പരിശുദ്ധ കുര്‍ബാന (പഠനം)
Mount Carmel Church Mariapuram

പരിശുദ്ധ കുര്‍ബാന

  1. ഈശോമിശിഹാ പരിശുദ്ധ കുര്‍ബാന എപ്പോള്‍, എങ്ങനെ സ്ഥാപിച്ചു?

  2. അപ്പവും വീഞ്ഞും തന്‍റെ തിരുശരീരവും രക്തവുമായി പകര്‍ത്തുവാനുള്ള അധികാരം ഈശോമിശിഹാ തന്‍റെ ശിഷ്യര്‍ക്ക്‌ നല്‍കിയിട്ടുണ്ടോ?

  3. ഈ അധികാരം അവര്‍ എപ്പോള്‍ ഉപയോഗിക്കുന്നു‍?

  4. ദിവ്യപൂജയില്‍ അവര്‍ അപ്പത്തിന്‍മേലും വീഞ്ഞിന്‍മേലും കൂദാശവചനങ്ങള്‍ ഉച്ചരിക്കുമ്പോള്‍ ആ അപ്പവും വീഞ്ഞും ഈശോമിശിഹായുടെ സത്യമായ തിരുശരീരവും രക്തവുമായി മാറുന്നു‍ണ്ടോ?

  5. പരിശുദ്ധ കുര്‍ബാന കൈക്കൊള്ളണം എന്നുള്ള പ്രമാണം ദൈവത്തില്‍ നിന്നു‍ള്ളതോ തിരുസഭയില്‍ നിന്നുള്ളതോ?

  6. പരിശുദ്ധ കുര്‍ബാന കൈക്കൊള്ളുന്നതുകൊണ്ട്‌ നമുക്ക്‌ എന്തെല്ലാം നന്‍മകള്‍ സിദ്ധിക്കുന്നു?

  7. പരിശുദ്ധ കുര്‍ബാന കൈക്കൊള്ളുന്നവരെല്ലാം ഈ നന്‍മകള്‍ പ്രാപിക്കുന്നു‍ണ്ടോ?

  8. പരിശുദ്ധ കുര്‍ബാന കൈക്കൊള്ളുന്നതിന്‌ നാം എങ്ങനെ ഒരുങ്ങണം?

  9. പരിശുദ്ധ കുര്‍ബാന കൈക്കൊണ്ടശേഷം നാം എന്തു ചെയ്യണം?

  10. ആണ്ടിലൊരിക്കല്‍ മാത്രം വിശുദ്ധകുര്‍ബാന കൈക്കൊണ്ടാല്‍ മതിയോ?

  11. പരിശുദ്ധ കുര്‍ബാന എഴുള്ളിച്ചു വച്ചിരിക്കുന്ന പളളിയില്‍ നാം പ്രവേശിക്കുമ്പോള്‍ എന്തു ചെയ്യണം?

  12. പുണ്യവാന്‍മാ‍രുടെ ഐക്യം എന്നു‍ പറഞ്ഞാലെന്ത്‌?

  1. ഈശോമിശിഹാ പരിശുദ്ധ കുര്‍ബാന എപ്പോള്‍, എങ്ങനെ സ്ഥാപിച്ചു?

    ഈശോമിശിഹാ തന്‍റെ പീഡാനുഭവത്തിന്‍റെ തലേരാത്രി ഒടുവിലത്തെ അത്താഴത്തില്‍ വച്ച്‌ അപ്പം എടുത്ത്‌ ആശീര്‍വദിച്ച്‌  മുറിച്ച്‌ ശിഷ്യന്‍മാ‍ര്‍ക്ക്‌ കൊടുത്ത്‌, "നിങ്ങള്‍ വാങ്ങി ഭക്ഷിക്കുവിന്‍, ഇത്‌ എന്‍റെ ശരീരമാണ്‌", എന്നും വീഞ്ഞിരുന്ന കാസാ എടുത്ത്‌ സ്തോത്രം ചെയ്തു ആശീര്‍വദിച്ച്‌  അവര്‍ക്ക്‌ കൊടുത്ത്‌, "നിങ്ങള്‍ എല്ലാവരും ഇതില്‍ നിന്നും കുടിക്കുവിന്‍, ഇത്‌ എന്‍റെ രക്തമാകുന്നു‍" എന്നും "എന്‍റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍" എന്നും അരുളിച്ചെയ്തുകൊണ്ട്‌ ഈ കൂദാശ സ്ഥാപിച്ചു (മത്താ 26, മര്‍ക്കോ 14:22,23; ലൂക്ക 22:19; 1 കോറി 11: 24-25).

  2. അപ്പവും വീഞ്ഞും തന്‍റെ തിരുശരീരവും രക്തവുമായി പകര്‍ത്തുവാനുള്ള അധികാരം ഈശോമിശിഹാ തന്‍റെ ശിഷ്യര്‍ക്ക്‌ നല്‍കിയിട്ടുണ്ടോ?

    ഉണ്ട്‌. "എന്‍റെ ഓര്‍മ്മയ്ക്കായിട്ട്‌ നിങ്ങളിത്‌ ചെയ്തു കൊള്ളുവിന്‍" എന്ന്‌ ഈശോമിശിഹാ കല്‍പിച്ചുകൊണ്ട്‌ തന്‍റെ അപ്പസ്തോലന്‍മാര്‍ക്കും അവരുടെ പിന്‍ഗാമികളായി ശരിയായ വിധത്തില്‍ തിരുപ്പട്ടമേറ്റിട്ടുള്ള മെത്രാന്‍മാ‍ര്‍ക്കും വൈദികര്‍ക്കും ഈ അധികാരം കൊടുത്തു. (ലൂക്ക 22:19).

  3. ഈ അധികാരം അവര്‍ എപ്പോള്‍ ഉപയോഗിക്കുന്നു‍?

    ദിവ്യബലിയില്‍ ഓസ്തിയി‍ന്‍മേലും വീഞ്ഞിന്‍മേലും കൂദാശവചനങ്ങള്‍ അവര്‍ ഉച്ചരിക്കുമ്പോള്‍.

  4. ദിവ്യപൂജയില്‍ അവര്‍ അപ്പത്തിന്‍മേലും വീഞ്ഞിന്‍മേലും കൂദാശവചനങ്ങള്‍ ഉച്ചരിക്കുമ്പോള്‍ ആ അപ്പവും വീഞ്ഞും ഈശോമിശിഹായുടെ സത്യമായ തിരുശരീരവും രക്തവുമായി മാറുന്നു‍ണ്ടോ?

    ഉണ്ട്‌. ദിവ്യപുജയില്‍ കൂദാശവചനങ്ങള്‍ ഉച്ചരിച്ചതിനുശേഷം അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും രൂപവും രുചിയും ഉണ്ടെങ്കിലും ആ അപ്പവും വീഞ്ഞും യഥാര്‍ത്ഥമായും എന്നാ‍ല്‍ അദൃശ്യമായ വിധത്തില്‍ ഈശോമിശിഹായുടെ തിരുശരീരവും രക്തവുമായി മാറുന്നു‍.

  5. പരിശുദ്ധ കുര്‍ബാന കൈക്കൊള്ളണം എന്നുള്ള പ്രമാണം ദൈവത്തില്‍ നിന്നു‍ള്ളതോ തിരുസഭയില്‍ നിന്നുള്ളതോ?

    നാം പരിശുദ്ധകുര്‍ബാന കൈക്കൊള്ളണം എന്നുള്ള പ്രമാണം  ദൈവത്തില്‍ നിന്നു‍ള്ളതും തിരുസഭയില്‍ നിന്നു‍ള്ളതുമാകുന്നു. സത്യം സത്യമായി ഞാന്‍ നിങ്ങളോട്‌ പറയുന്നു‍: മനുഷ്യപുത്രന്‍റെ മാംസം നിങ്ങള്‍ ഭക്ഷിക്കാതെയും അവന്‍റെ രക്തം നിങ്ങള്‍ കുടിയ്ക്കാതെയുമിരുന്നാ‍ല്‍ നിങ്ങള്‍ക്ക്‌ നിങ്ങളില്‍ തന്നെ‍ ജീവനുണ്ടാകയില്ല" എന്നു‍ നമ്മുടെ കര്‍ത്താവ്‌ അരുളിച്ചെയ്തിരിക്കുന്നു‍ (യോഹ. 6:51).

  6. പരിശുദ്ധ കുര്‍ബാന കൈക്കൊള്ളുന്നതുകൊണ്ട്‌ നമുക്ക്‌ എന്തെല്ലാം നന്‍മകള്‍ സിദ്ധിക്കുന്നു?

    പരിശുദ്ധ കുര്‍ബാന കൈക്കൊള്ളുന്നതിനാല്‍ ഒന്നാമതായി ഈശോമിശിഹായോട്‌ നമ്മെ ആന്തരികമായി കൂട്ടിച്ചേര്‍ക്കുകയും ദൈവപ്രസാദവരം നമ്മില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു‍. രണ്ടാമതായി, തിന്‍മയിലേയ്ക്കുള്ള നമ്മുടെ ചായ്‌വുകള്‍ കുറച്ച്‌ പുണ്യവഴിയില്‍ ജീവിക്കാന്‍ നമുക്ക്‌ ആഗ്രഹവും ധൈര്യവും നല്‍കുന്നു‍. മൂന്നാ‍മതായി വരുവാനിരിക്കുന്ന ഭാഗ്യപ്പെട്ട ഉയിര്‍പ്പിന്‍റെയും നിത്യജീവിതത്തിന്‍റെയും അച്ചാരം നമുക്ക്‌ ലഭിക്കുന്നു.

  7. പരിശുദ്ധ കുര്‍ബാന കൈക്കൊള്ളുന്നവരെല്ലാം ഈ നന്‍മകള്‍ പ്രാപിക്കുന്നു‍ണ്ടോ?

    ഇല്ല. ചാവുദോഷത്തോടുകൂടെ അയോഗ്യമായി വിശുദ്ധ കുര്‍ബാന കൈക്കൊള്ളുന്നവരാരും ഈ നന്‍മകള്‍ കൈ ക്കൊള്ളുന്നി‍ല്ല. മാത്രമല്ല യൂദാസിനെപ്പോലെ നിത്യനരകാഗ്നിക്കുള്ള സ്വന്തം വിധിയെ ഭക്ഷിക്കുന്നതു പോലെയുള്ള ഭയങ്കര ദൈവദോഷം അവര്‍ ഏല്‍ക്കുകയും ചെയ്യുന്നു (യോഹ. 13:27, 1 കൊറി. 11:27-29).

  8. പരിശുദ്ധ കുര്‍ബാന കൈക്കൊള്ളുന്നതിന്‌ നാം എങ്ങനെ ഒരുങ്ങണം?

    ആദ്യം തന്നെ‍ നല്ല കുമ്പസാരത്താല്‍ നമ്മുടെ പാപമാലിന്യങ്ങളില്‍ നിന്നും പരിശുദ്ധമാക്കണം. അതായത്‌, നന്‍മപ്രവൃ ത്തികളാലും ജപധ്യാനങ്ങളാലും നമ്മെ അലങ്കരിക്കണം.

  9. പരിശുദ്ധ കുര്‍ബാന കൈക്കൊണ്ടശേഷം നാം എന്തു ചെയ്യണം?

    ഭക്തിപൂര്‍വ്വം ഇരിപ്പിടത്തില്‍ ചെന്ന്‌ മുട്ടുകുത്തി കൂപ്പു കൈയോടുകൂടി ഒരു നാഴികയെങ്കിലും നല്ല ഭക്തിയും തീക്ഷണതയുമുള്ള ജപങ്ങളാല്‍ നമ്മില്‍ എഴുന്നളളിയിരിക്കുന്ന ദിവ്യ രക്ഷിതാവിനെ നാം ആരാധിക്കുകയും സ്തുതിക്കുകയും സ്നേഹിക്കുകയും ചെയ്യണം. നമ്മേതന്നെയും നമുക്കുള്ള എല്ലാറ്റിനെയും ദൈവകരങ്ങളില്‍ അര്‍പ്പിക്കുകയും ചെയ്യണം

  10. ആണ്ടിലൊരിക്കല്‍ മാത്രം വിശുദ്ധകുര്‍ബാന കൈക്കൊണ്ടാല്‍ മതിയോ?

    തിരുസഭയുടെ കല്‍പനയ്ക്കു വിധേയരായി നാം തെറ്റു ചെയ്യാതിരിക്കുന്നതിന്‌ ആണ്ടില്‍ ഒരിക്കല്‍ കൈക്കൊണ്ടാല്‍ മതി. എന്നാല്‍ പുണ്യ ജീവിതത്തിന്‌ അടുക്കലടുക്കല്‍ പരിശുദ്ധ കുര്‍ബാന സ്വീകരിക്കണം.

  11. പരിശുദ്ധ കുര്‍ബാന എഴുള്ളിച്ചു വച്ചിരിക്കുന്ന പളളിയില്‍ നാം പ്രവേശിക്കുമ്പോള്‍ എന്തു ചെയ്യണം?

    സകല മാലാഖമാരും പുണ്യവാന്‍മാ‍രും ഭയഭക്തിപൂര്‍വ്വം ആരാധിക്കുന്ന ദൈവവും മനുഷ്യനുമായിരിക്കുന്ന ഈശോ മിശിഹായെ മഹാവണക്കത്തോടും എളിമയോടും സ്നേഹത്തോടും കൂടെ മുട്ടി‍ന്‍മേല്‍ നിന്ന്‌ ആരാധിക്കുകയും സ്തുതിക്കുകയും യാതൊരു ആചാരക്കേടും ചെയ്യാതിരിക്കാന്‍ നല്ലവണ്ണം സൂക്ഷിക്കുകയും വേണം.

  12. പുണ്യവാന്‍മാ‍രുടെ ഐക്യം എന്നു‍ പറഞ്ഞാലെന്ത്‌?

    സഭയില്‍ മൂന്ന്‌ വിഭാഗങ്ങളുണ്ട്‌. അവ വിജയസഭ, പീഡിതസഭ, സമരസഭ. ഈ മൂന്ന്‌ വിഭാഗങ്ങളും തമ്മിലുള്ള ഐക്യവും സഹകരണവുമാണ്‌ പുണ്യവാന്‍മാ‍രുടെ ഐക്യം എന്ന്‌ പറയുന്നത്‌.

    1. വിജയസഭ

      ആത്മീയശത്രുക്കളുമായുള്ള പോരാട്ടത്തില്‍ വിജയിച്ച്‌ സമ്മാനമായ സ്വര്‍ഗ്ഗ സൗഭാഗ്യം അനുഭവിക്കുന്നവരാണ്‌ വിജയസഭയിലുള്ളവര്‍.

    2. പീഡിതസഭ

      പോരാട്ടത്തില്‍ വിജയിച്ച്‌ സ്വര്‍ഗ്ഗ സൗഭാഗ്യം പ്രതീക്ഷിച്ച്‌ ശുദ്ധീകരണ സ്ഥലത്ത്‌ വസിക്കുന്നവരാണ്‌ പീഡിത സഭയിലുള്ളവര്‍.

    3. സമരസഭ

      ജീവിച്ചിരിക്കുന്നവര്‍ ആത്മീയ ശത്രുക്കളുമായുള്ള പോരാട്ടം ഈ ലോകത്ത്‌ നടത്തുന്നവരാണ്‌ സമര സഭയിലുള്ളവര്‍. നാം സ്വര്‍ഗ്ഗസ്ഥരോട്‌ പ്രാര്‍ത്ഥിക്കുന്നു. അവര്‍ നമ്മെ സഹായിക്കുന്നു‍. ശുദ്ധീകരണസ്ഥലത്ത്‌ വസിക്കുന്നവര്‍ക്ക്‌ സ്വയം സഹായിക്കുവാന്‍ സാദ്ധ്യമല്ല. ജീവിച്ചിരിക്കുന്ന നമ്മള്‍ ബലിയര്‍പ്പണവും മറ്റ്‌ സല്‍കൃത്യങ്ങളും വഴി അവരെ സഹായിക്കുന്നു‍. എല്ലാവരെയും ക്രിസ്തു നേടിത്തന്ന ദൈവികജീവന്‍ ഗാഢമായി ഐക്യപ്പെടുത്തുന്നു‍.

View Count: 4400.
HomeContact UsSite MapLoginAdmin |
Login