കരുണയുടെ നൊവേന
Mount Carmel Church Mariapuram

കരുണയുടെ നൊവേന

ഒന്നാം ദിവസം

ധ്യാനം: "ഇന്ന്‍ എല്ലാ മനുഷ്യരേയും, പ്രത്യേകിച്ച് പാപികളെയും എന്‍റെ അടുക്കല്‍ കൊണ്ടുവരിക."

 പ്രാര്‍ത്ഥന: ഏറ്റവും കരുണയുള്ള ഈശോയെ, ഞങ്ങളോട് ക്ഷമിക്കണമേ. ഞങ്ങളുടെ പാപങ്ങളെ വീക്ഷിക്കരുതെ. അങ്ങയുടെ അപാരമായ നന്മയെ ലക്‌ഷ്യം വച്ച് ഞങ്ങള്‍ അങ്ങയില്‍ ശരണപ്പെടുന്നു. അങ്ങയുടെ ഏറ്റവും കരുണയുള്ള ആത്മാവില്‍ ഞങ്ങളെ സ്വീകരിക്കണമേ. അതില്‍ നിന്ന്‍ ഒരിക്കലും വിട്ടു നില്‍ക്കുവാന്‍ ഇടയാക്കല്ലേ. പിതാവിനോടും പരിശുദ്ധാത്മാവിനോടും അങ്ങയെ ഒന്നിപ്പിക്കുന്ന സ്നേഹം ഞങ്ങള്‍ യാചിക്കുന്നു.

നിത്യപിതാവേ, ഏറ്റം അനുകമ്പയുള്ള ഈശോയുടെ തിരുഹൃദയമേ, പാപികളിലും മനുഷ്യകുലം മുഴുവനിലും അങ്ങയുടെ ദയാദൃഷ്ടി പതിയണമേ. കര്‍ത്താവീശോമിശിഹായുടെ പീഢാനുഭവത്തെക്കുറിച്ച് അങ്ങയുടെ കാരുണ്യത്തിന്‍റെ സര്‍വ്വശക്തിയെ എപ്പോഴും എന്നേക്കും ഏവരും പുകഴ്ത്തട്ടെ. ആമ്മേന്‍ .

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. 

രണ്ടാം ദിവസം

ധ്യാനം: "ഇന്ന്‍ സകല വൈദികരുടെയും സന്യാസികളുടെയും ആത്മാക്കളെ എന്‍റെ അടുക്കല്‍ കൊണ്ടുവരിക."

 പ്രാര്‍ത്ഥന: ഏറ്റവും കരുണയുള്ള ഈശോ, എല്ലാ നന്‍മകളുടേയും ഉറവിടമേ, അങ്ങയുടെ പ്രസാദവരങ്ങള്‍ ഞങ്ങളില്‍ വര്‍ദ്ധിപ്പിക്കണമേ. കരുണയുടെ പ്രവര്‍ത്തികള്‍ ചെയ്യുവാനും അതുവഴി ഞങ്ങളെ കാണുന്നവരെല്ലാം, സ്വര്‍ഗ്ഗത്തിലുള്ള കരുണയുടെ പിതാവിനെ പുകഴ്ത്തുവാനും ഇടവരട്ടെ.

നിത്യനായ പിതാവേ, കരുണാര്‍ദ്രമായ അങ്ങയുടെ കണ്ണുകള്‍, അങ്ങയുടെ മുന്തിരിത്തോപ്പിലെ തിരഞ്ഞെടുക്കപ്പെട്ട വേലക്കാരായ വൈദികരുടെയും സന്യാസികളുടെയും നേര്‍ക്ക് തിരിക്കണമേ. ശക്തിപ്രദാനങ്ങളായ അങ്ങയുടെ അനുഗ്രഹങ്ങള്‍ക്കൊണ്ട് അവരെ ആവരണമണിയിക്കണമേ. അങ്ങയുടെ തിരുക്കുമാരന്‍റെ തിരുഹൃദയത്തോടുള്ള സ്നേഹത്താല്‍ മുദ്രിതരായിരിക്കുന്ന അവര്‍ക്ക് അങ്ങയുടെ ശക്തിയും പ്രകാശവും പ്രദാനം ചെയ്യണമേ. അങ്ങനെ അവര്‍ മറ്റുള്ളവരേയും രക്ഷയുടെ മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്നതിനും ഏകസ്വരത്തില്‍ അങ്ങയുടെ അളവില്ലാത്ത കരുണയെ പാടിപ്പുകഴ്ത്തുന്നതിനും ഇടയാകട്ടെ. എപ്പോഴും എന്നേക്കും ആമ്മേന്‍ .

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. 

മൂന്നാം ദിവസം

ധ്യാനം: "ഭക്തിതീക്ഷ്ണതയും വിശ്വസ്തതയുമുള്ള എല്ലാ ആത്മാക്കളേയും ഇന്ന്‍ എന്‍റെ അടുക്കല്‍ കൊണ്ടുവരിക."

 പ്രാര്‍ത്ഥന: ഏറ്റവും കരുണയുള്ള ഈശോ, അങ്ങയുടെ കരുണയുടെ നിക്ഷേപത്തില്‍ നിന്നും, ഞങ്ങളെല്ലാവര്‍ക്കും, ഓരോരുത്തര്‍ക്കും സമൃദ്ധമായ അളവില്‍ പ്രസാദവരങ്ങള്‍ വര്‍ഷിക്കണമേ. സഹതാപനിര്‍ഭരമായ അങ്ങയുടെ ഹൃദയത്തില്‍ ഞങ്ങള്‍ക്ക് അഭയം നല്‍കണമേ. അവിടെ നിന്നും അകന്നുപോകാന്‍ ഞങ്ങളെ അനുവദിക്കരുതേ. സ്വര്‍ഗ്ഗസ്ഥനായ പിതാവിനോടുള്ള സ്നേഹത്താല്‍ അതിതീക്ഷണമായി ജ്വലിച്ചുകൊണ്ടിരിക്കുന്ന അങ്ങയുടെ ഹൃദയത്തെപ്രതി ഈ അനുഗ്രഹം അങ്ങയോട് ഞങ്ങള്‍ യാചിക്കുന്നു.

നിത്യനായ പിതാവേ, വിശ്വസ്തരായ ആത്മാക്കളുടെമേല്‍ കരുണാര്‍ദ്രമായ അങ്ങയുടെ നോട്ടം പതിക്കണമേ. അവര്‍ അങ്ങയുടെ പുത്ന്‍റെ അനന്തരാവകാശികളാണല്ലോ. അങ്ങേ പുത്രന്‍റെ കഠിനപീഢകളെ പ്രതി അങ്ങയുടെ അനുഗ്രഹങ്ങള്‍ അവരില്‍ ചൊരിയണമേ. അങ്ങയുടെ നിരന്തരമായ സംരക്ഷണം അവരോടു കൂടിയുണ്ടായിരിക്കണമേ. അങ്ങനെ അവര്‍ അങ്ങയോടുള്ള സ്നേഹത്തില്‍ പരാജയപ്പെടാതിരിക്കട്ടെ. അങ്ങയോടുള്ള പരിശുദ്ധമായ വിശ്വാസത്തില്‍ നിന്നും അവര്‍ അയഞ്ഞു പോകാതിരിക്കട്ടെ. പകരം സ്വര്‍ഗ്ഗത്തിലുള്ള എല്ലാ മാലാഖമാരോടും വിശുദ്ധരോടുമോപ്പം അങ്ങയുടെ അളവില്ലാത്ത കരുണയെ മഹത്വപ്പെടുത്തുന്നതില്‍ അവര്‍ക്കിടയാവുകയും ചെയ്യട്ടെ. എപ്പോഴും എന്നേക്കും ആമ്മേന്‍ .

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. 

നാലാം ദിവസം

ധ്യാനം: "അവിശ്വാസികളെയും ഇതുവരെ എന്നെ അറിയാത്തവരെയും ഇന്ന്‍ എന്‍റെ അടുക്കല്‍ കൊണ്ടുവരിക."

 പ്രാര്‍ത്ഥന: ഏറ്റവും സഹതാപാര്‍ദ്രിതനായ ഈശോ, അങ്ങാകുന്നു ലോകം മുഴുവന്‍റെയും വെളിച്ചം. ദയാനിര്‍ഭരമായ അങ്ങയുടെ ഹൃദയത്തില്‍ അവിശ്വാസികളുടെയും അങ്ങയെ അറിയാത്തവരുടേയും ആത്മാക്കളെ സ്വീകരിക്കണമേ. അങ്ങയുടെ കൃപാകിരണങ്ങള്‍ അവരെ പ്രകാശിപ്പിക്കുകയും അങ്ങനെ ഞങ്ങളോട് ചേര്‍ന്ന് അവരും അങ്ങയുടെ മഹനീയമായ കൃപയെ വാഴ്ത്തുവാനിടയാകുകയും ചെയ്യട്ടെ. കരുണാസമ്പന്നമായ അങ്ങയുടെ ഹൃദയത്തില്‍ നിന്നും അകന്നു പോകാന്‍ അവരെ അനുവദിക്കരുതേ.

നിത്യനായ പിതാവേ, അങ്ങയില്‍ വിശ്വസിക്കാത്തവരും അങ്ങയെ അറിയാത്തവരുമെങ്കിലും, ഈശോയുടെ ദയ നിറഞ്ഞ ഹൃദയത്തില്‍ സ്ഥാനം ലഭിച്ചിരിക്കുന്ന ആത്മാക്കളുടെ മേല്‍ അങ്ങയുടെ കരുണാകടാക്ഷം ഉണ്ടാകണമേ. സുവിശേഷ വെളിച്ചത്തിലേക്ക് അവരെ ആനയിക്കണമേ. അങ്ങയെ സ്നേഹിക്കുക എത്ര ആനന്ദപ്രദമായ അനുഭവമാണെന്ന് ഈ ആത്മാക്കള്‍ അറിയുന്നില്ല. അങ്ങയുടെ കരുണയുടെ സമൃദ്ധിയെ പുകഴ്ത്തുവാന്‍ ഇവര്‍ക്കും വരമേകണമേ. എപ്പോഴും എന്നേക്കും ആമ്മേന്‍ .

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. 

അഞ്ചാം ദിവസം

ധ്യാനം: "കത്തോലിക്കാ സഭയില്‍ നിന്ന് വേര്‍പിരിഞ്ഞുപോയ സഹോദരങ്ങളെ ഇന്ന്‍ എന്‍റെ അടുക്കല്‍ കൊണ്ടുവരിക."

 പ്രാര്‍ത്ഥന: ഏറ്റവും കരുണയുള്ള ഈശോ, നന്മയുടെ ഉറവിടമേ, അങ്ങയുടെ പ്രകാശം അന്വേഷിക്കുന്നവരെ അങ്ങ് നിരസിക്കുകയില്ലല്ലോ. വേര്‍പിരിഞ്ഞുപോയ സഹോദരങ്ങളുടെ ആത്മാക്കളെ അങ്ങയുടെ ദയാപൂര്‍ണ്ണമായ ഹൃദയത്തില്‍ സ്വീകരിക്കണമേ. അങ്ങയുടെ പ്രകാശം നല്കി സഭയുടെ ഐക്യത്തിലേക്ക് അവരെ ആനയിക്കണമേ. സഹതാപസംപൂര്‍ണ്ണമായ അങ്ങയുടെ ഹൃദയത്തില്‍നിന്നും അകന്നു പോകുവാന്‍ അവരെ അനുവദിക്കരുതേ. പകരം അവര്‍ക്ക് അവിടെ സ്ഥാനം നല്കി അങ്ങയുടെ കൃപാസമൃദ്ധിയെ പുകഴ്ത്തുവാനിടയാകട്ടെ.

നിത്യനായ പിതാവേ, വേര്‍തിരിഞ്ഞുപോയ സഹോദരങ്ങളുടെമേല്‍, പ്രത്യേകിച്ച്, അങ്ങയുടെ പ്രസാദവരങ്ങളെ നിരസിച്ചു മനപൂര്‍വ്വം തെറ്റില്‍ നിലനില്‍ക്കുന്നവരുടെമേല്‍ അങ്ങയുടെ ദയാദൃഷ്ടി തിരിക്കണമേ. അവരുടെ പരാജയങ്ങളെ അങ്ങ് പരിഗണിക്കരുതേ. അങ്ങയുടെ പുത്രന്‌ അവരോടുള്ള സ്നേഹവും അവര്‍ക്കു വേണ്ടി എറ്റ സഹനവും അവര്‍ക്ക് ഈശോയുടെ ദയാസമൃദ്ധമായ ഹൃദയത്തിലുള്ള സ്ഥാനവും അങ്ങ് പരിഗണിക്കണമേ. അങ്ങയുടെ മഹനീയമായ കരുണയെ പാടിപ്പുകഴ്ത്തുവാന്‍ അവരേയും അങ്ങേ സവിധത്തിലേക്ക് അടുപ്പിക്കണമേ. എപ്പോഴും എന്നേക്കും ആമ്മേന്‍ .

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. 

ആറാം ദിവസം

ധ്യാനം: "എളിമയും ശാന്തതയുമുള്ളവരുടേയും കൊച്ചുകുട്ടികളുടേയും ആത്മാക്കളെ ഇന്ന്‍ എന്‍റെ സമീപേ കൊണ്ടുവരിക."

 പ്രാര്‍ത്ഥന:ഏറ്റവും കരുണയുള്ള ഈശോ, "ഞാന്‍ശാന്തശീലനും വിനീതനുമാകയാല്‍ എന്നില്‍നിന്നു പഠിക്കുവിന്‍ " എന്ന് അങ്ങുതന്നെ അരുളിചെയ്തിട്ടുണ്ടല്ലോ. വിനീത ഹൃദയരുടെയും ശിശുക്കളുടെയും ആത്മാക്കളെ അങ്ങയുടെ കരുണാനിര്‍ഭരമായ ഹൃദയത്തില്‍ സ്വീകരിക്കണമേ. സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ പ്രിയപ്പെട്ടവരും സ്വര്‍ഗ്ഗത്തെ മുഴുവന്‍ ആനന്ദിപ്പിക്കുന്നവരും ഈ ആത്മാക്കളാണ്. ദൈവസിംഹാസനത്തിനു മുമ്പാകെ സുഖസുഗന്ധം പരത്തുന്ന പൂച്ചെണ്ടുകളാണവര്‍ . അവയുടെ മധുരസുഗന്ധമേറ്റ് ദൈവം തന്നെ സന്തോഷിക്കുന്നു. ഈശോയുടെ കനിവു നിറഞ്ഞ ഹൃദയം ഈ ആത്മാക്കള്‍ക്കൊരു നിത്യഗേഹമാണ്. സ്നേഹത്തിന്‍റെയും കരുണയുടെയും ഒരു മധുരഗാനം അവര്‍ എപ്പോഴും പാടിക്കൊണ്ടിരിക്കുകയും ചെയുന്നു.

നിത്യനായ പിതാവേ, കനിവിന്നുറവായ ഈശോയുടെ ഹൃദയത്തില്‍ മറഞ്ഞിരിക്കുന്ന കൊച്ചുകുട്ടികളുടെയും, ശാന്തതയും എളിമയുള്ളവരുടെയും ആത്മാക്കളുടെമേല്‍ അങ്ങയുടെ ദയയുള്ള ദൃഷ്ട്ടികള്‍ പതിക്കണമേ. അങ്ങേ പുത്രന്‍റെ ഏറ്റവും അടുത്ത പ്രതിച്ഛായകളാണവര്‍ . ഭൂമിയില്‍ നിന്നുയരുന്ന അവരുടെ സുഗന്ധം സ്വര്‍ഗ്ഗത്തില്‍ അങ്ങയുടെ സിംഹാസനം വരെ എത്തുന്നു. കരുണയുടെ പിതാവേ, സര്‍വ്വനന്മകളുടേയും ഉറവിടമേ, ഈ ആത്മാക്കളോടുള്ള അങ്ങയുടെ സ്നേഹഹത്തെപ്രതിയും, അങ്ങേയ്ക്ക് ഇവരിലുള്ള പ്രസാദത്തെപ്രതിയും ഞാന്‍ യാചിക്കുന്നു. ലോകം മുഴുവനേയും അങ്ങ് അനുഗ്രഹിക്കണമേ. അങ്ങനെ എല്ലാ ആത്മാക്കളും ഒരുമിച്ച് അങ്ങയുടെ കരുണയുടെ സ്തുതികള്‍ പാടിപ്പുകഴ്ത്തുവാന്‍ ഇടവരട്ടെ. എപ്പോഴും എന്നേക്കും ആമ്മേന്‍ .

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. 

ഏഴാം ദിവസം

ധ്യാനം: "എന്‍റെ കരുണയെ മഹത്വപ്പെടുത്തുകയും വാഴ്ത്തുകയും ചെയ്യുന്നവരുടെ ആത്മാക്കളെ ഇന്ന് എന്‍റെ സവിധേ കൊണ്ടുവരിക."

 പ്രാര്‍ത്ഥന: ഏറ്റവും കരുണയുള്ള ഈശോ, അങ്ങയുടെ ഹൃദയം സ്നേഹം തന്നെയാണല്ലോ. അങ്ങയുടെ കരുണയുടെ ആഴത്തെ പുകഴ്ത്തുന്നവരുടെ ആത്മാക്കള്‍ക്ക് അങ്ങയുടെ ഹൃദയത്തില്‍ അഭയം നല്‍കണമെ. ദൈവത്തിന്‍റെ തന്നെ ശക്തി സ്വീകരിച്ച് ശ്രേഷ്ഠത നിറഞ്ഞവരാണ്‌ ഈ ആത്മാക്കള്‍ . ദുഃഖങ്ങളുടെ നടുവിലും അങ്ങയുടെ കാരുണ്യത്തില്‍ ആശ്രയിച്ച് അവര്‍ മുന്നോട്ടു പോകുന്നു. (ഈശോയുമായി ഐക്യപ്പെട്ടിരിക്കുന്ന ഈ ആത്മാക്കള്‍ മാനവലോകത്തെ മുഴുവന്‍ തങ്ങളുടെ തോളുകളില്‍ സംവഹിക്കുന്നു. ഈ ആത്മാക്കള്‍ കഠിനമായി വിധിക്കപ്പെടുകയില്ല.) ഈ ജീവിതത്തില്‍ നിന്നു പിരിയുമ്പോള്‍ അങ്ങയുടെ കരുണ അവരെ ആലിംഗനം ചെയ്ത് സ്വീകരിക്കും.

നിത്യനായ പിതാവേ, ഈശോയുടെ കരുണയുള്ള ഹൃദയത്തിലെ അംഗങ്ങളും അങ്ങയുടെ അളവില്ലാത്ത കരുണയെ പാടിപ്പുകഴ്ത്തുന്നവരുമായ ആത്മാക്കളുടെമേല്‍ അങ്ങയുടെ ദയാദൃഷ്ടി പതിക്കണമേ. ജീവിക്കുന്ന സുവിശേഷങ്ങളാണ്‌ ഈ ആത്മാക്കള്‍ . കരുണയുടെ പ്രവൃത്തികളാല്‍ അവരുടെ കൈകള്‍ നിറഞ്ഞിരിക്കുന്നു. സന്തോഷത്താല്‍ നിറഞ്ഞുതുളുമ്പുന്ന അവരുടെ ഹൃദയം അത്യുന്നതന്‌ കാരുണ്യത്തിന്‍റെ ഒരു ഗീതം ആലപിക്കുന്നു. അങ്ങയില്‍ അവര്‍ സമര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷയ്ക്കും ശരണത്തിനും അനുസൃതമായി അവരോട് കരുണകാണിക്കണമേയെന്ന് ഞാനങ്ങയോടു യാചിക്കുന്നു. അങ്ങയുടെ അളവില്ലാത്ത കരുണയെ പുകഴ്ത്തുന്നവരെ ജീവിതകാലത്തും പ്രത്യേകിച്ച് മരണസമയത്തും സംരക്ഷിക്കുമെന്ന ഈശോയുടെ വാഗ്ദാനം അവരില്‍ പൂര്‍ത്തിയാകട്ടെ. എപ്പോഴും എന്നേക്കും. ആമ്മേന്‍ .

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. 

എട്ടാം ദിവസം

ധ്യാനം: "ശുദ്ധീകരണസ്ഥലത്ത് അടയ്ക്കപ്പെട്ടിരിക്കുന്ന ആത്മാക്കളെ ഇന്ന്‍ എന്‍റെ അടുക്കല്‍ കൊണ്ടുവരിക."

 പ്രാര്‍ത്ഥന: ഏറ്റവും കരുണയുള്ള ഈശോ, കരുണയാണ്‌ അങ്ങ് ആഗ്രഹിക്കുന്നതെന്ന് അങ്ങു തന്നെ അരുളിയിട്ടുണ്ടല്ലോ. ശുദ്ധീകരണസ്ഥലത്തുള്ള എല്ലാ ആത്മാക്കളേയും അങ്ങയുടെ സഹതാപാര്‍ദ്രമായ ഹൃദയത്തില്‍ ഞാന്‍ സമര്‍പ്പിക്കുന്നു. അങ്ങേയ്ക്ക് വളരെ പ്രിയപ്പെട്ടവരെങ്കിലും അങ്ങയുടെ നീതി പൂര്‍ത്തിയാക്കേണ്ടവരാണവര്‍ . അങ്ങയുടെ ഹൃദയത്തില്‍ നിന്നും പുറപ്പെട്ട രക്തവും ജലവും അഗ്നിജ്വാലകളെ ശമിപ്പിക്കട്ടെ. അങ്ങനെ അങ്ങയുടെ കരുണയുടെ ശക്തി അവിടെയും പുകഴ്ത്തപ്പെടട്ടെ.

നിത്യനായ പിതാവേ, ഈശോയുടെ ദയ നിറഞ്ഞ ഹൃദയത്തില്‍ സ്ഥാനമുള്ള ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെമേല്‍ അങ്ങയുടെ കരുണാകടാക്ഷം ഉണ്ടാകണമേ. ഈശോ സഹിച്ച കയ്പ്പുനിറഞ്ഞ ക്ലേശങ്ങളെ പ്രതിയും, അവിടുത്തെ ആത്മാവില്‍ നിറഞ്ഞ എല്ലാ സഹനങ്ങളെ പ്രതിയും ഞാന്‍ അങ്ങയോടു യാചിക്കുന്നു. നീതിവിധിക്ക് വിധേയരായിരിക്കുന്ന ആത്മാക്കളുടെമേല്‍ അങ്ങയുടെ കാരുണ്യം വര്‍ഷിക്കണമേ. അങ്ങയുടെ പ്രിയ പുത്രനായ ഈശോയുടെ തിരുമുറിവുകളിലൂടെ മാത്രം അങ്ങ് അവരെ നോക്കണമേ. അങ്ങയുടെ ദയയ്ക്കും നന്മയ്ക്കും അതിരുകളില്ലെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. ആമ്മേന്‍ .

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി

ഒന്‍പതാം ദിവസം

ധ്യാനം: "മന്ദതയില്‍ നിപതിച്ച ആത്മാക്കളെ ഇന്ന്‍ എന്‍റെ അടുക്കല്‍ കൊണ്ടുവരിക."

 പ്രാര്‍ത്ഥന: ഏറ്റവും കരുണാര്‍ദ്രനായ ഈശോയെ, അങ്ങ് കാരുണ്യം തന്നെയാകുന്നു. അങ്ങയുടെ കനിവുനിറഞ്ഞ ഹൃദയത്തിലേക്ക് മന്ദത ബാധിച്ച ആത്മാക്കളെ ഞാന്‍ കൊണ്ടുവരുന്നു. ജീവനറ്റ ശരീരങ്ങളെപ്പോലെ ആറിത്തണുത്ത ഈ ആത്മാക്കളെ അങ്ങയുടെ സ്നേഹാഗ്നിജ്വാലയാല്‍ ഒരിക്കല്‍കൂടി എരിയിക്കേണമേ. ഏറ്റവും കാരുണ്യമുള്ള ഈശോ, അങ്ങയുടെ കാരുണ്യത്തിന്‍റെ മഹനീയ ശക്തി ഇവരില്‍ പ്രവര്‍ത്തിപ്പിക്കേണമേ. അങ്ങയുടെ സ്നേഹത്തിന്‍റെ തീക്ഷ്ണതയിലേക്ക് ഇവരെ ആനയിക്കണമേ. പരിശുദ്ധമായ സ്നേഹത്തിന്‍റെ ദാനം അവരില്‍ ചൊരിയണമേ. എന്തെന്നാല്‍ യാതൊന്നും അങ്ങയുടെ ശക്തിക്ക് അതീതമല്ലല്ലോ.

നിത്യനായ പിതാവേ, ഏറ്റവും ദയയുള്ള ഈശോയുടെ ഹൃദയത്തില്‍ സ്ഥാനമുള്ള മന്ദതബാധിച്ച ആത്മാക്കളുടെമേല്‍ അങ്ങയുടെ ദയാദൃഷ്ടി പതിപ്പിക്കണമേ. കാരുണ്യത്തിന്‍റെ പിതാവേ, അങ്ങേ പുത്രന്‍റെ കയ്പ്പേറിയ പീഡകളെ പ്രതിയും കുരിശിലെ മൂന്നു മണിക്കൂര്‍ നേരത്തെ സഹനത്തെ പ്രതിയും ഞാനങ്ങയോടു യാചിക്കുന്നു. അവരും അങ്ങയുടെ അഗാധമായ കാരുണ്യത്തെ മഹത്വപ്പെടുത്തുവാനിടയാകട്ടെ. ആമ്മേന്‍ .

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. 

ലുത്തീനിയ

കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
മിശിഹായേ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
സ്വര്‍ഗ്ഗീയ പിതാവായ ദൈവമേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
പുത്രനായ ദൈവമേ! ലോകത്തിന്‍റെ വിമോചകാ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ

സ്രഷ്ടാവിന്‍റെ ഏറ്റം വലിയ വിശേഷണമായ ദൈവകാരുണ്യമേ! (പ്രതിവചനം: ഞങ്ങളങ്ങയില്‍ ശരണപ്പെടുന്നു)
പരിശുദ്ധാത്മാവിന്‍റെ അളവില്ലാത്ത സ്നേഹമായ ദൈവകാരുണ്യമേ!
പരിശുദ്ധ ത്രീത്വത്തിന്‍റെ അഗ്രാഹ്യ രഹസ്യമായ ദൈവകാരുണ്യമേ!
അത്യുന്നതന്‍റെ സര്‍വ്വശക്തിയുടെ പ്രകടനമായ ദൈവകാരുണ്യമേ!
അമാനുഷസൃഷ്ടികളില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ!
ഇല്ലായ്മയില്‍ നിന്നു നമ്മെ വിളിച്ച ദൈവകാരുണ്യമേ!
പ്രപഞ്ചത്തെ മുഴുവന്‍ ചൂഴ്ന്നു നില്‍ക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങളില്‍ അമര്‍ത്യത വിതയ്ക്കുന്ന ദൈവകാരുണ്യമേ!
അര്‍ഹിക്കുന്ന ശിക്ഷയില്‍ നിന്നു ഞങ്ങളെ രക്ഷിക്കുന്ന ദൈവകാരുണ്യമേ!
പാപത്തിന്‍റെ ദുരിതത്തില്‍ നിന്നു നമ്മെ ഉയര്‍ത്തുന്ന ദൈവകാരുണ്യമേ!
സൃഷ്ടലോകത്തില്‍ ഞങ്ങളുടെ നീതീകരണമായ ദൈവകാരുണ്യമേ!
ഈശോയുടെ തിരുമുറിവുകളില്‍ നിന്നൊഴുകുന്ന ദൈവകാരുണ്യമേ!
ഈശോയുടെ പരിശുദ്ധ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ!
കരുണയുടെ മാതാവായി അമലമനോഹരിയായ പരിശുദ്ധ മറിയത്തെ നല്‍കിയ ദൈവകാരുണ്യമേ!
ദൈവരഹസ്യങ്ങളുടെ വെളിപ്പെടുത്തലില്‍ പ്രകാശിതമായ ദൈവകാരുണ്യമേ!
സാര്‍വ്വത്രീകസഭയുടെ സ്ഥാപനത്തില്‍ പ്രകടിതമായ ദൈവകാരുണ്യമേ!
പരിശുദ്ധ കൂദാശയില്‍ പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ!
മാമ്മോദീസായിലും പാപസങ്കീര്‍ത്തനത്തിലും പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ!
പൗരോഹിത്യത്തിലും ദിവ്യബലിയിലും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ!
ക്രിസ്തീയ വിശ്വാസത്തിലേക്കു ഞങ്ങളെ ക്ഷണിച്ച ദൈവകാരുണ്യമേ!
പാപികളുടെ മാനസാന്തരത്തില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ!
നീതിമാന്മാരുടെ വിശുദ്ധീകരണത്തില്‍ പ്രകടമായ ദൈവകാരുണ്യമേ!
വിശുദ്ധരെ പൂര്‍ണ്ണതയിലെത്തിക്കാന്‍ സഹായിക്കുന്ന ദൈവകാരുണ്യമേ!
രോഗികളുടെയും സഹിക്കുന്നവരുടെയും ആരോഗ്യപാത്രമായ ദൈവകാരുണ്യമേ!
വ്യഥിതഹൃദയരുടെ ആശ്വാസമായ ദൈവകാരുണ്യമേ!
നിരാശയില്‍ വേദനിക്കുന്നവരുടെ പ്രതീക്ഷയായ ദൈവകാരുണ്യമേ!
എല്ലാ മനുഷ്യരേയും എല്ലായ്പ്പോഴും എവിടെയും അനുഗമിക്കുന്ന ദൈവകാരുണ്യമേ!
പ്രസാദവരങ്ങളാല്‍ മുന്നാസ്വാദനം നല്‍കുന്ന ദൈവകാരുണ്യമേ!
മരിക്കുന്നവരുടെ ആശ്വാസമായ ദൈവകാരുണ്യമേ!
അനുഗ്രഹീതരുടെ ആനന്ദമായ ദൈവകാരുണ്യമേ!
എല്ലാ വിശുദ്ധരുടെയും കിരീടമായ ദൈവകാരുണ്യമേ!
അത്ഭുതങ്ങളുടെ വറ്റാത്ത ഉറവയായ ദൈവകാരുണ്യമേ!

കുരിശില്‍ ലോകത്തെ രക്ഷിച്ച് ഞങ്ങളുടെ മേലുള്ള എറ്റവും വലിയ കരുണ പ്രകടിപ്പിച്ച ദൈവത്തിന്‍റെ കുഞ്ഞാടേ.
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

എല്ലാ ദിവ്യബലികളിലും ഞങ്ങള്‍ക്കുവേണ്ടി സ്വയം സമര്‍പ്പിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടേ
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

അങ്ങയുടെ അളവില്ലാത്ത കരുണയില്‍ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടേ
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ

കര്‍ത്താവിന്‍റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു.
കര്‍ത്താവിന്‍റെ കരുണ ഞാനെന്നും പാടിപ്പുകഴ്ത്തും.

പ്രാര്‍ത്ഥിക്കാം

ദൈവമേ അങ്ങയുടെ കരുണ അനന്തവും അങ്ങയുടെ ദയ വറ്റാത്തതുമാണല്ലോ. ദയാപൂര്‍വ്വം ഞങ്ങളെ നോക്കണമേ. ഞങ്ങളുടെമേല്‍ അങ്ങയുടെ കരുണ വര്‍ദ്ധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളില്‍ മനം മടുക്കാതെ അങ്ങയുടെ തിരുമനസ്സുതന്നെയായ കാരുണ്യത്തിനു ഞങ്ങള്‍ വിധേയരാകട്ടെ. കാരുണ്യത്തിന്‍റെ രാജാവും അങ്ങയോടും പരിശുദ്ധാത്മാവോടും കൂടെ വസിക്കുന്നവനുമായ ഞങ്ങളുടെ കര്‍ത്താവായ ഈശോ ഞങ്ങള്‍ക്കു കാരുണ്യം പകര്‍ന്നു തരട്ടെ. എപ്പോഴും എന്നേക്കും ആമ്മേന്‍ .

View Count: 11533.
HomeContact UsSite MapLoginAdmin |
Login