അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും
യേശു പറഞ്ഞു:
നിങ്ങളിലൊരുവന് ഒരു സ്‌നേഹിതനുണ്ടെന്നിരിക്കട്ടെ. അര്‍ധരാത്രി അവന്‍റെ അടുത്തുചെന്ന് അവന്‍ പറയുന്നു: സ്‌നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്പ തരുക.
ഒരു സ്‌നേഹിതന്‍ യാത്രാ മധ്യേ എന്‍റെ അടുക്കല്‍ വന്നിരിക്കുന്നു. അവനു കൊടുക്കാന്‍ എനിക്കൊന്നുമില്ല.
അപ്പോള്‍, അവന്‍റെ സ്‌നേഹിതന്‍ അകത്തുനിന്നു മറുപടി പറയുന്നു: എന്നെ ഉപദ്രവിക്കരുത്. കതകടച്ചു കഴിഞ്ഞു. എന്‍റെ കുഞ്ഞുങ്ങളും എന്‍റെ കൂടെ കിടക്കയിലാണ്. എഴുന്നേറ്റ് നിനക്ക് ഒന്നും തരാന്‍ സാധിക്കുകയില്ല.
ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ സ്‌നേഹിതനാണ് എന്നതിന്‍റെ പേരില്‍ അവന് ഒന്നും കൊടുക്കുകയില്ലെങ്കില്‍ത്തന്നെ നിര്‍ബന്ധം നിമിത്തം എഴുന്നേറ്റ് അവന് വേണ്ടതു നല്‍കും.
ഞാന്‍ നിങ്ങളോടു പറയുന്നു: ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്കു തുറന്നുകിട്ടും.
എന്തെന്നാല്‍ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു.
നിങ്ങളില്‍ ഏതൊരു പിതാവാണ് മകന്‍ മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക?
മുട്ട ചോദിച്ചാല്‍ പകരം തേളിനെ കൊടുക്കുക?
മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗ സ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല!
മറ്റുള്ളവര്‍ നിങ്ങള്‍ക്കുചെയ്തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍. ഇതാണു നിയമവും പ്രവാചകന്‍മാരും.(Mathew,7:12)
(ലുക്കാ, 11:5-13)
View Count: 2329.
|