കുടിപ്പള്ളിക്കൂടം
ആറയൂരില്‍ ഇന്നത്തെ പള്ളിക്കു വടക്കുമാറി റോഡരികില്‍ ഒരു കൊച്ചുവീടിന്‍റെ വലുപ്പത്തിലുള്ളതും ഓലമേഞ്ഞതുമായ താല്കാലിക ദേവാലയം 1906- ല്‍ റവ.ഫാ.ഡമഷിന്‍ നിര്‍മ്മിച്ചു. ഈ ഷെഡിലായിരുന്നു ആദ്യം കുടിപ്പള്ളിക്കൂടം നടത്തിയിരുന്നത്. കാഞ്ഞിരംകുളത്തുനിന്നുള്ള രണ്ട് ആശാന്‍മാര്‍ വന്നു പഠിപ്പിച്ചിരുന്ന ഒരു കുടിപ്പള്ളിക്കൂടത്തിന് ഒരു മാസത്തേയ്ക്ക് നാലുചക്രം (1 പണം അഥവാ 1/7 രൂപ) ഫീസ് കൊടുത്ത് നമ്മുടെ പൂര്‍വ്വീകര്‍ പഠിച്ചിരുന്നു. താല്‍ക്കാലിക ദേവാലയത്തോടനുബന്ധിച്ച് കുടിപ്പള്ളിക്കൂടമുണ്ടാകുന്നതിനുമുമ്പ് പാവറത്തുവിളയ്ക്ക് വടക്കു കിഴക്കായി കുറെക്കാലം കുടിപ്പള്ളിക്കൂടം നടത്തിയിരുന്നുവെന്നും പല ആശാന്മാരും അവിടെ പഠിപ്പിച്ചിരുന്നുവെന്നും പറയപ്പെടുന്നു. ഒടുവില്‍ വികാരിയച്ചന്‍റെ സഹായ സഹകരണങ്ങളോടെ പള്ളിയുടെ തെക്കുഭാഗത്തായി ഓടിട്ട മേല്‍ക്കൂരയോടുകൂടിയ ഒരു കുടിപ്പള്ളിക്കൂടം പ്രവര്‍ത്തനമാരംഭിച്ചു. ഷിഫ്റ്റ് സമ്പ്രദായത്തിലെന്നപോലെ ഓരോ ഗ്രൂപ്പിലുമുള്ള കുട്ടികള്‍ക്ക് ഏതാനും മണിക്കൂര്‍ സമയത്തെ പഠനമേ ഉണ്ടായിരുന്നുള്ളൂ. മാത്രക്കവിള പപ്പുവാദ്ധ്യാരായിരുന്നു ഈ കുടിപ്പള്ളിക്കൂടത്തിലെ ആശാന്‍. പല സ്ഥലങ്ങളിലുംനിന്നുള്ള ഇരുപത്തഞ്ചോളം കുട്ടികള്‍ ഒരേ സമയത്ത് ഇവിടെ പഠിച്ചിരുന്നു.
കുടിപ്പള്ളിക്കൂടത്തില്‍ ക്രമമായുള്ള പുസ്തകങ്ങളോ നോട്ടുബുക്കുകളോ ഇല്ലായിരുന്നു. മണലില്‍ വിരല്‍കൊണ്ട് എഴുതി പരിചയിച്ചതിശേഷം ഏടുകളില്‍ എഴുത്ത് പഠിപ്പിച്ചിരുന്നു. പനയോലപ്പൊളികളുടെ രണ്ടറ്റവും മുറിച്ചു കളഞ്ഞിട്ട് ക്രമായി വട്ടത്തില്‍ രണ്ട് ദ്വാരമിട്ട് അതിലൂടെ നൂലുകൊണ്ട് കുറുകെ കൂട്ടിച്ചേര്‍ത്ത് ഉദ്ദേശം അഞ്ചടിയോളം നീളത്തില്‍ ഉണ്ടാക്കുന്നതാണ് ഏടുകള്‍. ഈ ഏടുകളില്‍ നാരായം കൊണ്ടാണ് എഴുതിയിരുന്നത്. ഗൃഹപാഠം ചെയ്യാതെവരുന്നവര്‍ക്ക് കിട്ടിയിരുന്ന ശിക്ഷ പ്രസ്തുത ഏടിലുള്ള ഇലക്കുകീറി കഴുത്തിലിട്ടുകൊണ്ട് വീടുവരെ പോവുകയെന്നതായിരുന്നുവെന്ന് പറയപ്പെടുന്നു. ആളുകളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതില്‍ തല്പരരായിരുന്ന വിദേശമിഷനറിമാര്‍ നല്കിയിരുന്ന വരുമാനം മാത്രമേ മേല്‍പ്പറഞ്ഞ ആശാനു ലഭിച്ചിരുന്നുള്ളൂ. പപ്പുവാദ്ധ്യാരുടെ കാലശേഷം കുടിപ്പള്ളിക്കൂടം പ്രവര്‍ത്തനരഹിതമായി.
കൊച്ചോട്ടുകോണത്തുള്ള ഉദിയന്‍കുളങ്ങര ആര്‍.സി. എല്‍.പി എസ്സിനും പടിഞ്ഞാറു ഭാഗത്തായി പള്ളിവിള എന്ന സ്ഥലത്തുണ്ടായിരുന്ന താല്കാലിക ദേവാലയവും കുടിപ്പള്ളിക്കൂടമായി ഉപയോഗിച്ചിരുന്നു. റവ.ഫാ. മേരി എഫ്രേം ഗോമസിന്‍റെയും റവ. ഫാ. ഡമഷിന്‍റെയും പ്രേരണയാല്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിരുന്നു. സര്‍വ്വശ്രീ. വേലുപ്പിള്ള, ഗോവിന്ദപ്പിള്ള, കുമാരപ്പിള്ള മുതലായവര്‍ ഈ കുടിപ്പള്ളിക്കൂടത്തില്‍ പഠിപ്പിച്ചിരുന്നു. പ്രസ്തുത കുടിപ്പള്ളിക്കൂടം പള്ളിവിളയില്‍ തുടരാന്‍ കഴിയാതെവന്നപ്പോള്‍ കുറച്ചുകാലം മരിയാപുരം കോണ്‍വെന്‍റിനോടനുബന്ധിച്ചുണ്ടായിരുന്ന വിറകുപുരയില്‍ വച്ചു നടത്തിയിരുന്നു. വാദ്ധ്യാന്മാരായിരുന്ന ശ്രീ. അരുമനായകത്തിന്‍റെയും ശ്രീ.സി. ജോസഫിന്‍റെയും ഈ രംഗത്തുള്ള പ്രവര്‍ത്തനം വളരെ വിലപ്പെട്ടതായിരുന്നു. പിന്നീട് റവ.ഫാ. സിംഫോറിയല്‍ പീറ്റേഴ്സിന്‍റെ കാലത്താണ് കൊച്ചോട്ടുകോണത്തുള്ള സ്ക്കൂള്‍ കെട്ടിടം നിര്‍മ്മിച്ചതും ഇന്നത്തെ രീതിയില്‍ സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചതും.
ആറയൂര്‍-മരിയാപുരം ഇടവകകളുടെ ആരംഭത്തില്‍ ഇവിടത്തെ ആളുകളില്‍ ബഹുഭൂരിപക്ഷവും അക്ഷര ജ്ഞാനമില്ലാത്തവരായിരുന്നു. ഏതാണ്ട് 1950- നു ശേഷമാണ് ഈ പ്രദേശത്തെ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നുതുടങ്ങിയത്. സാമ്പത്തികമായി പിന്നോക്കമായിരുന്നവര്‍ കുട്ടികളെ യഥാസമയം സ്ക്കൂളുകളില്‍ അയച്ചിരുന്നില്ല. സമീപപ്രദേശത്തുള്ള സ്ക്കൂളുകള്‍ ഇടവകകളുടെ ആരംഭക്കാലത്ത് ഇല്ലായിരുന്നുതാനും. വ്ലാത്താങ്കരയില്‍ നാലാം ക്ലാസ്സുവരെയും പാറശ്ശാലയില്‍ ഏഴാം ക്ലാസ്സുവരെയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലയാളം ഏഴാംക്ലാസ്സ് പരീക്ഷ ജയിച്ചാല്‍ കിട്ടുന്ന സര്‍ട്ടിഫിക്കറ്റിന് വി.എസ്.എല്‍.സി. (Vernacular School Leaving Certificate) എന്നാണ് പറഞ്ഞിരുന്നത്. നെയ്യാറ്റിന്‍കരയില്‍ ഇംഗ്ലീഷ് ഹൈസ്ക്കൂളും (VI-വരെ)കാഞ്ഞിരംകുളത്ത് മലയാളം ഹൈസ്ക്കൂളും (9-ാം ക്ലാസ്സുവരെ) ഉണ്ടായിരുന്നു. ഇ.എസ്.എല്‍.സി അഥവാ ഇംഗ്ലീഷ് സ്ക്കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷ (ഇന്നത്തെ എസ്.എസ്.എല്‍.സി./എസ്.എസ്.സി.) പാസായവരായി രണ്ടോ മൂന്നോ ആളുകള്‍ മാത്രമേ 1950-നു മുമ്പ് ഈ ഇടവകകളുടെ പരിധിയിലുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്നത്തെ സ്ഥിതി വിവരക്കണക്കുകള്‍ വച്ചുനോക്കുമ്പോള്‍ വിദ്യാഭ്യാസരംഗത്ത് ഈ കൊച്ചുപ്രദേശം 1950-നു മുമ്പുണ്ടായിരുന്നതിനെക്കാള്‍ വളരെദൂരം മുന്നോട്ടുപോയതായി കാണാം.
View Count: 2045.
|