അധ:കൃതരായി കഴിഞ്ഞിരുന്ന നമ്മുടെ പൂര്‍വ്വീകരുടെ സാമൂഹിക അവസ്ഥ
ഇന്നത്തേതില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു സാമൂഹ്യവ്യവസ്ഥിതിയായിരുന്നു ഏതാണ്ട് ഒരു നൂറ്റാണ്ടിനുമുമ്പ് ഇന്നാട്ടില്‍ നിലവിലിരുന്നത്. ഈ പ്രദേശത്തെ ആളുകള്‍ കഠിനാദ്ധ്വാനികളായിരുന്നെങ്കിലും കൃഷി ചെയ്യാനാവശ്യമായ ഭൂമി സ്വന്തമായി ഇല്ലാത്തവരായിരുന്നു അധികംപേരും. പൊതുവെ ദരിദ്രരായിരുന്ന അവരില്‍ ബഹുഭൂരിപക്ഷവും ഹിന്ദുക്കളായിരുന്നു; അക്ഷരാഭ്യാസമില്ലാത്തവരും, തമിഴ്നാടിനോടടുത്ത പ്രദേശമായതിനാല്‍ അസംസ്കൃതമായ തമിഴ്-മലയാള ഭാഷയാണ് ആശയ വിനിമയത്തിന് ഉപയോഗിച്ചിരുന്നത്. ഓലമേഞ്ഞതും മണ്‍ചുവരുകളോടുകൂടിയതുമായ കൊച്ചുവീടുകളിലാണ് അവര്‍ താമസിച്ചിരുന്നത്. ഇന്നാട്ടിലുണ്ടായിരുന്ന ഒട്ടുമിക്ക തൊഴിലുകളും അവര്‍ക്കറിയാമായിരുന്നു. വയലുകള്‍ ഉഴുതുമറിക്കുവാനും വിളകള്‍ കൊയ്തു മെതിക്കാനും അവര്‍ക്ക് കഴിയുമായിരുന്നു. വിവിധ തൊഴിലുകള്‍ ചെയ്ത് ഉപജീവനം കഴിച്ചിരുന്ന അവര്‍ തങ്ങളുടെ ദൈനംദിനജീവിതത്തില്‍ സന്തോഷം കണ്ടെത്തിയിരുന്നു. അമിതമായ ആഗ്രഹങ്ങളോ ലൗകാധികാരങ്ങള്‍ക്കും മഹത്വത്തിനും വേണ്ടിയുള്ള മല്‍പ്പിടിത്തമോ അവര്‍ക്കുണ്ടായിരുന്നുല്ല. ജീവിതത്തിന്‍റെ വിവിധതുറകളില്‍ തങ്ങളുടെ പ്രാഗത്ഭ്യം പ്രകടമാക്കാന്‍ കഴിയുമായിരുന്ന പലരും അക്കൂട്ടത്തിലുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ തലമുറകള്‍ കൈമാറിയ അറിവിന്‍റെ ശേഖരത്തിലേയ്ക്കുള്ള വാതില്‍ അവര്‍ക്കുമുന്നില്‍ അടഞ്ഞുകിടന്നു. കടുത്ത ദാരിദ്ര്യം അവരുടെ അഭിലാഷങ്ങളെ തകിടം മറിച്ചു. ആരാലും ശ്രദ്ധിക്കപ്പെടാതെ ആഴിയുടെ ആഗാധയില്‍ കിടക്കുന്ന മുത്തുകള്‍പോലെയും മരുഭൂമിയില്‍ വിടര്‍ന്നു പരിമളം പരത്തുന്ന പുഷ്പങ്ങള്‍ പോലെയും അവര്‍ കഴിഞ്ഞുകൂടി. തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം അവര്‍ക്കു ലഭിച്ചില്ല; അവരെ പ്രോത്സാഹിപ്പിക്കാന്‍ ആരുമുണ്ടായിരുന്നുമില്ല. അങ്ങനെ പകലന്തിയോളം പണിയെടുത്ത് ജീവിതസുഖമെന്തെന്നറിയാതെ അവര്‍ തങ്ങളുടെ ജീവിതകാലം കഴിച്ചുകൂട്ടി.
ഇന്നാട്ടില്‍ ഭൂരിപക്ഷം വരുന്ന നാടാര്‍ സമുദായത്തിന്‍റെ പ്രധാനതൊഴില്‍ പനകയറ്റമായിരുന്നു. മിക്കവര്‍ക്കും പന സ്വന്തമായി ഇല്ലാതിരുന്നതിനാല്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മാത്രമേ കരുപ്പകട്ടി (പനഞ്ചക്കര) ഉണ്ടാക്കുവാനുള്ള അക്കാനി സ്വന്തമാക്കാന്‍ അവകാശമുണ്ടായിരുന്നുള്ളൂ. അതായിരുന്നു പനകയറ്റു തൊഴിലാളികള്‍ക്കു കിട്ടിയിരുന്ന കൂലി. മറ്റു ചിലരാകട്ടെ ജന്മിമാര്‍ക്ക് ഭീമമായ സംഖ്യ കൊടുത്ത് പന പാട്ടമായി എടുത്തിരുന്നു. അക്കാനി കാച്ചിക്കുറുക്കി കരുപ്പകട്ടി(പനഞ്ചക്കര)യുണ്ടാക്കുന്നതിന് ധാരാളം വിറക് ആവശ്യമായിരുന്നതിനാല്‍ ഈ തൊഴിലില്‍ നിന്നും കാര്യമായ ലാഭവും കിട്ടിയിരുന്നില്ല. ഈ തൊഴില്‍ ചെയ്തിരുന്നവര്‍ക്ക് അതിനുവേണ്ടി ധാരാളം സമയം ചെലവഴിക്കേണ്ടി വന്നിരുന്നതിനാല്‍ കുടുംബത്തിന്‍റെ മറ്റു കാര്യങ്ങളില്‍ കാര്യമായി ശ്രദ്ധിക്കാനോ കുട്ടികളെ ശരിയായ രീതിയില്‍ വളര്‍ത്താനോ അമ്മമാര്‍ക്കും സാധിച്ചിരുന്നില്ല. വര്‍ഷത്തില്‍ ഉദ്ദേശം ആറുമാസക്കാലം മാത്രമേ അക്കാനി കിട്ടിയിരുന്നുള്ളൂ. തല്‍ഫലമായി അടുത്ത ആറുമാസക്കാലം പനകയറ്റുതൊഴിലാളികള്‍ തൊഴിലിസ്സാതെ വലഞ്ഞിരുന്നു. ഈ കാലമത്രയും കുടുംബം പുലര്‍ത്തുന്നതിന് കുടുംബനാഥന് അനുഭവിക്കേണ്ടി വന്നിരുന്ന ക്ലേശങ്ങള്‍ കുറച്ചൊന്നുമല്ല."പനകയറ്റു തൊഴിലാളിയും മത്സ്യബന്ധനത്തൊഴിലാളിയും തിരിച്ചു വന്നാല്‍ ഭാഗ്യം" എന്ന ചൊല്ല് ഇന്നും കേള്‍ക്കാറുണ്ട്. രാവിലെയും വൈകുന്നേരവും പനയുടെ മുകളില്‍ (മണ്ടയില്‍)കയറി വെയിലും മഴയും മഞ്ഞുമൊന്നും വകവയ്ക്കാതെ ചെയ്യേണ്ടുന്ന പ്രസ്തുത തൊഴില്‍ വളരെ അപകടം നിറഞ്ഞതാണ്. പനയില്‍ നിന്നും വഴുത് വീണ് തൊഴിലാളികളക്ക് മരണം സംഭവിക്കുന്നതും സാരമായ പരുക്കുപറ്റുന്നതും സാധാരണയാണ്. മഴക്കാലത്താണ് അപകടങ്ങള്‍ അധികമുണ്ടാകുന്നത്. ഇങ്ങനെ ബുദ്ധിമുട്ടുള്ളതും കാര്യമായി വരുമാനമില്ലാത്തതുമായ ഈ തൊഴില്‍ ചെയ്യുവാന്‍ നാടാര്‍ സമുദായത്തിലുള്ള ഇളംതലംമുറ തയ്യാറായില്ല. ജീവനെപ്പോലും തൃണവല്‍ഗണിച്ചുകൊണ്ട് പനയുടെ മുകളില്‍ കയറി ഈ തൊഴില്‍ ചെയ്യുന്നവര്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനം കിട്ടുന്നില്ലായെന്നതും മറ്റൊരു കാരണമാണ്.
ജന്മിമാരില്‍നിന്നും സ്ഥലം പാട്ടമെടുത്ത് മരച്ചീനി, വാഴ, നെല്ല് മുതലായ കൃഷി ചെയ്തിരുന്നവരുടെയും സ്ഥിതി മറിച്ചായിരുന്നില്ല. കൂനിന്‍മേല്‍ കുരു എന്ന പോലെ കുടുംബത്തിലെ അംഗസംഖ്യ ഇന്നത്തേതിനേക്കാള്‍ വളരെ കൂടുതലുമായിരുന്നു. കിട്ടാവുന്നത്രപണം കടം വാങ്ങുകയും ഈ തുകയ്ക്ക് പലിശയും അതിന്‍മേല്‍ പലിശയും കൊടുക്കേണ്ടതായും വന്നിരുന്നു. അന്ധവിശ്വാസങ്ങള്‍ മറ്റുസ്ഥലങ്ങളിലേതുപോലെ ഇവിടെയുമുണ്ടായിരുന്നു. കഷ്ടതകളും രോഗങ്ങളുമുണ്ടാകുമ്പോള്‍ ദേവതകളെ പ്രസാദിപ്പിക്കാനായി മന്ത്രവാദങ്ങള്‍ നടത്തുകയും മൃഗങ്ങളെ ബലിയര്‍പ്പിക്കുകയും ചെയ്ത് ധാരാളം പണം ദുര്‍വ്യായം ചെയ്തിരുന്നു. ഇങ്ങനെ മിക്കപ്പോഴും മുഴിപട്ടിണിയായും അര്‍ദ്ധപട്ടിണിയായും കഴിയേണ്ടിവന്നിരുന്നതിനാല്‍ കുടുംബാംഗങ്ങളുടെ ആരോഗ്യനില മോശമായിത്തീര്‍ന്നിരുന്നു. ഇന്നത്തേതുപോലെ ആശൂപത്രികളോ ചികിത്സാസമ്പ്രദായങ്ങളോ ഇല്ലായിരുന്നതിനാല്‍ പകര്‍ച്ചാവ്യാധികള്‍ മൂലം ധാരാളം പേര്‍ മരണമടഞ്ഞിരുന്നു. 1929-ല്‍ (കൊ.വ.1104)ഭയാനകമായ കോളറരോഗം ബാധിച്ച് ഈ പ്രദേശത്തുള്ള ധാരാളമാളുകള്‍ മരണമടഞ്ഞു.
ജാതിവ്യവസ്ഥ രൂക്ഷമായിരുന്നതിനാല്‍ മറ്റു സമുദായങ്ങളുമായി കാര്യമായി ബന്ധപ്പെടാന്‍ സാധിക്കാത്തതുമൂലം സാമൂഹ്യവളര്‍ച്ച മുരടിച്ചിരുന്നു. അന്യജാതിയില്‍പ്പെട്ടവരുമായി ചെറിയതോതില്‍ സമ്പര്‍ക്കമുണ്ടായിരുന്നുവെങ്കിലും കാര്യമായ സൗഹൃദബന്ധം ഇല്ലായിരുന്നു. ഹരിജനങ്ങളില്‍ നിന്ന് അല്പംകൂടെ ഉയര്‍ന്നവരായി നാടാര്‍സമുദായക്കാരെയും ഈഴവസമുദായക്കാരെയും കണക്കാക്കിയിരുന്നുവെന്നുമാത്രം. ഹരിജനങ്ങള്‍ക്ക് പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവരോടൊപ്പം പോകാനോ അവരുമായി സമ്പര്‍ക്കം പുലര്‍ത്താനോ അനുവാദമുണ്ടായിരുന്നില്ല. ചായക്കടകളില്‍ അവര്‍ക്കുവേണ്ടു ഒഴിച്ചിട്ടിരുന്നത് തൊഴുത്തുകളായിരുന്നു; ചായകുടിക്കാന്‍ ചിരട്ടകളും. മേല്‍ജാതിക്കാരുടെ പാടങ്ങളില്‍ പണിയെടുക്കുവാനും പ്രതിഫലമായി ചെറിയൊരംശം സ്വീകരിക്കുവാനും മാത്രമേ അവര്‍ക്ക് സാധിച്ചിരുന്നുള്ളൂ. പാടത്തിന്‍റെ വരമ്പത്തോ ഏമാന്‍റെ വീടിന്‍റെ മുറ്റത്തിനുമപ്പുറത്തുള്ള മതില്‍ക്കെട്ടിനു വെളിയിലോ വച്ചുകിട്ടുന്ന കഞ്ഞികുടിച്ച് അവര്‍ തൃപ്തിപ്പെടണമായിരുന്നു. നല്ല വീടുകളോ വസ്ത്രങ്ങളോ ആഭരണങ്ങളോ ഉപയോഗിക്കാനും അനുവാദമുണ്ടായിരുന്നില്ല. തിരുവായ്ക്കെതിര്‍വായുരിയാടിയാല്‍ ഏമാന്‍റെ പറമ്പിന്‍റെ മൂലയ്ക്കിരിക്കുന്ന കുടിലിനുള്ളില്‍ പിന്നെ കടക്കേണ്ടിവരികയില്ല. അങ്ങനെ ജീവിതമെന്തെന്ന് അറിയാന്‍ അവസരം ലഭിക്കാത്ത പാവങ്ങളായി മാത്രം അവര്‍ക്ക് കഴിയേണ്ടിവന്നിരുന്നു. പില്‍ക്കാലത്ത് ഹരിജനസേവാസംഘത്തിന്‍റെയും ശ്രീ.അയ്യന്‍കാളിയുടെയപം അതുപോലുള്ള സാമൂഹ്യപ്രവര്‍ത്തകരുടെയും ശ്രമഫലമായി ഹരിജനങ്ങളുടെ സ്ഥിതിയ്ക്കു മാറ്റംവന്നു. എങ്കിലും സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമാണ് ഹരിജനങ്ങളുടെ പുരോഗതിയ്ക്കുതകുന്ന പലപ്രസ്ഥാനങ്ങളും നിലവില്‍ വന്നത്.
ദരിദ്രരായ ആളുകള്‍ ഭൂമി സ്വന്തമായുണ്ടായിരുന്ന 'ഏമാന്മാ'രുടെ ദയ പ്രതീക്ഷിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ സ്വാധീനമുള്ള പലര്‍ക്കും സര്‍ക്കാര്‍ ഭൂമി (പുതുവല്‍) പതിച്ചുകിട്ടിയിരുന്നു. 1925-ല്‍ നിലവില്‍വന്ന നായര്‍ റഗുലേഷന്‍ ആക്ടനുസരിച്ച് ആളോഹരിവിഹിതം നടപ്പില്‍വന്നതുനിമിത്തം അനന്തരാവകാശികള്‍ക്കു കിട്ടിയ കൃഷിഭൂമികള്‍ വില്‍ക്കുകയും മരുമക്കത്തായതറവാട്ടിലെ പല അംഗങ്ങളും ദരിദ്രരായിത്തീരുകയും ചെയ്തു. സമ്പന്നരായിരുന്നവരുടെ ധൂര്‍ത്തും അദ്ധ്വാനിക്കാനുള്ള വൈമനസ്യവുംമൂലം കാലക്രമേണ ഭൂമി നഷ്ടപ്പെടുകയും സാമ്പത്തികമായി മറ്റുസമുദായങ്ങളില്‍പ്പെട്ട സധാരണക്കാരോടൊപ്പം എണ്ണപ്പെടുകയും ചെയ്തു. ഇന്നട്ടില്‍ ഒരു കാലത്ത് സുലഭമായിരുന്നു പന, പ്ലാവ്, ആഞ്ഞില്‍, ചണ, പുന്ന, പൂവണം മുതലായ വൃക്ഷങ്ങളും പലതരം മരുന്നു ചെടികളും ഈ പ്രദേശത്തുനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. നെയ്യാര്‍ ഡാമില്‍നിന്നുള്ള ജലം ലഭിച്ചു തുടങ്ങിയതോടെ മരച്ചീനി മാത്രം കൃഷിചെയ്തിരുന്ന പല സ്ഥലങ്ങളിലും രാസവളങ്ങളും ആധുനിക കൃഷിരീതികളുപയോഗിച്ച് പലതരത്തിലുള്ള പുതിയ കാര്‍ഷികവിളകളുണ്ടാക്കുന്നു.
റവ.ഫാ. ഡമഷിന്‍റെ പ്രവര്‍ത്തനം
മേല്‍പ്പറഞ്ഞതരത്തിലുള്ള പ്രത്യേക സാമൂഹ്യസ്ഥിതി നിലവിലിരുന്ന കാലത്താണ് സുവിശേഷ സന്ദേശവുമായി സേവനതല്പരനായ ഫാ. ജോണ്‍ ഡമഷിന്‍ ഇവിടെ കടന്നു വന്നതും തന്‍റെ പ്രവര്‍ത്തനമാരംഭിച്ചതും. എല്ലാ സമുദായങ്ങളിലുമുള്ള അശരണരായ പാവങ്ങള്‍ക്ക് അദ്ദേഹം ഒരത്താണിയായിത്തീര്‍ന്നു. തീര്‍ത്തും വൈദ്യസഹായം ലഭ്യമല്ലാതിരുന്ന ഈ പ്രദേശത്തിലുള്ള ആളുകള്‍ക്ക് മരുന്നുകള്‍ നല്‍കി ശുശ്രൂഷിക്കുന്നതില്‍ അദ്ദേഹം വൈമനസ്യം കാണിച്ചില്ല. ഇന്നാട്ടിലെ 'കരുത്ത'രായ ആളുകളുടെ പീഡനമനുഭവിച്ചിരുന്നവരും ഒരു നേരം പോലും ആഹാരം കഴിക്കാന്‍ സാധിക്കാത്തവരുമായ പാവങ്ങളെ അദ്ദേഹം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തു. സ്വദേശികളായിരുന്ന ഉന്നതകുലജാതര്‍ കടന്നുചെല്ലാന്‍ മടികാണിച്ചിരുന്ന അവരുടെ വീടുകളില്‍ സന്തോഷപൂര്‍വ്വം കടന്നുചെല്ലാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അവരില്‍നിന്നും അക്കാനി വാങ്ങിക്കുടിക്കുവാനും അദ്ദേഹം മറന്നില്ല. ആരാലും സ്നേഹിക്കപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യാത്ത ഇന്നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ തങ്ങളോടു ഹൃദ്യമായി ചിരിക്കുകയും തങ്ങളുടെ സുഖദുഃഖങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്ന 'വലിയ മനുഷ്യനെ' ആദ്യമായിക്കണ്ടു. അന്ന് ബ്രിട്ടീഷ് ഭരണമായിരുന്നതിനാല്‍ അധികാരികളുമായി നല്ലബന്ധം പുലര്‍ത്തുവാനും ഒരു പരിധിവരെ സാധാരണക്കാരെ സഹായിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇന്നാട്ടിലെ കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ എത്തിച്ചേര്‍ന്ന മറുനാട്ടുകാരനായ ഫാ. ഡമഷിനില്‍ ഈശ്വരന്‍റെ യഥാര്‍ത്ഥ പ്രതിപുരുഷനെ അവര്‍ കാണുകയും അദ്ദേഹത്തില്‍ ആകൃഷ്ടരാവുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തെ ശ്രവിക്കുവാനും അദ്ദേഹത്തില്‍ നിന്നും ജ്ഞാനം സ്വീകരിക്കുവാനും ഇന്നാട്ടിലെ ജനങ്ങള്‍ക്കിടവരികയും ചെയ്തു.
View Count: 985.
|