നിങ്ങളുടെ മതത്തില്‍ ചേര്‍ന്നു കഴിയുമ്പോള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു
യേശു പറഞ്ഞു: കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല.
കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.
കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം എന്നിവയ്ക്കു ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത് - മറ്റുള്ളവ അവഗണിക്കാതെതന്നെ.
അന്ധരായ മാര്‍ഗദര്‍ശികളേ, കൊതുകിനെ അരിച്ചു നീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയുംചെയ്യുന്നവരാണു നിങ്ങള്‍!
കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്‍റെയും ഭക്ഷണപാത്രത്തിന്‍റെയും പുറംവെടിപ്പാക്കുന്നു; എന്നാല്‍, അവയുടെ ഉള്ള് കവര്‍ച്ചയും ആര്‍ത്തിയുംകൊണ്ട് നിറഞ്ഞിരിക്കുന്നു.
അന്ധനായ ഫരിസേയാ, പാനപാത്രത്തിന്‍റെയും ഭക്ഷണപാത്രത്തിന്‍റെയും പുറംകൂടി ശുദ്ധിയാകാന്‍വേണ്ടി ആദ്യമേ അകം ശുദ്ധിയാക്കുക.
കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു.
അതുപോലെ, ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞവരാണ്.
നിയമജ്ഞരേ, നിങ്ങള്‍ക്കു ദുരിതം! താങ്ങാനാവാത്ത ചുമടുകള്‍ മനുഷ്യരുടെമേല്‍ നിങ്ങള്‍ കെട്ടിയേല്‍പിക്കുന്നു. നിങ്ങളോ അവരെ സഹായിക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ല.
നിയമജ്ഞരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വിജ്ഞാനത്തിന്‍റെ താക്കോല്‍ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ അകത്തു പ്രവേശിച്ചില്ല; പ്രവേശിക്കാന്‍ വന്നവരെ തടസ്‌സപ്പെടുത്തുകയും ചെയ്തു.
(മത്തായി, 23: 13-36, ലുക്കാ, 11:37-53)
View Count: 897.
|