താലന്ത്...
Regina Noronha. Author. Ponkunnam, Kerala.
വൈത്തിരിയില്‍ വെച്ച് കോളേജിലെ പഴയ സഹപാഠികളുടെ സംഗമം നടക്കുന്നു .കുട്ടികളുടെ എന്തെങ്കിലും ഒരു പരിപാടി അവതരിപ്പിക്കണം. ഒരു ആത്മസുഹൃത്തിന്‍റെ ആവശ്യം. മകനോട് വയലിനില്‍ ഒന്നു രണ്ടു പാട്ടുകള്‍ വായിക്കാന്‍ പറഞ്ഞപ്പോള്‍ അവന് മടി. സ്വതവേ നാണം കുണുങ്ങിയാണ്. അവനെ ഉത്തേജിപ്പിക്കുവാന്‍ ബൈബിളില്‍ നിന്നും താലന്തുകളുടെ ഉപമയെ കൂട്ടുപിടിച്ചു. പലപ്പോഴും ഉത്തരം മുട്ടുമ്പോള്‍ തുണ ബൈബിള്‍ തന്നെ.
ഒരു താലന്ത് കിട്ടിയ ജോലിക്കാരന്‍ എന്നും മനസ്സില്‍ ഒരു ചോദ്യചിഹ്നമായിരുന്നു. ഉള്ളവന് വീണ്ടും നല്‍കപ്പെടും . ഇല്ലാത്തവനില്‍ നിന്ന് അവന് ഉണ്ടെന്നു കരുതപ്പെടുന്നത് കൂടെയും എടുക്കപ്പെടും എന്ന വാക്യം, സ്നേഹത്തിന്‍റെ മഹാകാവ്യത്തില്‍ ഒരു അക്ഷരത്തെറ്റുപോലെ തോന്നിച്ചു.
രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവനുമായി പങ്കുവയ്ക്കട്ടെ എന്ന സുന്ദരമായ ഉപവിയുടെ ഭാവനയ്ക്ക് നിറം മങ്ങിയോ ?
അനീതിക്കെതിരെ നിസ്സഹകരണം എന്നത് അത്ര ശിക്ഷാര്‍ഹമായ കുറ്റമാണോ?
ഒരാള്‍ക്ക് 5 ഉം മറ്റൊരാള്‍ക്ക് 2 ഉം ഇനി ഒരാള്‍ക്ക് ഒന്നും...അനീതിയല്ലേ? നീതിസൂര്യനെന്നു വാഴ്ത്ത്തപ്പെടുന്നവന്‍ അനീതിക്ക്കൂട്ടു നില്‍ക്കുകയോ?
നീതിയും അനീതിയും തമ്മിലുള്ള അതിര്‍ വരമ്പ് എവിടെയാണ്?
അമ്മ മക്കള്‍ക്ക് ഭക്ഷണം വിളമ്പുമ്പോള്‍ എല്ലാ പാത്രങ്ങളിലും ഒരേ അളവ് നിറയ്ക്കാറുണ്ടോ? മക്കളുടെ വിശപ്പറിഞ്ഞു വിളമ്പാന്‍ അമ്മയ്ക്കല്ലാതെ മറ്റാര്‍ക്ക് കഴിയും?
അര്‍ഹതയുലള്ളവന് അര്‍ഹത അനുസരിച്ച്...
ആവശ്യക്കാരന് ആവശ്യമനുസരിച്ച്....
ദൈവനീതി മനുഷ്യ നീതിയില്‍ നിന്നും ഭിന്നമാണ്.
സീസറിന്‍റെത് സീസറിനും ദൈവത്തിന്‍റെത് ദൈവത്തിനും ...സര്‍വ്വ നീതിയും ഇവിടെ പൂര്‍ത്തീകരിക്കുന്നു..
ജീവിതം മുന്നോട്ടു നീക്കാന്‍ ഒരുവന് 10 താലന്ത് കൂടിയേ കഴിയൂ. വേറൊരുവനാകട്ടെ ആവശ്യങ്ങള്‍ 4 താലന്തില്‍ ഒതുങ്ങുന്നു ...അവരെ യജമാനന് നന്നായറിയാം. ഭേദപ്പെട്ട വ്യാപാരികളാണവര്‍...മൂലധനമായി 5-ഉം 2-ഉം താലന്തുകള്‍ വീതം യജമാനന്‍ അവര്‍ക്ക് നല്‍കി. തൊടുന്നതെല്ലാം പൊന്നാക്കുന്ന മൂന്നാമനോ ഒരു താലന്തു തന്നെ ധാരാളം..ഒന്നിനെ അന്‍പതോ നൂറോ ആക്കി മാറ്റാന്‍ കഴിവുള്ളവന്‍...ബുദ്ധി കൊണ്ടും ചിന്താശക്തി കൊണ്ടും ഉലകം കീഴടക്കാന്‍ പോന്നവന്‍.....
അതു തന്നെയാണ് പ്രശ്നം...
ചിന്ത കടിഞ്ഞാണില്ലാത്ത കുതിരയാകുമ്പോള്‍ സൈദ്ധാന്തിക ചതിക്കുഴികള്‍ നമ്മെ വീഴ്ത്തും...കാല്പനികതയുടെ മായാപ്രപഞ്ചത്തില്‍ നാം വിഹരിക്കുമ്പോള്‍ കാണേണ്ട പലതും കാണാതെ പോകും...ഉടയവന് എന്നിലുള്ള വിശ്വാസം ഞാന്‍ കാണാതെ പോകുമ്പോള്‍, അനീതി ഭീകര രൂപിയായി മുന്നില്‍ വന്നു പല്ലിളിച്ചു നില്‍ക്കുമ്പോള്‍, താലന്തുകള്‍ പലതും കുഴിച്ചിടപ്പെടും...ഏതു ചിന്താ സരണിക്കും സ്നേഹത്തിന്‍റെ ഒരു കടിഞ്ഞാണ്‍ ആവശ്യമാണ്. അവിടെയാണ് അയാള്‍ക്ക് പിഴച്ചതെന്നു തോന്നുന്നു.
തമ്പുരാന്‍റെ സ്നേഹപ്രകാശത്തിലേക്ക് തുറക്കേണ്ട മിഴികളില്‍ അസൂയയുടെ, നിരാശയുടെ അന്ധകാരം നിറയുമ്പോള്‍ കാണാനാവുന്നത് അനീതി മാത്രം...
എന്‍റെ കുറവുകള്‍ അവന് എന്നിലുള്ള വിശ്വാസത്തെയാണ് കാണിക്കുന്നത് എന്ന തിരിച്ചറിവ് എനിക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.
എന്‍റെ കുറവുകളില്‍ അവന് എന്നെ കുറിച്ചുള്ള മതിപ്പ് ദര്‍ശിക്കുവാന്‍ അവന്‍റെ സ്നേഹത്തിന്‍റെ ദിവ്യ അഞ്ജനം എന്‍റെ കണ്ണുകളില്‍ എഴുതപ്പെടട്ടെ....