മരിയാപുരം ഇടവകയിലെ ഉപദേശിമാര്‍
Mount Carmel Church Mariapuram

മരിയാപുരം ഇടവകയിലെ ഉപദേശിമാര്‍

ഇടവഭരണത്തില്‍ വികാരിയെ മുഖ്യമായി സഹായിക്കുന്നയാളാണ് ഉപദേശി. ആദ്യകാലത്തുള്ള ഉപദേശിമാര്‍ക്ക്, കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഉണ്ടായിരുന്നു. ഇടവകയുടെ ആരംഭകാലത്ത് രണ്ടോ മൂന്നോ മാലത്തിലൊരിക്കല്‍ മാത്രമേ ദിവ്യബലിയുണ്ടായിരുന്നുള്ളൂ. പിന്നീടത് മാസത്തിലെരിക്കലും പിന്നെയും കുറെകഴിഞ്ഞപ്പോള്‍ ആഴ്ചയിലൊരിക്കലും ഇപ്പോള്‍ ദിവസേനയുമായി. ഫാ. ഡമഷിനോടൊപ്പം ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്ന റവ.ഫാ.സ്റ്റീഫന്‍ ഗോമസ് അന്നത്തെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഉപദേശിമാര്‍ക്കുണ്ടായിരുന്ന പങ്കിനെപ്പറ്റി ഇപ്രകാരം അനുസ്മരിക്കുന്നു: "തിങ്കളാഴ്ച ഓരോ ഇടവകയിലുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഞങ്ങള്‍ (വൈദീകര്‍) പിരിയുകയും രണ്ടാഴ്ചകാലം അവിടെ താമസിച്ച് ആ ഇടവകയില്‍ ആവശ്യമുള്ള കാര്യങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്യും. അവിടെ നിന്നും ഞങ്ങളുടെ പ്രവര്‍ത്തനപരിധിയിലുള്ള അടുത്ത ഇടവകയിലേക്കുപോകും. വൈദികര്‍ ഇല്ലാതെ വരുമ്പോള്‍ ഇടവകയിലെ കാര്യങ്ങള്‍ നോക്കുക. ജനങ്ങളെ ക്രിസ്തുമതതത്വങ്ങള്‍ പഠിപ്പിക്കുക. ഇടവകയിലെ സ്ഥിതിവിവരങ്ങള്‍ വൈദീകനെ യഥാസമയം അറിയിക്കുക. മുതലായ കാര്യങ്ങള്‍ ഉപദേശിമാര്‍ നിര്‍വ്വഹിച്ചിരുന്നു. ദിവ്യബലി ഇല്ലാത്ത ഞായറാഴ്ച്ചകളില്‍ പൂസൈമന്ത്രം (പൂജാമന്ത്രം) എന്നറിയപ്പെട്ടിരുന്ന തമിഴ് ഭാഷയിലുള്ള പ്രാര്‍ത്ഥന നടത്തുകയും ആളുകളെ പ്രാര്‍ത്ഥിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ജോലി ഉപദേശിമാര്‍ക്കായിരുന്നു. ആദ്യകാലത്തെ മിക്ക വൈദീകര്‍ക്കും മലയാളം നല്ല വശമില്ലായിതിരുന്നതിനാല്‍ ഭവന സന്ദര്‍ശനം നടത്തുന്നതിലും ആണ്ടുവരി പിരിക്കുന്നതിലും ഇടവകയുടെ പൊതുവായ മറ്റു പ്രവര്‍ത്തനങ്ങളിലും വികാരിയെ സഹായിക്കേണ്ടതും ഉപദേശിമാരായിരുന്നു."

ജാതിവ്യവസ്ഥ മറ്റു സ്ഥലങ്ങളിലേതുപോലെ ഈ പ്രദേശത്തും നിലവിലിരുന്നതിനാല്‍ ആദ്യകാലത്ത് ഹരിജനങ്ങള്‍ പ്രവേശിക്കാതിരുന്ന ആറയൂര്‍ പള്ളിയിലും നാടാന്‍മാര്‍ കയറാതിരുന്ന മരിയാപുരം പള്ളിയിലും ഓരോ സമുദായത്തിനും തങ്ങളുടെ സമുദായത്തിലുള്ള ഉപദേശിമാരായിരുന്നു ഉണ്ടായിരുന്നത്. കുറേക്കാലത്തിനുശേഷം ജാതിവ്യത്യാസം ക്രമേണ ഇല്ലാതായിത്തുടങ്ങിയതോടെ നാടാര്‍ സമുദായക്കാര്‍ മരിയാപുരം പള്ളിയിലും പോയിത്തുടങ്ങി. ആറയൂര്‍ ഇടവകപ്പള്ളിക്ക് കിഴക്കൂമാറി പൊറ്റവിളയില്‍ താമസിച്ചിരുന്ന ശ്രീ. ശബരിമുത്തന്‍ ആണ് ആറയൂര്‍ ഇടവകയിലെ ആദ്യത്തെ ഉപദേശി. ഇടവകയിലെ ആദ്യകാലപ്രവര്‍ത്തനങ്ങളില്‍, പ്രത്യേകിച്ച് പള്ളിവയ്ക്കുന്നതിന് വസ്തു വാങ്ങുന്നതിലും മറ്റു പ്രാരംഭപ്രവര്‍ത്തനങ്ങളിലുമുള്ള അദ്ദേഹത്തിന്‍റെ സേവനം വളരെ വിലപ്പെട്ടതായിരുന്നു. 1921 വരെ അദ്ദേഹം ആറയൂര്‍ ഇടവകയില്‍ ഉപദേശിയായി സേവനമനുഷ്ടിച്ചിരുന്നു. യൂലിയൂസ് എമിലിയൂസ് എന്ന നാണന്‍ ഉപദേശിയാണ് ശബരിമുത്തന്‍ ഉപദേശിയുടെ കാലശേഷം പ്രസ്തുത ജോലിയില്‍ തുടര്‍ന്നത്. നാണന്‍ ഉപദേശിയുടെ നിര്യാണത്തെത്തുടര്‍ന്ന് പള്ളിക്ക് വടക്കുഭാഗത്തായി താമസിച്ചിരുന്ന ശ്രീ. ശബരിമുത്തന്‍ ആറയൂര്‍ ഇടവകയുടെ മൂന്നാമത്തെ ഉപദേശിയായി നിയമിതനായി. ദീര്‍ഘകാലം പ്രസ്തുത ജോലിയില്‍ തുടര്‍ന്നതിനുശേഷം 1951 ഏപ്രില്‍ മാസം 30-ാം തീയതി അദ്ദേഹം മരണമടഞ്ഞു. വില്പ്പാട്ടുകാരനായിരുന്നതിനാല്‍'പുലവര്‍'എന്നു വിളിക്കപ്പെട്ടിരുന്ന ശ്രീ. എസ്. അരുളപ്പന്‍ പിന്നീട് ഉപദേശിയായി സേവനമനുഷ്ടിച്ചു. ആറയൂര്‍ ഇടവകയുടെ ആരംഭകാലത്തു തന്നെ സമീപത്തു താമസമാക്കിയിരുന്ന ശ്രീ. ശ്വാനിയുടെ മകനായിരുന്ന അദ്ദേഹം. 1976 ജൂണ്‍ മാസം 29-ാം തീയതി ഇഹലോഹമാസം വെടിഞ്ഞു. ശ്രീ. അരുളപ്പന്‍ ഉപദേശിയെ പിന്തുടര്‍ന്നത് കോടങ്കര സ്വദേശിയായ ശ്രീ. ജോസഫ് ഉപദേശിയായിരുന്നു. 25 വര്‍ഷത്തിലധികം ഉപദേശിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 1989 മാര്‍ച്ച് മാസം 1-ാം തീയതി ഇഹലോകവാസംവെടിഞ്ഞു.

മരിയാപുരം ഇടവകയിലെ ഉപദേശിമാര്‍

  1. ശ്രീമതി ജ്ഞാനമ്മ ഉപദേശിനി:- മുഖ്യമായും ഹരിജനങ്ങളുടെയിടയില്‍ ക്രിസ്തുമത പ്രചാരണത്തിനായി ഇവിടെവന്ന് പ്രവര്‍ത്തിച്ചിരുന്ന ശ്രീമതി ജ്ഞാനമ്മയായിരുന്നു മരിയാപുരം ഇടവകയിലെ ആദ്യത്തെ ഉപദേശിനി. ഇവിടെ വരുമ്പോള്‍ വിധവയായിരുന്ന ശ്രീമതി ജ്ഞാനമ്മയോടൊപ്പം പിന്നീട് അവരുടെ ഭര്‍ത്താവായിത്തീര്‍ന്ന ശ്രീ. സാമുവലും മരിയാപുരം ഇടവകയുടെ ആരംഭകാലത്ത് പ്രവര്‍ത്തിച്ചിരുന്നു. ഈ ദമ്പതികളുടെ പ്രവര്‍ത്തനഫലമായി മരിയാപുരത്തും പ്രാന്തപ്രദേശങ്ങളിലുമുള്ള ധാരാളം ഹരിജനങ്ങള്‍ ക്രിസ്തുമതമവലംബിച്ചു. കുറേക്കാലത്തെ പ്രവര്‍ത്തനത്തിനുശേഷം രണ്ടുപേരും മറ്റു സ്ഥലങ്ങളിലെ സുവിശേഷപ്രചാരണത്തിനായി പോയി.
  2. ശ്രീ. യാക്കോബ് ഉപദേശി:- മരിയാപുരം പള്ളി വയ്ക്കുന്നതിനുള്ള സ്ഥലം വാങ്ങുന്നതിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്ത ശ്രീ. യാക്കോബായിരുന്നു ജ്ഞാനമ്മ ഉപദേശിനിയ്ക്കുശേഷം ഉപദേശിയായി നിയമിതനായത്. എന്നാല്‍ കുറെക്കാലം ഉപദേശിയായി പ്രവര്‍ത്തിച്ചതിനുശേശം അദ്ദേഹം ഹിന്ദുമിഷനില്‍ ചേരുകയാണുണ്ടായത്.
  3. ശ്രീ. ഇസഹാക്ക് ഉപദേശി:- യാക്കോബ് ഉപദേശിക്കുശേഷം പ്രസിതുതജോലി ഏറ്റെടുത്ത് ശ്രീ. ഇസഹാക്ക് ഉപദേശിയായിരുന്നു. എന്നാല്‍ അദ്ദേഹവും കുറെക്കാലം കഴിഞ്ഞപ്പോള്‍ ഹിന്ദുമിഷനില്‍ ചേര്‍ന്നു.
  4. ശ്രീ. ശാമൂവല്‍ ഉപദേശി:- മരിയാപുരം ഇടവകയുടെ ആരംഭകാലത്ത് പ്രവര്‍ത്തിച്ചിരുന്ന ശ്രീ. ശാമൂവലും ശ്രീമതി ജ്ഞാനമ്മയും മറ്റു സ്ഥലങ്ങളിലെ സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിക്കഴിയുകയായിരുന്നു. ഭാര്യയുടെ മരണശേഷം ശ്രീ.ശാമുവേല്‍ തിരിച്ചുവരുകയും ഉപദേശിയായി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
  5. ശ്രീ. ചാള്‍സ് ഉപദേശി:- മരിയാപുരം ഇടവകയില്‍ ഏതാണ്ട് 40 വര്‍ഷത്തോളം ശ്രീ. ചാള്‍സ് ഉപദേശിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജോലിയില്‍ നിന്നു വിരമിച്ചതിനുശേഷവും അദ്ദേഹം ഇടവകയുടെ കാര്യങ്ങളില്‍ ശ്രദ്ധിച്ചിരുന്നു. 1990 ആഗസ്റ്റ് മാസം മൂന്നാം തീയതി നിര്യാതനായ അദ്ദേഹം പള്ളിയോടനുബന്ധിച്ചുള്ള സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊളളുന്നു.
  6. ശ്രീ. വിന്‍സെന്‍റ് ഉപദേശി:- ശ്രീ. ചാള്‍സ് ഉപദേശി ജോലിയില്‍ നിന്നും വിരമിച്ചതിനെത്തുടര്‍ന്ന് ശ്രീ. വിന്‍സെന്‍റ് ഉപദേശി പ്രസ്തുത ജോലിയില്‍ തുടരുന്നു.
View Count: 1566.
HomeContact UsSite MapLoginAdmin |
Login