ഒരു പൂക്കാലം
Regina Noronha
A 19th-century painting depicting the Sermon on the Mount,
by
Carl Bloch
2009 മെയ് 26 ന്‍റെ സായാഹ്നം... തിബേരിയാസ് ഹോട്ടലിലെ പാര്‍ട്ടി ഹാളില്‍ ഏറ്റവും പ്രിയപ്പെട്ട ചിലരോടോപ്പം പിറന്നാള്‍ കേക്കിന്‍റെ മധുരം പങ്കുവെയ്ക്കുമ്പോള്‍ സഹോദര നിര്‍വ്വിശേഷമായ സ്നേഹത്തോടെ പ്രിയപ്പെട്ട ജോയി അച്ചന്‍ ചോദിച്ചു.
"ചേച്ചീ, എന്തു തോന്നുന്നു ഈ പിറന്നാളിനെ പറ്റി?"
"ഒരു പാട്ടു പാടാന്‍ തോന്നുന്നു" എന്നു പറയുമ്പോള്‍ തൊണ്ട ഇടറിയിരുന്നോ എന്നു സംശയം, കണ്ണുകള്‍ തീര്‍ച്ചയായും നിറഞ്ഞിരുന്നു.
"എന്തു പാട്ട്?" അച്ചന്‍റെ കുസൃതിയോടെയുള്ള ചോദ്യം.
"ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു "
Carracci's 1594 depiction of the
transfiguration of Jesus
2001-ല്‍ ബഹറിനിലുള്ള ജീവിത പങ്കാളിയുടെ പക്കലെത്താന്‍ മക്കളോടൊപ്പം കടല്‍ കടക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഭൂപടത്തില്‍ നോക്കി അവര്‍ക്ക് കാണിച്ചു കൊടുത്തു,
"ഇതാണ് നാം ചെന്നെത്തേണ്ട പവിഴ ദ്വീപ്.. ഡാഡി നമ്മളെ കാത്തിരിക്കുന്ന സ്ഥലം... നോക്കൂ... അത് ഈശോയുടെ നാടിന്‍റെ വളരെ അടുത്താണ്."
അന്നു മുതലുള്ള സ്വപ്നമായിരുന്നു...
അവന്‍റെ കാലടികള്‍ പതിഞ്ഞ ആ മണ്ണില്‍ എന്‍റെ കാലടികളും ഒരുവേള പതിയുവാന്‍...
അവന്‍റെ ശ്മശ്രുക്കളെ തഴുകിയ കാറ്റിന്‍റെ തലോടല്‍ ഒരിക്കലെങ്കിലും എന്‍റെ മുഖത്തും ഏറ്റുവാങ്ങുവാന്‍...
അവന്‍റെ സ്വപ്നങ്ങള്‍ക്ക് താളമിട്ട ഗലീലി തിരകളെ ഒരു നേരം എണ്ണുവാന്‍...
അവന്‍ മനുഷ്യനെ സ്നേഹിച്ചു ..
മനുഷ്യനായി ജനിച്ചു..
മനുഷ്യനായി ജീവിച്ചു...
മനുഷ്യനായി മരിച്ചു....
അവന്‍റെ ബാല്യ കൌമാര യൌവ്വനങ്ങള്‍ക്ക് വേദിയായ നസറത്ത്, കഫര്‍ണാം, താബോര്‍ , ജറുസലേം ...
അമ്മയുടെ വിരല്‍ത്തുമ്പ് പിടിച്ച് അവന്‍ പിച്ച വെച്ച നസറത്തിലെ വഴികള്‍ .......
നീതിമാനായ ഒരു ആശാരിയോടൊപ്പം അവന്‍റെ വിയര്‍പ്പില്‍ പങ്കുചേര്‍ന്ന പണിശാല ....
പാത്രങ്ങളുടെയും കോപ്പകളുടെയും പുറം മാത്രം കഴുകുന്ന ഫരിസേയ നീതിയെ അവന്‍ പിച്ചി ചീന്തിയ കഫര്‍ണാമിലെ പുരാതന സിനഗോഗ് ....
അഷ്ടഭാഗ്യങ്ങള്‍ ഉരുവിടുന്ന മലയുടെ ചെരിവിലെ പുല്‍നാമ്പുകള്‍ക്ക് ഇന്നും രോമാഞ്ചം ......
നിന്ദിതരേ ..ദുഖിതരേ ..പീഡിതരേ.. ...നിങ്ങള്‍ ഭാഗ്യവാന്മാര്‍ ........
കേസറിയ ഫിലിപ്പിയില്‍ വലിയ മുക്കുവനോടോപ്പം ഹൃദയം കൊണ്ട് ഏറ്റുചൊല്ലി .....
"നിത്യനായ ദൈവത്തിന്‍ പുത്രനാണു നീ......."
മഹത്വീകരണത്തിന്‍റെ താബോര്‍ മലയിറങ്ങുമ്പോള്‍... വിശ്വാസ പരീക്ഷകളുടെ താഴവര കാത്തിരിക്കുന്നു...
"നിങ്ങള്‍ക്ക് കടുകുമണിയോളം വിശ്വാസമുണ്ടായിരുന്നെങ്കില്‍ ....."
A 17th-century depiction of the
kiss of Judas and
arrest of Jesus, by
Caravaggio
സംഘത്തിലെ കുഞ്ഞു ഗായകരോട് ഒപ്പം കൈകോര്‍ത്തു പിടിച്ച് ദാവീദിന്‍റെ പുത്രന് ഓശാന പാടിക്കൊണ്ട് ഒലിവു മലയുടെ താഴ്വര ചുറ്റുന്ന പാതയിലൂടെ നീങ്ങുമ്പോള്‍ അവന്‍റെ ശബ്ദം കാതില്‍ മുഴങ്ങി.
"ഇവര്‍ മൌനം ഭജിച്ചാല്‍ ഈ കല്ലുകള്‍ എനിക്കായി ആര്‍പ്പു വിളിക്കും.."
ഓശാന വീഥി ഗത്സമനിയിലേക്ക് ഇറങ്ങുന്നു... മൂകത തിങ്ങിയ ഒരു ഭീകര രാത്രിയില്‍ ഒറ്റപ്പെടലിന്‍റെ വേദന തളം കെട്ടി നിന്ന ഗത്സമനി ..വാചാലമായ മൌനത്താല്‍ പുത്രന്‍റെ വിലാപങ്ങള്‍ക്ക് സ്വര്‍ഗ്ഗം ഉത്തരം നല്‍കിയ ഗത്സമനി ..ഒലിവു തലപ്പുകളെ തഴുകി എത്തുന്ന കാറ്റില്‍ വിയര്‍പ്പും ചോരയും കണ്ണീരും കലര്‍ന്ന ശോകാര്‍ദ്രത ...
കയ്യാപ്പാസിന്‍റെ ഭവനത്തിലേക്കുള്ള പടിക്കെട്ടുകളില്‍ നഗ്നപാദരാവുമ്പോള്‍ ജോര്‍ദ്ദാന്‍കാരനായ ഗൈഡ് ജെറി പറഞ്ഞു.
"രണ്ടായിരം വര്‍ഷത്തെ പഴക്കം carbon dating ലൂടെ തെളിയക്കപ്പെട്ടിട്ടുള്ള വിശുദ്ധ നാട്ടിലെ ഏക തിരുശേഷിപ്പാണ് ഈ പടികള്‍".
ഇതിലെയാണ് അവന്‍ ബന്ധിതനായി വലിച്ചിഴക്കപ്പെട്ടത് ....
അര്‍ത്ഥ മില്ലാത്ത വിചാരണകള്‍ക്ക് വിധേയനാവാന്‍ ....
തള്ളിപ്പറയപ്പെടാന്‍ ...നിന്ദിക്കപ്പെടാന്‍ ...പീഡിപ്പിപ്പിക്കപ്പെടാന്‍ ...ക്രൂശിതനാവാന്‍ ...
പടിക്കെട്ടുകളില്‍ നിന്ന് നോക്കുമ്പോള്‍ താഴെയായി "വിലപ്പെട്ടവന്‍റെ വിലയായി അവര്‍ നല്‍കിയ 30 വെള്ളിക്കാശിനു" അവര്‍ വാങ്ങിയ അക്കല്‍ദാമ ....മരണത്തിന്‍റെ താഴ്വര ....
Regina Noronha. Author. Ponkunnam, Kerala.
അവന്‍റെ ചോര വീണ വിയര്‍പ്പിറ്റിയ കുരിശിന്‍റെ വഴിയിലൂടെ യാത്ര ഗോല്‍ഗോഥയില്‍ ....
"എന്‍റെ ദൈവമേ എന്‍റെ ദൈവമേ എന്തു കൊണ്ട് എന്നെ നീ ഉപേക്ഷിച്ചു" എന്ന അവന്‍റെ വിലാപത്തിന് സ്വര്‍ഗ്ഗം ഇന്നും ഉത്തരം നല്കിക്കൊണ്ടിരിക്കുകയാണ്, ചുറ്റിലും പല അള്‍ത്താരകളില്‍ നിന്നുയരുന്ന നിരുദ്ധകണ്ഠമായ പ്രാര്‍ത്ഥനകളിലൂടെ ...
"മരണം വരിച്ചു നീ ...മൃത്യുവിനെ ജയിച്ചു .."
തിരുക്കല്ലറ വണങ്ങി ഉയര്‍പ്പിന്‍റെ ഒലിവു മലയിലെത്തുമ്പോള്‍...
"നിങ്ങള്‍ ലോകമെങ്ങും പോയി സകല ജാതികളോടും ഈ സുവിശേഷം അറിയിക്കുവിന്‍" എന്ന അവന്‍റെ മൊഴിക്ക് മറുമൊഴി പോലെ....സമീപത്തു നിന്നും വിവിധ ഭാഷകളില്‍ ഉയരുന്ന പ്രാര്‍ത്ഥന......
"സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...."...