നല്ല സമരിയാക്കാരന്‍റെ ഉപമ
ഒരു നിയമജ്ഞന്‍ തന്നെത്തന്നെ സാധൂകരിക്കാന്‍ ആഗ്രഹിച്ച് യേശുവിനോടു ചോദിച്ചു: ആരാണ് എന്‍റെ അയല്‍ക്കാരന്‍?
യേശു പറഞ്ഞു: ഒരുവന്‍ ജറുസലെമില്‍നിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു. അവന്‍ കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ടു. അവര്‍ അവന്‍റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത്, അവനെ പ്രഹരിച്ച് അര്‍ധപ്രാണനാക്കിയിട്ടു പൊയ്ക്കളഞ്ഞു.
ഒരു പുരോഹിതന്‍ ആ വഴിയേ വന്നു. അവനെക്കണ്ട് മറുവശത്തുകൂടെ കടന്നുപോയി.
അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോള്‍, അവനെ കണ്ടെങ്കിലും കടന്നുപോയി.
എന്നാല്‍, ഒരു സമരിയാക്കാരന്‍യാത്രാമധ്യേ അവന്‍ കിടന്ന സ്ഥലത്തു വന്നു. അവനെക്കണ്ട് മനസ്‌സലിഞ്ഞ്,
അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച്, അവന്‍റെ മുറിവുകള്‍ വച്ചു കെട്ടി, തന്‍റെ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തില്‍ കൊണ്ടുചെന്നു പരിചരിച്ചു.
അടുത്ത ദിവസം അവന്‍ സത്രം സൂക്ഷിപ്പുകാരന്‍റെ കൈയില്‍ രണ്ടു ദനാറ കൊടുത്തിട്ടു പറഞ്ഞു: ഇവന്‍റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം.
കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ട ആ മനുഷ്യന് ഈ മൂവരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത്?
അവനോടു കരുണ കാണിച്ചവന്‍ എന്ന് ആ നിയമജ്ഞന്‍ പറഞ്ഞു.
യേശുപറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക.
(ലുക്കാ, 10: 25-37)
View Count: 7057.
|