ഉണ്ണീശോയുടെ നൊവേന
Mount Carmel Church Mariapuram

ഉണ്ണീശോയുടെ നൊവേന

പ്രാരംഭ ഗാനം

(രീതി: അദ്ധ്വാനിക്കുന്നവര്‍ക്കും.... )

ലോകത്തിന്‍ രക്ഷകനായ 
ഭൂവിതില്‍ ജാതനായ 
പൈതലാമുണ്ണിയേശു 
പ്രാര്‍ത്ഥന കേട്ടീടണേ. 

നേര്‍വഴി വിട്ടുപോയ 
പാപികള്‍ ഞങ്ങളെ നീ 
മോചിച്ചനുഗ്രഹിക്കാന്‍ 
തൃപ്പാദം കുമ്പിടുന്നു. 
ലോകത്തിന്‍ ... 

ആലംബഹീനര്‍ ഞങ്ങള്‍ 
നിന്നെ വണങ്ങീടുന്നു 
നിത്യവും ഞങ്ങള്‍ക്കു നീ 
കൂട്ടായിയിരിക്കണമേ. 
ലോകത്തിന്‍ ...

പ്രാരംഭ പ്രാര്‍ത്ഥന

കാരുണ്യവാനും അനന്ത നന്മ സ്വരൂപിയുമായ ദൈവമേ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. അങ്ങ് ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ നന്മകളെക്കുറിച്ചും ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു. ഞങ്ങളുടെ സകല പാപങ്ങളെക്കുറിച്ചും ഞങ്ങള്‍ മനസ്ഥപിച്ച് പൊറുതിയപേക്ഷിക്കുകയും ഇനിയൊരിക്കലും പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. സര്‍വ്വ നന്മ സ്വരൂപിയായ അങ്ങയെ ഞങ്ങള്‍ മുഴുഹൃദയത്തോടെ സ്നേഹിക്കുന്നു. അങ്ങേ പ്രിയപുത്രനെ ഞങ്ങള്‍ക്കു രക്ഷകനായി നല്‍കിയതിന് ഞങ്ങള്‍ നന്ദി പറയുന്നു. കാലിത്തൊഴുത്തില്‍ ജനിച്ച് 33 സംവത്സരം പാപികളായ ഞങ്ങള്‍ക്കുവേണ്ടി ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ച് കാല്‍വരിയില്‍ ജീവാര്‍പ്പണം ചെയ്ത ഈശോയുടെ സഹനത്തെ ഞങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്നു. ഉണ്ണിയേശുവിനെ ദൈവകല്പനയാല്‍ ഉദരത്തില്‍ വളര്‍ത്തി ലോകത്തിനു പ്രദാനം ചെയ്യുകയും സംരക്ഷിക്കുകയും കാത്തുപരിപാലിക്കുകയും ചെയ്ത മാതാവേ,അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു. ദൈവകുമാരനെ ശൈശവകാലത്തും ബാല്യത്തിലുമെല്ലാം അനേകം അപകടങ്ങളില്‍ കാത്തുപരിപാലിക്കുന്നതിന് ക്ലേശകരമായ യാത്രകഴിച്ച് മാനസികവ്യഥ അനുഭവിച്ച് തിരുക്കുടുംബത്തെ പാലിക്കുന്നതിന് വിയര്‍പ്പുചിന്തി തച്ചന്‍റെ ജോലി നിര്‍വഹിച്ച വിശുദ്ധ യൗസേപ്പുപിതാവേ, അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു. മാതാപിതാക്കള്‍ക്കു കീഴ്‌വഴങ്ങി ജീവിച്ച ഉണ്ണിയേശുവേ അങ്ങ് ഞങ്ങളെ കാത്തുപരിപാലിക്കണമേ. ഭക്തിപൂര്‍വ്വം ഈ നൊവേന നടത്തുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങള്‍ക്കാവശ്യമായ എല്ലാ നന്മകളും അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ദിവ്യഉണ്ണിയേ, അങ്ങു ഞങ്ങളെ സഹായിക്കണമേ. ആമ്മേന്‍. 
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ഉണ്ണീശോയോടുളള അപേക്ഷ

ഇഹലോകവാസികളായ ഞങ്ങളോരോരുത്തരോടുമുള്ള സ്നേഹത്താല്‍ മനുഷ്യാവതാരം ചെയ്ത് ഞങ്ങളുടെ ഇടയിലേക്ക് വരുവാന്‍ തിരുമനസ്സായഉണ്ണീശോയെ അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. പാപികളായ ഞങ്ങളുടെ അയോഗ്യതകള്‍ പരിഗണിക്കാതെ ഞങ്ങളില്‍ ഒരുവനായിത്തീരുവാന്‍ തിരുമനസ്സായ ഉണ്ണീശോയെ, കാലിത്തൊഴുത്തില്‍ പിറന്ന് എളിമയുടെയും വിനയത്തിന്‍റെയും മാതൃകയായി ജീവിച്ചതിന് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. പാപികളായ ഞങ്ങളില്‍ അനുഗ്രഹവര്‍ഷം ചൊരിഞ്ഞുകൊണ്ടിരിക്കുന്ന അങ്ങേയ്ക്കു ഞങ്ങള്‍ നന്ദിപറയുന്നു. ഞങ്ങളുടെ സഹായവും രക്ഷയും അങ്ങുമാത്രമാണെന്ന് ഞങ്ങള്‍ ഉറപ്പായിവിശ്വസിക്കുന്നു. അങ്ങേ തിരുമുമ്പില്‍ അണഞ്ഞ് ഈ നൊവേനയില്‍ ഇന്നു ഞങ്ങള്‍ പ്രത്യേകമായി അപേക്ഷിക്കുന്ന ......... ആവശ്യങ്ങള്‍ ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും സാധിച്ചുതരണമെന്ന് തകര്‍ന്ന ഹൃദയത്തോടുകൂടി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

സുവിശേഷ വായന

വിശുദ്ധ ലൂക്കാ എഴുതിയ നമ്മുടെ കര്‍ത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം. 
(അദ്ധ്യായം: 2:41 മുതല്‍ 52 വരെ വാക്യങ്ങള്‍)

യേശുവിന്‍റെ മാതാപിതാക്കന്മാര്‍ ആണ്ടുതോറും പെസഹാ തിരുനാളിന് ജറുസലേമില്‍ പോയിരുന്നു. അവന് പന്ത്രണ്ട് വയസ്സായപ്പോള്‍ പതിവനുസരിച്ച് അവര്‍ തിരുനാളിനു പോയി. തിരുനാള്‍ കഴിഞ്ഞ് അവര്‍ മടങ്ങിപ്പോന്നു. എന്നാല്‍ ബാലനായ യേശു ജറുസലേമില്‍ തങ്ങി; മാതാപിതാക്കന്മാര്‍ അത് അറിഞ്ഞില്ല. അവന്‍ യാത്രാസംഘത്തിന്‍റെ കൂടെ കാണും എന്ന് വിചാരിച്ച് അവര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍ അന്വേഷിച്ചിട്ട് കാണായ്കയാല്‍ യേശുവിനെ തിരക്കി അവര്‍ ജറൂസലേമിലേയ്ക്ക് തിരിച്ചുപോയി. മൂന്നു ദിവസങ്ങള്‍ക്കു ശേഷം അവര്‍ അവനെ ദേവാലയത്തില്‍ കണ്ടെത്തി. അവന്‍ ഉപാദ്ധ്യായന്മാരുടെ ഇടയിലിരുന്ന്, അവര്‍ പറയുന്നതു കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു. കേട്ടവരെല്ലാം അവന്‍റെ ബുദ്ധിശക്തിയിലും മറുപടികളിലും അത്ഭുതപ്പെട്ടു. 

അവനെ കണ്ടപ്പോള്‍ മാതാപിതാക്കള്‍ വിസ്മയിച്ചു. അവന്‍റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്‍റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്‍റെ പിതാവിന്‍റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങളറിയുന്നില്ലേ? അവന്‍ തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല. പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസ്രത്തില്‍ വന്ന്, അവര്‍ക്കു വിധേയനായി ജീവിച്ചു. അവന്‍റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു. യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയില്‍ വളര്‍ന്നുവന്നു.

സമൂ: നമ്മുടെ കര്‍ത്താവായ മിശിഹായ്ക്കു സ്തുതി.

സമൂഹ പ്രാര്‍ത്ഥന

കാര്‍മ്മി: നമുക്കെല്ലാവര്‍ക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടെ ഉണ്ണീശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ എന്നു പ്രാര്‍ത്ഥിക്കാം.

സമൂ: ഉണ്ണീശോയേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

കാര്‍മ്മി: കാലിത്തൊഴുത്തില്‍ പിറന്ന് കഠിനമായ തണുപ്പും അവഗണനയും സഹിക്കുവാന്‍ തിരുമനസ്സായ ഉണ്ണിയീശോയേ, ഞങ്ങളെ അനുഗ്രഹിക്കണമേ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: ഉണ്ണിയീശോയേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

കാര്‍മ്മി: ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമെന്നും മേലില്‍ പാപസാഹചര്യങ്ങളില്‍ വീഴാതെ ഞങ്ങളെ കാത്തുകൊള്ളണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: ഉണ്ണീശോയേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

കാര്‍മ്മി: തീരാരോഗങ്ങള്‍, അപകടങ്ങള്‍, ദാരിദ്ര്യം മുതലായവയില്‍നിന്നു മോചനം നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: ഉണ്ണിയീശോയേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

കാര്‍മ്മി: നല്ല കാലാവസ്ഥയും സമൃദ്ധമായ വിളവുകളും നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: ഉണ്ണീശോയേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

കാര്‍മ്മി: എല്ലാ മനുഷ്യരും സഹോദരസ്നേഹത്തിലും സാധുജനാനുകമ്പയിലും വളര്‍ന്നുവരുവാനുള്ള അനുഗ്രഹം നല്‍കണമേയെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: ഉണ്ണീശോയേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

കാര്‍മ്മി: ഞങ്ങളുടെ മക്കള്‍ ഉണ്ണീശോയെപ്പോലെ അനുസരണയിലും ദൈവഭക്തിയിലും അധികാരാദരവിലും വളര്‍ന്നുവരുവാനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: ഉണ്ണീശോയേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

കാര്‍മ്മി: എല്ലാ വിദ്യാര്‍ത്ഥികളും പഠനത്തില്‍ സമര്‍ത്ഥരും സഹപാഠികേളാട് സ്നേഹത്തിലും അദ്ധ്യാപകരോട് ആദരവിലും വളര്‍ന്നുവരുവാനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: ഉണ്ണീശോയെ, ഞങ്ങളെ അനുഗ്രഹിക്കണമേ.

കാര്‍മ്മി: ഈ നവനാളില്‍ സംബന്ധിച്ച് അങ്ങയോടു പ്രാര്‍ത്ഥിക്കുന്ന ഞങ്ങള്‍ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ സാധിച്ചുതന്ന് ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: ഉണ്ണീശോയെ, ഞങ്ങളെ അനുഗ്രഹിക്കണമേ. 

പ്രാര്‍ത്ഥിക്കാം


ബാല്യം മുതല്‍ അനുസരണത്തിന്‍റെ ഉത്ക്കൃഷ്ട മാതൃകയായി വളര്‍ന്നുവന്ന ഉണ്ണിയീശോയെ, ഞങ്ങളില്‍ തീക്ഷ്ണമായ വിശ്വാസവും ദൈവഭക്തിയും വിനയവും അനുസരണവും സ്നേഹവും സേവനസന്നദ്ധതയും പരിപോഷിപ്പിക്കണമേ. അഗതികളുടെ സങ്കേതവും ആശ്രയവുമായ ഉണ്ണീശോയെ, അങ്ങയുടെ ജീവിതമാതൃക പിന്തുടര്‍ന്ന് ദൈവവിശ്വാസത്തില്‍ അടിയുറച്ചു ജീവിച്ച് ഉത്തമമാതൃകയില്‍ വളര്‍ന്നുവരുവാന്‍ ഞങ്ങള്‍ ഓരോരുത്തരെയും അനുഗ്രഹിക്കണമെന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. 

സമാപന പ്രാര്‍ത്ഥന

സകലനന്മസ്വരൂപിയായ ഉണ്ണീശോയെ, അങ്ങയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഞങ്ങളുടെമേല്‍ കൃപയുണ്ടാകണമേ. ആത്മീയവും ശാരീരികവുമായ അസ്വസ്ഥതകളാല്‍ വിഷമിക്കുന്ന അങ്ങേ ഭക്തരും ദാസരുമായ ഞങ്ങളെ അങ്ങ് തൃക്കണ്‍പാര്‍ക്കണമേ. കാരുണ്യവാനായ ഉണ്ണീശോയെ, ഞങ്ങളുടെ ജീവിതത്തില്‍ വന്നുപോയിട്ടുള്ള സകലതെറ്റുകളും ഞങ്ങളോടു ക്ഷമിക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. പാപവഴിയില്‍ നിന്നും അകന്ന് അങ്ങേയ്ക്കു പ്രീതികരമായ ഒരു പുതിയ ജീവിതം നയിക്കുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കുകയും ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ. പ്രത്യേകിച്ച് ഈ നൊവേനയില്‍ ഞങ്ങള്‍ നിയോഗം വച്ചു പ്രാര്‍ത്ഥിക്കുന്ന ..... കാര്യങ്ങള്‍ സാധിച്ചു തന്ന് ഞങ്ങളെ രക്ഷിക്കണമെന്ന് ഞങ്ങള്‍ സവിനയം അപേക്ഷിക്കുന്നു. ആമ്മേന്‍. 

സമാപന ഗാനം

( രീതി: മറിയമേ നിന്‍റെ ... )

പുല്‍ക്കൂട്ടില്‍ വന്നു ജാതനായോനേ 
പൈതലാമുണ്ണിയേശുവേ 
നിന്‍ മുന്‍പില്‍ ഞങ്ങളേകുന്നു കാഴ്ച 
ദാനമായ്‌ത്തന്നീ ജീവിതം. 

കാരുണ്യവാനേ നിന്‍ രൂപം കണ്ണി- 
നാനന്ദം എത്ര മോഹനം 
മാനവര്‍ക്കെന്നും സാന്ത്വനമേകും 
ഉണ്ണിയേശുവിന്‍ ദര്‍ശനം 

വിണ്ണിന്‍ രാജനാം പൊന്നുണ്ണിയെന്റെ 
ഹൃത്തില്‍ വന്നു നീ നിറയണേ 
സ്തോത്രഗീതങ്ങളാലപിച്ചു ഞാന്‍ 
നിത്യം നിന്നെ സ്തുതിച്ചിടാം.
View Count: 7981.
HomeContact UsSite MapLoginAdmin |
Login