മനുഷ്യസ്നേഹികളായ മിഷണറിമാരുടെ ത്യാഗപൂര്‍ണ്ണമായ പ്രയത്നഫലം
മനുഷ്യസ്നേഹികളായ മിഷനറിമാരുടെയും അവരെ പിന്തുടര്‍ന്ന സ്വദേശ വൈദികുടെയും സേവനസന്നദ്ധരായ ഇടവടജനങ്ങളുടെയും ത്യാഗപൂര്‍ണ്ണമായ പ്രയത്നഫലമാണ് ഇന്നത്തെ ആറയൂര്‍- മരിയാപുരം ഇടവകകള്‍. 1901-ല്‍ ഇന്നത്തെ മരിയാപുരം ഇടവകയുടെ ഭാഗമായ കോച്ചക്കോണത്ത് ഒരു മിഷന്‍ സെന്‍റെര്‍ സ്ഥാപിതമായി എങ്കിലും അധികം താമസിയാതെ അതുനിലച്ചു പോയി. 1906- ല്‍ ആറയൂര്‍ ഒരു മിഷന്‍ കേന്ദ്രമായിത്തീര്‍ന്നുവെങ്കിലും 1910-ലാണ് സ്ഥിരമായ ദേവാലയം നിര്‍മ്മിക്കപ്പെട്ടത്. എന്നാല്‍ 1918- ല്‍ മരിയാപുരം ഇടവട സ്ഥാപിതമായതോടെയാണ് ആറയൂരും മരിയാപുരവും ചേര്‍ന്ന് ഒരു പരോക്യല്‍ ഡിസ്ട്രിക്ടായിത്തീര്‍ന്നത്. മരിയാപുരത്ത് വൈദികന്‍ സ്ഥിരമായി താമസിച്ചുകൊണ്ട് രണ്ടിടവകകളുടെയും ഭരണം നടത്തിയിരുന്നു. അങ്ങനെ ഒരു ഞെട്ടില്‍ വിടര്‍ന്നു വിലസുന്ന രണ്ടു പുഷ്പങ്ങള്‍പോലെ ആറയൂര്‍-മരിയാപുരം ഇടവകകള്‍ അഭേദ്യമായ വിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു.
ഒന്നാംഘട്ടം (1919 വരെ- ഫാദര്‍ ജോണ്‍ഡമഷിന്‍)
രണ്ടിടവകളുടെയും ഉത്ഭവത്തെയും അതിനുവേണടി വിയര്‍പ്പൊഴുക്കിയ ഫാ.ജോണ്‍ ഡമഷിനെയുമാണ് ഈ ഘട്ടത്തില്‍ പ്രധാനമായും നമുക്കു കാണാന്‍ കഴിയുക. നെയ്യാറ്റിന്‍കര കേന്ദ്രമാക്കി മിഷന്‍ പ്രവര്‍ത്തനം നടത്തിയിരുന്ന ഫാ. ഡമഷിന്‍ തന്‍റെ പ്രവര്‍ത്തനം ചുറ്റുമുള്ള സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു. ഈ പ്രദേശത്തെ ആളുകളുടെ ജീവിതരീതിയും സാമൂഹ്യസാംസ്കാരിക പശ്ചാത്തലവും അറിയാമായിരുന്നതിനാല്‍ അവരെ നേരില്‍ കാണുന്നതിനും സുവിശേഷസന്ദേശം പകരുന്നതിനും അദ്ദേഹത്തിന് എളുപ്പമായിരുന്നു. സുവിശേഷപ്രവര്‍ത്തനത്തോടൊപ്പം രോഗികളെ ശുശ്രൂഷിക്കുവാനും സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പഠിച്ച് അതിന് പരിഹാരം കാണുവാനും അദ്ദേഹത്തിന് സാധിച്ചു. സര്‍വ്വോപരി അദ്ദേഹത്തിന്‍റെ ജീവിതം ഇന്നാട്ടിലെ ജനങ്ങളെ ക്രിസ്തുവിലേക്കാര്‍ഷിക്കുന്നതിന് പര്യാപ്തവുമായിരുന്നു. ആളുകളെ ക്രിസ്തുമതത്വങ്ങള്‍ പഠിപ്പിക്കുന്നതിനും വിശ്വാസം സ്വീകരിക്കുന്നവര്‍ക്ക് ജ്ഞാനസ്നാനം നല്‍കുന്നതിവും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സുവിശേഷപ്രഘോഷണത്തിന് പ്രാധാന്യം നല്‍കിയിരുന്നതിനാല്‍ ജനങ്ങളുടെ സാമൂഹ്യവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളില്‍ കാര്യമായി ശ്രദ്ധിക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്‍റെ നിരന്തരമായ പ്രവര്‍ത്തനം പലരുടെയും മാനസാന്തരത്തിനും ക്രിസ്തുമതസ്വീകരണത്തിനും വഴിതെളിച്ചു. ഇടവകകള്‍ രൂപെകൊള്ളുന്നതിനു മുമ്പ് ക്രിസ്തുമതവലംബിച്ചിരുന്നവരും അദ്ദേഹത്തെ സഹായിച്ചു. 1904- ല്‍ ആറയൂര്‍ പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഭൂമിവാങ്ങി ഷെഡ്നിര്‍മ്മിച്ച് അദ്ദേഹം ക്രിസ്തുമതത്വങ്ങള്‍ പഠിപ്പിച്ചിരുന്നു. തന്‍റെ പ്രവര്‍ത്തനഫലമായി ഒരു സ്ഥലത്ത് ഒരു കൂട്ടമാളുകള്‍ ക്രിസ്തുവിന്‍റെ സന്ദേശം സ്വീകരിച്ചവരായി ഉണ്ടെങ്കില്‍ അവിടെ അവിടെ താല്ക്കാലികദേവാലായം നിര്‍മ്മിക്കുകയെന്നത് അദ്ദേഹത്തിന്‍റെ പ്രത്യേകതയായിരുന്നു. ആറയൂരില്‍ അചഞ്ചവിശ്വാസികളായ ഒരു കൂട്ടമാളുകള്‍ ഉണ്ടായി എന്ന് ബോദ്ധ്യമായപ്പോള്‍ 1906-ല്‍ താല്കാലിക ദേവാലയവും 1910-ല്‍ സ്ഥിരമായ ദേവാലായവും നിര്‍മ്മിച്ചു. വിശ്വാസികളുടെ സംഖ്യ വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു; ഒപ്പം ഫാ. ഡമഷിന്‍റെ പ്രവര്‍ത്തനവും.
മരിയാപുരം കേന്ദ്രമാക്കി മിഷന്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചതിന്‍റെ ഫലമായി ശക്തമായ ഒരു ക്രൈസ്തവസമൂഹം മരിയാപുരത്തുണ്ടായി. ഈ പ്രദേശത്തെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യംവച്ചുകൊണ്ട് മരിയാപുരത്ത് ഒരു കോണ്‍വെന്‍റും സ്ഥാപിതമായി. മരിയാപുരം പള്ളി പണികഴിപ്പിച്ചതോടെ ആറയൂര്‍-മരിയാപുരം ഇടവകള്‍ ചേര്‍ത്ത് ഒരു പരോക്യല്‍ ഡിസ്ട്രിക്ട് നിലവില്‍ വരുകയും ചെയ്തു. 1919 ആയപ്പോഴേയ്ക്കും മേല്‍പ്പറഞ്ഞ രണ്ടു സ്ഥലങ്ങളും സംഖ്യാബലമുള്ള മിഷന്‍ കേന്ദ്രങ്ങളായിത്തീര്‍ന്നു. അതിനാല്‍ ഇടവകകളുടെ ഭരണച്ചുമതല മറ്റൊരാള്‍ക്ക് നല്കിയിട്ട് പുതയ മേച്ചില്‍ സ്ഥലങ്ങള്‍ അന്വേഷിച്ച് ഫാ. ഡമഷിന് പോകണമായിരുന്നു. അങ്ങനെ ഫാ.ഡമഷിന്‍ വിയര്‍പ്പൊഴുക്കി പണിതുയര്‍ത്തിയ ശക്തമായ അടിത്തറയിലാണ് ആറയൂര്‍-മരിയാപുരം ഇടവകകള്‍ രൂപം കൊണ്ടത്.
രണ്ടാംഘട്ടം (1919-1949)
ഫാ. ഡമഷിന്‍റെ പിന്‍ഗാമിയായ ഫാ. ഇല്‍ഡഫോണ്‍സിന്‍റെ നേതൃത്വത്തിലാണ് പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയത്. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തി വരെയുള്ള ഈ ഘട്ടത്തില്‍ 11 വൈദികര്‍-7 വിദേശിയരും 4 സ്വദേശീയരും- സേവനമനുഷ്ഠിച്ചു. റവ. ഫാ. ഇല്‍ഡഫോണ്‍സ് ഒ.സി.ഡി., റവ.ഫാ. പീറ്റര്‍ മെനേസീസ്, റവ. ഫാ.സ്റ്റീഫന്‍ നസറത്ത് , റവ. ഫാ. ഇഗ്നേഷ്യസ് ഒ.സി.ഡി റവ.ഫാ.ഹ്യൂബര്‍ട്ട് ഒ.സി.ഡി, റവ.ഫാ.സിംഫോറിയന്‍ പീറ്റേഴ്സ്, വ.ഫാ. പിയസ് ഒ.സി.ഡി., റവ.ഫാ. തിയോഫന്‍ ഒ.ഡി,ഡി.,റവ.ഫാ. ബാപ്റ്റിസ്റ്റ് ഒ.സി.ഡി., റവ.ഫാ. സെര്‍വാസിയൂസ് ഒ.സി.ഡി., റവ.ഫാ. ജോണ്‍ അന്ത്രപ്പേര്‍ എന്നിവര്‍ അതിലുള്‍പ്പെടുന്നു. സുവിശേഷപ്രചാരണരംഗത്ത് വളരെയധികം പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് ഇവരെല്ലാം. ഈ രണ്ടിടവകകളും കേന്ദ്രമാക്കിയാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കിലും ചുറ്റുമുള്ള മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഇവരു ഭാഗഭാക്കുകളായിരുന്നു. ഇവരുടെ പ്രധാനജോലി പ്രേഷിതപ്രവര്‍ത്തനമായിരുന്നു. അതിനാല്‍ പ്രൊട്ടസ്റ്റാന്‍റു മിഷനറിമാരെപ്പോലെ ലഭ്യമായ സാഹചര്യങ്ങള്‍ക്കൊത്ത് വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കുവാന്‍ കത്തോലിക്കാമിഷനറിമാരായ ഇവര്‍ക്ക് സധിച്ചില്ല. അതുകൊണ്ട് സാമൂഹ്യസാംസ്കാരിക രംഗങ്ങളില്‍ കാര്യമായ അഭിവൃദ്ധി ഉണ്ടായില്ല. ഈ ഘട്ടത്തില്‍ കൊച്ചോട്ടുംകോണത്തുള്ള ഉദിയന്‍കുളങ്ങര ആര്‍.സി.എല്‍.പി എസ്സും. കോണ്‍വെന്‍റിനോടുബന്ധിച്ചുള്ള പ്രൈമറി സ്ക്കൂളും സ്ഥാപിതമായതുമൂലം സമീപവാസികളായ ധാരാളമാളുകള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം സിദ്ധിച്ചു.
ഫാ. എല്‍ഡഫോണ്‍സിന്‍റെ കാലത്ത് നടന്ന ഇടവകകളുടെ സെന്‍സസ് ബലവത്തായ മിഷന്‍ പ്രവര്‍ത്തനത്തിന്‍റെ നാന്ദിയായിരുന്നു. ഇടവകകളുടെ സ്ഥിതിവിവരക്കണക്കുകള്‍ മനസ്സിലാക്കി ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് ഇതുപകരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ഫലമായുണ്ടായ ക്ഷാമത്തിലും കഷ്ടപ്പാടിലും ഇന്നാട്ടിലെ ജനങ്ങഴെ ആശ്വസിപ്പിക്കുവാന്‍ മിഷനറിമാര്‍ താല്പര്യം കാണിച്ചു. സാമൂഹ്യമായ മറ്റു നിര്‍മ്മാണപ്രവര്‍ത്തനങ്ങളൊന്നും തന്നെ ഈ കാലയളവില്‍ നടന്നില്ല. ഭക്തസംഘടനയായ സൊഡാലിറ്റിയുടെ ഒരു ശാഖ ഈ കാലയളവില്‍ സ്ഥാപിതമായി എന്നത് മറ്റൊരു വസ്തുതാണ്. ഫാ. ഹ്യൂബര്‍ട്ടിന്‍റെ കാലത്ത് ആറയൂറില്‍ വൈദിക വസതി നിര്‍മ്മിച്ചു. രണ്ടിടവകകളിലുമുള്ള ആളുകള്‍ വിശ്വാസം ഉപേക്ഷിച്ചു പോകാതിരിക്കുന്നതിനും ഈ മിഷനറിമാര്‍ക്ക് നന്നേ പരിശ്രമിക്കേണ്ടവന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‍റെ മാറ്റൊലികള്‍ മുഴങ്ങിയപ്പോള്‍ ഈ പ്രദേശത്തിലുള്ള വിരലിലെണ്ണാവുന്ന ആളുകളെങ്കിലും അതില്‍പരോക്ഷമായി പങ്കെടുത്തു. അതിന്‍റെ ഫലമായി സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ രംഗങ്ങളില്‍ ഒരു ചലനമുണ്ടായി. ഇടവകജനങ്ങളുടെ അംഗസംഖ്യയും വര്‍ദ്ധിച്ചുവന്നു. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം തങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടുകളും അവകാശങ്ങളെയുംപറ്റി കൂടുതല്‍ ബോധവാന്മാരായ ആളുകളെയും അവരെ നയിക്കാന്‍ സന്നദ്ധരായ വൈദീകരെയുമാണ് രണ്ടാം ഘട്ടത്തില്‍ അന്ത്യത്തില്‍ നമുക്കു കാണാന്‍ കഴിയുക.
മൂന്നാംഘട്ടം (1949-1989)
സ്വാതന്ത്രപ്രാപ്തിക്കുശേഷമുണ്ടായ സാമൂഹ്യചലനങ്ങള്‍ ഇടവകകളെ പുതിയൊരു പാതയിലേയ്ക്ക് നയിച്ചു എന്നു പറയേണ്ടിയിരിക്കുന്നു. ഇടവകജനങ്ങള്‍ തമ്മില്‍ മുമ്പുണ്ടായിരുന്ന അയിത്തം ഈയവസരത്തില്‍ പാടെ അസ്തമിച്ചു എന്നു പറയാം. അതിനുള്ള പ്രകടമായ തെളിവാണ് ഫാ. ജറാര്‍ഡിന്‍റെ കാലത്തുണ്ടായ ആറയൂര്‍- മരിയാപുരം ഇടവകകളുടെ ഭൂമിശാസ്ത്രപരമായ വിഭജനം. കേരളപ്പിറവിയ്ക്കുശേഷം സംജാതമായ രാഷ്ട്രീയ- സാമൂഹ്യ മാറ്റങ്ങളും വിദ്യാഭ്യാസരംഗത്തുണ്ടാ താല്പര്യവും ജനങ്ങളെ ചിന്തിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും പ്രാപ്തരാക്കി.
ഈ ഘട്ടത്തില്‍ വികാരിമാരായും സഹായവികാരിനാരായും പ്രവര്‍ത്തിച്ചിരുന്ന വൈദീകരാണ് റവ.ഫാ. ജറാള്‍ഡ് ഒ.ഡി.സി., റവ.ഫാ. സേവ്യര്‍ ലീന്‍, റവ.ഫാ. മാനുവല്‍ അന്‍പുടയന്‍, റവ.ഫാ. പാട്രിക് ഡിക്രൂസ്, റവ.ഫാ. ജോസഫ് രായപ്പന്‍, റവ.ഫാ. ബാര്‍ലോ ഡിക്രൂസ്, റവ.ഫാ.എസ്. തോമസ്, റവ.ഫാ.എം. ജോസഫ്, റവ.ഫാ. മൈക്കല്‍ ഏഞ്ചല്‍ ഒ.സി.ഡി, റവ.ഫാ.ജി. ആന്‍റിണി, റവ.ഫാ.മേരീജോണ്‍, റവ.ഫാ. മൈക്കല്‍ തലക്കെട്ടി, റവ. ഫാ. കെ.ജെ.ജോണ്‍, റവ.ഫാ. ജസ്റ്റിന്‍ പീറ്റര്‍ എന്നിവര്‍.
ക്രമീകൃതമായ മതബോധനവും ബൈബിള്‍ വായിച്ച് സന്ദേശമുള്‍ക്കൊള്ളുന്ന ആളുകളും ഇടവകകളിലുണ്ടായി എന്നതാണ് ഈ ഘട്ടത്തിന്‍റെ ഏറ്റവും വലിയ സവിശേഷത. ആദ്ധ്യാത്മിക വളര്‍ച്ചയിലൂടെയും വിദ്യാഭ്യാസരംഗത്തുണ്ടായ പ്രചോദനത്തിലൂടെയും സംഘടിച്ചു പ്രവര്‍ത്തിക്കുവാനും ഉത്തരവാദിത്വം പങ്കുവയ്ക്കുവാനും ഇടവക ജനങ്ങള്‍ പ്രാപ്തരായി എന്നതാണ് ഈ ഘട്ടത്തിലുണ്ടായ മറ്റൊരു പ്രധാനകാര്യം. ലീജിയന്‍ ഓഫ് മേരി. വനിതാ സമാജം, സെന്‍റ് എലിസബത്ത് ആര്‍ട്സ് ക്ലബ്, സെന്‍റ് സിസിലീസ് ആര്‍ട്സ് ക്ലബ്, സെന്‍റ് വിന്‍സെന്‍റ് ഡിപോള്‍ സൊസൈറ്റ്, ലിറ്റില്‍വേ അസോസിയേഷന്‍ മുതലായ സംഘടനകളും പാരീഷ് കൗണ്‍സില്‍ എന്ന ഇടവകസമിതിയും രൂപംകൊണ്ടത് ഈ കാലയയളവിലാണ്. ഇന്നു കാണുന്ന നഴ്സറിസ്ക്കൂളുകള്‍, ഐ.റ്റി.സി, ടൈപ്പ് റൈറ്റിംഗ് സ്ക്കൂള്‍, ചെയിന്‍ സര്‍വ്വേ സ്ക്കൂള്‍, ലൈബ്രറി, ലിറ്റില്‍ ഫ്ളര്‍, പ്രിന്‍റേഴ്സ്, യു.പി. സ്ക്കൂള്‍ മുതലായവയും ഇക്കാലത്തുതന്നെയാണ് നിലവില്‍ വന്നത്. ഇവയെല്ലാം സൂചിപ്പിക്കുന്നത് ആദ്ധ്യാത്മിക വളര്‍ച്ചയ്ക്കു പുറമെ ജനങ്ങളുടെ സാമൂഹ്യപുരോഗതി ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഈ കാലയളവില്‍ മുന്‍ഗണന നല്‍കി എന്നതാണ്. ഫാ. ജറാര്‍ഡിന്‍റെ കാലത്തുണ്ടായ ഉണര്‍വ്വ് പിന്നീട് വന്ന ഫാ. ജോസഫ് രായപ്പന്‍റെ സമര്‍ത്ഥമായ നേതൃത്വത്തില്‍ സാമൂഹ്യ പുരോഗതിക്കും സ്ത്രീകളുടെ വളര്‍ച്ചയ്ക്കും വഴിതെളിച്ചു. ഫാ. എസ്. തോമസിന്‍റെ കാലത്ത് ഇടവകകള്‍ക്ക് ശക്തമായ ആദ്ധ്യാത്മിക അടിത്തറയുണ്ടായി. പ്രസ്തുത അടിത്തറയില്‍ ഫാ. എം. ജോസഫിന്‍റെ കാലത്ത് പടുത്തയര്‍ത്തിയ സ്ഥാപനങ്ങള്‍ ഇടവകകളുടെ സാമൂഹ്യപുരോഗതിക്ക് മാര്‍ഗ്ഗദീപമായി.
ആധൂനിക കാലം (1989)- പള്ളോട്ടൈന്‍ വൈദീകര്‍
1989 ജൂണ്‍മാസത്തില്‍ പള്ളോട്ടൈന്‍ വൈദീകരായ ഫവ.ഫാ. മാത്യൂ പനയ്ക്കല്‍ , റവ.ഫാ. ജോസഫ് സ്റ്റാന്‍ലിമോറിസ് എന്നിവര്‍ ആറയൂര്‍-മരിയാപുരം ഇടവകകളുടെ ഭരണസാരഥ്യം ഏറ്റെടുത്തു. ആദ്ധ്യാത്മികതയ്ക്ക് മുന്‍ഗണന നല്കിക്കൊണ്ട് ആധുനികകാലഘട്ടത്തിന് അനുസൃതമായ പുരോഗമന പ്രവര്‍ത്തനങ്ങള്‍ അനിവാര്യമായിരുന്ന ഒരു സന്ദര്‍ഭത്തിലാണ് ഈ വൈദീകര്‍ തങ്ങളുടെ പ്രവര്‍ത്തനമാരംഭിച്ചത്. അതിനാല്‍ ഇനിയുള്ള പ്രവര്‍ത്തനം എന്തുകൊണ്ടും സവിശേഷശ്രദ്ധയര്‍ഹിക്കുന്നു. ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാറ്റിനെയും സമന്വയിപ്പിച്ചുകൊണ്ട് ഇടവകജനങ്ങളെ ക്രിസ്തുവുമായി ബന്ധപ്പെടുത്തുന്നതിനും നാനാവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നതിനുമുള്ള ഭാരിചച്ച ഉത്തരവാദിത്വം അവരില്‍ നിക്ഷിപ്തമായി. ഒരു പ്രത്യേക പ്രവര്‍ത്തനശൈലി കൈമുതലായുള്ള പള്ളോട്ടൈന്‍ സഭാവൈദീകരുടെ ഭരണം ആറയൂര്‍-മരിയാപുരം ഇടവകകളുടെ വളര്‍ച്ചയില്‍ ഒരു നൂതന അദ്ധ്യായം തുന്നിച്ചേര്‍ത്തു.
രണ്ടിടവകകളെയുംപ്പറ്റി ചിന്തിക്കുമ്പോള്‍ ത്യാഗസന്നദ്ധരായ വൈദീകരിടെ പേരുകളാണ് ആദ്യം ഓര്‍മ്മയില്‍ ഓടിയെത്തുന്നത്. അവരില്‍ ആരാണ് ഇടവകകളുടെ വളര്‍ച്ചയ്ക്കായി ഏറ്റവുമധികം പ്രയത്നിച്ചിട്ടുള്ളതെന്നും പറയുക പ്രയാസമാണ്. കാരണം ഇടവകകളുടെ ആരംഭക്കാലത്ത് പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്ക് പുരോഗമനപരമായ മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കുമായിരുന്നില്ല. ഇവിടെയുള്ള ജനങ്ങളോടു സുവിശേഷം പ്രസംഗിക്കുകയും വിശ്വസിച്ചു ജ്ഞാനസ്നാനം സ്വീകരിച്ചവര്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംമൂലം സഭ വിട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കുകയുമായിരുന്നു അവര്‍ക്കു പ്രധാനമായും ചേയ്യേണ്ടിയിരുന്നത്. അക്കാരണത്താല്‍ ബാഹ്യമായ വളര്‍ച്ചയ്ക്കായി അധികമൊന്നും പ്രവര്‍ത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല. പിന്നീട് വികാരിമാരായി വന്നവര്‍ക്ക് തങ്ങളുടെ മുന്‍ഗാമികള്‍ അടിത്തറയിട്ട പാതയിലൂടെ മുന്നോട്ട് ചരിക്കുവാനും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കുവാനും താരതമ്യേന എളുപ്പമായിരുന്നു. ചിലര്‍ മിഷന്‍ പ്രവര്‍ത്തനത്തിനും മറ്റുചിലര്‍ ആദ്ധ്യാത്മിക വളര്‍ച്ചയ്ക്കും ശേഷിക്കുന്നവര്‍ സാമൂഹ്യ വളര്‍ച്ചയ്ക്കും പ്രാധാന്യം നല്‍കിയെന്നു മാത്രം. മിഷന്‍ പ്രവര്‍ത്തനത്തിനായി ജീവിതം ഉഴിഞ്ഞു വച്ചിരുന്ന കന്യാസ്ത്രീകളും ഇടവകകളെ ആത്മാര്‍ത്ഥമായി സ്നേഹിച്ചു. അവരെക്കൂടാതെ അദ്ധ്യാത്മിക കാര്യങ്ങളില്‍ നിഷ്ഠയുള്ളവരും എളിയ ജീവിതം നയിച്ചിരുന്നവരുമായ ധാരാളം വ്യക്തികളും കുടുംബങ്ങളപം ഇടവകകളിലുണ്ടായിരുന്നു. സ്നേഹനിധികളായ ഈ മഹത്വ്യക്തികളെല്ലാം തങ്ങളുടെ ത്യാഗനിര്‍ഭരമായ സേവനങ്ങളുടെ പേരില്‍ എന്നെന്നും സ്മരിക്കപ്പെടേണ്ടവരാണ്.
View Count: 1947.
|