മരിയാപുരം ഇടവകയുടെ പുരാതന ചരിത്രം
Mount Carmel Church Mariapuram

മരിയാപുരം ഇടവകയുടെ പുരാതന ചരിത്രം.

മരിയാപുരം പഴയ പള്ളി
ഫാദര്‍ ജോണ്‍ ഡമഷിന്‍

മരിയാപുരത്ത് ഇന്നു കാണുന്ന പള്ളി സ്ഥാപിക്കപ്പെടുന്നതിനു മുമ്പുതന്നെ കത്തോലിക്കരായ ധാരാളം ആളൂകള്‍ സമീപപ്രദേശങ്ങളിലുണ്ടായിരുന്നു. നെയ്യാറ്റിന്‍കര കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന റവ.ഫാ. മേരി എഫ്രേം ഗോമസിന്‍റെ പരിശ്രമഫലമായി കോച്ചക്കോണത്ത് 1901- ല്‍ ഒരു മിഷന്‍ സെന്‍റെര്‍ സ്ഥാപിതമായി. ഫാ. ഗോമസിന്‍റെ പിന്‍ഗാമിയായി വന്ന റവ.ഫാ. ജോണ്‍ ഡമഷിന്‍ ഈ സെന്‍റര്‍ വിപുലമാക്കി. ക്രിസ്തുമതതത്വങ്ങള്‍ പഠിപ്പിക്കുന്നതിനായി ഉപയോഗിച്ചിരുന്ന താല്ക്കാലികദേവാലയത്തില്‍ മാസത്തില്‍ ഒരു ഞായറാഴ്ച മാത്രമേ ദിവ്യബലി ഉണ്ടായിരുന്നുള്ളൂവെന്നും ഏകദേശം 50 ആളുകള്‍ അതില്‍ പങ്കെടുത്തിരുന്നുവെന്നും ഇവിടത്തെ ആദ്യകാല ക്രിസ്ത്യാനികള്‍ അനുസ്മരിക്കുന്നു.

മാസത്തില്‍ ഒരു ഞായറാഴ്ച ദിവ്യബലി എന്ന ക്രമത്തില്‍ കുറെക്കാലം കഴിഞ്ഞു. ക്രമേണ അംഗങ്ങളുടെ സംഖ്യയും വര്‍ദ്ധിച്ചുവന്നു. എന്നാല്‍ അംഗങ്ങളില്‍ ചിലര്‍ തമ്മിലുണ്ടായ കുടുംബകലഹങ്ങളും അതിനോടനുബന്ധിച്ചുള്ള കുതന്ത്രങ്ങളും നിമിത്തം പ്രാദേശികസഭയില്‍ ഭിന്നതയുണ്ടായി. അതിന്‍റെ ഫലമായി പ്രസ്തുത കാല്ക്കാലികാദേവാലയം കുറെക്കാലം കുടിപ്പള്ളിക്കൂടം മാത്രമായി ഉപയോഗിച്ചിരുന്നുവെങ്കിലും ഷെഡ് നശിപ്പിക്കപ്പെട്ടതോടെ അതും നിലച്ചു പോയി. താല്ക്കാലിക ദേവാലയം നിലച്ചുപോയതോടെ ദിവ്യബലിയില്‍ പങ്കുകൊള്ളുന്നതിന് ആളുകള്‍ സമീപ ഇടവകായ ആറയൂരില്‍ വന്നിരുന്നു. 1910-ല്‍ ആറയൂരില്‍ സ്ഥിരമായ ദേവാലയം പണിക്കഴിപ്പിക്കപ്പെട്ടതോടെ ഞായറാഴ്ച ദിവസങ്ങളില്‍ ആരാധനയില്‍ പങ്കുകൊള്ളുന്നതിന് കൂടുതല്‍ സൗകര്യമായി. മേല്‍പ്പറഞ്ഞ കോച്ചക്കോണത്തുണ്ടായിരുന്ന സ്ഥലം പിന്നീട് കൈമാറ്റം ചെയ്തു. എങ്കിലും ആ സ്ഥലം ഇപ്പോഴും"പള്ളിവിള' എന്ന പേരില്‍ അറിയപ്പെടുന്നു.

യശഃശരീരനായ അലോഷ്യസ് മരിയബന്‍സിഗര്‍ പിതാവ് കൊല്ലം രൂപതയുടെ മെത്രാനായി നിയമിതനായതോടെ മിഷന്‍ പ്രവര്‍ത്തനത്തിന് പുതിയ മാനങ്ങള്‍ കൈവന്നു. കുംഭമാസം 23-ാം തീയതി അഭിവന്ദ്യ പിതാവ്, മരിയാപുരത്ത് ഇടവകപ്പള്ളി സ്ഥാപിക്കുന്നതിനുവേണ്ടി, കോട്ടുകളങ്ങര കോണത്തു തരിശുപുരയിടത്തില്‍ ശ്രീ.കരുത്തുടയാന്‍, അദ്ദേഹത്തിന്‍റെ മകന്‍ ശ്രീ. പേതിരു എന്നിവരില്‍നിന്നും കരയിക്കാടു പുതുവല്‍ പുരയിടത്തിലുള്ള 2 ഏക്കര്‍ 73 സെന്‍റ് സ്ഥലം 4,700 പണം(ഏകദേശം 671 രൂപ) കൊടുത്ത് വിലയായി വാങ്ങി. അതേമാസം തന്നെ അതിനടുത്തുള്ള ഒരേക്കറിലധികം സ്ഥലം ശ്രീ. സുബ്രഹ്മണ്യന്‍, അദ്ദേഹേഹത്തിന്‍റെ മക്കളായ ശ്രീ, കുമാരന്‍, ശ്രീ. താണുവന്‍ എന്നിവരില്‍ നിന്നും വിലയ്ക്കു വാങ്ങി. ഇടവകയോടനുബന്ധിച്ച് ഐ.റ്റി.സി സ്ഥാപിതമായതിനുശേഷം കോണ്‍വെന്‍റിനു പടിഞ്ഞാറുവശത്ത് പ്രസ്തുത സ്ഥാപനം സ്ഥിതി ചെയ്യുന്ന ഒരേക്കറോളം സ്ഥലം ശ്രീ. പത്രോസില്‍ നിന്നും വിലയയ്ക്കുവാങ്ങിയതുള്‍പ്പെടെ 41 ഏക്കറോളം വരുന്ന പുരയിടമാണ്. മരിയാപുരം ഇടവകയ്ക്കുള്ളത്.

ഫാദര്‍ ജി. ആന്റണി

ഇടവകാരംഭത്തില്‍ സ്ഥലം വാങ്ങുന്നതിനും പള്ളി സ്ഥാപിക്കുന്നതിനും മുന്‍കൈയെടുത്തത് ഫാ. ഡമഷിനായിരുന്നു. കോണ്‍വെന്‍റിനു പടിഞ്ഞാറു വശത്ത് ഐ.റ്റി.സി കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം ഫാ. എം. ജോസഫ് വികാരിയായിരിക്കുമ്പോള്‍ വാങ്ങിയതാണ്. 20-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഗോവാസ്വേദേശിയായ മോണ്‍. ഹെദേരിയ എന്ന വൈദികന്‍ ചൊവ്വര കേന്ദ്രമാക്കി നടത്തിയ സുവിശേഷപ്രചാരണത്തിന്‍റെ ഫലമായി അയ്യന്‍കാളിയുടെ ബന്ധുക്കളായിരുന്ന ധാരാളം ഹരിജനങ്ങള്‍ ക്രിസ്തുമതം സ്വീകരിച്ചു. അവരില്‍ നിന്ന് ജ്ഞാനമ്മ എന്ന സ്ത്രീയും അവരുടെ ഭര്‍ത്താവും ചേര്‍ന്ന് ആറയൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാ.ജോണ്‍ ഡമഷിനെ സമീപിച്ച് ഹൈന്ദവരായിരുന്ന ഹരിജനങ്ങളുടെ ഇടയില്‍ സുവിശേഷപ്രചാരണം നടത്തുവാന്‍ അനുവാദം ആവശ്യപ്പെട്ടു. അതിന്‍റെ ഫലമായി ഇവിടെ സ്ഥലം വാങഅങി അധികം താമസിക്കാതെ തന്നെ ഇപ്പോള്‍ പള്ളി സ്ഥിതി ചെയ്യുന്നതിനടുത്ത് താല്ക്കാലികഷെഡ് നിര്‍മ്മിച്ച് ക്രിസ്തുമതത്വങ്ങള്‍ പഠിപ്പിക്കാനാരംഭിച്ചു. ഫാ. ഡമഷിന്‍റെ അനുഗ്രഹാശിസുകളോടെയുള്ള മേല്‍പ്പറഞ്ഞ ദമ്പതിമാരുടെ പ്രവര്‍ത്തനഫലമായി മരിയാപുരം, ഉച്ചക്കട, മാരായമുട്ടം, കീഴാറൂര്‍, പഴയകട മുതലായ സ്ഥലങ്ങളില്‍ നിന്നും ധാരാളം ഹരിജനങ്ങള്‍ ക്രിസ്തുമതാലംബികളായി.

തിരുവിതാംകൂറിലെ അന്നത്തെ നിയമമനുസരിച്ച് പുതിയ ആരാധാനാലയം ആരംഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കണം. സാധാരണഗതിയില്‍ 90 ദിവസത്തിനകം ഉത്തരവ് ലഭിക്കും. അതിനകം ഉത്തരവ് ലഭിച്ചാലും ഇല്ലെങ്കിലും അവിടെ ആരാധന ആരംഭിക്കാം. അപേക്ഷ സമര്‍പ്പിച്ച് 90 ദിവസം കഴിഞ്ഞ ദിവസം തന്നെ വൈദികര്‍ ഷെഡില്‍ ദിവ്യബലിയര്‍പ്പിച്ചു. ഷെഡിനോടുചേര്‍ന്ന് 1918-ല്‍ കര്‍മ്മലമാതാവിന്‍റെ നാമധേയത്തില്‍ നിര്‍മ്മിച്ച കുരിശാകൃതിയിലുള്ളതും മനോഹരവുമായ ദേവാലയം 1919 ഡിസംബര്‍ മാസം 25-ാം തീയതി ആശീര്‍വദിക്കപ്പെട്ടു. റവ. ഫാ. ജോണ്‍ ഡമഷിന്‍ ഒ.സി.ഡി ആയിരുന്നു ആദ്യത്തെ വികാരി. എന്നാല്‍ അധികം താമസിയാതെ ഫാ. ഡമഷിന്‍സ്ഥലം മാറിപ്പോയതിനാല്‍ അദ്ദേഹത്തിന്‍റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന റവ.ഫാ. ഇല്‍ഡഫോണ്‍സ് ഒ.സി.ഡി മരിയപുരം ഇടവകയുടെ ഭരണം ഏറ്റടുത്തു.

ജാതിവ്യവസ്ഥയുടെ പേരില്‍ നാടാര്‍ സമുദായക്കാര്‍ ഹരിജനങ്ങളെ ആറയൂര്‍ പള്ളിയില്‍ കയറ്റാന്‍ വിസമ്മതിച്ചതുകൊണ്ടും ധാരാളം ഹരിജനങ്ങള്‍ ജ്ഞാനസ്നാമം സ്വീകരിച്ചതുകൊണ്ടുനായിരിക്കണം മരിയാപുരം പള്ളി താരതമ്യേന വലുതും മനോഹരവുമായി നിര്‍മ്മിക്കപ്പെട്ടത്. പ്രസ്തുത ദേവാലയത്തിലെ ചാണകം മെഴുകിയ തറയില്‍ താഴ്ന്ന ജാതിക്കാരായ ആളുകള്‍ തങ്ങളുടെ പാലകനായ ദൈവത്തെ ആരാധിക്കുവാനായി ഓടിക്കൂടി. ഉന്നതകുലജാതരുടെ ചൂഷണത്തിനു വിധേയരായിരുന്ന ഹരിജനങ്ങള്‍ ദരിദ്രരായിരുന്നു. അതിനാല്‍ അവരുടെ ഉന്നമനത്തിനായി അധിതം താമസിയാതെതന്നെ പള്ളിയ്ക്കു സമീപം തെക്കുഭാഗത്തായി ഒരു കന്യാകാമഛവും ഒരു തയ്യല്‍ വിദ്യാലയവും ഒരു പ്രൈമറിസ്ക്കൂളും സ്ഥാപിക്കപ്പെട്ടതോടെ മരിയാപുരം ഒരു വൈദീകാസ്ഥാനമായിത്തീര്‍ന്നു. അതോടുകൂടെ ആറയൂരും മരിയാപുരവും ചേര്‍ത്ത് ഒരു പുതിയ പരോക്യല്‍ ഡിസ്ട്രിക്ടും നിലവില്‍ വന്നു.

മറ്റും സ്ഥലങ്ങളിലെന്നപോലെ ജാതിവ്യവസ്ഥയും അയിത്താചാരങ്ങളും ഇവിടെയും നിലവിസിരുന്നതിനാല്‍ കൃഷിപ്പണികളും മറ്റും ചെയ്തിരുന്ന ഹരിജനങ്ങള്‍ക്ക് നായډാരുടെ വീടുകളിലേതുപോലെതന്നെ ഈഴവരുടേയും നാടാന്‍മാരുടേയും വീടുകളില്‍ പാത്രങ്ങളില്‍ ആഹാരമോ വീടിനുള്ളില്‍ പ്രവേശനമോ ഇല്ലായിരുന്നു. മറ്റു ജാതിക്കാരുടെ വിവാഹങ്ങളിസ് സംബന്ധിക്കുവാനും ഹരിജനങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ക്രിസ്തുമതം സ്വീകരിച്ചുവെങ്കിലും എല്ലാമനുഷ്യരും ദൈവത്തിന്‍റെ മക്കളാണെന്നും ജാതി മനുഷ്യനിര്‍മ്മിതമാണെന്നും ജാതിഭേദമന്യേ പെരുമാറണമെന്നുള്ള ചിന്ത വിദ്യാഭ്യാസത്തിന്‍റേയും ക്രൈസ്തവ ചൈതന്യത്തിന്‍റേയും കുറവുമൂലം അന്നത്തെ ആളുകള്‍ക്കില്ലായിരുന്നു. മറ്റു പല രാജ്യങ്ങളിലുമെന്നപോലെ അസ്പൃശ്യത ശക്തമായി നിലവിലിരുന്നതിനാല്‍ തെക്കന്‍തിരുവിതാംകൂറില്‍ പല പള്ളികളും സ്ഥാപിതമായത് ഓരോ സമുദായക്കാര്‍ക്കും പ്രത്യേകം പ്രത്യേകമായിട്ടായിരുന്നു. ആറയൂര്‍ ദേവാലയം നാടാര്‍ സമുദായക്കാര്‍ക്കു മാത്രമുള്ളതാണെന്നു കണക്കാക്കപ്പെട്ടിരുന്നു. മരിയാപുരം പ്ളിയെ ആക്ഷേപാര്‍ത്ഥം 'പുലപ്പള്ളി' എന്ന് നാടാന്മാരും ആറയൂര്‍ പള്ളിയെ 'നാടാപ്പള്ളി' എന്ന് പുലയന്മാരും വിളിച്ചിരുന്നു. പള്ളിയില്‍ പ്രവേശിച്ച് ദിവ്യബലിയില്‍ പങ്കുകൊള്ളുന്നതിന് തടസ്സമൊന്നുമില്ലായിരുന്നു.

അന്നത്തെ ആറയൂര്‍- മരിയാപുരം ഇടവകള്‍ അയിര, വടുവൂര്‍ക്കോണം, ഇടിച്ചക്കപ്ലാമൂട്, ഞാറല്‍ (ധനുവച്ചപുരം), പരശുവയ്ക്കല്‍, ഉദിയന്‍കുളങ്കര, വട്ടവിള,കോടങ്കര, പൂഴിക്കുന്ന്, വെങ്കടമ്പ്, ചാറോട്ടുകോണം മുതലാ സ്ഥലങ്ങളാല്‍ ചുറ്റപ്പെട്ടതായിരുന്നു. എന്നാല്‍ ഇടവകയുടെ ആരംഭകാലത്ത് സമീപപ്രദേശങ്ങളിലുള്ള താഴ്ന്നജാതിക്കാര്‍ക്കുവേണ്ടി കത്തോലിക്കാദേവാലയങ്ങള്‍ ഇല്ലായിരുന്നതിനാല്‍ മേല്‍സൂചിപ്പിച്ച അതിര്‍ത്തികള്‍ക്കുപുറത്ത് മാരായമുട്ടം, മുര്യങ്കര, പാറശ്ശാല, ഉച്ചക്കട, മാവിളക്കടവ്, മുതലായ സ്ഥലങ്ങളില്‍ അംഗങ്ങളും അവരില്‍ നിന്നുള്ള പ്രധാനിമാരും മരിയാപുരം ഇടവകയില്‍ ഉണ്ടായിരുന്നു.

സമീപമുള്ള ക്രിസ്ത്യാനികളായ നാടാര്‍ സമുദായക്കാര്‍ക്ക് ചിലയവസരത്തില്‍ മരിയാപുരം പള്ളിയില്‍ വച്ച് ജ്ഞാനസ്ഥാനം നല്‍കിയിരുന്നെങ്കിലും ആറയൂര്‍ ഇടവകയിലെ അംഗമായി ആറയൂരിനുവേണ്ടിയുള്ള രജിസ്റ്ററിലായിരുന്നു എഴുതിയിരുന്നത്. അക്കാലത്ത് നാടാര്‍ സമുദായത്തിലുള്ള ഒരാള്‍ മരിച്ചാല്‍ ആറയൂര്‍ പള്ളിയോടനുബന്ധിച്ചുള്ള സെമിത്തേരിയിലും ഹരിജനങ്ങളില്‍ ആരെങ്കിലും മരിച്ചാല്‍ മരിയാപുരം പള്ളിയോടനുബന്ധിച്ചുള്ള സെമിത്തേരിയിലും ശവസംസ്കാരം നടത്തിയിരുന്നതായി പറയപ്പെടുന്നു. സാമാന്യം അകലെയുള്ളവരുടെ കല്ലറകള്‍ ഈ പള്ളികളോടനുബന്ധിച്ചുള്ള സെമിത്തേരികളില്‍ കാണുന്നത്.

കുറേകാലത്തിനുശേഷം അയിര, വട്ടവിള, കുന്നംവിള, ഉദിയന്‍കുളങ്ങര, കൊറ്റാമം മുതലായ സ്ഥലങ്ങളില്‍ പുതിയ പള്ളികള്‍ സ്ഥാപിതമായതോടെ ഇചവകയുടെ വിസ്തീര്‍ണ്ണം കുറഞ്ഞു. 1919-നു ശേഷം ആറയൂര്‍-മരിയാപുരം ഇടവകകളുടെ ഭരണസാരഥ്യം വഹിച്ചിരുന്നത് ഒരേ വൈദീകനായിരുന്നതിനാല്‍ ആദ്യത്തെ കുറെക്കാലം രണ്ടിടവകകളുടെയും കണക്കുകള്‍ വെവ്വേറെ എഴുതിയിരുന്നുവെങ്കിലും പിന്നീച് സൗകര്യാര്‍ത്ഥം ഒരുമിച്ചണ് എഴുതിയിരുന്നത്. വൈദീകന്‍റെ താമസം മരിയാപുരത്തായിരുന്നതിനാലും വിശുദ്ധ വാരത്തിലെ ആരാധന അവിടെ നടത്തിയിരുന്നതിനാലും ആറയൂര്‍ ഇടവകയില്‍ നിന്നുള്ള ആളുകളില്‍ ചിലരെങ്കിലും മരിയാപുരം പള്ളിയില്‍ പോയിരുന്നു. കാലക്രമേണ അയിത്തം ഇല്ലാതായി. 1947 ആഗസ്റ്റ് 15- ന് ഇന്ത്യ സ്വാതന്ത്രയായതോടെ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ലഭിച്ചു എന്ന ചിന്ത അതിനുകൂടുതല്‍, സഹായകമായി. ഒടുവില്‍ ബഹുമാനപ്പെട്ട ജറാര്‍ഡച്ചന്‍റെ കാലത്ത്-1950 സെപ്റ്റംബറില്‍- ആറയൂര്‍- മരിയാപുരം ഇടവകളുടെ പ്രദേശങ്ങള്‍ രണ്ടായി വിഭജിക്കപ്പെട്ടു. ആറയൂര്‍ തോടായിരുന്നു അതിര്‍ത്തി-തെക്കുവശം ആറയൂര്‍ ഇടവകയും വടക്കവശം മരിയാപുരം ഇടവകയും. റവ.ഫാ.എസ്. തോമസ് വികാരിയായിരിക്കുമ്പോള്‍ ആറയൂര്‍-മരിയാപുരം ഇടവകകള്‍ യോജിച്ച് ഈസ്റ്ററിനു തൊട്ടുമുമ്പു വരുന്ന ഹോശാന ഞായറാഴ്ച ഉച്ചയ്ക്കുശേഷം നടത്തുവാനാരംഭിച്ച 'കുരിശിന്‍റെ വഴി'ഇടവകാംഗങ്ങളുടെ ഐക്യവും സ്നേഹവും വിളിച്ചോതുന്നതാണ്.

സര്‍ സി.പി. രാമസ്വാമി അയ്യര്‍ തിരുവിതാംകൂറിലെ ദിവാനായിരുന്ന കാലഘട്ടത്തില്‍ ഹിന്ദുമിഷന്‍ സ്ഥാപിതമായതിന്‍റെ ഫലമായി ജ്ഞാനസ്നാനം സ്വീകരിച്ച ഹരിജനങ്ങളില്‍ ഒരു വിഭാഗം തിരികെ ഹിന്ദുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തു. ശേഷിച്ച ഏതാണ്ടെല്ലാവരും തന്നെക്രിസ്തുമതത്തില്‍ തുടരുന്നു. ഇന്ന് മരിയാപുരം ഇടവാകാംഗങ്ങളില്‍ ഭൂരിപക്ഷവും നാടാര്‍ സമുദായക്കാരണ്. ഈ രണ്ടു സമുദായങ്ങളിലുംപെടാതെ ഈഴവര്‍, ക്ഷൂരകര്‍ എന്നീ സമുദായങ്ങളിലുള്ള ഏതാനും കുടുംബക്കാരും ഇടവകാംഗങ്ങളായുണ്ടായിരുന്നു.

കടപ്പാട് : "നെയ്യാറ്റിന്‍കര - ലത്തീന്‍ രൂപത - ചരിത്രവും സംസ്കാരവും" എന്ന ചരിത്ര ഗ്രന്ഥം. (ചീഫ് എഡിറ്റര്‍: ശ്രീ. പി. ദേവദാസ്)
View Count: 3605.
HomeContact UsSite MapLoginAdmin |
Login