ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുമോ?
യേശു പറഞ്ഞു: സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങള്‍ പ്രത്യക്ഷപ്പെടും. കടലിന്‍റെയും തിരമാലകളുടെയും ഇരമ്പല്‍ ജനപദങ്ങളില്‍ സംഭ്രമമുളവാക്കും.
സംഭവിക്കാന്‍ പോകുന്നവയെ ഓര്‍ത്തുള്ള ഭയവും ആകുലതയുംകൊണ്ട് ഭൂവാസികള്‍ അസ്തപ്രജ്ഞരാകും. ആകാശ ശക്തികള്‍ ഇളകും.
അപ്പോള്‍, മനുഷ്യപുത്രന്‍ ശക്തിയോടും വലിയ മഹത്വത്തോടുംകൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും.
ഇവ സംഭവിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ ശിരസ്‌സുയര്‍ത്തി നില്‍ക്കുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു.
ഒരു ഉപമയും അവന്‍ അവരോടു പറഞ്ഞു: അത്തി മരത്തെയും മറ്റു മരങ്ങളെയും നോക്കുവിന്‍.
അവ തളിര്‍ക്കുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നു.
അതുപോലെ ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു മനസ്‌സിലാക്കിക്കൊള്ളുവിന്‍.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല.
ആകാശവും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്‍റെ വാക്കുകള്‍ കടന്നുപോവുകയില്ല.
സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്‌സു ദുര്‍ബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍.
എന്തെന്നാല്‍ ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേല്‍ അതു നിപതിക്കും.
സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെല്ലാം രക്ഷപെട്ട് മനുഷ്യപുത്രന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍.
( ലുക്കാ, 21: 25-36)
View Count: 944.
|