നിര്‍ദയനായ ഭൃത്യന്‍റെ ഉപമ
പത്രോസ് മുന്നോട്ടു വന്ന് യേശുവിനോട് ചോദിച്ചു: കര്‍ത്താവേ, എന്നോടു തെറ്റുചെയ്യുന്ന എന്‍റെ സഹോദരനോടു ഞാന്‍ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ?
യേശു അരുളിച്ചെയ്തു: ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു.
സ്വര്‍ഗരാജ്യം, തന്‍റെ സേവകന്‍മാരുടെ കണക്കു തീര്‍ക്കാന്‍ ആഗ്രഹിച്ച ഒരു രാജാവിനു സദൃശം.
കണക്കു തീര്‍ക്കാനാരംഭിച്ചപ്പോള്‍, പതിനായിരം താലന്ത് കടപ്പെട്ടിരുന്ന ഒരുവനെ അവര്‍ അവന്‍റെ മുമ്പില്‍ കൊണ്ടുവന്നു.
അവന് അതു വീട്ടാന്‍ നിര്‍വാഹമില്ലാതിരുന്നതുകൊണ്ട് അവനെയും ഭാര്യയെയും മക്കളെയും അവന്റെ സമസ്ത വസ്തുക്കളെയും വിറ്റു കടം വീട്ടാന്‍യജമാനന്‍ കല്‍പിച്ചു.
അപ്പോള്‍ സേവകന്‍ വീണു നമസ്‌കരിച്ചുകൊണ്ടു പറഞ്ഞു: പ്രഭോ, എന്നോടു ക്ഷമിക്കണമേ! ഞാന്‍ എല്ലാം തന്നുവീട്ടിക്കൊള്ളാം.
ആ സേവകന്‍റെ യജമാനന്‍മനസ്‌സലിഞ്ഞ് അവനെ വിട്ടയയ്ക്കുകയും കടം ഇളച്ചുകൊടുക്കുകയും ചെയ്തു.
അവന്‍ പുറത്തിറങ്ങിയപ്പോള്‍, തനിക്കു നൂറു ദനാറ നല്‍കാനുണ്ടായിരുന്ന തന്‍റെ സഹസേവകരിലൊരുവനെ കണ്ടുമുട്ടി. അവന്‍റെ കഴുത്തു പിടിച്ചു ഞെരിച്ചുകൊണ്ട് അവന്‍ പറഞ്ഞു: എനിക്ക് തരാനുള്ളതു തന്നുതീര്‍ക്കുക.
അപ്പോള്‍ ആ സഹസേവകന്‍ അവനോട് വീണപേക്ഷിച്ചു: എന്നോടു ക്ഷമിക്കണമേ! ഞാന്‍ തന്നു വീട്ടിക്കൊള്ളാം.
എന്നാല്‍, അവന്‍ സമ്മതിച്ചില്ല. കടം വീട്ടുന്നതുവരെ സഹസേവകനെ അവന്‍ കാരാഗൃഹത്തിലിട്ടു.
സംഭവിച്ചതറിഞ്ഞ് മറ്റു സേവകന്‍മാര്‍ വളരെ സങ്കടപ്പെട്ടു. അവര്‍ ചെന്ന് നടന്നതെല്ലാം യജമാനനെ അറിയിച്ചു.
യജമാനന്‍ അവനെ വിളിച്ചു പറഞ്ഞു: ദുഷ്ടനായ സേവകാ, നീ എന്നോടു കേണപേക്ഷിച്ചതുകൊണ്ടു നിന്‍റെ കടമെല്ലാം ഞാന്‍ ഇളച്ചുതന്നു.
ഞാന്‍ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്‍റെ സഹസേവകനോടു കരുണ കാണിക്കേണ്ടതായിരുന്നില്ലേ?
യജമാനന്‍ കോപിച്ച് കടം മുഴുവന്‍ വീട്ടുന്നതുവരെ അവനെ കാരാഗൃഹാധികൃതര്‍ക്ക് ഏല്‍പിച്ചുകൊടുത്തു.
നിങ്ങള്‍ സഹോദരനോടു ഹൃദയപൂര്‍വം ക്ഷമിക്കുന്നില്ലെങ്കില്‍ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെതന്നെ പ്രവര്‍ത്തിക്കും.
(മത്തായി 18:21-35)
View Count: 3174.
|