കൊറോണ വൈറസ് എന്ന മഹാവ്യാധിക്കെതിരെയുള്ള സംരക്ഷണ പ്രാർത്ഥന
പരിശുദ്ധനായ ദൈവമേ...
പരിശുദ്ധനായ ബലവാനേ
പരിശുദ്ധനായ അമർത്യനെ
ഞങ്ങളുടെയും ലോകം മുഴുവൻ്റെയും മേൽ കരുണയായിരിക്കണമേ... (3)
പരിശുദ്ധ ത്രിത്വത്തിനോട് കരുണ ഞങ്ങൾ യാചിക്കുമ്പോൾ സംഹാരദൂതൻ വാൾ താഴ്ത്തി ഞങ്ങളും ലോകവും മഹാമാരിയിൽ നിന്നും സംരക്ഷിക്കപ്പെടട്ടെ.
സ്നേഹമുള്ള ഈശോയെ, കൊറോണ വൈറസ് എന്ന മഹാവ്യാധി ലോകത്തിലൂടെ കടന്നു പോകുമ്പോൾ പെസഹാക്കുഞ്ഞാടായ അവിടുത്തെ തിരുരക്തത്തിൻ്റെ മുദ്ര ഞങ്ങളുടെ നെറ്റിത്തടങ്ങളിലും ലോകരാജ്യങ്ങളിലും പതിച്ചു ഞങ്ങൾക്ക് സംരക്ഷണം തരേണമേ... അത് കാണുമ്പോൾ സംഹാരദൂതൻ ഞങ്ങളെയും രാജ്യങ്ങളെയും സ്പർശിക്കാതെ കടന്നു പോകട്ടെ..
"അവിടുന്നു നിന്നെ വേടൻ്റെ കെണിയില്‍നിന്നും മാരകമായ മഹാമാരിയില്‍നിന്നും രക്‌ഷിക്കും." (സങ്കീര്‍ത്തനങ്ങള്‍ 91:3) എന്ന തിരുവചനം ഞങ്ങൾ വിശ്വസിച്ചു ഏറ്റു പറയുന്നു.
പിതാവായ ദൈവമേ അവിടുത്തെ കുഞ്ഞുമക്കളായ ഞങ്ങളെ ചേർത്തു പിടിച്ചു സംരക്ഷിക്കണമേ... അവിടുന്നല്ലേ ഞങ്ങളുടെ സൃഷ്ടാവ് .. പേടി വരുമ്പോൾ അവിടുത്തെ ശക്തമായ കരത്തിൻ്റെ കീഴിലേക്ക് ഞങ്ങൾ ഓടി വരുന്നു...
പരിശുദ്ധാത്മാവേ ഒരു കൊടുങ്കാറ്റ് പോലെ ലോകത്തിലാഞ്ഞു വീശി വിഷമയമായ വായുവിനെ ശുദ്ധീകരിച്ചു നിർമ്മലമാക്കണമേ ...
പരിശുദ്ധ അമ്മേ അവിടുത്തെ നീല മേലങ്കിയുടെ കീഴിൽ ഞങ്ങൾക്ക് അഭയം തരേണമേ. അമ്മയുടെ ഹൃദയധമനിയിൽ തിരുരക്തത്തുള്ളികൾ കോർത്തിണക്കി ഉണ്ടാക്കിയ ജപമാല മണികളിൽ ഉതിരുന്ന പ്രാർത്ഥനകൾ ഞങ്ങൾക്ക് സംരക്ഷണം ആകട്ടെ...
വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ...
ഈശോ തിരഞ്ഞെടുത്ത പന്ത്രണ്ടു ശ്ലീഹന്മാരെ, കരുണയുടെ പ്രവാചികയായ വിശുദ്ധ ഫൗസ്റ്റീനയെ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമേ ...
മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, രാജ്യങ്ങളുടെ കാവൽ മാലാഖമാരെ, സകല വിശുദ്ധരെ, ഞങ്ങൾക്കും ലോകത്തിനും വേണ്ടി ഈശോയുടെ തിരുസഭയോട് ചേർന്നു ഈ മഹാവ്യാധി നീങ്ങിപ്പോകുവാനും സാത്താൻ നിഷ്കളങ്കരായ ആത്മാക്കളെ നിനച്ചിരിക്കാത്ത നേരത്തു തട്ടിയെടുക്കാതിരിക്കാനും വേണ്ടി മാധ്യസ്ഥം വഹിക്കണമേ...
റഫായേൽ മാലാഖയെ, പരിശുദ്ധനായ ദൈവത്തിൻ്റെ അതിപരിശുദ്ധ സന്നിധിയിൽ നിന്നുകൊണ്ട് ഈ വ്യാധി നീങ്ങിപ്പോകുന്നത് വരെ മാധ്യസ്ഥം വഹിക്കണമേ...
കരുണയുള്ള ഈശോയെ അവിടുത്തെ പീഡാസഹനത്തിൻ്റെയും കുരിശുമരണത്തിൻ്റെയും ഉത്ഥാനത്തിൻ്റെയും യോഗ്യതയാൽ ഇപ്പോൾ രോഗബാധിതരായവരെ സുഖപ്പെടുത്തണമേ... കൂടുതൽ പേരിലേക്ക് ഈ മഹാവ്യാധി പടരാതിരിക്കട്ടെ.... ആമേൻ.
View Count: 1323.
|