മരിയാപുരം സെന്റ് മേരീസ് കോൺവെൻറ് ചരിത്രം
Mount Carmel Church Mariapuram

മരിയാപുരം, സെന്‍റ് മേരീസ് കോണ്‍വെന്‍റിന്‍റെ ചരിത്രം

മദര്‍ മേരി ലൂയിസ് ഡെമിസ്റ്റര്‍
മദര്‍ മേരി ലൂയിസ് ഡെമിസ്റ്റര്‍
Sister Maria Cools

19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ മുളകുമൂട് തെക്കന്‍ തിരുവിതാംകൂറിലെ ഒരു മികച്ച മിഷന്‍ കേന്ദ്രമായി മാറിക്കഴിഞ്ഞു. മദര്‍ മേരി ലൂയിസ് ഡെമിസ്റ്റര്‍ എന്ന ബല്‍ജിയം മിഷനറി 1897-ല്‍ മുളകുമൂടില്‍ മിഷനറി കനോനസസ് ഓഫ് സെന്‍റ് അഗസ്റ്റിന്‍ എന്ന പേരില്‍ ഒരു കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചു. 1911 ജൂണ്‍ മാസം 7-ാം തീയതി റോം ഇതിനെ പൊന്തിഫിക്കല്‍ പദവിയുള്ള ഒരു കോണ്‍ഗ്രിഗേഷന്‍ ആക്കി മാറ്റി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം 1963- പ്രസ്തുത കോണ്‍ഗ്രിഗേഷന്‍ ഐ.സി.എം. സന്യാസിനി സമൂഹമായി നാമകരണം ചെയ്യപ്പെട്ടു. പ്രസ്തുത കോണ്‍ഗ്രിഗേഷന്‍ പിന്നീട് 12 രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചു. തെക്കേ ഇന്ത്യയില്‍ കന്യാകുമാരി, പള്ളിയാടി, കുലശേഖരം, നാഗര്‍കോവില്‍, തിരുവനന്തപുരം, തിരുച്ചി എന്നു വിളിക്കുന്ന തിരുച്ചിറപ്പള്ളി, ഡിണ്ടിഗല്‍, കൊടൈക്കനാല്‍, പാളയംകോട്ട, മുതലായ സ്ഥലങ്ങളിലും വടക്കേ ഇന്ത്യയിലെ ചില സ്ഥലങ്ങളിലും അതിന്‍റെ ശാഖകളുണ്ട്.

മദര്‍ മേരി ലൂയിസ് ഡെമിസ്റ്റര്‍ എന്ന ബല്‍ജിയം മിഷനറിയാണ് മരിയാപുരത്ത് 1918-ല്‍ കോണ്‍വെന്‍റ് സ്ഥാപിച്ചത്. എതാണ്ട് അഞ്ചേക്കറോളം വിസ്തീര്‍ണ്ണം വരുന്ന സ്ഥലത്താണ് ഇന്ന് കോണ്‍വെന്‍റ് സ്ഥിതിചെയ്യുന്നത്. കോണ്‍വെന്‍റ് സ്ഥിതി ചെയ്യുന്ന സ്ഥലവും തൊട്ടടുത്ത മരിയാപുരം പള്ളിപ്പുരയിടവും തമ്മില്‍ ഭൂമിശാസ്ത്രപരമായി വേര്‍തിരിക്കുന്നത് മരിയാപുരം-കോടങ്കര റോഡാണ്.

സിസ്റര്‍ ഏലിയാമ്മ

സി. അല്‍ഫോന്‍സിന്‍, സി. ബര്‍ണഡെറ്റ്, സി. അമാന്‍ഡ എന്നീ ബല്‍ജിയം സ്വദേശിനികളായ കന്യാസ്ത്രീകള്‍ സുവിശേഷ വെളിച്ചത്താല്‍ പ്രചോദിതരായി ഇന്നത്തെ കോണ്‍വെന്‍റിന്‍റെ പടിഞ്ഞാറേ ഗേറ്റിനു സമീപമുണ്ടായിരുന്ന ഒരു കൊച്ചുവീട്ടില്‍ 1918-ല്‍ താമസമാരംഭിച്ചു. അധികം താമസിയാതെ ഇന്നു കാണുന്ന കോണ്‍വെന്‍റ് കെട്ടിടം പണി കഴിക്കപ്പെട്ടു.

പൊതുവെ ദരിദ്രരായിരുന്ന ഏതാണ്ട് അമ്പതോളം പെണ്‍കുട്ടികളെ തയ്യല്‍ പഠിപ്പിക്കുവാന്‍ ഈ കന്യാസ്ത്രീകള്‍ക്കു കഴിഞ്ഞു. വിവിധതരം തുന്നല്‍പ്പണികള്‍ പഠിപ്പിച്ചിരുന്ന ഈ കോണ്‍വെന്‍റ് ഇന്നാട്ടിലെ തൊഴില്‍ രഹിതരായിരുന്ന ധാരാളം വനിതകള്‍ക്ക് ഒരാശാകേന്ദ്രമായിത്തീര്‍ന്നു. തങ്ങളുടെ പ്രയത്നംമൂലം ചെറിയ വരുമാനമുണ്ടാക്കുവാനും അതുപയോഗിച്ച് ജീവിതം മെച്ചപ്പെടുത്തുവാനും കഴിഞ്ഞ അവര്‍ക്ക് സമൂഹത്തിന്‍റെ വളര്‍ച്ചയിലുള്ള പങ്ക് എന്താണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തു. അതോടൊപ്പംതന്നെ തയ്യല്‍ പഠിപ്പിക്കാന്‍ വന്നിരുന്ന കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കുകയും ചെയ്തിരുന്നു. സാങ്കേതികവിദ്യ പകര്‍ന്നു നല്കുന്നതോടൊപ്പം ഭവനങ്ങള്‍ സന്ദര്‍ശിക്കുവാനും സുവിശേഷം വിളമ്പുവാനും അവര്‍ മറന്നില്ല. വൈദ്യസഹായം ലഭ്യമല്ലാതിരുന്ന സ്ഥലങ്ങളില്‍ ആളുകള്‍ക് മരുന്നുകള്‍ നല്കുന്നതിനും അവരെ ശുശ്രൂഷിക്കുന്നതിനും അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

മരിയാപുരം കോണ്‍വെന്‍റ്

1920-ല്‍ പ്രസ്തുത കോണ്‍വെന്‍റിന്‍റെ മേല്‍നോട്ടത്തില്‍ ഒരു പ്രൈമറിസ്ക്കൂളും ആരംഭിച്ചു. ആദ്യകാലത്ത് രാവിയെ മുതല്‍ ഉച്ചവരെ 4-ാം ക്ലാസ്സുവരെയുള്ള സ്ക്കൂളും ഉച്ചയ്ക്കുശേഷം തയ്യലും പഠിപ്പിച്ചിരുന്നു. 1926-ല്‍ സ്കൂളും തയ്യല്‍ക്ലാസ്സും വെവ്വേറെയാക്കി. എന്നാല്‍ കുറെക്കാലത്തിനുശേഷം ചില സാങ്കേതികകാരണങ്ങളാല്‍ അംഗീകാരം സര്‍ക്കാര്‍ പിന്‍വലിക്കുകയും അദ്ധ്യാപകര്‍ക്ക് ശമ്പളം നല്‍കാതിരിക്കുകയും ചെയ്തുവെങ്കിലും സ്ക്കൂളിന്‍റെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ കന്യാസ്ത്രീകള്‍ കൂട്ടാക്കിയില്ല. 1962 ജൂണ്‍ 4-ാം തീയതി സര്‍ക്കാര്‍ അംഗീകാരത്തോടെ സ്ക്കൂള്‍ വീണ്ടും ആരംഭിച്ചു. പ്രസ്തുത സ്ക്കൂളിലെ അദ്ധ്യാപികയായിരുന്ന ശ്രീമതി. ബൊണിഫാസിന്‍റെ പരിശ്രമഫലമായി ഗ്രാന്‍റും ലഭിച്ചു.

സേവനത്തിന്‍റെ ആവശ്യം വര്‍ദ്ധിച്ചതോടെ ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്ന വിദേശീയരായ കന്യാസ്ത്രീകള്‍ക്കു പുറമേ സ്വദേശിയരായ കന്യീസ്ത്രീകളും ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങി. അതോടെ തയ്യല്‍ക്ലാസ്സുകളുടെയും കുട്ടികളടെയും എണ്ണം വര്‍ദ്ധിച്ചു. പ്രവര്‍ത്തനങ്ങള്‍ വിപുലമായതോടെ ശരാശരി ആറു കന്യീസ്ത്രീകളെങ്കിലും ഒരേ സമയം ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കന്യാസ്ത്രീകളില്‍ പേരെടുത്തു പറയത്തക്കവരാണ് മദര്‍ മേരി എഞ്ചല്‍, മദര്‍ മേരി അല്‍ഫോണ്‍സിന്‍മദര്‍ മേരി ബിയാട്രിസ്, മദര്‍ മേരി സൊസ്റ്റീന, മദര്‍ മേരി കോര്‍ഡൂല, മദര്‍ മേരി ലുഡ്വിന, മദര്‍ മേരി മൂട്ടൊണ്‍, സിസ്റ്റര്‍ മേരി ആന്‍, സിസ്റ്റര്‍ ട്രീസ നെല്ലിശ്ശേരി, മദര്‍ മേരി മറിയാമ്മ, സിസ്റ്റര്‍ ലീനോ മുതലായവര്‍. ആദ്യത്തതെ സ്വദേശിനിയായ കന്യാസ്ത്രീയായി ഇവിടെ പ്രവര്‍ത്തിച്ചിരുന്ന റവ.സി. ക്ലാരെന്‍സ് 1988 മേയ് 14-ന് അന്തരിച്ചു. ഇവിടെ സേവനമനുഷ്ഠിച്ചിരുന്ന റവ.സി. ഏലിയാമ്മ 1989 ഏപ്രില്‍ 5-ന് മുളകുമൂട് കോണ്‍വെന്‍റില്‍ വച്ച് നിര്യാതയായി. ബല്‍ജിയം സ്വദേശിനിയും ആറയൂരിന്‍റെ പ്രത്യേക മിഷനറിയുമായിരുന്ന സി. മരിയ സെലസ്റ്റീന ഏതാണ്ട് നാല്പതുവര്‍ഷത്തോളം ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. സിയ മരിയ ഫ്ളോറന്‍സും ആറയൂരിലെ പ്രത്യേക മിഷനറിയായി പ്രവര്‍ത്തിച്ചിരുന്നു. സി. മരിയ സെലസ്റ്റാ നാല്പതു വര്‍ഷത്തോളം ഈ കോണ്‍വെന്‍റില്‍ പ്രവര്‍ത്തിച്ചിരുന്നു.

സേവന സന്നദ്ധതയുള്ള വിവാഹിതരും അവിവാഹിതരുമായ ധാരാളം മഹതികള്‍ പല സന്ദര്‍ഭങ്ങളിലായി മരിയാപുരം കോണ്‍വെന്‍റിനോടനുബന്ധിച്ച് പ്രവര്‍ച്ചിട്ടുണ്ട്. അന്‍പതുവര്‍ഷത്തിലധികം കോണ്‍വെന്‍റിനോടനുബന്ധിച്ചു പ്രവര്‍ത്തിച്ചിരുന്നു ശ്രീമത് സിസിലിടീച്ചര്‍. മരിയാപുരം സ്വദേശിനിയും അവിവാഹിതരുമായിരുന്ന ശ്രീമതി അരുളമ്മ പള്ളിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തയ്യല്‍ ജോലിയിലും വ്യാപൃതയായിരുന്നു. 1981 ആഗസ്റ്റ് മാസം നാലാം തീയതി ഇഹലോകവാസംവെടിഞ്ഞ അവര്‍ മരിയാപുരം പള്ളിയോടനുബന്ധിച്ചുള്ള സെമിത്തേരിയില്‍ അന്ത്യവിശ്രനം കൊള്ളുന്നു. തയ്യല്‍ ക്സാസ്സിലും പള്ളിക്കാര്യങ്ങളിലും പ്രത്യേകം ശ്രദ്ധിക്കുന്ന മുളകുമൂട് സ്വദേശിനിയായ ശ്രീമതി മരിയനേശം തന്‍റെ പ്രവര്‍ത്തനം തുടരുന്നു.

ആറയൂര്‍-മരിയാപുരം ഇടവകളുടെ വളര്‍ച്ചയില്‍, പ്രത്യേകിച്ച് സ്ത്രീകളുടെ വളര്‍ച്ചയില്‍, ഒരു നൂതന അദ്ധ്യായം തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞ സ്ഥാപനമാണ് മരിയാപുരം സെന്‍റ് മേരീസ് കോണ്‍വെന്‍റ്. ഒരു മിഷന്‍ പ്രദേശമായിരുന്ന ഈ സ്ഥലത്ത് സുവിശേഷസന്ദേശമെത്തിക്കുന്നതിനും ബഹുമുഖവളര്‍ച്ചയ്ക്ക് വഴിതെളിക്കുന്നതിനും ഇവിടെ പ്രവര്‍ത്തിച്ചിട്ടുള്ള വിദേശിയരും സ്വദേശീയരുമായ കന്യാസ്ത്രീകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ ഇടവകകളില്‍ മതപഠനം ആരംഭിക്കുന്നതിലും കൗദാശികമായ ഒരുക്കങ്ങളില്‍ സഹായിക്കുന്നതിലും എന്നു വേണ്ട ഇടവകകളുമായി ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലും അവര്‍ സഹകരിച്ചിട്ടുണ്ട്.

കടപ്പാട് : "നെയ്യാറ്റിന്‍കര - ലത്തീന്‍ രൂപത - ചരിത്രവും സംസ്കാരവും" എന്ന ചരിത്ര ഗ്രന്ഥം. (ചീഫ് എഡിറ്റര്‍: ശ്രീ. പി. ദേവദാസ്)
View Count: 5207.
HomeContact UsSite MapLoginAdmin |
Login