വി. ഗീവര്‍ഗ്ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന
ഞങ്ങളുടെ മദ്ധ്യസ്ഥനായ വി.ഗീവര്‍ഗ്ഗീസേ, അങ്ങേ മക്കളായ ഞങ്ങള്‍ എളിമയോടും പ്രത്യാശയോടും കൂടെ അങ്ങേ സന്നിധിയില്‍ അഭയം തേടുന്നു. സ്നേഹ പിതാവായ ദൈവം അങ്ങേക്ക് നല്‍കിയിരിക്കുന്ന സ്വര്‍ഗ്ഗീയ വരങ്ങളോര്‍ത്ത്, ഞങ്ങള്‍ സന്തോഷിക്കുന്നു. ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ മാദ്ധ്യസ്ഥ ശക്തിയില്‍ ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു, ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥനായി അങ്ങയെ സ്വീകരിക്കുന്നു. വിശ്വാസത്തിലും പ്രതീക്ഷയിലും ഞങ്ങളെ വളര്‍ത്തണമേ. പരസ്നേഹ ചൈതന്യത്താല്‍ ഞങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കണമേ. സേവനത്തിന്‍റെ പാതയിലൂടെ ഞങ്ങളെ നയിക്കണമേ. അസൂയയും വിദ്വേഷവും നീക്കി സ്നേഹവും ഐക്യവും ഞങ്ങളില്‍ ജനിപ്പിക്കണമേ...
ഞങ്ങളുടെ മദ്ധ്യസ്ഥനായ വി.ഗീവര്‍ഗ്ഗീസേ, ആപത്തുകളില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ. അനുദിന ജീവിതത്തിലെ ക്ലേശങ്ങള്‍ സന്തോഷത്തോടെ സഹിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ ഈ അപേക്ഷകളൊക്കെയും അങ്ങയുടെ ശക്തമായ മാദ്ധ്യസ്ഥതയില്‍ ആശ്രയിച്ചുകൊണ്ടു പിതാവായ ദൈവത്തിന് ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ആമ്മേന്‍.
View Count: 2154.
|