കടല്‍
Mount Carmel Church Mariapuram

"ബഹറിന്‍ എന്ന പേരിന്‍റെ അര്‍ത്ഥമറിയാമോ?"

'രണ്ടു കടല്‍ ' എന്നാണ് ആ പേരിന്‍റെ അര്‍ത്ഥ. അഞ്ചാം ക്ലാസുകാരന്‍ തനിക്കു പുതിയതായി കിട്ടിയ അറിവ് പങ്കിടുകയാണ്. കടലിനാല്‍ ചുറ്റപ്പെട്ട ചെറു ദ്വീപായതിനാല്‍ ആവാം ആ രാജ്യത്തിന് ആ പേര് വന്നത് എന്ന്‍ ഊഹിച്ചു.

രണ്ടു കടല്‍ .....

യഹൂദ, ക്രിസ്ത്യന്‍, മുസ്ലിം മതങ്ങള്‍ ഒരേ പോലെ വിശുദ്ധ നാടായി കരുതുന്ന പലസ്തീനയില്‍ എത്തുന്ന യാത്രികരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന രണ്ടു കടലുകള്‍ ഉണ്ട്.

'തിബെരിയാസ്' എന്നു കൂടി പേരുള്ള ഗലീലിയ കടലും...ചാവുകടലും

ഗോലാന്‍ കുന്നുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഗലീലിയാ കടലിന്, ഒരു ‘കടല്‍ ’ എന്നു വിളിക്കപ്പെടാനുള്ള വിസ്തൃതി ഉണ്ടെന്നു പറയാനാവില്ല .ജോര്‍ദ്ദാന്‍കാരനായ ഗൈഡ് ജെറി നല്‍കിയ അറിവു പ്രകാരം 17 കി. മി. മാത്രം ചുറ്റളവുള്ള ഗലീലിയ കടലിനെ ജലസമ്പുഷ്ടമാക്കുന്നത്‌ ചുറ്റുമുള്ള കുന്നുകളില്‍ നിന്ന് ഉത്ഭവിച്ച് ഗലീലി കടലില്‍ പതിക്കുന്ന ഏഴ് അരുവികളാണ്‌. ജോര്‍ദ്ദാന്‍ നദിയാകട്ടെ സിറിയയില്‍ നിന്ന് ഉത്ഭവിച്ച് ഗലീലിയ കടലില്‍ പതിച്ചതിനു ശേഷം വീണ്ടും മുന്‍പോട്ട് ഒഴുകി ചാവുകടലില്‍ ലയിക്കുന്നു. ഗലീലിയ കടലിന്‍റെ അക്കരെ ഇക്കരെ ഒരു മണിക്കൂര്‍ നീളുന്ന ബോട്ടു യാത്ര, വിശുദ്ധനാട് സന്ദര്‍ശിക്കുന്ന തീര്‍ത്ഥക രുടെ ടെ ടൂര്‍ പാക്കേജിലെ ഒരു ഇനം തന്നെയാണ്.

Miraculous catch of fish, Painting by Jacopo Bassano

യേശു നാഥന്‍റെ മൂന്നു വര്‍ഷം നീണ്ട പരസ്യജീവിതത്തിന്‍റെ വിവിധ രംഗങ്ങളില്‍ ഗലീലിയ കടല്‍ ഒരു സജീവ സാന്നിദ്ധ്യമായിരുന്നു.

ആ കടലിലെ തിരമാലകളുടെയും ആ തീരത്തെ കാറ്റിന്‍റെയും മര്‍മ്മരങ്ങളായിരുന്നു അവന്‍റെ സ്നേഹ ഗീതകങ്ങളുടെ പശ്ചാത്തല സംഗീതം ...

ഈ കടല്‍ തീരത്താണ് അവന്‍ തന്‍റെ ശിഷ്യ പ്രമുഖരെ കണ്ടെത്തിയത് ...

ഈ കടലില്‍ ഒരു വഞ്ചിയില്‍ ഇരുന്ന്, ഇടയനില്ലാതെ, കൂട്ടം തെറ്റി അലഞ്ഞ ആടുകളെ അവന്‍ അനുകമ്പയോടെ ആശ്വസിപ്പിച്ചു ...അവര്‍ക്ക് നല്ല ഇടയനായി ....

പാമ്പുകള്‍ക്ക് മാളവും പറവകള്‍ക്ക് ആകാശവും ഉള്ളപ്പോള്‍ അവന്‍ ഈ കടലിലെ ഒരു വഞ്ചിയുടെ അമരത്ത് തല ചായ്ച്ചു വിശ്രമം കണ്ടെത്തി....

ഈ കടലിലെ ഓളങ്ങള്‍ അവന്‍റെ പാദങ്ങള്‍ക്ക് പരവതാനിയായി.....

ഈ കടലിലെ കൊടുങ്കാറ്റും വന്‍ തിരകളും അവന്‍റെ വാക്കിനു മുന്‍പില്‍ വിനീത വിധേയരായി ....

അവനാല്‍ ശാസിക്കപ്പെട്ട 'ലെഗിയോന്‍' ആവസിച്ച പന്നിക്കൂട്ടത്തെ ഏറ്റു വാങ്ങിയത് ഈകടല്‍

രാത്രി മുഴുവന്‍ വല വീശി വലഞ്ഞ ശിഷ്യര്‍ക്കായി, അവന്‍റെ വാക്കിന്, വലതു മാറിയും ആഴത്തിലും വലയെറിഞ്ഞപ്പോള്‍ , അളവറ്റ മത്സ്യ സമ്പത്തു നല്‍കി അമ്പരപ്പിച്ചതും ഈ കടല്‍ ....

അല്പവിശ്വാസത്തിന്‍റെ തിരകളില്‍ മുങ്ങിത്താണ കേപ്പായെ അവന്‍ കൈപിടിച്ചുയര്‍ത്തിയത് ഈ കടലില്‍ വെച്ച് ....

'അതു കര്‍ത്താവാണെന്ന് ' യോഹന്നാന്‍ അവനെ തിരിച്ചറിഞ്ഞതും ഈ കടലില്‍ വെച്ചു തന്നെ ...

ഉയിര്‍പ്പിന് ശേഷം ഒരു രാത്രിയുടെ വിഫലമായ അദ്ധ്വാനത്തിന്‍റെ നിരാശയെ മറി കടന്നു കൊണ്ട് അത്ഭുതകരമായ ഒരു മീന്‍ പിടുത്തത്തില്‍ അവന്‍റെ ശിഷ്യര്‍ക്ക് ഒറ്റ വീശില്‍ ഈ കടലില്‍ നിന്ന് 153 വലിയ മത്സ്യങ്ങള്‍ കിട്ടി എന്നു വിശുദ്ധ ഗ്രന്ഥം സാക്ഷിക്കുമ്പോള്‍ , ഗലിലി കടലില്‍ 153 ഇനത്തില്‍ പെട്ട മത്സ്യങ്ങള്‍ ഉണ്ടെന്നു ജെറി പറയുന്നു...

ദൈവപുത്രന്‍റെ മനുഷ്യ ജീവിതത്തിനു ദൃക്സാക്ഷിയായി പവിത്രതയാര്‍ന്ന ഗലീലിയില്‍ നിന്നും ഏതാനും കിലോ മീറ്റര്‍ ദൂരെ ചാവുകടല്‍ ...

ജീവന്‍റെ തുടിപ്പുകള്‍ ഏതുമില്ലാത്ത, ഓളങ്ങള്‍ മരിച്ച, മരുഭൂമിയാല്‍ ചുറ്റപ്പെട്ട ചാവുകടല്‍ ....മൃതിയുടെ പ്രതീകം .....

33 ശതമാനം ഉപ്പു രസമുള്ള ജലത്തില്‍ പൊങ്ങി കിടന്നു കൊണ്ട് ശരീര ഭാരത്തെ തോല്‍പ്പിച്ച് ഉല്ലസിക്കുന്ന സഞ്ചാരികള്‍ ...

മനുഷ്യ വംശത്തിന്‍റെ ധാര്‍മ്മികച്യുതിയുടെ സോദോം ഗോമെറകള്‍ക്കു മേല്‍ ദൈവം അഗ്നിയും ഗന്ധകവും വര്‍ഷിച്ചപ്പോള്‍ കത്തി ഒലിച്ച ജീര്‍ണ്ണതകള്‍ അടിഞ്ഞു ചാവുകടലായി എന്ന് ഐതിഹ്യം ...

തീരത്ത്, ലൌകിക വ്യഗ്രത ലോത്തിന്‍റെ ഭാര്യയുടെ രൂപമെടുത്ത്‌, ഉപ്പുതൂണായി നമ്മുടെ ജീവിതങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു ...

പുറത്തേക്ക് കൈവഴികള്‍ ഇല്ലാത്തതിനാല്‍ എല്ലാ മാലിന്യങ്ങളും ഈ കടലില്‍ തന്നെ അടിയുന്നു.

ഗലീലിയും ചാവുകടലും താരതമ്യമില്ലാത്ത മാനുഷിക അവസ്ഥകളുടെ പ്രതീകങ്ങള്‍ ...

ജീവല്‍ സമൃദ്ധമായ ഗലീലി....

ജീവന്‍റെ കണിക പോലുമില്ലാത്ത ചാവുകടല്‍ ...

ദൈവാത്മാവിന്‍റെ ദാനങ്ങള്‍ ഒരുവനിലേക്ക് അരുവികളായി ഒഴുകിയെത്തുമ്പോള്‍ ..അത് ഒരു സ്നേഹയോര്‍ദ്ദാനായി സഹജീവികളിലേക്ക് ഒഴുകുമ്പോള്‍ .... അവന്‍ ജീവന്‍റെ ഗലീലിയായി മാറുന്നു... അവനു ചുറ്റും അത്മീയാനന്ദത്തിന്‍റെ പറുദീസ വിരിയുന്നു...

Regina Noronha. Author.

ലൌകികത യുടെ ലവണങ്ങള്‍ വെട്ടിപിടിച്ച് , എല്ലാം തനിക്ക് മാത്രമായി കുന്നു കൂട്ടി, കൊട്ടിയടച്ച കോട്ടകള്‍ പോലെയായി തീരുന്ന ജീവിതങ്ങള്‍ .... ചാവുകടല്‍ പോലെ ..ജീവന്‍റെ കണികയില്ലാതെ ...

'ജനഗണമന'യോടെ ആരംഭിച്ച ഗലീലി ബോട്ടുയാത്ര തീരത്തോട് അടുക്കുമ്പോള്‍ മനസ്സ് ആകാംക്ഷ പൂണ്ടു....

ദൂരെ തീരത്ത് ഉരുളന്‍ കല്ലുകള്‍ക്ക് മുകളില്‍ പുക ഉയരുന്നുവോ...?

അപ്പോള്‍ ചുട്ടെടുത്ത അപ്പവും കനലില്‍ വെച്ച മീനുമായി അവിടെ അവന്‍ എന്നെ കാത്തിരിക്കുന്നുവോ....?

‘കുഞ്ഞേ വന്നു പ്രാതല്‍ കഴിക്കൂ ...’എന്ന തായ് താരിയുമായി. ......

ജീവിതത്തില്‍ പലപ്രാവശ്യം അവനെ തള്ളിപ്പറഞ്ഞ എന്നോട്, 'ഇവരേക്കാള്‍ അധികമായി നീ എന്നെ സ്നേഹിക്കുന്നില്ലേ?' എന്ന് ചോദിച്ച് എന്നെ അവന്‍റെ സ്നേഹത്തില്‍ ഉറപ്പിച്ചു കൊണ്ട് .....

എന്‍റെ ഗുരു ...എന്‍റെ കര്‍ത്താവും എന്‍റെ ദൈവവും ....

View Count: 3031.
HomeContact UsSite MapLoginAdmin |
Login