വി.ഫ്രാന്‍സിസ് സേവ്യറിന്‍റെ പാദസ്പര്‍ശനമേറ്റ തിരുവനന്തപുരം രൂപതയൂടെ ചരിത്രം
St. Francis Xavier
തിരുവനന്തപുരം ഡിസ്ട്രിക്ടും തമിഴ്നാട്ടിലെ നീരോടി മുതല്‍ ഇരയിമ്മന്‍തുറവരെയുള്ള പ്രദേശങ്ങളും ചേര്‍ന്നതാണ് തിരുവനന്തപുരം രൂപത. പോര്‍ട്ടൂഗീസുകാരുടെ വരവോടെ, ക്രിസ്തുമതം വളരെയഘികം പ്രചരിക്കുകയും 16-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ തീരപ്രദേശങ്ങളില്‍ ക്രൈസ്തവസമൂഹങ്ങള്‍ രൂപം പ്രാപിക്കുകയും ചെയ്തു. എന്നാല്‍ ഊശോസഭക്കാര്‍ അമര്‍ച്ചച്ചെയ്യപ്പെട്ടതോടെ രൂപതയിലെ മിഷന്‍ പ്രവര്‍ത്തനത്തിന്‍റെ ഒന്നാംഘട്ടം അവസാനിച്ചു.
വി. ഫ്രാന്‍സിസ് സേവ്യറിന്‍റെ പാദസ്പര്‍ശമേറ്റ പൂണ്യഭൂമിയാണ് തിരുവനന്തപുരം രൂപതയിലെ തീരപ്രദേശം. മുസ്ലീം കച്ചവടക്കാരുടെ പീഢനവും മധുരയിലെ നായിക്കുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ സാധിക്കാതെ വന്നതും മുത്ത് ശേഖരിക്കുന്ന തീരദേശവാസികളെ പോര്‍ട്ടൂഗീസുകാരുടെ സഹായമഭ്യര്‍ത്ഥിക്കുവാനും കത്തോലിക്കാ വിശ്വാസം സ്വീകരിക്കുവാനും പ്രേരിപ്പിച്ചു. തിരുവനന്തപുരം രൂപതയുടെ തീരപ്രദേശങ്ങളിലും കൊല്ലം, കൊച്ചി എന്നീ സ്ഥലങ്ങള്‍ക്കിടയിലുമുള്ള തീരദേശ മിഷനുകള്‍ ഇപ്രകാരം സ്ഥാപിതമായവയാണ്. തിരുവിതാംകൂറില്‍ തീരപ്രദേശങ്ങള്‍ക്കു പുറമെ കോട്ടാറിലും പ്രാന്തപ്രദേശങ്ങളിലും വസിച്ചിരുന്നവര്‍ക്കിടയില്‍ സുവിശേഷം പ്രസംഗിക്കുന്നതില്‍ ദത്തശ്രദ്ധനായിരുന്ന വി. ഫ്രാന്‍സിസ് സേവ്യര്‍ ഇന്നത്തെ തിരുവനന്തപുരം രൂപതയുടെ ഉള്‍നാടുകളില്‍- പ്രത്യേകിച്ച് ആദ്യമായി ഇടവകകള്‍ രൂപകൊണ്ട പാറശ്ശാല, അമരവിള, വ്ളാത്തങ്കര, നെയ്യാറ്റിന്‍കര, കമുകിന്‍കോട്, മുതലായ സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിക്കുകയോ അതുവഴി കടന്നുപോകുകയോ ചെയ്തിരിക്കുവാനുള്ള സാദ്ധ്യതയും കുറവല്ല. തീരപ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന ഫ്രാന്‍സിസ് സേവ്യര്‍ തന്‍റെ പത്തു വര്‍ഷത്തെ മിഷന്‍ ജോലിയില്‍ ആദ്യത്തെ നാലു വര്‍ഷത്തില്‍ അധികസമയവും കന്യാകുമാരിയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള മീന്‍പിടിത്തുക്കാരുടെ മാനസാന്തരത്തിനായി വിനിയോഗിച്ചു. അഭ്യസ്തവിദ്യരായ സ്ഥലവാസികളുടെ സഹായത്തോടെ പ്രാര്‍ത്ഥനകളും വിശ്വാസപ്രമാണവും പത്തുകല്പനകളും തമിഴിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് പനയോല ഇലക്കുകളില്‍ പകര്‍ത്തി ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ അദ്ദേഹം വിതരണം ചെയ്തു.
വിശുദ്ധന്‍റെ കാലശേഷം ഈശോസഭാവൈദികര്‍ തുടര്‍ച്ചയായി ഈ പ്രദേശങ്ങളിസ് സുവിശേഷപ്രചാരണം തുടര്‍ന്നു പോന്നു. തല്‍ഫലമായിണ്ടായ സംഖ്യാവര്‍ദ്ധനവ് 1557-ലുണ്ടായ കൊച്ചി രൂപതാസ്ഥാപനത്തിന് വഴിതെളിച്ചു. 1644-ല്‍ ആന്‍ഡ്രുലോപ്പസ് എന്ന ഈശോസഭാവൈദികന്‍ റോമിലേക്കയച്ച ഒരു റിപ്പോര്‍ട്ടില്‍ ഇന്നത്തെ തിരുവനന്തപുരം രൂപതയുടെ പരിധിയില്‍ വരുന്ന പല പള്ളികളേയും പറ്റി പറഞ്ഞിട്ടുണ്ട്. അവയില്‍ മാമ്പള്ളി, അഞ്ചുതെങ്ങ്, താഴംപള്ളി, പുതുക്കുറിച്ചി, പുത്തന്‍തോപ്പ്, വലിയതുറ, വിഴിഞ്ഞം, കണ്ണാന്‍തുറ, വെട്ടുകാട്സ പുന്തുറ, തുത്തൂര്‍, പൂവ്വര്‍, പുല്ലുവിള, നെയ്യാറ്റിന്‍കര, പാറശ്ശാല മുതലായവ ഉള്‍പ്പെടുന്നു.
നേമം കേന്ദ്രമാക്കിയുള്ള ഈശോസഭാവൈദീകരുടെ പ്രവര്‍ത്തനഫലമായി ശൈവവെള്ളാളരും നായകന്മാരുമുള്‍പ്പെട്ട ധാരാളമാളുകള്‍ ജ്ഞാനസ്നാനം സ്വീകരിച്ചതായി രേഖകളില്‍ കാണുന്നു. 1790-ല്‍ വ്ളാത്താങ്കരയിലും 1791-ല്‍ കമുകിന്‍കോടിലും 1882- ല്‍ മുള്ളുവിളയിലും മിഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിതമായതായി രേഖകളുണ്ട്. എന്നാല്‍ ഈശോസഭ നിര്‍ത്തല്‍ചെയ്തത് ഇന്ത്യന്‍ മിഷന്‍പ്രവര്‍ത്തനത്തിന്‍റെ ഇരുണ്ട അദ്ധ്യായത്തിന്‍റെ തുടക്കംകുറിച്ചു. രാഷ്ട്രീയരംഗത്തുണ്ടായിരുന്ന അസ്വസ്ഥതകളും യുദ്ധങ്ങളും ആളൂകള്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത കഷ്ടതകള്‍ വരുത്തി വച്ചു. അവ മിഷനറിന്മാരുടെ ജോലി അസാദ്ധ്യവും ക്ലേശൂര്‍ണ്ണവുമാക്കി. അങ്ങനെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളെ അതൊരു പീഢനമായിത്തീര്‍ന്നു.
രൂപതയിലെ മിഷന്‍ പ്രവര്‍ത്തനത്തിന്‍റെ രണ്ടാഘട്ടം 20-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടെയാണ് ആരംഭിച്ചത്. ബിഷപ്പ് ബന്‍സിഗര്‍ അന്നത്തെ കൊല്ലം രൂപതാദ്ധ്യക്ഷനായതോടെ തന്‍റെ വിശുദ്ധ ജീവിതവും നേതൃത്വവും കൊണ്ട് മിഷന്‍ പ്രവര്‍ത്തനത്തിന്‍റെ അര്‍ത്ഥവും വ്യാപ്തിയും വര്‍ദ്ധിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിന്‍റെ പൂര്‍വ്വാര്‍ദ്ധത്തിലാണ് തിരുവനന്തപുരം രൂപതയിലുള്ള മിഷന്‍ ഇടവകകളില്‍ ഒട്ടുമിക്കതും രൂപംകൊണ്ടത്. 1901 മുതല്‍ 1930 വരെയുള്ള കാലഘട്ടത്തില്‍ ബല്‍ജിയം, ഇറ്റലി, സ്പെയിന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ധാരാളം കര്‍മ്മലീത്താമിഷനിമാര്‍ കൊല്ലം രൂപതയിലെത്തി. ഇവരിലധികം പേരും തെക്കന്‍ തിരുവിതാംകൂറിലാണ് പ്രവര്‍ത്തിച്ചത്. അതിന്‍റെ ഫലമായി ധാരാളം ഇടവകകളും മിഷന്‍ കേന്ദ്രങ്ങളും രൂപംകൊണ്ടു. തിരുവനന്തപുരം രൂപതയിലെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ സുവര്‍ണ്ണകാലമായി ഈ കാലയളവിനെ ചരിത്രം എപ്പോഴും അനുസ്മരിക്കും. നെയ്യാറ്റിന്‍കര കേന്ദ്രമായി കര്‍മ്മലീത്താ മിഷനറിന്മാരും തദ്ദേശീയ വൈദീകരും സുവിശേഷമറിയിച്ചതിന്‍റെ ഫലമായി ഉള്‍നാടുകളില്‍ ധാരാളം പള്ളികള്‍ സ്ഥാപിതമായി. നെടുമങ്ങാട് താലൂക്കിലും സുവിശേഷം പ്രചരിച്ചു. മിഷനറിന്മാര്‍ പള്ളിയോടു ചേര്‍ന്ന് പ്രാഥമിക വിദ്യാലയങ്ങള്‍ സ്ഥാപിച്ചതിന്‍റെ ഫലമായി പിന്നോക്ക വിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുവാനും സാമൂഹ്യമാറ്റത്തിന് തുടക്കം കുറിക്കുവാനും കഴിഞ്ഞു.
1930-ല്‍ വിശാലമായിരുന്നു കൊല്ലം രൂപതയിലെ തെക്കുള്ള തമിഴ്പ്രദേശങ്ങള്‍ ചേര്‍ത്ത് കൊട്ടാര്‍ രൂപത സ്ഥാപിതമായി. മലയാള സംസ്കാരത്തിന്‍റെയും തമിഴ് സംസ്ക്കാരത്തിന്‍റെയും ഒരു മിശ്രിതമായിരുന്നു മദ്ധ്യഭാഗമായ തിരുവനന്തപുരത്തുണ്ടായിരുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കിയായിരുന്നു ചുറ്റുമുള്ള പ്രദേശങ്ങളില്‍ മിഷല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതും. 1929-ല്‍ ബിഷപ്പ് ബന്‍സിഗര്‍ രൂപതാവിഭജനം സംബന്ധിച്ച് റോമിനു നല്കിയിരുന്ന കരടുരൂപപ്രകാരം കൊച്ചീരൂപതയുടെ കീഴിലായിരുന്ന തീരപ്രദേശമൊഴിച്ച് നെയ്യാറ്റിന്‍കര, നെടുമങ്ങാട്, തിരുവനന്തപുരം, ചിറയിന്‍കീഴ് എന്നീ താലൂക്കുകള്‍ ചേര്‍ത്ത് പീയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പ'ഇന്‍ ഓറ മലബാറിക്ക' (മലബാര്‍ തീരങ്ങളില്‍) എന്ന തിരുവെഴുത്തെുവഴി 1937 ജൂലൈ മാസം 1-ാം തീയതി തിരുവനന്തപുരം രൂപത സ്ഥാപിച്ചു. കൊല്ലം രൂപതാദ്ധ്യാക്ഷനായിരുന്ന റൈറ്റ് റവ.ഡോ.വിന്‍സെന്‍റ് ഡെരേര്‍ തിരുവനന്തപുരം രൂപതയുടെ പ്രഥമ മെത്രാനായി സ്ഥാനമേറ്റു. മോണ്‍. ജെറോം എം. ഫെര്‍ണാണ്ടസ് കൊല്ലം രൂപാ മെത്രാനായി തല്‍സ്ഥാനത്ത് നിയമിതനാവുകയും ചെയ്തു.
1952- ല്‍ കൊച്ചീരൂപത വിഭജിച്ച് ആലപ്പുഴ രൂപത നിലവില്‍ വന്നു. 1953-ല്‍ പദ്രുവാദോ ഭരണസമ്പ്രദായം നിറുത്തലാക്കപ്പെട്ടതോടെ കൊച്ചീരൂപതയുടെ ഭാഗമായിരുന്ന പള്ളിത്തറ മുതല്‍ ഇരയിമ്മന്‍തുറ വരെയുള്ള തീരദേശ ഇടവകകള്‍ താല്കാലികമായും പിന്നീട് 1955 മേയ് 20-ാം തീയതി സ്ഥിരമായും- ലൂര്‍ദ്ദിപുരം ഉള്‍പ്പെടെ തീരപ്രദേശത്തിന് സമീപസ്ഥമായിരുന്ന ആറ് പള്ളികളോടൊപ്പം- തിരുവനന്തപുരം രൂപതയോട് ചേര്‍ക്കപ്പെട്ടു. തുത്തൂര്‍, വ്ളാത്താങ്കര, നെയ്യാറ്റിന്‍കര, പുല്ലുവിള, കട്ടയ്ക്കോട്, ചുള്ളിമാനൂര്‍, വലിയതുറ, പാളയം, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് ഉണ്ടന്‍കോട്, എന്നീ ഫെറോനകള്‍ ഉള്‍പ്പെട്ട തിരുവനന്തപുരം രൂപതയുടെ വടക്ക് ആറ്റിങ്ങലും പടിഞ്ഞാറ് അറബിക്കടലും തെക്ക് പാറശ്ശാലയും കിഴക്ക് സഹ്യപര്‍വ്വതവുമാണ്.
1955 ആഗസ്റ്റ് 24-ാം തീയതി തദ്ദേശീയനായ റൈറ്റ് റവ.ഡോ. പീറ്റര്‍ ബര്‍ണാര്‍ഡ് പെരേര തിരുവനന്തപുരം രൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായി. 1961 ജൂലൈ 4 മുതല്‍ പിന്തുടര്‍ച്ചാവകാശത്തോടു കൂടിയ സഹമെത്രാനാവുകയും 1966 ഒക്ടോബര്‍ 24 മുതല്‍ ബിഷപ്പ് ഡെരേര്‍ രാജി സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം രൂപതയുടെ മെത്രാനായിത്തീരുകയും ചെയ്തു. ഈ കാലയളവില്‍ മിഷന്‍ പ്രവര്‍ത്തനം ധൃതഗതിയില്‍ നടന്നു. ധാരാളം പുതിയ പള്ളികളും താല്കാലിക ദേവാലയങ്ങളും രൂപതയിലങ്ങോളമിങ്ങോളം ഉയര്‍ന്നു.
തിരുവനന്തപുരം രൂപതയിലെ സാമൂഹ്യവികസനരംഗത്ത് കരുത്തുറ്റ സംഭാവനകള്‍ നല്കിയ പെരേര പിതാവ് 1978 ജൂണ്‍ മാസം 13-ാം തീയതി ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹം തിരുവനന്തപുരത്തുള്ള പാളയം കത്തീഡ്രലിലെ പ്രധാന അള്‍ത്താരയുടെ മുന്‍ഭാഗത്ത് അന്ത്യവിശ്രമം കൊള്ളുന്നു. അദ്ദേഹത്തിന്‍റെ നിര്യാണത്തെത്തുടര്‍ന്ന് ഒരു വര്‍ഷക്കാലം വികാരി ജനറലായിരുന്ന മോണ്‍.മാര്‍ക്ക് നെറ്റോ അഡ്മിനിസ്ട്രേറ്റായി രൂപതയുടെ ഭരണം നിര്‍വ്വഹിച്ചു.
1979 ഒക്ടോബര്‍ മാസം 7-ാം തീയതി തിരുവനന്തപുരം രൂപതയുടെ മെത്രാനായി കപ്പൂച്ചിന്‍ സഭയുടെ ഡഫനിറ്റര്‍ ജനറല്‍മാരിലൊരാളെന്നനിലയില്‍ ആഫ്രിക്ക, ലത്തീന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ ഉത്തരവാദിത്വമുണ്ടായിരുന്ന റൈറ്റ്. റവ.ഡോ. ജേക്കബ് അച്ചാരുപറമ്പില്‍ അഭിഷിക്തമായി. അദ്ദേഹത്തിന്‍റെ അജപാലനയില്‍ രൂപതയില്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടന്നു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് തന്‍റെ യാതനകളും പ്രാര്‍ത്ഥനകളും ദൈവ തിരുമുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട് അദ്ദേഹം രൂപതയ്ക്കുവേണ്ടി ജീവിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥതി കണക്കിലെടുത്ത് പുതിയ മെത്രാനെ വാഴിക്കേണ്ടത് അത്യാന്താപേക്ഷിതമാണെന്ന് റോമിനും ബോദ്ധ്യമായതിനാല്‍ തിരുവനന്തപുരം രൂപതയിലെ മാര്‍ത്താണ്ഡംതുറയില്‍ 1946 മാര്‍ച്ച് മാസം 11-ാം തീയതി ജനിച്ച് 1969 ഡിസംബര്‍ 20-ാം തീയതി പൗരോഹിത്യം സ്വീകരിച്ച റൈറ്റ്. റവ.ഡോ. സൂസാപാക്യം തിരുവനന്തപുരം രൂപതയുടെ സഹമെത്രാനായി നിയമിതനായി. 1990 ഫെബ്രുവരി മാസം 2-ാം തീയതി ശംഖുംമുഖത്തുവച്ചു നടന്ന വര്‍ണ്ണശബളവും ഭക്തിനിര്‍ഭരവുമായ ചടങ്ങില്‍വച്ച് റൈറ്റ്. റവ.ഡോ.സൂസപാക്യം അഭിഷിക്തനായി. തിരുവനന്തപുരം രൂപതയുടെ നാലാമത്തെ മെത്രാനായി അധികാരമേറ്റ അദ്ദേഹത്തിന്‍റെ അജപാലനയില്‍ രൂപത അഭിവ്യദ്ധി പ്രാപിച്ചു.
View Count: 1578.
|