പരിശുദ്ധാത്മാവും സ്ഥൈര്യലേപനവും
Mount Carmel Church Mariapuram

പരിശുദ്ധാത്മാവും സ്ഥൈര്യലേപനവും

  1. പരിശുദ്ധാരൂപി

  2. സ്ഥൈര്യലേപനം : എപ്പോള്‍? എങ്ങനെ സ്ഥാപിക്കപ്പെട്ടു?

  3. ലേപനം എന്തിനെക്കുറിക്കുന്നു ? അത്‌ എപ്രകാരം?

  4. "സ്ഥൈര്യപ്പെടുത്തുന്നു‍" എന്ന വാക്കിന്‍റെ അര്‍ത്ഥമെന്ത്‌?

  5. സ്ഥൈര്യലേപനത്തിന്‍റെ ശുശ്രൂഷകര്‍ ആര്‌?

  6. സ്ഥൈര്യലേപനം രണ്ടാമതും സ്വീകരിക്കാന്‍ പാടില്ലാത്തതെന്ത്‌?

  7. സ്ഥൈര്യലേപനം വീണ്ടും കൈക്കൊണ്ടാല്‍ കുറ്റമുണ്ടോ? അതെന്തുകൊണ്ട്‌?

  8. സ്ഥൈര്യലേപനം ആര്‍ക്കൊക്കെ സ്വീകരിച്ചുകൂടാ?

  9. സ്ഥൈര്യലേപന സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ ഏവ?

  10. വിശുദ്ധ തൈലം പൂശുമ്പോള്‍ നമ്മുടെ ചിന്ത എന്തായിരിക്കണം?

  11. വിശുദ്ധതൈലം പൂശുമ്പോള്‍ നാം എന്താണ്‌ പ്രാര്‍ത്ഥിക്കേണ്ടത്‌?

  12. സ്ഥൈര്യലേപനത്തിന്‍റെ ഫലം എന്ത്‌?

  13. സ്ഥൈര്യലേപനം സ്വീകരിക്കണമെന്ന കടമയുണ്ടോ?

  14. സ്ഥൈര്യലേപനം സ്വീകരിച്ചയാളുടെ കടമ

  15. പരിശുദ്ധാത്മാവിനാല്‍ പൂരിതനാ(യാ)കാനുള്ള ആത്മസമര്‍പ്പണത്തിന്‍റെയും വിശ്വാസത്തിന്‍റെയും പ്രാര്‍ത്ഥന


  1. പരിശുദ്ധാരൂപി

    പിതാവിന്‍റെയും പുത്രന്‍റെയും സ്നേഹമായ പരിശുദ്ധാരൂപി പരിശുദ്ധ ത്രിത്വത്തിലെ മൂന്നാ‍മത്തെ ആളാണ്‌. പരിശുദ്ധാ രൂപി പിതാവിനോടും പുത്രനോടും എല്ലാറ്റിലും സമത്വമുള്ള ദൈവമാകുന്നു‍. ആശ്വാസപ്രദനെന്നും‌, ദൈവദാനമെന്നും, ദൈവസ്നേഹമെന്നും പരിശുദ്ധാരൂപിയെ വിളിക്കുന്നു‍. പരിശുദ്ധാരൂപി നമ്മില്‍ വസിക്കുന്നു‍.

  2. സ്ഥൈര്യലേപനം : എപ്പോള്‍? എങ്ങനെ സ്ഥാപിക്കപ്പെട്ടു?

    നമ്മുടെ കര്‍ത്താവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനു മുമ്പായി അവിടുന്നു ശിഷ്യന്‍മാ‍രുടെ മേല്‍ നിശ്വസിച്ചുകൊണ്ട്‌ അവരോട്‌ അരുള്‍ ചെയ്തു. " നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍ " (യോഹ. 20:22).

  3. ലേപനം എന്തിനെക്കുറിക്കുന്നു ? അത്‌ എപ്രകാരം?

    സ്ഥൈര്യലേപനം മനുഷ്യനു സിദ്ധിക്കുന്ന സന്തോഷത്തെയും ബലത്തേയും സൂചിപ്പിക്കുന്നു‍. തൈലം, സ്വഭാവത്താലെ പൂശപ്പെടുന്ന ശരീരത്തില്‍ വ്യാപിച്ച്‌ അതിനെ ലാഘവപ്പെടുത്തി ചൈതന്യം കൊടുക്കുന്നതുപോലെ, പരിശുദ്ധാരൂപിയുടെ വരപ്രസാദങ്ങള്‍ ആത്മാവില്‍ വ്യാപിച്ച്‌ അതിനു ശക്തിയും വീര്യവും നല്‍കുന്നു‍.

  4. "സ്ഥൈര്യപ്പെടുത്തുന്നു‍" എന്ന വാക്കിന്‍റെ അര്‍ത്ഥമെന്ത്‌?

    ശരീരത്തില്‍ പൂശുന്ന തൈലം ശരീരത്തിനു ചൈതന്യം കൊടുക്കുന്നതുപോലെ, സ്ഥൈര്യലേപന കൂദാശ ജ്ഞാനവും ദൈവീകശക്തിയും നല്‍കി ദൈവരാജ്യ സാക്ഷിയാകുവാന്‍ ഒരുക്കുന്നു‍വെന്നര്‍ത്ഥമാകുന്നു‍.

  5. സ്ഥൈര്യലേപനത്തിന്‍റെ ശുശ്രൂഷകര്‍ ആര്‌?

    സാധാരണ ശുശ്രൂഷകര്‍ മെത്രാന്‍മാരും അസാധാരണമായി പ്രത്യേകം അനുവാദം ലഭിച്ച വൈദികരും ആകുന്നു‍.

  6. സ്ഥൈര്യലേപനം രണ്ടാമതും സ്വീകരിക്കാന്‍ പാടില്ലാത്തതെന്ത്‌?

    സ്ഥൈര്യലേപനം സ്വീകരിക്കുന്നയാളില്‍ അക്ഷയവും ശാശ്വതവുമായ അഴിയാത്ത മുദ്ര പതിയുന്നതുകൊണ്ട്‌.

  7. സ്ഥൈര്യലേപനം വീണ്ടും കൈക്കൊണ്ടാല്‍ കുറ്റമുണ്ടോ? അതെന്തുകൊണ്ട്‌?

    അറിഞ്ഞുകൊണ്ട്‌ സ്ഥൈര്യലേപനം വീണ്ടും കൈക്കൊണ്ടാല്‍ ഗൗരവമായ പാപത്തില്‍ വീഴുന്നു‍. കാരണം ഈ കൂദാശയുടെ സ്വീകരണത്തിലൂടെ ശാശ്വതഫലം പുറപ്പെടുത്താന്‍ കഴിയില്ലെന്നൊ, പുറപ്പെടുത്തിയ ഫലം ക്ഷയിച്ചു പോയെന്നൊ കാണിക്കുന്നതുകൊണ്ട്‌. തന്‍മൂ‍ലം ദൈവത്തിനും ദിവ്യകൂദാശക്കും ആക്ഷേപവും അപമാനവും വരുത്തി വയ്ക്കുന്നു‍. അതിനാലത്രെ ദൈവദോഷത്തില്‍ വീഴുന്നത്‌.

  8. സ്ഥൈര്യലേപനം ആര്‍ക്കൊക്കെ സ്വീകരിച്ചുകൂടാ?

    മഹറോന്‍ ശിക്ഷമൂലം തിരുസ്സഭയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറ്റിനിറുത്തപ്പെട്ടവര്‍, ഇന്റര്‍ഡിക്ട്‌ എന്ന സഭാ മുടക്കില്‍ ഉള്‍പ്പെട്ടവര്‍,പരസ്യമായി പാപത്തില്‍ ജീവിക്കുന്നവര്‍, പെസഹാ കടമ നിറവേറ്റിയിട്ടില്ലാത്തവര്‍ മുതലായവര്‍ക്ക്‌ സ്ഥൈര്യലേപനം സ്വീകരിച്ചുകൂടാ.

  9. സ്ഥൈര്യലേപന സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ ഏവ?

    മുന്നൊരുക്കം, താല്‍ക്കാലിക ഒരുക്കം എന്നു‍ രണ്ടുവിധം:

    മുന്നൊരുക്കം

    (1) പരിശുദ്ധമായ ജീവിതം നയിക്കണം.                  

    (2) സ്ഥൈര്യലേപനത്തെക്കുറിച്ചും ക്രിസ്തു രഹസ്യത്തെക്കുറിച്ചും സഭാരഹസ്യത്തെക്കുറിച്ചുമുള്ള ആഴമായ അറിവ്‌ ഉണ്ടാകണം.

  10. വിശുദ്ധ തൈലം പൂശുമ്പോള്‍ നമ്മുടെ ചിന്ത എന്തായിരിക്കണം?

    പരിശുദ്ധാരൂപി തന്‍റെ ഏഴു ദാനങ്ങള്‍കൊണ്ടും മറ്റു ദൈവിക നന്‍മകള്‍കൊണ്ടും നമ്മെ സമ്പൂര്‍ണ്ണരാക്കുന്നുവെന്നും, നമ്മുടെ ഹൃദയത്തെ തന്‍റെ പ്രത്യേക ഭവനമായി തെരഞ്ഞെടുത്ത്‌ പിതാവിനോടും പുത്രനോടും കൂടി വിശേഷ വിധമായി അതില്‍ വാസം ചെയ്യുവാന്‍ തുടങ്ങുന്നുവെന്നും വിചാരിക്കണം.

  11. വിശുദ്ധതൈലം പൂശുമ്പോള്‍ നാം എന്താണ്‌ പ്രാര്‍ത്ഥിക്കേണ്ടത്‌?

    ഒന്നാമതായി ദൈവം നല്‍കുന്ന ഈ കൃപയെക്കുറിച്ചു ദൈവത്തെ സ്തുതിക്കണം, നന്ദിപറയണം. അതിനുശേഷം ഇപ്പോള്‍ കൈക്കൊണ്ട ഈ വിശേഷനന്‍മകളെ ഒരിക്കലും നഷ്ടമാക്കിക്കളയാതെ മരണംവരെ അവയെ കാത്തു കൊള്ളുന്നതിന്‌ പരിശുദ്ധാരൂപിയുടെ പ്രേരണയ്ക്കനുസരിച്ച്‌ ജീവിക്കാനുള്ള അനുഗ്രഹവും സഹായവും ലഭിക്കണമെന്നു പ്രാര്‍ത്ഥിക്കണം.

  12. സ്ഥൈര്യലേപനത്തിന്‍റെ ഫലം എന്ത്‌?

    സമ്പൂര്‍ണ്ണമായ ദൈവവരപ്രസാദവും അക്ഷയമായ ജ്ഞാനമുദ്രയും പരിശുദ്ധാരൂപിയുടെ ദാനങ്ങളും ദൈവരാജ്യപ്രഘോഷണത്തിന്‌ വേണ്ട ധൈര്യവും ലഭ്യമാകുന്നു.

  13. സ്ഥൈര്യലേപനം സ്വീകരിക്കണമെന്ന കടമയുണ്ടോ?

    ഉണ്ട്‌. ദൈവരാജ്യത്തെയും അവിടുത്തെ നീതിയെയും ജീവിക്കുവാനും പ്രഘോഷിക്കുവാനും അതുവഴി പുണ്യ പൂര്‍ണ്ണത പ്രാപിക്കുന്നതിനും സ്ഥൈര്യലേപനം എന്ന കൂദാശ ആവശ്യമാണ്‌ (മത്താ 6:33;5:48).

  14. സ്ഥൈര്യലേപനം സ്വീകരിച്ചയാളുടെ കടമ

    ഈശോ ലോകരക്ഷകനാണെന്ന്‌‌ ജീവിതം വഴി കാണിച്ചു കൊടുക്കുകയും, പ്രഘോഷിക്കുകയും ചെയ്യുക. ദൈവരാജ്യത്തിന്‍റെ വരവിനെ തടസ്സപ്പെടുത്തുന്ന പ്രലോഭനങ്ങളെ സധൈര്യം നേരിടുക. സ്വജീവനെ ബലികഴിച്ചുപോലും ദൈവരാജ്യം ഇന്നി‍ന്‍റെ യാഥാര്‍ത്ഥ്യമാക്കുവാന്‍ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.

  15. പരിശുദ്ധാത്മാവിനാല്‍ പൂരിതനാ(യാ)കാനുള്ള ആത്മസമര്‍പ്പണത്തിന്‍റെയും വിശ്വാസത്തിന്‍റെയും പ്രാര്‍ത്ഥന

    സ്വര്‍ഗ്ഗസ്ഥനായ പിതാവേ/ജ്ഞാനസ്നാനവും സ്ഥൈര്യലേപനവും വഴി/അങ്ങ്‌ എനിക്കു നല്‍കിയ മഹാദാനങ്ങള്‍ക്ക്‌/ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി പറയുന്നു‍./എന്തെന്നാല്‍/ അതു വഴി അങ്ങ്‌ എന്നെ‍ അവിടുത്തെ മകനായി (മകളായി) / ഒന്നി‍പ്പിച്ചു./അവിടുത്തെ പരിശുദ്ധാത്മാവിനെ /എനിക്ക്‌ നല്‍കി. / പിതാവെ, /അങ്ങയുടെ പരിത്രാണ / പദ്ധതിക്കനു യോജ്യമാം വിധം / ഞാന്‍/ കര്‍ത്താവായ ക്രിസ്തുവിലുള്ള സജീവ വിശ്വാസം / എന്‍റെ ഹൃദയത്തില്‍ ഉറപ്പിക്കുകയും / അത്‌  ഉച്ചൈസ്ഥരം പ്രഖ്യാപിക്കുകയും ചെയ്യും / രക്ഷണീയ പദ്ധതിയെ സ്വീകരിച്ചുകൊണ്ട്‌ / പരിശുദ്ധാത്മാവിനാല്‍ പൂരിതനാ (യാ) യി/ യഥാര്‍ത്ഥ ക്രൈസ്തവ ജീവിതം നയിക്കുവാനും/അവിടുത്തെ മഹിമാതിരേകത്തെ പ്രകീര്‍ത്തിക്കുവാനും  ഞാനുറച്ചിരിക്കുന്നു‍. കര്‍ത്താവായ യേശുക്രിസ്തുവേ / അങ്ങയെ ഞാന്‍  / എന്‍റെ മോചകനായി സ്വീകരിക്കുന്നു‍ / അവിടുത്തെ പരിപാവന രക്തത്താല്‍ / എന്‍റെ പാപങ്ങളെ /നിശ്ശേഷം കഴുകിക്കളയണമേ / പിശാചിന്‍റെ ആധിപത്യത്തില്‍ നിന്നും / എന്‍റെ തഴക്കദോഷങ്ങളുടെ പിടിയില്‍ നിന്നും / സങ്കുചിതത്വത്തില്‍ നിന്നും / എന്നെ‍ അങ്ങ്‌ മോചിപ്പിക്കണമേ. / ഈശോയെ, എന്‍റെ ജീവാധീശാ/ എന്‍റെയും എനിക്കവകാശപ്പെടാവുന്നതുമായ എല്ലാറ്റിന്‍റെയും / അധിനാഥനായിരിക്കുവാന്‍ / അങ്ങയെ ഞാന്‍ / ക്ഷണിച്ചു കൊള്ളുന്നു. / അങ്ങയെ അനുസരിക്കുവാനും, / ബഹുമാനിക്കുവാനും, / വിശ്വസ്തനായിരിക്കുവാനും, / ഞാനിതാ പ്രതിജ്ഞ ചെയ്യുന്നു. / എന്നി‍ലുള്ള പരിശുദ്ധാത്മാവിനെ  / ഞാന്‍ സര്‍വാത്മനാ / സ്വാഗതം ചെയ്യുന്നു ./ ആ ദിവ്യാരൂപിയുടെ നിയന്ത്രണങ്ങള്‍ക്ക്‌ എന്‍റെ ജീവിതകാലം മുഴുവന്‍ / ചെവിയോര്‍ത്തു കൊണ്ട്‌ / ഞാന്‍ കഴിഞ്ഞുകൊള്ളാം.

    കര്‍ത്താവായ യേശുവേ,  / വിശ്വാസത്തോടെ അങ്ങയെ സമീപിച്ച്‌ / പതറാത്ത ഹൃദയത്തോടെ / ഇപ്പോള്‍ തന്നെ / എന്‍റെ ഹൃദയത്തെ / അവിടുത്തെ അരൂപിയാല്‍ നിറയ്ക്കണമേ / എന്നു‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു . / ഈ നിമിഷം മുതല്‍/ എന്‍റെ ജീവിതം / ഈ അരൂപിയാല്‍ ശക്തമാക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യട്ടെ. / ഈശോയെ, എന്‍റെ ജീവിതത്തെ / സ്നേഹവും / പരിശുദ്ധാത്മാവിന്‍റെ ഫലങ്ങളും കൊണ്ട്‌ നിറയ്ക്കേണമെ. / ഇന്നു‍ തുടങ്ങി / അവിടുത്തെ അനുകരിച്ചുകൊണ്ട്‌ / അങ്ങയുടെ സ്നേഹജീവിതം നയിക്കുവാന്‍ / ഞാന്‍ ആഗ്രഹിക്കുന്നു‍.

    അവിടുത്തെ മൗതിക ശരീരത്തെ പരിപോഷിപ്പിച്ച്‌ അഭിവൃദ്ധിപ്പെടുത്താനും / പിതാവിന്‍റെ മഹത്വത്തിനായി ജീവിക്കുവാനും / ആവശ്യമായ ദാനങ്ങള്‍ /എന്നി‍ല്‍ ചൊരിയേണമെ. / എന്നെ തന്നെ‍ അങ്ങേയ്ക്ക്‌ പൂര്‍ണ്ണമായി സമര്‍പ്പിക്കുതിന്‍റെ / അടയാളമായി / എന്‍റെ നാവിനേയും/ ബുദ്ധിശക്തിയേയും / അങ്ങേയ്ക്കിതാ ഞാന്‍ സമര്‍പ്പിക്കുന്നു./ അതോടൊപ്പം / ഞാന്‍  അവിടുത്തെ പരിശുദ്ധാത്മാവുമായുള്ള /നിരന്തര ഐക്യത്തില്‍ / ജീവിക്കാന്‍ കൃപ നല്‍കണമെ.                  ആമ്മേന്‍.

View Count: 1817.
HomeContact UsSite MapLoginAdmin |
Login