വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന
Mount Carmel Church Mariapuram

വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന

പ്രാരംഭ ഗാനം

ഉയരും കൂപ്പുകരങ്ങളുമായ് 
വിടരും ഹൃദയസുമങ്ങളുമായ്‌ 
ഏരിയും കൈത്തിരിനാളം പോലെ 
അമ്മേ തനയര്‍ പ്രാര്‍ത്ഥിപ്പൂ 
നിന്‍ മഹിമകള്‍ പാടി പ്രാര്‍ത്ഥിപ്പൂ 
അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ 
സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.

ഇവിടെ പുതിയൊരു നാദം 
ഇവിടെ പുതിയൊരു ഗാനം 
സുരവരമാരിപൊഴിക്കും സുകൃതിനി 
അല്‍ഫോന്‍സായുടെ നാമം 
അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ 
സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.

കുരിശിന്‍ പാത പുണര്‍ന്നു 
പരിചൊടു ധന്യത പുല്‍കി 
ക്ലാരസഭയ്‌ക്കൊരു പുളകം നീ 
കുടമാളൂരിനു തിലകം നീ 
അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ 
സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.

നിന്നുടെ ജീവിത നന്മകളാല്‍ 
നിന്നുടെ പാവന ചിന്തകളാല്‍ 
ഭരണങ്ങാനം ഭാരതലിസ്യുവായ് 
പാരില്‍ പൂമഴ ചൊരിയുന്നു. 
അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ 
സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.

ഭാരതമണ്ണില്‍ നിന്നും 
വിണ്ണിലുയര്‍ന്നൊരു ധന്യേ 
ദൈവപിതാവിന്‍ വരമരുളാനായ് 
ഞങ്ങള്‍ക്കെന്നും തുണയേകൂ. 
അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ 
സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.

പ്രാരംഭ പ്രാര്‍ത്ഥന

സകലത്തിന്‍റെയും കര്‍ത്താവായ ദൈവമേ, ഞങ്ങള്‍ അങ്ങേ ആരാധിക്കുന്നു. അങ്ങു ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ നന്മകളെക്കുറിച്ചും ഞങ്ങള്‍ മനഃസ്തപിച്ച് പൊറുതി അപേക്ഷിക്കുകയും ഇനിയൊരിക്കലും പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. സര്‍വ്വനന്മസ്വരുപിയായ അങ്ങയെ ഞങ്ങള്‍ മുഴുഹൃദയത്തോടെ സ്നേഹിക്കുന്നു. അങ്ങേ വിശ്വസ്തദാസിയായ അല്‍ഫോന്‍സാമ്മക്ക് അങ്ങ് നല്‍കിയിട്ടുള്ള സകല വിശിഷ്ടവരങ്ങളെകുറിച്ചും ആ കന്യകയോട്‌ ചേര്‍ന്നു കൊണ്ട് ഞങ്ങള്‍ അങ്ങേയ്ക്ക് സ്ത്രോത്രം ചെയ്യുന്നു. അല്‍ഫോന്‍സാമ്മയെ വിശുദ്ധിയുടെ മാര്‍ഗ്ഗത്തിലൂടെ അങ്ങു നയിച്ചതുപോലെ ഞങ്ങളേയും നേര്‍വഴി കാട്ടി നടത്തണമേ. എളിമയിലും വിനയത്തിലും വിശ്വസ്തതയോടെ അങ്ങേയ്ക്ക് ശുശ്രുഷ ചെയ്തുകൊണ്ട് വിശുദ്ധിയിലും വിവേകത്തിലും വളര്‍ന്നുവരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. കാരുണ്യവാനായ ദൈവമേ, അല്‍ഫോന്‍സാമ്മവഴി ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന കാരുണ്യപൂര്‍വം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ.

ദിവസത്തിന്‍റെ പ്രാര്‍ത്ഥനകള്‍:

ഒന്നാം ദിവസം: വിശ്വാസം

"എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഉള്ളില്‍നിന്ന് ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും" എന്ന് തിരുവചനങ്ങളിലൂടെ അവിടുന്ന് അരുള്‍ചെയ്തിട്ടുണ്ടല്ലോ. ദൈവം ഈ പ്രപഞ്ചം മുഴുവനിലും തിങ്ങിനിറഞ്ഞിരിക്കുന്നു. ആഴമേറിയ വിശ്വാസമുള്ളവര്‍ക്ക് അങ്ങ് സമീപസ്ഥനാണ്. നല്ലവനായ ദൈവമേ! അങ്ങേ എളിയ ദാസിയായ അല്‍ഫോന്‍സാമ്മയ്ക്ക്‌ വിശ്വാസം എന്ന ദാനം നല്‍കിയ അവളെ ശക്തിപ്പെടുത്തിയല്ലോ. സജീവവിശ്വാസത്തോടെ അനുദിന കടമകള്‍ നിര്‍വ്വഹിക്കുവാനും അങ്ങനെ അങ്ങേയ്ക്ക് പ്രസാദിക്കുന്നവളായി തീരുവാനും അവിടുന്ന്‌ അവളെ അനുഗ്രഹിച്ചതിനേക്കുറിച്ച് ഞങ്ങള്‍ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. അവളുടെ വിശ്വാസത്തില്‍ സംപ്രീതനായ ദിവ്യനാഥാ, ഞങ്ങള്‍ക്കു സജീവവിശ്വാസവും ഞങ്ങള്‍ യാചിക്കുന്ന (.........) അനുഗ്രഹവും അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥം വഴി നല്‍കുമാറാകണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. 

രണ്ടാം ദിവസം: ശരണം

അങ്ങില്‍ പ്രത്യാശ വയ്ക്കുന്നവരിലേക്ക് അനുഗ്രഹത്തിന്‍റെ നീര്‍ചാലുകള്‍ ഒഴുക്കി കൊണ്ടിരിക്കുന്ന ദിവ്യനാഥാ! ജീവിതത്തിന്‍റെ പ്രസിസന്ധികളില്‍ അങ്ങയെ ആശ്രയിച്ച് അവിടുത്തെ പരിളാനയില്‍ മുഴുകുവാന്‍ അല്‍ഫോന്‍സാമ്മയെ അനുവദിച്ചതിനെക്കുറിച്ച് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങു ദാനമായി നല്‍കുന്ന പ്രത്യാശയെന്ന പുണ്യം ലഭിക്കുന്നതിന്, അങ്ങില്‍ പൂര്‍ണ്ണമായി സമര്‍പ്പിക്കുവാന്‍, അങ്ങ് ഞങ്ങളില്‍ സ്വന്തംപോലെ പ്രവര്‍ത്തിക്കുവാന്‍ സ്വയം വിട്ടുതരുവാനുള്ള നല്ല മനസ്സും ഞങ്ങള്‍ യാചിക്കുന്ന (.......) അനുഗ്രഹവും അങ്ങേ വിശ്വസ്തദാസിയുടെ മാദ്ധ്യസ്ഥത വഴി ഞങ്ങള്‍ക്കു നല്‍കണമെന്ന് അപേക്ഷിക്കുന്നു. ആമ്മേന്‍

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. 

മുന്നാം ദിവസം: ദൈവസ്നേഹം

ദൈവം സ്നേഹമാകുന്നു. സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു എന്ന് അരുള്‍ ചെയ്തിട്ടുണ്ടല്ലോ. ആ തിരുവചനങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തുവാന്‍ അല്‍ഫോന്‍സാമ്മയ്ക്ക് അനുഗ്രഹം നല്‍കിയതിനെക്കുറിച്ച് നന്ദി നിറഞ്ഞ ഹൃദയത്തോടെ അങ്ങേയ്ക്കു ഞങ്ങള്‍ ആരാധനാസ്തുതികള്‍ അര്‍പ്പിക്കുന്നു. അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥതയാല്‍ ഞങ്ങളില്‍ ദൈവസ്നേഹം വര്‍ദ്ധിപ്പിക്കുകയും ഞങ്ങള്‍ യാചിക്കുന്ന (.......) അനുഗ്രഹം അങ്ങേ വിശ്വസ്തദാസിയുടെ മാദ്ധ്യസ്ഥത വഴി ഞങ്ങള്‍ക്കു നല്‍കുകയും ചെയ്യണമെന്നു അപേക്ഷിക്കുന്നു. ആമ്മേന്‍

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. 

നാലാം ദിവസം: ഹൃദയവിശുദ്ധി

"ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍ അവര്‍ ദൈവത്തെകാണും" എന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ. ഹൃദയശുദ്ധിയോടെ ജീവിതകാലം മുഴുവനും എല്ലാ രംഗങ്ങളിലും വ്യാപരിക്കുവാന്‍ അല്‍ഫോന്‍സാമ്മയെ അങ്ങേ അനുവദിച്ചതിനേയോര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അല്‍ഫോന്‍സാമ്മയെപ്പോലെ ജീവിതാന്ത്യം വരെ ഹൃദയശുദ്ധിയോടെ വ്യാപരിക്കുവാനുള്ള വരവും പ്രത്യേകമായി ഞങ്ങള്‍ ഈ നൊവേനയില്‍ യാചിക്കുന്ന (......) അനുഗ്രഹവും അങ്ങേ വിശ്വസ്തദാസി വഴി ഞങ്ങള്‍ക്കു നല്‍കുമാറാകണമെന്ന് അപേക്ഷിക്കുന്നു. ആമ്മേന്‍

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. 

അഞ്ചാം ദിവസം: എളിമ

"ഞാന്‍ ഹൃദയ ശാന്തതയും എളിമയുമുള്ളവനാകുന്നു. നിങ്ങള്‍ എന്നില്‍നിന്നു പഠിക്കുവിന്‍" എന്ന് അരുളി ചെയ്ത ദിവ്യനാഥാ, പ്രതികൂല സാഹചര്യങ്ങളില്‍ മാധുര്യത്തോടെ പെരുമാറിക്കൊണ്ട് അങ്ങേ ശാന്തതയ്ക്കു സാക്ഷ്യം വഹിച്ച അല്‍ഫോന്‍സാമ്മയെ സ്മരിച്ചു കൊണ്ട് ഞങ്ങള്‍ അങ്ങയെ ആരാധിച്ചു വണങ്ങുന്നു. ദിവ്യനാഥാ, ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ മറ്റുള്ളവരോട് മാധുര്യ പൂര്‍വം പെരുമാറുവാനുള്ള കൃപാവരവും പ്രത്യേകമായി ഞങ്ങള്‍ ഈ നൊവേനയില്‍ യാചിക്കുന്ന (.......) അനുഗ്രഹവും അങ്ങേ വിശ്വസ്തദാസി വഴി ഞങ്ങള്‍ക്കു നല്‍കുമാറാകണമെന്ന് അപേക്ഷിക്കുന്നു. ആമ്മേന്‍

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. 

ആറാം ദിവസം: സഹനം

സഹനം സ്നേഹത്തെ അളക്കുന്നതിനുള്ള അളവുകോലാണല്ലോ. രോഗത്തിന്‍റെ കഠോര വേദനകളെ സന്തോഷത്തോടും ക്ഷമയോടും കൂടെ സഹിക്കുവാന്‍ അല്‍ഫോന്‍സാമ്മയ്ക്ക്‌ അനുഗ്രഹം നല്‍കിയ ദിവ്യനാഥാ, ഞങ്ങള്‍ അങ്ങയേ സ്തുതിക്കുന്നു. ആ ധന്യാത്മാവിനെ അനുകരിച്ച് ജീവിത ക്ലേശങ്ങളെ ക്ഷമയോടും സന്തോഷത്തോടും കൂടെ സഹിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമെന്നും പ്രത്യേകമായി ഞങ്ങള്‍ ഈ നൊവേനയില്‍ യാചിക്കുന്ന (.......) അനുഗ്രഹവും അങ്ങേ വിശ്വസ്തദാസി വഴി ഞങ്ങള്‍ക്കു നല്‍കുമാറാകണമെന്ന് അപേക്ഷിക്കുന്നു. ആമ്മേന്‍

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. 

ഏഴാം ദിവസം: പരസ്നേഹം

"നിങ്ങള്‍ എന്‍റെ ശിഷ്യരെന്ന്‍ ലോകം അറിയേണ്ടതിന് നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍ " എന്നരുളിചെയ്ത് സ്വശിഷ്യരുടെ പാദങ്ങള്‍ കഴുകി സേവനത്തിന്‍റെ മാതൃക കാട്ടിയ ദിവ്യനാഥാ, ഞങ്ങള്‍ അങ്ങയേ ആരാധിക്കുന്നു. അങ്ങയുടെ ഈ മാതൃക സ്വജീവിതത്തില്‍ അനുകരിക്കുവാന്‍ അല്‍ഫോന്‍സാമ്മയെ അനുഗ്രഹിച്ചതിനെ ഓര്‍ത്ത്‌ അങ്ങയേ ഞങ്ങള്‍ സ്തുതിക്കുന്നു. നിസ്വാര്‍ഥ സേവനത്തിലൂടെ ഞങ്ങളുടെ സഹോദരങ്ങളെ സ്നേഹിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമെന്നും പ്രത്യേകമായി ഞങ്ങള്‍ ഈ നൊവേനയില്‍ യാചിക്കുന്ന (.......) അനുഗ്രഹവും അങ്ങേ വിശ്വസ്തദാസി വഴി ഞങ്ങള്‍ക്കു നല്‍കുമാറാകണമെന്ന് അപേക്ഷിക്കുന്നു. ആമ്മേന്‍

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. 

എട്ടാം ദിവസം: പ്രാര്‍ത്ഥന

"നിങ്ങള്‍ പരിക്ഷയില്‍ അകപ്പെടാതിരിക്കുവാന്‍ ഉണ്ണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍ " എന്നരുളി ചെയ്തു കൊണ്ട് പ്രാര്‍ത്ഥനയുടെ മഹാത്മ്യം ഞങ്ങളെ പഠിപ്പിച്ച ദിവ്യനാഥാ, ഞങ്ങള്‍ അങ്ങയേ സ്തുതിക്കുന്നു. ജീവിതത്തിന്‍റെ എല്ലാ നിമിഷങ്ങളിലും അങ്ങേയോടുകൂടെ ആയിരിക്കുവാന്‍, പ്രാര്‍ത്ഥനയില്‍ സദാ അങ്ങയെ കണ്ടുമുട്ടുവാന്‍ അല്‍ഫോന്‍സാമ്മയേ അനുഗ്രഹിച്ച നല്ല ദൈവമേ, അങ്ങയ്ക്ക്‌ നന്ദി പറയുന്നു. ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും പ്രാര്‍ത്ഥന വഴി അങ്ങയോട് ഐക്യപ്പെട്ടു ജീവിക്കുവാനുള്ള വരവും പ്രത്യേകമായി ഞങ്ങള്‍ ഈ നൊവേനയില്‍ യാചിക്കുന്ന (......) അനുഗ്രഹവും അങ്ങേ വിശ്വസ്തദാസി വഴി ഞങ്ങള്‍ക്കു നല്‍കുമാറാകണമെന്ന് അപേക്ഷിക്കുന്നു. ആമ്മേന്‍

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

ഒന്‍പതാം ദിവസം: അനുസരണം

അനുസരണം ബലിയെക്കാള്‍ ശ്രേഷ്ടമാണെന്ന് തിരുവചനത്തിലൂടെ പഠിപ്പിക്കുന്ന നല്ല ദൈവമേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. മേലധികാരികളില്‍ അങ്ങയെ ദര്‍ശിക്കുവാനും അവരെ അനുസരിക്കുവാനും അല്‍ഫോന്‍സാമ്മയ്ക്ക്‌ അങ്ങു നല്‍കിയ കൃപാവരത്തെക്കുറിച്ച്‌ ഞങ്ങള്‍ അങ്ങേയ്ക്കു നന്ദിപറയുന്നു. ഞങ്ങളും അല്‍ഫോന്‍സാമ്മയെപ്പോലെ അനുസരണയുള്ളവരായി ദൈവതിരുമനസ്സിനു കീഴ്വഴങ്ങി ജീവിക്കുവാനുള്ള വരവും പ്രത്യേകമായി ഞങ്ങള്‍ ഈ നൊവേനയില്‍ യാചിക്കുന്ന (.......) അനുഗ്രഹവും അങ്ങേ വിശ്വസ്തദാസി വഴി ഞങ്ങള്‍ക്കു നല്‍കുമാറാകണമെന്ന് അപേക്ഷിക്കുന്നു. ആമ്മേന്‍

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. 

ലുത്തീനിയ

( ആഘോഷമായി നടത്തുമ്പോള്‍ )
കര്‍ത്താവേ കനിയണമേ 
മിശിഹായേ കനിയണമേ 
കര്‍ത്താവേ ഞങ്ങളണയ്ക്കും 
പ്രാര്‍ത്ഥന സദയം കേള്‍ക്കണമേ.

സ്വര്‍ഗ്ഗ പിതാവാം സകലേശാ 
ദിവ്യാനുഗ്രഹമേകണമേ. 
നരരക്ഷകനാം മിശിഹായേ 
ദിവ്യാനുഗ്രഹമേകണമേ

ഭാരത നാടിന്‍ മണിമുത്തേ 
കേരളസഭയുടെ നല്‍സുമമേ 
അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണെ 
നല്‍വരമാരി പൊഴിക്കണമേ 

വേദനയേറെ സഹിച്ചവളേ 
സഹനത്തിന്‍ ബലിയായവളേ 
കുരിശിന്‍ പാതപുണര്‍ന്നവളേ 
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

ത്യാഗത്തിന്‍ ബലിവേദികളില്‍ 
അര്‍പ്പിതമായൊരു പൊന്‍ സുമമേ 
ക്ഷമയുടെ ദര്‍പ്പണമായവളേ 
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് 

സഹനത്തിന്‍ കൂരമ്പുകളെ 
ശിഷ്ടമതാക്കിത്തീര്‍ത്തവളേ 
പൊന്‍കതിര്‍ വീശും താരകമേ 
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

സാന്ത്വനമേകി നടന്നതിനാല്‍ 
സ്വന്ത സുഖങ്ങള്‍ മറന്നവളേ 
വിണ്ണിലുയര്‍ന്നൊരു വെണ്‍മലരേ 
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് 

ക്ലേശമതെല്ലാം തിരുബലിയായ് 
നാഥനുകാഴ്ചയണച്ചവളേ 
ധരയില്‍ നന്മ പൊഴിച്ചവളേ 
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

ദാരിദ്ര്യത്തിന്‍ മാതൃകയെ 
അനുസരണത്തിന്‍ വിളനിലമേ 
ശുദ്ധതയേവം കാത്തവളെ 
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് 

പ്രാര്‍ത്ഥനയാകും മലരുകളെ 
ക്രിസ്തുവിനര്‍ച്ചന ചെയ്തവളേ 
കാരുണ്യത്തിന്‍ നിറകുടമേ 
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

ക്ലാരസഭാതന്‍ വാടിയിലായ് 
പൊട്ടിവിരിഞ്ഞൊരു നറുമലരേ 
കന്യകമാരുടെ മാതൃകയേ 
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് 

പാരിന്‍ ശാന്തിപരത്തിയോരാ 
ഫ്രാന്‍സിസ്‌ താതനുനല്‍സുതയേ 
ധന്യതയാര്‍ന്നൊരു കന്യകയേ 
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

വേദനയാല്‍വന്‍ ക്ലേശത്താല്‍ 
നിന്‍സുതരൂഴിയില്‍ വലയുമ്പോള്‍ 
ആതുരരിവരുടെയാശ്രയമേ 
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് 

സഹനം തന്നുടെ വീഥിയതില്‍ 
ത്യാഗസുമങ്ങള്‍ ചൊരിഞ്ഞിടുവാന്‍ 
സ്നേഹത്തിന്‍ മധുഗീതവുമായ്‌ 
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

അനുദിനമുയരും ക്ലേശങ്ങള്‍ 
പരിഹാരത്തിന്‍ കരുവാക്കി 
നാഥനു മോദമണച്ചിടുവാന്‍ 
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് 

അന്ത്യദിനത്തില്‍ നിന്‍ സുതരാം 
ഞങ്ങള്‍ നിന്നുടെ സവിധത്തില്‍ 
വന്നണയാനായ്‌ കനിവോടെ 
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്

ലോകത്തിന്‍ പാപങ്ങള്‍ താങ്ങും 
ദൈവത്തിന്‍ മേഷമേ, നാഥാ 
പാപം പൊറുക്കേണമേ. 

ലോകത്തിന്‍ പാപങ്ങള്‍ താങ്ങും 
ദൈവത്തിന്‍ മേഷമേ, നാഥാ 
പ്രാര്‍ത്ഥന കേള്‍ക്കേണമേ.

ലോകത്തിന്‍ പാപങ്ങള്‍ താങ്ങും 
ദൈവത്തിന്‍ മേഷമേ, നാഥാ 
ഞങ്ങളില്‍ കനിയേണമേ. 

ധുപാര്‍പ്പണ ഗാനം

ഉയരണമേ പ്രാര്‍ത്ഥനയഖിലേശാ 
ഉയരണമേ സുരഭില ധൂപംപോല്‍ 
സ്വര്‍ഗ്ഗത്തില്‍ നിന്‍ തിരു സന്നിധിയില്‍ 
വെള്ളപ്പൂ പോലതു വിടരേണം. 

പ്രാര്‍ത്ഥിക്കാം

അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥതയാല്‍ ആത്മീയവും ശാരീരികവും മാനസികവുമായ ക്ലേശങ്ങള്‍ അനുഭവിക്കുന്നവരെ സമൃദ്ധമായി അനുഗ്രഹിക്കണമേ. അല്‍ഫോന്‍സാമ്മയുടെ സഹായത്താല്‍ രോഗികള്‍ക്കു രോഗശാന്തിയും, ആത്മീയവും മാനസികവുമായി ക്ലേശമനുഭവിക്കുന്നവര്‍ക്ക്‌ സമാശ്വാസവും ലഭിക്കുമാറാകട്ടെ. അല്‍ഫോന്‍സാമ്മയെ വിശിഷ്ട പുണ്യങ്ങളാല്‍ അലങ്കരിക്കുവാന്‍ തിരുമനസ്സായ സര്‍വ്വേശ്വരാ, അങ്ങേ മക്കളായ ഞങ്ങളും ഈ ലോകത്തില്‍ ജീവിക്കുന്ന കാലമത്രയും ആ കന്യകയേപ്പോലെ പരിശുദ്ധരായി ജീവിക്കുവാനും വിശ്വസ്തതയോടെ അങ്ങേയ്ക്കു ശുശ്രുഷ ചെയ്യുവാനും നിത്യഭാഗ്യം പ്രാപിച്ച് പരലോകത്തില്‍ അങ്ങേ നിരന്തരം സ്തുതിച്ച് വാഴ്ത്തുവാനും അനുഗ്രഹം ചെയ്യണമെന്ന് അങ്ങേ തിരുക്കുമാരന്‍ ഈശോ മിശിഹായുടെ നാമത്തില്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍

സമാപന പ്രാര്‍ത്ഥന

" ഇതുവരെ നിങ്ങള്‍ എന്‍റെ നാമത്തില്‍ ഒന്നു ചോദിച്ചിട്ടില്ല. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്‍റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെല്ലാം അവന്‍ നിങ്ങള്‍ക്കു തരും " (യോഹ. 16:23-24) എന്നരുളിചെയ്ത സ്നേഹം നിറഞ്ഞ ഈശോയെ, അങ്ങേ നാമത്തില്‍ പിതാവിനോടു ഞങ്ങള്‍ ചെയ്യുന്ന ഈ അപേക്ഷയുടെ ഫലം ഞങ്ങള്‍ക്കു ലഭിക്കുവാനിടയാക്കണമേ.

ഈശോമറിയം യൗസെപ്പേ, നിങ്ങളുടെ പ്രത്യേക ഭക്തയായ അല്‍ഫോന്‍സാമ്മയുടെ പുണ്യയോഗ്യതകളെ പരിഗണിച്ച് അയോഗ്യരും പാപികളുമെങ്കിലും നിങ്ങളുടെ മക്കളായ ഞങ്ങളെയും വിശുദ്ധീകരിച്ച് സ്വര്‍ഗ്ഗസൗഭാഗ്യത്തിന് യോഗ്യരാക്കണമെന്നും ഞങ്ങള്‍ക്കിപ്പോള്‍ എത്രയും ആവശ്യമായ അനുഗ്രഹങ്ങളും (........) അങ്ങേ വിശ്വസ്തദാസി വഴി സാധിച്ചുതരണമെന്നും എത്രയും എളിമയോടു കൂടി ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍

സമാപന ഗാനം

മാലാഖമാരൊത്തു വാനില്‍ 
വാഴുന്നോരല്‍ഫോന്‍സാ ധന്യേ 
നിസ്തുല നിര്‍മ്മലശോഭയില്‍ മിന്നുന്ന 
സ്വര്‍ഗീയമാണിക്യ മുത്തേ... 
(മാലാഖമാരൊത്തു..)

സുരലോക ഗോളമേ 
വരജാലഭാണ്ഡമേ 
ക്ലാരസഭാരമ മലരേ 
മാനത്തെ വീട്ടില്‍നിന്ന- 
വിരാമമിവരില്‍ നീ 
വരമാരി ചൊരിയേണമമ്മേ 
അമ്മേ വണങ്ങുന്നു നിന്നെ 
മക്കള്‍ നമിക്കുന്നു നിന്നെ 
(മാലാഖമാരൊത്തു..)

മീനിച്ചിലാറിന്‍റെ തിരത്തു പുഷ്പിച്ച 
മന്ദാര സൗഗന്ധമലരേ 
നിറകാന്തി ചൊരിയും നിന്‍ 
തിരുസന്നിധാനത്തില്‍ 
കൈകൂപ്പി നില്‍ക്കുന്നു ഞങ്ങള്‍ 
അമ്മേ വണങ്ങുന്നു നിന്നെ 
മക്കള്‍ നമിക്കുന്നു നിന്നെ 
(മാലാഖമാരൊത്തു..)

ഒരു ഹോമബലിയായ് നീ 
സുരഭീപശാഖയായ് നീ 
സഹനത്തിന്‍ ശരശയ്യ തീര്‍ത്തു 
ഒരു നാളിലഖിലേശന്‍ 
നിറമോദവായ്പോടെ 
നിന്‍സ്നേഹയാഗം കൈക്കൊണ്ടു 
അമ്മേ വണങ്ങുന്നു നിന്നെ 
മക്കള്‍ നമിക്കുന്നു നിന്നെ 
(മാലാഖമാരൊത്തു..)

പ്രിയദാസി എളിയവളില്‍ 
കരുണാകടാക്ഷത്തിന്‍ 
കിരണം പൊഴിച്ചു മഹേശന്‍ 
സുരകാന്തി ചൊരിയും നിന്‍ 
തിരുസന്നിധാനത്തില്‍ 
കൈകൂപ്പി നില്‍ക്കുന്നു ഞങ്ങള്‍ 
അമ്മേ വണങ്ങുന്നു നിന്നെ 
മക്കള്‍ നമിക്കുന്നു നിന്നെ 
(മാലാഖമാരൊത്തു..)

 (തിരുശേഷിപ്പുകൊണ്ടുള്ള ആശീര്‍വാദം)

View Count: 3243.
HomeContact UsSite MapLoginAdmin |
Login