വിശുദ്ധ അന്തോനീസിനോടുള്ള നൊവേന
Mount Carmel Church Mariapuram

വിശുദ്ധ അന്തോനീസിനോടുള്ള നൊവേന

പ്രാരംഭ ഗാനം

( അദ്ധ്വാനിക്കുന്നവര്‍ക്കും... എന്ന രീതിയില്‍.)
പാദുവാപ്പതിയെ, ദൈവ 
സ്നേഹത്തിന്‍ കേദാരമെ 
നേര്‍വഴി കാട്ടേണമെ 
പരിശുദ്ധ അന്തോനീസെ.....

അമലോത്ഭവ കന്യകതന്‍റെ  
മാനസ പുത്രനായ 
പരിശുദ്ധ അന്തോനീസെ
ഞങ്ങള്‍ക്കായ്‌ പ്രാര്‍ത്ഥിക്കണെ 
(പാദുവാപ്പതിയെ..)

പൈതലാം യേശുവിനെ 
തൃകൈയില്‍ ഏന്തിയോനെ 
തൃപ്പാത പിന്‍തുടരാന്‍ 
ത്രാണിയുണ്ടാകേണമെ .....
(പാദുവാപ്പതിയെ..)

ക്രൂശിന്‍റെ അടയാളത്താല്‍ 
ദുഷ്ടത നീക്കിയോനെ 
ആലംബഹീനര്‍ക്കെന്നും 
മദ്ധ്യസ്ഥനാകേണമെ 
(പാദുവാപ്പതിയെ..)

പ്രാരംഭ പ്രാര്‍ത്ഥന

അദ്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസിനെ ഞങ്ങള്‍ക്കെന്നും സഹായമരുളുന്ന മദ്ധ്യസ്ഥനായി നല്‍കിയ ദൈവമെ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങു ഞങ്ങള്‍ക്കുനല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ പൂര്‍ണഹൃദയത്തോടെ നന്ദിപറയുന്നു. ഞങ്ങളുടെ ജീവിതത്തില്‍ വന്നുപോയിട്ടുള്ള പാപങ്ങളെയോര്‍ത്തു കണ്ണിരോടെ പശ്ചാത്തപിച്ചു മാപ്പുചോദിക്കുന്നു. ഞങ്ങളുടെ അനുദിനജീവിതത്തെ അങ്ങ്‌ ആശീര്‍വദിച്ചനുഗ്രഹിക്കേണമെ. ആത്മീയവും ശാരീരികവുമായ എല്ലാ ആപത്തുകളില്‍നിന്നും ഞങ്ങളെ രക്ഷിക്കേണമേ, അങ്ങേ പൈതൃകമായ പരിപാലനയില്‍, എന്നും ജീവിക്കുന്നതിനുള്ള കൃപ ഞങ്ങള്‍ക്ക് നല്‍കണമേ. വിശ്വസ്തതയോടെ അങ്ങേയ്ക്കു ശുശ്രൂഷ ചെയ്തുകൊണ്ട് വിശുദ്ധിയിലും വിവേകത്തിലും വളര്‍ന്ന്, അങ്ങയുടെയും മനുഷ്യരുടെയും മുമ്പില്‍, കുറ്റമറ്റവരായി ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമെ.

കാരുണ്യവാനായ ദൈവമേ, വിശുദ്ധ അന്തോനീസു വഴിയായി, ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന, അങ്ങ്‌ കരുണാപൂര്‍വ്വം സ്വീകരിച്ച്, ഞങ്ങളെ അനുഗ്രഹിക്കണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

മദ്ധ്യസ്ഥ പ്രാര്‍ത്ഥന

അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസേ, അങ്ങേ മദ്ധ്യസ്ഥം തേടുന്നവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ നിരവധിയാണന്ന് ഞങ്ങള്‍ അറിയുന്നു. ഈശോയുടെ സന്നിധിയിലുള്ള അങ്ങയുടെ മദ്ധ്യസ്ഥ ശക്തിയില്‍ ദൃഢമായി ശരണപ്പെട്ടുകൊണ്ട് ഞങ്ങള്‍ അങ്ങേ മുമ്പില്‍ നില്ക്കുന്നു. ദിവ്യനാഥനോടുള്ള അഗാധമായ സ്നേഹവും സഹോദരങ്ങളോടുള്ള കാരുണ്യവും മൂലം ഏതൊരത്ഭുതവും പ്രവര്‍ത്തിക്കുന്നതിനുള്ള അമൂല്യമായ വരം ലഭിച്ചിരിക്കുന്ന വിശുദ്ധ അന്തോനീസേ, ആവശ്യനേരങ്ങളില്‍ ഞങ്ങളുടെ സഹായത്തിനെത്തണമെ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും പ്രത്യേകമായി ഇപ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യമായ അനുഗ്രഹം....... ( ഇവിടെ ആവശ്യം പറയുക...) സാധിച്ചുകിട്ടുന്നതിന് പരമപിതാവിന്‍റെ സന്നിധിയില്‍ അങ്ങ് മദ്ധ്യസ്ഥം വഹിക്കണമെന്ന് തകര്‍ന്ന ഹൃദയത്തോടെ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

സമൂഹ പ്രാര്‍ത്ഥന

പരമകാരുണ്യവാനായ ദൈവമേ, അങ്ങേ വിശ്വസ്ത ശുശ്രൂഷകനായ വിശുദ്ധ അന്തോനീസിന്‍റെ മദ്ധ്യസ്ഥം യാചിക്കുന്ന അങ്ങേ മക്കളായ ഞങ്ങള്‍ക്ക് അദേഹത്തിന്‍റെ അപേക്ഷമൂലം ഞങ്ങളുടെ ആവശ്യങ്ങളില്‍ അങ്ങേ സഹായം ലഭിക്കുന്നതിനുള്ള കൃപ നല്‍കണമെ. ഞങ്ങള്‍ അങ്ങുമായി ഐക്യപ്പെട്ട് വിശുദ്ധ ജീവിതം നയിച്ച്‌ മറ്റുള്ളവരിലേക്കും വിശുദ്ധി പ്രസരിപ്പിക്കുവാനും നിത്യ സൗഭാഗ്യം അനുഭവിക്കുവാനും ഞങ്ങള്‍ക്കിടയാക്കണമേ. ആമ്മേന്‍

ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ, 
മിശിഹായേ! അനുഗ്രഹിക്കണമേ,
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ,

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ (പ്രതിവചനം: "ഞങ്ങളെ അനുഗ്രഹിക്കേണമേ") 
ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ 
പരിശുദ്ധാത്മാവായ ദൈവമേ 
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ

പരിശുദ്ധ മറിയമേ, (പ്രതിവചനം: "ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിയ്ക്കേണമേ")
ഞങ്ങളുടെ പിതാവായ വിശുദ്ധ അന്തോനീസേ,
ദൈവജനനിയുടെ ഭക്തനായ വിശുദ്ധ അന്തോനീസേ,
അപേക്ഷിക്കുന്നവര്‍ക്ക് എന്നും സഹായമരുളുന്ന വിശുദ്ധ അന്തോനീസേ,
സങ്കടപ്പെടുന്നവര്‍ക്ക് ആശ്വാസമായ വിശുദ്ധ അന്തോനീസേ,
അനേകം കഠിന പാപികളെ മാനസാന്തരപ്പെടുത്തിയ വിശുദ്ധ അന്തോനീസേ,
അനേകം അത്ഭുതങ്ങളാല്‍ ഈശോയുടെ സുവിശേഷം പ്രസംഗിച്ച വിശുദ്ധ അന്തോനീസേ,
ദാരിദ്ര്യത്തെ സന്തോഷത്തോടു കൂടി സ്വീകരിച്ച വിശുദ്ധ അന്തോനീസേ,
ക്ലേശിതരും ദു:ഖിതരുമായ അനേകരെ ആശ്വസിപ്പിക്കുന്ന വിശുദ്ധ അന്തോനീസേ,
ആത്മാക്കളെ രക്ഷിക്കണമെന്നുള്ള ആശയാല്‍ അപ്പസ്തോലനായ വിശുദ്ധ അന്തോനീസേ,
ഭക്തി നിറഞ്ഞ വചനങ്ങളാല്‍ അനേകം പേരുടെ ഹൃദയങ്ങളില്‍ ദൈവസ്നേഹം നിറച്ച വിശുദ്ധ അന്തോനീസേ,
അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള ദൈവികവരം ലഭിച്ച വിശുദ്ധ അന്തോനീസേ,
കാണാതെ പോയ വസ്തുക്കളെ തിരികെ നല്‍കുവാനുള്ള പ്രത്യേക വരം ലഭിച്ച വിശുദ്ധ അന്തോനീസേ,
ആത്മീയവും ശാരീരികവുമായ രോഗങ്ങളാല്‍ വലയുന്നവരെ സുഖപ്പെടുത്തുന്ന വിശുദ്ധ അന്തോനീസേ,
വിശുദ്ധ കുരിശിന്റെ അടയാളത്താല്‍ പിശാചുക്കളെ അകറ്റിയവനായ വിശുദ്ധ അന്തോനീസേ,

ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ ഈശോതമ്പുരാനേ,
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കേണമേ.
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ ഈശോതമ്പുരാനേ,
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ ഈശോതമ്പുരാനേ,
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിയ്ക്കേണമേ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍ 
പാദുവാപ്പതിയായിരിക്കുന്ന വിശുദ്ധ അന്തോനീസേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

പിതാവായ ദൈവമേ, അങ്ങേ വിശ്വസ്തദാസനായ വിശുദ്ധ അന്തോനീസിന് വണക്കം ചെയ്യുന്ന അങ്ങേ മക്കളായ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കണമെന്നും, ആ വിശുദ്ധന്‍റെ മദ്ധ്യസ്ഥം വഴിയായി ഞങ്ങളപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമെന്നും, നിത്യമായി ജീവിച്ചുവാഴുന്ന അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍

സമാപന പ്രാര്‍ത്ഥന

അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസേ, ഞങ്ങള്‍ അങ്ങയുടെ തിരുസ്വരൂപത്തിന്‍ മുമ്പാകെ സാഷ്ടാംഗപ്രണാമം ചെയ്ത്, ഞങ്ങളുടെ നിസ്സഹായാവസ്ഥയില്‍ അങ്ങയുടെ സഹായം തേടുന്നു. അസ്വസ്ഥമായിരിക്കുന്ന ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങ് ദയാപൂര്‍വം തൃക്കണ്‍പാര്‍ക്കണമേ. എല്ലാ ക്ലേശങ്ങളും നൈരാശ്യങ്ങളും പരീക്ഷകളും ഞങ്ങളില്‍ നിന്നും അകറ്റിക്കളയണമെ. ആവശ്യനേരങ്ങളില്‍ അങ്ങയോട് അപേക്ഷിക്കുന്നവരെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നതിന് അങ്ങ് ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ല എന്ന് ഓര്‍ക്കേണമേ. സജീവമായ വിശ്വാസത്തോടെ ഉണ്ണീശോയുടെ വിശ്വസ്ത സ്നേഹിതനായ അങ്ങേ സങ്കേതത്തില്‍ ഞങ്ങള്‍ അഭയം തേടുന്നു. ഞങ്ങള്‍ക്കിപ്പോള്‍ ഏറ്റവും ആവശ്യമായിരിക്കുന്ന അനുഗ്രഹങ്ങള്‍ ........ കാരുണ്യവാനായ ദൈവത്തില്‍ നിന്നും ലഭിച്ചുതന്ന് ഞങ്ങള്‍ക്ക്‌ സഹായവും സമാധാനവും നല്‍കണമെന്ന് ഈശോ മിശിഹായുടെ നാമത്തില്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്‍റെ അഗാധ ഭക്തനായിരുന്ന വിശുദ്ധ അന്തോനീസേ, അങ്ങയുടെ അനുഗ്രഹങ്ങളെ ഞങ്ങള്‍ എന്നും നന്ദിയോടെ ഓര്‍ക്കുമെന്നും അങ്ങയോടുള്ള ഭക്തിവഴിയായി ദിവ്യകാരുണ്യനാഥനായ ഈശോയെ കൂടുതല്‍ സ്നേഹിക്കുവാന്‍ പരിശ്രമിക്കുമെന്നും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ആമ്മേന്‍

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

സമാപന ഗാനം

( സ്നേഹപിതാവിന്‍ ഭവനത്തില്‍ ... എ.മ.)
ലോകപിതാവിന്‍ തിരുമുമ്പില്‍ 
എത്രയുമെളിയൊരു പ്രേഷിതനായ് 
സുവിശേഷത്തിന്‍ സന്ദേശം 
പതിതര്‍ക്കേകിയ പുണ്യാത്മാ 

സ്നേഹവുമതുപോല്‍ ഉപവിയിലും
സ്വര്‍ഗ്ഗീയാഗ്നി തെളിച്ചവനെ 
ഇരുളുനിറഞ്ഞൊരു വീഥികളില്‍ 
കൈത്തിരികാട്ടി നയിക്കണമേ

ഈശോതന്‍പ്രിയ സ്നേഹിതരായ് 
നിര്‍മ്മല ജീവിത പാതകളില്‍ 
ഇടറാതെന്നും ജീവിക്കാന്‍ 
മാദ്ധ്യസ്ഥം നീയരുളണമെ 

നഷ്ടപ്പെട്ടവ കണ്ടെത്താന്‍ 
നന്മയും തിന്മയും കണ്ടെത്താന്‍ 
ഉള്‍ക്കണ്ണിന്‍ പ്രഭ ചോരിയണമേ 
ജീവിതവിജയം നല്‍കണമേ...
View Count: 13917.
HomeContact UsSite MapLoginAdmin |
Login