അവസാന വിധി
യേശു അരുളിച്ചെയ്തു: മനുഷ്യപുത്രന്‍ എല്ലാ ദൂതന്‍മാരോടും കൂടെ മഹത്വത്തില്‍ എഴുന്നള്ളുമ്പോള്‍ അവന്‍ തന്‍റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും.
അവന്‍റെ മുമ്പില്‍ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും.
ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍നിന്നു വേര്‍തിരിക്കുന്നതുപോലെ അവന്‍ അവരെ തമ്മില്‍ വേര്‍തിരിക്കും.
അവന്‍ ചെമ്മരിയാടുകളെ തന്‍റെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും.
അനന്തരം രാജാവ് തന്‍റെ വലത്തുഭാഗത്തുള്ളവരോട് അരുളിച്ചെയ്യും: എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍.
എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു.
ഞാന്‍ നഗ്‌നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്‍റെയടുത്തു വന്നു.
അപ്പോള്‍ നീതിമാന്‍മാര്‍ ഇങ്ങനെ മറുപടി പറയും: കര്‍ത്താവേ, നിന്നെ വിശക്കുന്നവനായിക്കണ്ട് ഞങ്ങള്‍ ആഹാരം നല്‍കിയതും ദാഹിക്കുന്നവനായികണ്ട് കുടിക്കാന്‍ നല്‍കിയതും എപ്പോള്‍?
നിന്നെ പരദേശിയായിക്കണ്ട് സ്വീകരിച്ചതും നഗ്‌നനായിക്കണ്ട് ഉടുപ്പിച്ചതും എപ്പോള്‍?
നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോ കാരാഗൃഹത്തിലോ കണ്ടു സന്ദര്‍ശിച്ചത് എപ്പോള്‍?
രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്.
അനന്തരം അവന്‍ തന്‍റെ ഇടത്തു ഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍ നിന്നകന്ന് പിശാചിനും അവന്‍റെ ദൂതന്‍മാര്‍ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്‌നിയിലേക്കു പോകുവിന്‍.
എനിക്കു വിശന്നു; നിങ്ങള്‍ ആഹാരം തന്നില്ല. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നില്ല.
ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചില്ല. ഞാന്‍ നഗ്‌നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല. രോഗാവസ്ഥയിലും കാരാഗൃഹത്തിലും ആയിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചില്ല.
അപ്പോള്‍ അവര്‍ ചോദിക്കും: കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ, ദാഹിക്കുന്നവനോ, പരദേശിയോ, നഗ്‌നനോ, രോഗിയോ, കാരാഗൃഹത്തില്‍ കഴിയുന്നവനോ ആയി കണ്ടതും നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നതും എപ്പോള്‍?
അവന്‍ മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ഏറ്റവും എളിയവരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണു ചെയ്യാതിരുന്നത്.
ഇവര്‍ നിത്യശിക്ഷയിലേക്കും നീതിമാന്‍മാര്‍ നിത്യജീവനിലേക്കും പ്രവേശിക്കും.
(മത്തായി, 25: 31-46)
View Count: 2379.
|