപോലെ മോശമായ വാക്കുകളുപയോഗിച്ച്‌ ഒരാളുടെ നല്ല പേരിനെ കളങ്കപ്പെടുത്തിയാല്‍ അയാളുടെ സല്‍പേര്‌ നശിക്കുന്നു‍. ഒരാളുടെ സല്‍പേര്‌ നശിപ്പിക്കുന്നത്‌ അഞ്ചാം പ്രമാണത്തിന്‌ എതിരായ പാപമാണ്‌.

  38. വിവാഹ ജീവിതത്തിന്‌ മുമ്പുള്ള ലൈംഗികബന്ധം പാപമാണോ? എന്തുകൊണ്ട്‌?

    പാപമാണ്‌. കാരണം (മ) ജീവിതപങ്കാളിക്ക്‌ നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമാണ്‌ കന്യാത്വം. പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഇത്‌ പാലിക്കാന്‍ ബാധ്യസ്ഥരാണ്‌. (യ) ശരീരം ജീവിക്കുന്ന ദൈവത്തിന്‍റെ ആലയമാണ്‌. ആ ആലയത്തില്‍ വസിക്കുന്നത്‌ പരിശുദ്ധാത്മാവാണ്‌. ദൈവാത്മാവിന്‍റെ വാസത്തിനെതിരെയുള്ള ഏതൊരു പ്രവര്‍ത്തനവും ദൈവനിന്ദയും, നിഷേധവുമാണ്‌.

  39. അശ്ലീല ചിത്രങ്ങള്‍ കാണുന്നതും, ചീത്ത സംഭാഷണങ്ങളിലേര്‍പ്പെടുന്നതും പാപമാകുമോ?

    പാപമാകും. മനുഷ്യരുടെ മൃദുല വികാരങ്ങളെ ഇക്കിളിപ്പെടുത്തി ശരീരത്തിന്‍റെ നൈമിഷികമായ സുഖത്തിനുവേണ്ടി പരക്കം പായാനും അതുവഴി 6 ഉം 9 ഉം പ്രമാണങ്ങള്‍ക്കെതിരെ പാപം ചെയ്യാനും അശ്ലീല ചിത്രങ്ങളും സംഭാഷണങ്ങളും കാരണമാകും. അക്കാരണത്താല്‍ മഞ്ഞപ്പുസ്തകങ്ങള്‍, നീലച്ചിത്രങ്ങള്‍, ചില റ്റി.വി. ചാനലുകള്‍, തെറ്റായ ഫോണ്‍ ബന്ധങ്ങള്‍ എന്നി‍വ ഉപേക്ഷിക്കേണ്ടതാണ്‌.

  40. അശ്ലീല ചിത്രങ്ങള്‍ കാണുകയും മഞ്ഞപുസ്തകങ്ങള്‍ വായിക്കുകയും ചെയ്യുന്നതുകൊണ്ട്‌ ലൈംഗീക കാര്യങ്ങളെക്കുറിച്ച്‌ അറിവുകിട്ടുമല്ലോ, പിന്നെ എങ്ങനെ പാപമാകുന്നു‍?

    യഥാര്‍ത്ഥമായ, ശാസ്ത്രീയമായ അറിവ്‌ കിട്ടില്ല. പലപ്പോഴും തെറ്റായ അറിവും സന്‍മാ‍ര്‍ഗ്ഗത്തിന്‌ നിരക്കാത്തതുമായ കാര്യങ്ങളുമാണ്‌ അവ അവതരിപ്പിക്കുക. മാത്രമല്ല ദുര്‍മോഹങ്ങള്‍ രൂപപ്പെട്ട്‌ പാപത്തെ പ്രസവിക്കും. പാപം പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു (യാക്കോ 1:15).

  41. അശ്ലീല കാര്യങ്ങളില്‍ നിന്നും അകന്നിരിക്കാന്‍ എന്തുചെയ്യണം?

    അശ്ലീല കാര്യങ്ങള്‍ പത്തിവിടര്‍ത്തിയാടുന്ന പാമ്പുകളാണ്‌. അവയെ ജീവിതത്തിലേക്ക്‌ സ്വാഗതം ചെയ്യരുത്‌. പാലു കൊടുത്താലും പാമ്പ്‌ വിഷം തന്നെയാണു തുപ്പുക. വേലിയില്‍ ഇരിക്കുന്ന പാമ്പിനെ എടുത്ത്‌ മടിയില്‍ വയ്ക്കരുത്‌. ഇതുപോലെ അശ്ലീല കാര്യങ്ങളെ ജീവിതത്തിലേക്ക്‌ സ്വാഗതം ചെയ്യാതിരിക്കുക. കാരണം മനുഷ്യര്‍ ദുര്‍ബ്ബലരാണ്‌. അക്കാരണത്താല്‍ പാപസാഹചര്യങ്ങള്‍ ഒഴിവാക്കണം.

  42. 7-ാ‍ം പ്രമാണം എന്താവശ്യപ്പെടുന്നു‍? (നിയമ 5:19)

    ഈ ഭൂമിയും ഇതിലെ വിഭവങ്ങളും എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണ്‌. ആവശ്യാനുസരണം പങ്കിട്ടനുഭവിക്കേണ്ടതാണ്‌ (ലേവ്യ 25:23). മറ്റുള്ളവര്‍ക്ക്‌ അര്‍ഹതപ്പെട്ടത്‌ സ്വന്തമാക്കുന്നത്‌ സ്വാര്‍ത്ഥതയാണ്‌. സ്രഷ്ടാവായ ദൈവത്തിന്‍റെ ക്രമം സൂക്ഷിക്കുന്നതിലുള്ള കൈകടത്തലാണ്‌. സ്രഷ്ടാവായ ദൈവത്തിന്‍റെ ക്രമം സൂക്ഷിക്കാന്‍ മറ്റുള്ളവരുടെ വക എടുക്കരുത്‌

  43. മോഷ്ടിച്ചെടുത്തവ തിരികെ നല്‍കാതെ പാപം മോചിക്കപ്പെടുമോ?

    പാപം മോചിക്കപ്പെടുകില്ല. മോഷ്ടിച്ചെടുത്ത സാധനങ്ങള്‍ അതിന്‍റെ ഉടമസ്ഥന്‌ തിരികെ കൊടുക്കണം. അമ്മയെയോ അപ്പനെയോ നഷ്ടപ്പെട്ട കുഞ്ഞ്‌ അവരുടെ അടുക്കല്‍ പോകാന്‍ കരയുന്നതുപോലെ മോഷണവസ്തു ഉടമസ്ഥന്‍റെയടുക്കല്‍ പോകാന്‍ എപ്പോഴും കരഞ്ഞുകൊണ്ടിരിക്കും. മറ്റുള്ളവരുടെ വക എടുക്കുമ്പോള്‍ അവരുടെ ചോരയും കണ്ണുനീരും വിയര്‍പ്പ്‌ തുള്ളികളുമാണ്‌ ഊറ്റിക്കുടിക്കുക. അദ്ധ്വാനിച്ചുണ്ടാക്കുന്ന ഭക്ഷണത്തിന്‌ നെറ്റിയിലെ വിയര്‍പ്പിന്‍റെ രുചിയുണ്ടാകും എന്നതും അനുസ്മരിക്കണം. (2 തെസ. 3:10; ഉത്പ 3:19).

  44. മോഷ്ടിച്ചെടുത്തവ മാത്രം തിരികെ നല്‍കിയാല്‍ മതിയോ?

    പോര! മോഷ്ടിച്ചെടുത്തവകൊണ്ട്‌ എന്തൊക്കെ നേട്ടമുണ്ടാക്കിയോ അവയെല്ലാം തിരികെ നല്‍കണം. സക്കേവൂസ്‌ ഇപ്രകാരം പറഞ്ഞു. "സ്വത്തില്‍ പകുതി ദരിദ്രര്‍ക്ക്‌ കൊടുക്കുന്നു‍. ആരില്‍ നിന്നെങ്കിലും എന്തെങ്കിലും വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ ഒന്നി‍നു നാലായി തിരികെ കൊടുക്കുന്നു "(ലൂക്കാ 19:8).

  45. മോഷ്ടിച്ചവ തിരികെ നല്‍കിയാല്‍ എന്തു സംഭവിക്കും?

    തിരികെ നല്‍കുന്നയാളും അയാളുടെ കുടുംബവും രക്ഷപ്രാപിക്കും  (ലൂക്കാ 19:9).

  46. കള്ളസാക്‌ഷ്യം പറയരുത്‌ എന്നതു കൊണ്ടര്‍ത്ഥമാക്കുന്നതെന്ത്‌?

    വിചാരം, വാക്ക്‌, പ്രവൃത്തി, ഉപേക്ഷ എന്നി‍വയിലൂടെ സത്യത്തിനെതിരെ നീങ്ങരുതെന്നാണ്‌. കള്ളസാക്‌ഷ്യം പറഞ്ഞാല്‍ നീതിമാനായ യേശുവിനെ കാല്‍വരിയിലെ കുരിശിലേക്കും, കൊലപാതകിയും കവര്‍ച്ചക്കാരനുമായ ബറാബാസിനെ സ്വതന്ത്രനാക്കിവിടുകയും ചെയ്യും (ലൂക്കാ 23:25), അങ്ങനെയാകുന്നത്‌ നീതിയുടെ ലംഘനമാണ്‌.

  47. അന്യന്‍റെ വസ്തു മോഹിക്കരുത്‌ എന്നതുകൊണ്ട്‌ എന്തര്‍ത്ഥമാക്കുന്നു? (നിയമ. 5:21).

    ദൈവം തന്നിരിക്കുന്ന നന്‍മകളെയും അനുഗ്രഹങ്ങളെയും ഓര്‍ത്ത്‌ ദൈവത്തിന്‌ നന്ദിയും സ്തുതിയും സമര്‍പ്പിക്കാതെ മറ്റുള്ളവരുടെ സാധനങ്ങളിലോ വസ്തുവകകളിലോ കണ്ണും നട്ട്‌ അവരുടെ വക സ്വന്തമാക്കാനുള്ള ആഗ്രഹവുമായി ജീവിക്കരുത്‌. ഉള്ളതുകൊണ്ട്‌ തൃപ്തിപ്പെടാനും കൂടുതല്‍ അദ്ധ്വാനിക്കാനും ശ്രമിക്കണം.

  48. കുമ്പസാരിക്കാന്‍ എങ്ങനെ ഒരുങ്ങണം?

    1. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ആമ്മേന്‍ !
    2. മാതാവ്‌, യൗസേപ്പ്പിതാവ്‌, പേരുള്ള പുണ്യവാന്‍/പുണ്യവതി, കാവല്‍ മാലാഖ ഇവരെ ഓര്‍ത്തു ഇപ്രകാരം പ്രാര്‍ത്ഥിക്കുക. 'ഞാനിപ്പോള്‍ നല്ല കുമ്പസാരം ചെയ്യാന്‍ ആഗ്രഹിക്കുന്നു. എന്‍റെ പാപങ്ങളെ ശരിയായി ഓര്‍ത്ത്‌ അനുതാപത്തോടെ നല്ല കുമ്പസാരം നടത്താന്‍ എനിക്കുവേണ്ടി ഈശോയോടു പ്രാര്‍ത്ഥിക്കണമെ'.
    3. 10 കല്‍പനകളിലൂടെയും തിരുസ്സഭയുടെ കല്‍പനകളിലൂടെയും ചെയ്തുപോയ പാപങ്ങളെ ഓര്‍ത്തു ശരിയായി മനസ്‌ തപിക്കുക.
    4. "സര്‍വ്വശക്തനായ ദൈവത്തോടും" എന്ന പ്രാര്‍ത്ഥന ചൊല്ലുക.
    5. കുമ്പസാരകൂട്ടിലണഞ്ഞ്‌ ഇപ്രകാരം പറയണം: ഈശോമിശിഹായ്ക്ക്‌ സ്തുതിയായിരിക്കട്ടെ.  "പിതാവേ പാപി(നി)യായിരിക്കുന്ന എന്നി‍ല്‍ കനിയണമേ".
    6. കുമ്പസാരിച്ചിട്ട്‌ എത്രനാളായി (ഓര്‍മ്മയില്ലെങ്കില്‍ ഏകദേശം എത്രനാളായി)എന്ന്‌ പറയുക
    7. ചെയ്തുപോയ പാപങ്ങളെല്ലാം സ്നേഹപിതാവിന്‍റെ/മാതാവിന്‍റെ മടിത്തട്ടിലിരുന്നു‍ പറയുന്നതുപോലെ പറയുക.
    8. പാപങ്ങള്‍ പറഞ്ഞു കഴിഞ്ഞാല്‍: "പിതാവേ, ഞാന്‍ പറഞ്ഞ പാപങ്ങള്‍ക്കും പറയാന്‍ മറന്നുപോയ പാപങ്ങള്‍ക്കും എനിക്ക്‌ പാപമോചനവും പ്രായശ്ചിത്തവും നല്‍കി അനുഗ്രഹിക്കണമെ. വൈദികന്‍ പ്രായശ്ചിത്തവും പാപമോചനവും നല്‍കിക്കഴിഞ്ഞാല്‍ ഇപ്രകാരം പറയുക: "പിതാവേ, എന്‍റെ പാപങ്ങള്‍ ക്ഷമിച്ചതിന്‌ അങ്ങേയ്ക്ക്‌ നന്ദി". ഈശോമിശിഹായ്ക്ക്‌ സ്തുതിയായിരിക്കട്ടെ.
    9. മനസ്താപപ്രകരണം ചൊല്ലുക.
    10. പ്രായശ്ചിത്തം നിറവേറ്റുക. പ്രായശ്ചിത്തം നിറവേറ്റാതിരുന്നാ‍ല്‍ പാപമാണ്‌.
    11. എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കാനും പ്രസാദവരത്തില്‍ ജീവിക്കാനുമുള്ള അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുക.
    12. മാതാവ്‌, യൗസേപ്പ്‌ പിതാവ്‌, കാവല്‍മാലാഖ, പേരുള്ള പുണ്യവാന്‍/പുണ്യവതി എന്നി‍വരെ ഓര്‍ത്ത്‌ നല്ല കുമ്പസാരം നടത്തുവാന്‍ സഹായിച്ചതിന്‌ നന്ദി പറയുക.
View Count: 8146.
HomeContact UsSite MapLoginAdmin |
Login