ഫാ. ജോണ്‍ ഡമഷിന്‍റെ കഷ്ടപ്പാടുകളിലൂടെ ജന്മംകൊണ്ട മരിയാപുരം ഇടവക
ഫാ. ജോണ്‍ ഡമഷിന്‍
ഫാ. ജോണ്‍ ഡമഷിന്‍
നെയ്യാറ്റിന്‍കര താലൂക്കിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന ആദ്യകാല മിഷനറിമാരില്‍ ഒരാളായിരുന്നു ഫാ. ജോണ്‍ ഡമഷിന്‍. സ്പെയിന്‍കാരനായ ഫാ. ഡമഷിനാണ് നെയ്യാറ്റിന്‍കര, അമരവിള, വ്ളാത്താങ്കര എന്നീ പള്ളികള്‍ ഒഴിച്ച് സമീപപ്രദേശങ്ങളിലുള്ള മിക്ക പള്ളികളും ആരംഭിച്ചത് എന്ന വസ്തുത കൃതജ്ഞതാപൂര്‍വ്വം സ്മരിക്കേണ്ടിയിരിക്കുന്നു. പീറ്റര്‍ എഷെവാറിയ എന്ന പേരുകാരനായിരുന്ന അദ്ദേഹം 1870 ജനുവരി മാസം 17-ാം തീയതി സ്പെയിനിലെ വിസ്ക്കയിലുള്ള അമൊരിയറ്റയില്‍ ജനിച്ചു. 1888 ജൂലൈ 11-ാം തീയതി നവാറയിലുള്ള കര്‍മ്മലീത്താസഭയില്‍ ചേര്‍ന്നു. ബൂര്‍ഗോസില്‍ വച്ച് പഠനം പൂര്‍ത്തിയാക്കി 1897 സെപ്റ്റംര്‍ 8-ാം തീയതി പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. 1898 നവംര്‍ 25-ാം തീയതിയാണ് ഒരു മിഷനറിയെന്ന നിലയില്‍ സുവിശേഷദൗത്യവുമായി അദ്ദേഹം കൊല്ലം രൂപതയില്‍ എത്തിയത്.
അന്നത്തെ കൊല്ലം രൂപതയുടെ ഭാഗമായിരുന്ന കോട്ടാര്‍ ഇടവകയില്‍ സഹായവൈദികനായി നിയമിക്കപ്പെട്ട അദ്ദേഹം ആശാരിപള്ളം ഇടവകയില്‍ നിന്നും ഒരു വര്‍ഷത്തിനുള്ളില്‍ തമിഴ് ഭാഷ വശമാക്കി. പിന്നീട് കുളച്ചല്‍ ഇടവകയില്‍ വികാരിയായി. അധികം താമസിയാതെതന്നെ നെയ്യാറ്റിന്‍കര ഇടവകയില്‍ വൈദികനില്ലാതെ വന്നതിനാല്‍ 1901-ല്‍ അദ്ദേഹം നെയ്യാറ്റിന്‍കര ഇടവകവികാരിയായി നിയമിക്കപ്പെട്ടു. ഇത് നെയ്യാറ്റിന്‍കര കേന്ദ്രമാക്കി ആരംഭിക്കപ്പെട്ടിരുന്ന മിഷന്‍ പ്രവര്‍ത്തനത്തിന്‍റെ ഒരു വഴിത്തിരിവായി കണക്കാക്കേണ്ടിയിരിക്കുന്നു. ഇവിടെ വികാരിയായിരുന്നുകൊണ്ടാണ് ഫാ. ഡമഷിന്‍ ചുറ്റുമുള്ള തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കിയത്.
മരിയാപുരം പള്ളിയുടെ പഴയ അള്‍ത്താര
1917-ല്‍ ഇന്ന് മരിയാപുരം പളളി സ്ഥിതി ചെയ്യുന്ന സ്ഥലം വാങ്ങി. 1918-ല്‍ കര്‍മ്മലമാതാവിന്‍റെ നാമധേയത്തില്‍ നിര്‍മ്മിച്ച മരിയാപുരം ദേവാലയം 1919 ഡിസംബര്‍ മാസം 25-ാം തീയതി ആശീര്‍വദിക്കപ്പെട്ടു. പൊതുവെ കഠിനാദ്ധ്വാനികളും പരുഷസ്വഭാവക്കാരുമായിരുന്ന പ്രസ്തുത പ്രദേശത്തെ ആളുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ധൈര്യശാലിയും സ്ഥിരോത്സാഹശീലനുമായ ഫാ. ഡമഷിനെപ്പോലുള്ള ഒരാള്‍ക്കുമാത്രമേ സാധിക്കുമായിരുന്നുള്ളൂ. നെയ്യാറ്റിന്‍കര കേന്ദ്രമാക്കിയും പിന്നീട് കൊളത്തൂര്‍ (ഉച്ചക്കട) കേന്ദ്രമാക്കിയും അദ്ദേഹം പ്രവര്‍ത്തിച്ചു. നെയ്യാറ്റിന്‍കര കേന്ദ്രമാക്കിയുള്ള പ്രവര്‍ത്തനവേളയിലാണ് അദ്ദേഹം മരിയാപുരത്തും ആറയൂരിലും പ്രവര്‍ത്തിച്ചത്.
25 വര്‍ഷക്കാലത്തെ നിരന്തരമായ സുവിശേഷവേലയ്ക്കുശേഷം ഫാ. ഡമഷിന്‍ 1923 ഏപ്രിലില്‍ സ്പെയിനില്‍ തിരിച്ചെത്തി. എന്നാല്‍ മനുഷ്യസ്നേഹിയായ അദ്ദേഹത്തിന് ഇന്നാട്ടിലെ ജനങ്ങളില്‍നിന്നും അകന്നുനില്ക്കാന്‍ കഴിഞ്ഞില്ല. 1923 അവസാനത്തോടെ അദ്ദേഹം ഇവിടെ മടങ്ങിയെത്തുകയും 1924 മുതല്‍ മണിവിള കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയും മാനസാന്തരപ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുകയും ചെയ്തു. ഉണ്ടന്‍കോട്, കീഴാറൂര്‍ മുതലായ സ്ഥലങ്ങളിലുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം എടുത്തുപറയത്തക്കതാണ്. 1948-ല്‍ അദ്ദേഹം തന്‍റെ മിഷന്‍പ്രവര്‍ത്തനത്തിന്‍റെ സുവര്‍ണ്ണജൂിലി ആഘോഷിച്ചു. 50 വര്‍ഷത്തിലധികം ക്രിസ്തുവിന്‍റെ മുന്തിരിത്തോട്ടത്തില്‍ അക്ഷീണം പരിശ്രമിച്ചതിനുശേഷം അദ്ദേഹം അനാരോഗ്യംമൂലം ജോലിയില്‍ നിന്നും വിരമിക്കാന്‍ നിര്‍ബന്ധിതനായി. 1948 സെപ്റ്റംബറില്‍ തന്‍റെ മാതൃഭൂമിയില്‍ എത്തിച്ചേര്‍ന്ന അദ്ദേഹം ആറുവര്‍ഷക്കാലം മാര്‍ക്വിനയിലുള്ള ആശ്രമത്തില്‍ പ്രാര്‍ത്ഥനയും പരസ്നേഹപ്രവര്‍ത്തനങ്ങളുമായി ചെലവഴിച്ചു. 1955 ജനുവരി 6-ാം തീയതി പുലര്‍ച്ചയ്ക്ക് ദൈവത്തിന്‍റെ പ്രിയപുത്രനും സ്നേഹനിധിയുമായ ആ വന്ദ്യവൈദികന്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.
ക്രിസ്തുവിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഫാ. ഡമഷിന്‍ തിരുവിതാംകൂറിലെ മിഷന്‍പ്രവര്‍ത്തന ചരിത്രത്തിലെ മഹാരഥന്മാരില്‍ ഒരാളായിരുന്നു. അദ്ദേഹം ഗ്രാമങ്ങള്‍തോറും സഞ്ചരിച്ച് സുവിശേഷം പ്രസംഗിക്കുകയും വേണ്ടത്ര വിശ്വാസം സിദ്ധിച്ചയാളുകള്‍ക്കുമാത്രം ജ്ഞാനസ്നാനം നല്കുകയും ചെയ്തിരുന്നു. തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ചിലയവസരങ്ങളില്‍ സൈക്കിളിലും ചുരുക്കം ചിലപ്പോള്‍ മാത്രം ഈ പ്രദേശത്തു ലഭ്യമായിരുന്ന കാളവണ്ടിയിലും അദ്ദേഹം യാത്ര ചെയ്തിരുന്നു. യാത്രാവേളകളില്‍ മുപ്പതുപ്രാവശ്യത്തിലധികം വണ്ടിയില്‍നിന്നു വീഴുകയും ഒരിക്കല്‍ കാല്‍മുട്ട് പൊട്ടിപ്പോവുകയും ചെയ്തു. ആശ്രമജീവിതത്തിലെ അന്ത്യനാളുകള്‍ തള്ളിനീക്കുന്നതിനിടയില്‍ നനയുന്ന കണ്ണുകളോടെയാണ് അദ്ദേഹം തന്‍റെ മിഷന്‍ പ്രവര്‍ത്തനങ്ങളെപ്പറ്റി ഓര്‍ത്തിരുന്നത്. എത്രയാളുകളെയാണ് ജ്ഞാനസ്നാനപ്പെടുത്താന്‍ കഴിഞ്ഞതെന്ന സഹവൈദികന്‍റെ ചോദ്യത്തിന് അദ്ദേഹം ഇപ്രകാരമാണ് ഉത്തരം നല്കിയത്: അത് കൃത്യമായി എനിക്കറിയില്ല. ഒരു കാര്യംമാത്രം എനിക്കറിയാം: പല അവസരങ്ങളിലും വി. ഫ്രാന്‍സിസ് സേവ്യറിനെപ്പോലെ ദിവസം മുഴുവന്‍ ജ്ഞാനസ്നാനം നല്കി ഞാന്‍ നന്നേ കിതച്ചുപോയിട്ടുണ്ട്. ജ്ഞാനസ്നാനപ്പെട്ടവരില്‍ പ്രായപൂര്‍ത്തിയായ ആളുകള്‍തന്നെ അമ്പതിനായിരത്തില്‍ കവിയുമെന്നു തോന്നുന്നു. ഒരു കുടുംബത്തിനു ജ്ഞാനസ്നാനം നല്കുമ്പോള്‍ വരുന്ന തലമുറകളെയാണ് ജ്ഞാനസ്നാനപ്പെടുത്തുന്നതെന്ന പ്രത്യാശ എനിക്കുണ്ടായിരുന്നു......... അമ്പതുവര്‍ഷത്തെ മിഷന്‍പ്രവര്‍ത്തനത്തിനിടയില്‍ 40 മിഷന്‍ കേന്ദ്രങ്ങളും 35 ചാപ്പലുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ എനിക്കു കഴിഞ്ഞു.
വിശാലമനസ്കനും ദീര്‍ഘവീക്ഷണവുമുള്ള ഉന്നതകുലജാതനായ ഫാ. ഡമഷിന്‍ ദരിദ്രരില്‍ ദരിദ്രനായാണ് ജീവിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ മുളകുമൂടിലെ താമസത്തിനിടയില്‍ ഒരു ദിവസം ബന്‍സിഗര്‍ തിരുമേനി കോട്ടാറിലും കന്യാകുമാരിയിലും പോയിട്ട് തിരിച്ചുപോരുമ്പോള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു കേടു സംഭവിച്ചതുമൂലം ഫാ. ഡമഷിന്‍ താമസിച്ചിരുന്ന സ്ഥലത്തെത്തി. തിരുമേനിക്ക് പെട്ടെന്ന് അസുഖമുണ്ടായതിനാല്‍ ശരീരത്തില്‍ ചുറ്റിക്കെട്ടുന്നതിന് അല്പം തുണി ആവശ്യമായിവന്നു. എന്നാല്‍ ഉടുതുണി മാത്രമുണ്ടായിരുന്ന ഫാ. ഡമഷിന് തലയിണകീറി കൊടുക്കേണ്ടിവന്നു. അത്രകണ്ട് ദരിദ്രമായ താപസജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. രോഗികള്‍ക്ക് വീടുകള്‍തോറും മരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതിലും അവരെ ശുശ്രൂഷിക്കുന്നതിലും തല്പരനായിരുന്ന അദ്ദേഹത്തിന്‍റെ മുഖത്തു രോഗികള്‍ നാലുപ്രാവശ്യം ഛര്‍ദ്ദിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. എങ്കിലും രോഗികളെ ശുശ്രൂഷിക്കുന്നതില്‍നിന്നും അദ്ദേഹം പിന്തിരിഞ്ഞില്ല.
1904 ജൂലൈ 24-ന് ബിഷപ്പ് ബന്‍സിഗര്‍ ഫാ. അല്‍ഫോണ്‍സിനെഴുതിയ കത്തില്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു: ഹാ! ഏഴു പള്ളികളുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നതിനാല്‍ പരീക്ഷീണനായിരിക്കുന്ന ഫാ. ഡമഷിന് സഹായികളെ കൊടുക്കാന്‍ നമുക്കു കഴിഞ്ഞിരുന്നെങ്കില്‍ എത്രമാത്രം നന്മ അദ്ദേഹത്തിനു കൈവരിക്കാനാവുമായിരുന്നു!
ഫാ. ലൂക്കാസ് ബിഷപ്പ് ബന്‍സിഗറിനെ പരാമര്‍ശിച്ചെഴുതിയ കത്തില്‍ ഫാ. ഡമഷിനുമായുള്ള അദ്ദേഹത്തിന്‍റെ അനുഭവം ഇങ്ങനെ രേഖപ്പെടുത്തുന്നു: "താങ്കള്‍ക്കു ഞാനെഴുതിയ ഒരു കത്തില്‍ മരിയാപുരത്തെക്കുറിച്ചു സൂചിപ്പിച്ചിരുന്നത് ഓര്‍ക്കുന്നുണ്ടാവും. പ്രസ്തുത സ്ഥലത്തെ മിഷനറി പ്രവര്‍ത്തനങ്ങളാരംഭിച്ചത് മോണ്‍. ബന്‍സിഗര്‍ ഇന്ത്യയിലുണ്ടായിരുന്നപ്പോള്‍ അദ്ദേഹം വളരെയധികം പ്രശംസിച്ചിട്ടുള്ള ഫാ. ഡമഷിന്‍ എന്ന ഒരു സ്പാനിഷ് മിഷനറിയുടെ കാലത്താണ്. ആ സെന്‍ററിന്‍റെ ഉദ്ഘാടനത്തിന് ഞാന്‍ സന്നിഹിതനായിരുന്നു. വാസ്തവത്തില്‍ വേദനിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്. ഈ സ്ഥലത്ത് പ്രസ്തുത മിഷനറിയച്ചന് ഒരു വിരിപ്പില്‍ കിടന്നുറങ്ങേണ്ടിവന്നു. സ്ഥലദൗര്‍ലഭ്യംമൂലം ഫാ. ഡമഷിന്‍ മേശപ്പുറത്തും ഞാന്‍ മേശയ്ക്കു താഴെയുമായി ഉറങ്ങിയ വിവരവും ഞാന്‍ പറഞ്ഞുവല്ലോ. ഈ സ്ഥലം മോണ്‍. ബെന്‍സിഗറിന്‍റെയും മിഷനറിയച്ചന്മാരുടെയും സഹായത്തോടെ മിഷന്‍ പ്രവര്‍ത്തനത്തിന്‍റെ ഏറ്റവും നല്ല കേന്ദ്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. തിരുവനന്തപുരം രൂപതയുടെ ഭാഗമാണ് ഈ സെന്‍റര്‍."
ദാരിദ്ര്യവും സ്ഥിരോത്സാഹവും കൈമുതലായുണ്ടായിരുന്ന ഫാ. ഡമഷിന്‍റെ മിഷന്‍ പ്രവര്‍ത്തനങ്ങളെയും എളിയ ജീവിതത്തെയുംപറ്റി സ്പെയിനിലെ നവാറയിലുള്ള ഔദ്യോഗിക വിജ്ഞാപനത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: വി. പൗലോസിനെയും വി. ഫ്രാന്‍സിസ് സേവ്യറിനെയുംപോലെ ഫാ. ഡമഷിനും സ്ഥിരമായ ഒരു വാസസ്ഥലമില്ലായിരുന്നു. തന്‍റെ അപ്പസ്തോലികമായ തൃഷ്ണയാല്‍ പ്രേരിതനായെന്നവണ്ണം അദ്ദേഹം എപ്പോഴും പ്രവര്‍ത്തനനിരതനായിരുന്നു. നാലു തെങ്ങോലകള്‍ മതിയായിരുന്നു അദ്ദേഹത്തിനൊരു വാസസ്ഥലം തീര്‍ക്കാന്‍. കസേരയുടെയും മേശയുടെയും ആവശ്യമില്ലായിരുന്നു. തറതന്നെ ധാരാളം മതിയായിരുന്നു. ഇപ്രകാരം അദ്ദേഹം 50 വര്‍ഷം കഴിച്ചുകൂട്ടി.
ഇന്നാട്ടിലെ പൂര്‍വ്വികര്‍ക്ക് സുവിശേഷത്തിന്‍റെ സുവര്‍ണ്ണവെളിച്ചം പകരുകയും അവരുടെ നാനാവിധത്തിലുള്ള പുരോഗതിക്കു ബീജാവാപം ചെയ്യുകയും ചെയ്ത സ്നേഹധനനായ ഫാ. ഡമഷിനോട് മരിയാപുരം ഇടവക എന്നെന്നും കടപ്പെട്ടിരിക്കും.
കടപ്പാട് : "നെയ്യാറ്റിന്‍കര - ലത്തീന്‍ രൂപത - ചരിത്രവും സംസ്കാരവും" എന്ന ചരിത്ര ഗ്രന്ഥം. (ചീഫ് എഡിറ്റര്‍: ശ്രീ. പി. ദേവദാസ്)
View Count: 1784.
|