നിത്യജീവന്‍ അവകാശമാക്കാന്‍ എന്തുചെയ്യണം?
ഒരാള്‍ യേശുവിനെ സമീപിച്ചു ചോദിച്ചു: ഗുരോ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു നന്‍മയാണു പ്രവര്‍ത്തിക്കേണ്ടത്?
അവന്‍ പറഞ്ഞു: നന്‍മയെപ്പറ്റി നീ എന്നോടു ചോദിക്കുന്നതെന്തിന്? നല്ലവന്‍ ഒരുവന്‍ മാത്രം. ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക.
അവന്‍ ചോദിച്ചു: ഏതെല്ലാം? യേശു പ്രതിവചിച്ചു: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നല്‍കരുത്.
പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെ സ്‌നേഹിക്കുക.
ആയുവാവ് ചോദിച്ചു: ഇവയെല്ലാം ഞാന്‍ അനുസരിച്ചിട്ടുണ്ട്; ഇനിയും എന്താണ് എനിക്കു കുറവ്?
യേശു പറഞ്ഞു: നീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കുകൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക.
ഈ വചനം കേട്ട് ആയുവാവ് സങ്കടത്തോടെ തിരിച്ചുപോയി; അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു.
യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാനു സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക ദുഷ്‌കരമാണ്.
വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.
ശിഷ്യന്‍മാര്‍ ഇതുകേട്ട് വിസ്മയഭരിതരായി അവനോടുചോദിച്ചു: അങ്ങനെയെങ്കില്‍ രക്ഷപെടാന്‍ ആര്‍ക്കു സാധിക്കും?
യേശു അവരെ നോക്കിപ്പറഞ്ഞു: മനുഷ്യര്‍ക്ക് ഇത് അസാധ്യമാണ്; എന്നാല്‍, ദൈവത്തിന് എല്ലാം സാധ്യമാണ്.
അപ്പോള്‍ പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങള്‍ക്കെന്താണു ലഭിക്കുക?
യേശു അവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പുനര്‍ജീവിതത്തില്‍ മനുഷ്യപുത്രന്‍ തന്‍റെ മഹത്വത്തിന്‍റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകുമ്പോള്‍, എന്നെ അനുഗമിച്ച നിങ്ങള്‍ ഇസ്രായേലിന്‍റെ പന്ത്രണ്ടുഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ടു സിംഹാസനങ്ങളില്‍ ഇരിക്കും.
എന്‍റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും.
എന്നാല്‍, മുമ്പന്‍മാര്‍ പലരും പിമ്പന്‍മാരും പിമ്പന്‍മാര്‍ മുമ്പന്‍മാരുമാകും.
(മത്തായി, 19: 16-30)
View Count: 2501.
|