നിങ്ങള്‍ പരസ്പരം പാദങ്ങള്‍ കഴുകണം
അത്താഴത്തിനിടയില്‍ യേശു എഴുന്നേറ്റ്, മേലങ്കി മാറ്റി, ഒരു തൂവാലയെടുത്ത് അരയില്‍ കെട്ടി.
അനന്തരം, ഒരു താലത്തില്‍ വെള്ളമെടുത്ത് ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകാനും അരയില്‍ ചുറ്റിയിരുന്നതൂവാലകൊണ്ടു തുടയ്ക്കാനും തുടങ്ങി.
അവന്‍ ശിമയോന്‍ പത്രോസിന്‍റെ അടുത്തെത്തി. പത്രോസ് അവനോടു ചോദിച്ചു: കര്‍ത്താവേ, നീ എന്‍റെ കാല്‍ കഴുകുകയോ?
യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല; എന്നാല്‍ പിന്നീട് അറിയും.
പത്രോസ് പറഞ്ഞു: നീ ഒരിക്കലും എന്‍റെ പാദം കഴുകരുത്. യേശു പറഞ്ഞു: ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടുകൂടെ പങ്കില്ല.
ശിമയോന്‍ പത്രോസ് പറഞ്ഞു: കര്‍ത്താവേ, എങ്കില്‍ എന്‍റെ പാദങ്ങള്‍ മാത്രമല്ല, കരങ്ങളും ശിരസ്‌സുംകൂടി കഴുകണമേ!
യേശു പ്രതിവചിച്ചു: കുളികഴിഞ്ഞവന്‍റെ കാലുകള്‍ മാത്രമേ കഴുകേണ്ടതുള്ളു. അവന്‍ മുഴുവന്‍ ശുചിയായിരിക്കും. നിങ്ങളും ശുദ്ധിയുള്ളവരാണ്; എന്നാല്‍ എല്ലാവരുമല്ല.
അവരുടെ പാദങ്ങള്‍ കഴുകിയതിനുശേഷം അവന്‍ മേലങ്കി ധരിച്ച്, സ്വസ്ഥാനത്തിരുന്ന് അവരോടു പറഞ്ഞു: ഞാനെന്താണു നിങ്ങള്‍ക്കു ചെയ്തതെന്ന് നിങ്ങള്‍ അറിയുന്നുവോ?
നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവ് എന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാന്‍ ഗുരുവും കര്‍ത്താവുമാണ്.
നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം.
എന്തെന്നാല്‍, ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്, ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്‍കിയിരിക്കുന്നു.
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഭൃത്യന്‍ യജമാനനെക്കാള്‍ വലിയവനല്ല; അയയ്ക്കപ്പെട്ടവന്‍ അയച്ചവനെക്കാളും വലിയവനല്ല.
ഈ കാര്യങ്ങള്‍ അറിഞ്ഞ് നിങ്ങള്‍ ഇതനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ അനുഗൃഹീതര്‍.
(യോഹ, 13: 4-17)
View Count: 1185.
|