ജോലിക്കാര്‍ക്കുള്ള കൂലി
സ്വര്‍ഗരാജ്യം, തന്‍റെ മുന്തിരിത്തോട്ടത്തിലേക്കു ജോലിക്കാരെ വിളിക്കാന്‍ അതിരാവിലെ പുറപ്പെട്ട വീട്ടുടമസ്ഥനു സദൃശം.
ദിവസം ഒരു ദനാറ വീതം വേതനം നല്‍കാമെന്ന കരാറില്‍ അവന്‍ അവരെ മുന്തിരിത്തോട്ടത്തിലേക്ക് അയച്ചു.
മൂന്നാം മണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ചിലര്‍ ചന്തസ്ഥലത്ത് അലസരായി നില്‍ക്കുന്നതുകണ്ട് അവരോടു പറഞ്ഞു:
നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍; ന്യായമായ വേതനം നിങ്ങള്‍ക്കു ഞാന്‍ തരാം. അവരും മുന്തിരിത്തോട്ടത്തിലേക്കു പോയി.
ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും പുറത്തേക്കിറങ്ങിയപ്പോഴും അവന്‍ ഇതുപോലെതന്നെചെയ്തു.
ഏകദേശം പതിനൊന്നാം മണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോഴും അവിടെ ചിലര്‍ നില്‍ക്കുന്നതുകണ്ട് അവരോടു ചോദിച്ചു: നിങ്ങള്‍ ദിവസം മുഴുവന്‍ അലസരായി നില്‍ക്കുന്നതെന്ത്?
ഞങ്ങളെ ആരും വേലയ്ക്കു വിളിക്കാത്തതുകൊണ്ട് എന്ന് അവര്‍ മറുപടി നല്‍കി. അവന്‍ പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍.
വൈകുന്നേരമായപ്പോള്‍ മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ കാര്യസ്ഥനോടു പറഞ്ഞു: ജോലിക്കാരെ വിളിച്ച് അവസാനം വന്നവര്‍ക്കു തുടങ്ങി ആദ്യം വന്നവര്‍ക്കുവരെ കൂലി കൊടുക്കുക.
പതിനൊന്നാം മണിക്കൂറില്‍ വന്നവര്‍ക്ക് ഓരോ ദനാറ ലഭിച്ചു.
തങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുമെന്ന് ആദ്യം വന്നവര്‍ വിചാരിച്ചു. എന്നാല്‍, അവര്‍ക്കും ഓരോ ദനാറ തന്നെ കിട്ടി.
അതു വാങ്ങുമ്പോള്‍ അവര്‍ വീട്ടുടമസ്ഥനെതിരേ പിറുപിറുത്തു-
അവസാനം വന്ന ഇവര്‍ ഒരു മണിക്കൂറേ ജോലി ചെയ്തുള്ളൂ; എന്നിട്ടും പകലിന്‍റെ അധ്വാനവും ചൂടും സഹിച്ച ഞങ്ങളോട് അവരെ നീ തുല്യരാക്കിയല്ലോ.
അവന്‍ അവരിലൊരുവനോട് ഇങ്ങനെ മറുപടി പറഞ്ഞു: സ്‌നേഹിതാ, ഞാന്‍ നിന്നോട് ഒരനീതിയുംചെയ്യുന്നില്ല. ഒരു ദനാറയ്ക്കല്ലേ നീ എന്നോടു സമ്മതിച്ചിരുന്നത്?
നിനക്ക് അവകാശപ്പെട്ടതു വാങ്ങിക്കൊണ്ടു പൊയ്‌ക്കൊള്ളുക. അവസാനം വന്ന ഇവനും നിനക്കു നല്‍കിയതുപോലെതന്നെ കൊടുക്കാനാണ് എനിക്കിഷ്ടം.
എന്‍റെ വസ്തുവകകള്‍കൊണ്ട് എനിക്കിഷ്ടമുള്ളതു ചെയ്യാന്‍ പാടില്ലെന്നോ? ഞാന്‍ നല്ലവനായതുകൊണ്ട് നീ എന്തിന് അസൂയപ്പെടുന്നു?
ഇപ്രകാരം, പിമ്പന്‍മാര്‍ മുമ്പന്‍മാരും മുമ്പന്‍മാര്‍ പിമ്പന്‍മാരുമാകും.
(മത്തായി, 20: 1-16)
View Count: 2773.
|