ഈ യുഗത്തിന്‍റെ മക്കള്‍ വെളിച്ചത്തിന്‍റെ മക്കളെക്കാള്‍ ബുദ്ധിശാലികള്‍
യേശു ശിഷ്യരോടു പറഞ്ഞു: ഒരു ധനവാന് ഒരു കാര്യസ്ഥന്‍ ഉണ്ടായിരുന്നു. അവന്‍ സ്വത്ത് ദുര്‍വ്യയം ചെയ്യുന്നുവെന്ന് യജമാനനു പരാതി ലഭിച്ചു.
യജമാനന്‍ അവനെ വിളിച്ചു ചോദിച്ചു: നിന്നെപ്പറ്റി ഞാന്‍ കേള്‍ക്കുന്നത് എന്താണ്? നിന്‍റെ കാര്യസ്ഥതയുടെ കണക്കു ബോധിപ്പിക്കുക. മേലില്‍ നീ കാര്യസ്ഥനായിരിക്കാന്‍ പാടില്ല.
ആ കാര്യസ്ഥന്‍ ആത്മഗതം ചെയ്തു: യജമാനന്‍ കാര്യസ്ഥത എന്നില്‍ നിന്ന് എടുത്തുകളയുന്നതിനാല്‍ ഞാന്‍ ഇനി എന്തുചെയ്യും? കിളയ്ക്കാന്‍ എനിക്കു ശക്തിയില്ല. ഭിക്ഷയാചിക്കാന്‍ ലജ്ജ തോന്നുന്നു.
എന്നാല്‍, യജമാനന്‍ കാര്യസ്ഥത എന്നില്‍നിന്ന് എടുത്തു കളയുമ്പോള്‍ ആളുകള്‍ തങ്ങളുടെ വീടുകളില്‍ എന്നെ സ്വീകരിക്കേണ്ടതിന് എന്തു ചെയ്യണമെന്ന് എനിക്കറിയാം.
യജമാനനില്‍നിന്നു കടം വാങ്ങിയവര്‍ ഓരോരുത്തരെ അവന്‍ വിളിച്ചു. ഒന്നാമനോട് അവന്‍ ചോദിച്ചു: നീ എന്‍റെ യജമാനന് എന്തു കൊടുക്കാനുണ്ട്?
അവന്‍ പറഞ്ഞു: നൂറു ബത്ത് എണ്ണ. അവന്‍ പറഞ്ഞു: ഇതാ, നിന്‍റെ പ്രമാണം, എടുത്ത് അമ്പതു ബത്ത് എന്നു തിരുത്തിയെഴുതുക.
അനന്തരം അവന്‍ മറ്റൊരുവനോടു ചോദിച്ചു: നീ എന്തു കടപ്പെട്ടിരിക്കുന്നു? അവന്‍ പറഞ്ഞു: നൂറു കോര്‍ ഗോതമ്പ്. അവന്‍ പറഞ്ഞു: നിന്‍റെ പ്രമാണം എടുത്ത് എണ്‍പതുകോര്‍ എന്നു തിരുത്തിയെഴുതുക.
കൗശലപൂര്‍വം പ്രവര്‍ത്തിച്ചതിനാല്‍, നീതിരഹിതനായ കാര്യസ്ഥനെ യജമാനന്‍ പ്രശംസിച്ചു. എന്തെന്നാല്‍, ഈ യുഗത്തിന്‍റെ മക്കള്‍ തങ്ങളുടെ തലമുറയില്‍ വെളിച്ചത്തിന്‍റെ മക്കളെക്കാള്‍ ബുദ്ധിശാലികളാണ്.
ഞാന്‍ നിങ്ങളോടു പറയുന്നു. അധാര്‍മിക സമ്പത്തുകൊണ്ട് നിങ്ങള്‍ക്കായി സ്‌നേഹിതരെ സമ്പാദിച്ചുകൊള്ളുവിന്‍. അതു നിങ്ങളെ കൈവെടിയുമ്പോള്‍ അവര്‍ നിങ്ങളെ നിത്യകൂടാരങ്ങളില്‍ സ്വീകരിക്കും.
ചെറിയ കാര്യത്തില്‍ വിശ്വസ്തന്‍ വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും. ചെറിയ കാര്യത്തില്‍ അവിശ്വസ്തന്‍ വലിയ കാര്യത്തിലും അവിശ്വസ്തനായിരിക്കും.
അധാര്‍മിക സമ്പത്തിന്‍റെ കാര്യത്തില്‍ വിശ്വസ്തരായിരിക്കുന്നില്ലെങ്കില്‍ യഥാര്‍ഥധനം ആരു നിങ്ങളെ ഏല്‍പിക്കും?
മറ്റൊരുവന്‍റെ കാര്യത്തില്‍ നിങ്ങള്‍ വിശ്വസ്തരല്ലെങ്കില്‍, നിങ്ങള്‍ക്കു സ്വന്തമായവ ആരു നിങ്ങള്‍ക്കുതരും?
ഒരു ഭൃത്യനു രണ്ടുയജമാനന്‍മാരെ സേവിക്കുവാന്‍ സാധിക്കുകയില്ല. ഒന്നുകില്‍ അവന്‍ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ സ്‌നേഹിക്കുകയുംചെയ്യും. അല്ലെങ്കില്‍ ഒരുവനോടു ഭക്തി കാണിക്കുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും.
ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.
പണക്കൊതിയരായ ഫരിസേയര്‍ ഇതെല്ലാം കേട്ടപ്പോള്‍ അവനെ പുച്ഛിച്ചു.
അവന്‍ അവരോടു പറഞ്ഞു: മനുഷ്യരുടെ മുമ്പില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ നീതീകരിക്കുന്നു. എന്നാല്‍, ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു.
മനുഷ്യര്‍ക്ക് ഉത്കൃഷ്ടമായത് ദൈവദൃഷ്ടിയില്‍ നികൃഷ്ടമാണ്.
നിയമവും പ്രവാചകന്‍മാരും യോഹന്നാന്‍ വരെ ആയിരുന്നു. അതിനുശേഷം, ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു.
എല്ലാവരും ബലം പ്രയോഗിച്ച് അതില്‍ പ്രവേശിക്കുന്നു.
(ലുക്കാ, 16: 1-16)
View Count: 953.
|