മുഖച്ഛായ
Regina Noronha
"എനിക്ക് ദൈവത്തിലുള്ള വിശ്വാസം ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്."സ്നേഹം കൊണ്ട് വാര്‍ത്തെടുത്ത ഹൃദയമുള്ള ഒരാളുടെ നാവില്‍ തികട്ടിവന്ന ധര്‍മ്മ രോഷം പുരണ്ട പരിഭവം..
"സ്നേഹം തന്നെയായ ഒരു ദൈവമുണ്ടെങ്കില്‍ എന്തുകൊണ്ട് ഒരു ലക്ഷം നിരപരാധികളെ ഒരു സുനാമിയില്‍ ഈ ഭൂമിയില്‍ നിന്നും തുടച്ചു നീക്കി?"
എല്ലാമാസവും ഗുരുവായൂരപ്പനെ മുടങ്ങാതെ ദര്‍ശിച്ചു വണങ്ങിയ, മാസ ശമ്പളത്തിന്‍റെ മുക്കാല്‍ പങ്കും തന്‍റെ വിദ്യാര്‍ത്ഥി കളിലെ നിര്‍ധനര്‍ക്ക് പുസ്തകങ്ങളും ഉടുപ്പുകളും ആയി പകുത്തു നല്‍കിയ, മാതൃകാ അദ്ധ്യാപകനായ ഒരു പിതാവ് ജീവിത സായാഹ്നത്തില്‍ രോഗാതുരതയാല്‍ അവയവ ഛ്രേദിതനായി ശയ്യാവലംബിയായപ്പോള്‍ ദൈവത്തോട് മൌന പ്രതിഷേധത്തിലായി, സത്യസന്ധത വ്രതവും സേവനം ധ്യാനവുമാക്കിയ മകന്‍ ...!!!
പൂത്തുമ്പി യെപ്പോലെ പാറി നടന്ന തന്‍റെ അരുമ മകള്‍ക്ക്, രാത്രിയുടെ ഭീകരതയ്ക്ക് മറവില്‍, ആ റെയില്‍വേ ട്രാക്കില്‍, മാനമോ ജീവനോ,ഏതാദ്യം നഷ്ടപെട്ടു എന്നറിയാതെ മാനുഷ്യകത്തിന്‍റെ കൊടും ക്രൂരതയ്ക്കു മുന്നില്‍ കണ്ണീര്‍ ചോദ്യമാകുന്ന ഒരമ്മ ...!!
നിരപരാധികളുടെ സഹനങ്ങള്‍ അവര്‍ക്കു മാത്രമല്ല , അവരെ സഹായിക്കുന്നതിലൂടെ മറ്റു പലര്‍ക്കും നന്മയ്ക്ക് കാരണമാകാം . ജെറുസലേം പുത്രിമാരെക്കാള്‍ അനുഗ്രഹം ലഭിച്ചത് വേറൊനിക്കക്ക് ആണെന്ന് ഞാന്‍ കരുതുന്നു. കാരണം അവളുടെ സ്നേഹം വെറും സഹതാപമായിരുന്നില്ല ധീരമായ പ്രവൃത്തിയായിരുന്നു. അങ്ങനെ പ്രവൃത്തിക്കുവാനുള്ള ചില അവസരങ്ങള്‍ നമുക്ക് ലഭിക്കുന്നത് ചിലരുടെ പലപ്പോഴും നിരപരാധികളുടെ സഹനം കാണുമ്പോഴല്ലേ? ...സഹനത്തിന് സഹിക്കുന്നവരെ മാത്രമല്ല അവരോടു അനുഭാവം പ്രവൃത്തിയിലൂടെ പ്രകടിപ്പിക്കുന്നവരെ കൂടി വിശുദ്ധരാക്കാന്‍ കഴിയും.- Regina Noronha
തല സ്ഥാന നഗരിയിലെ ഒരു രാത്രി വണ്ടിയില്‍ പൈശാചികത മൂര്‍ഛ്ചിച്ച വൈകൃതങ്ങള്‍ ഏറ്റു വാങ്ങി മൃതിയുടെ ലോകത്തേക്ക് രക്ഷപെട്ട മകള്‍ക്കായി കണ്ണീരു വറ്റിച്ച ഒരമ്മയുടെ ഗദ്ഗദം നെഞ്ചകത്തെ പോള്ളിക്കുമ്പോള്‍....എന്‍റെ അല്പ ബുദ്ധി പിറുപിറുക്കുന്നു....
എന്തിനീ കുരുതികള്‍ ...? ദൈവം സ്നേഹമെന്ന് രണ്ടായിരം വര്‍ഷം ഉരുവിട്ടിട്ടും എന്തുകൊണ്ടീ സ്നേഹരാഹിത്യങ്ങള്‍....?
നിസ്സഹായരുടെ നിലവിളികള്‍ ...
നിഷ്കളങ്കരുടെ ഗദ്ഗദങ്ങള്‍ ...
നിരപരാധികളുടെ കണ്ണീര്‍ ചാലുകള്‍ ..
ഇവയൊന്നും കാണാത്ത വിധം അന്ധമോ ദൈവനീതി....?
സഹനങ്ങളുടെ ചുഴികളില്‍ ശ്വാസം മുട്ടി പിടയുന്നവരോട് ആത്മീയരുടെ ഉത്തരം ഇപ്പോളും 'ദുഖവെ ള്ളിയും ഉയിര്‍പ്പ് ഞായറു' മാണ്...
കുരിശിലെ സഹനവും ...ഒഴിഞ്ഞ കല്ലറയും....
ഗത്സമനിയില്‍ വിയര്‍പ്പായി ഇറ്റിയ ചോര തുള്ളികള്‍ക്കും , ഗാഗുല്‍ത്തായിലെ നിലവിളിക്കും സ്വര്‍ഗ്ഗം ഉത്തരമേകിയത് ഉയിര്‍പ്പ്ഞായറിലൂടെയാണെന്ന് പറയുമ്പോള്‍, പിന്നെയും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുമായി ബുദ്ധി കലഹിക്കുന്നു....
എന്‍റെ വംശത്തിലെ ഒരേയൊരു നീതിമാന്‍ ....
അവനെ നോക്കിയാണ് നീതിയും പരിശുദ്ധിയും സ്നേഹവും ഈ പ്രപഞ്ചം അഭ്യസിച്ചത് ....
അവനെ ആകാശം എന്തു കൊണ്ട് സഹനത്താല്‍ ഗ്രസിക്കപ്പെടുവനായി വിട്ടുകൊടുത്തു ...?
ഞാനും പിതാവും ഒന്നാണെന്നും , പിതാവില്ലാതെ എനിക്ക് സ്വമേധയാ ഒന്നും ചെയ്യാനില്ലെന്നും നമ്മോടു പറഞ്ഞ അവനെ ...?
എന്‍റെയും എന്‍റെ കുലത്തിന്‍റെയും പാപത്തിനു പരിഹാരമായി, സ്വന്തം പുത്രനെങ്കില്‍ പോലും, നീതിമാനായ അവന്‍റെ രക്തം പരിഹാരമായി സ്വീകരിക്കാന്‍ ദൈവം ഒരു ക്രൂരനോ ?
അവന് നോവാതെ സര്‍വശക്തന് എന്നെ രക്ഷിക്കാമായിരുന്നില്ലേ ...?
അവന്‍റെ വേദന എങ്ങനെയാണ് എന്‍റെ സൌഖ്യമാകുന്നത് ..?
മോളോക്കോ ദ്വീപിലെ കുഷ്ഠ രോഗികളുടെ സഹനത്തിലാണ് ഒരു ഫാ: ഡാമിയന്‍ പിറന്നത്...
പാവപ്പെട്ടവരുടെ നിസ്സഹായതയുടെ കണ്ണീരിലാണ് ഒരു സൈന്റ് വിന്സന്റ് ഡി പോള്‍ ഉരുവായത് ...
കല്‍ക്കത്താ തെരുവുകളിലെ കുഷ്ഠ രോഗികളുടെയും അനാഥ പൈതങ്ങളുടെയും ദൈന്യതയാണ് ഒരു മദര്‍ തെരേസയെ ലോകത്തിനു സമ്മാനിച്ചത്...
ഒരു മരം വെട്ടി മുറിക്കപ്പെട്ട് ഉണ്ടായ കുരിശിലാണ് ക്രിസ്തു രൂപപ്പെട്ടത് ...
കുരിശു ചുമന്നു നീങ്ങുന്ന അവനെ നോക്കി സഹതപിച്ചു കരഞ്ഞ ജെറുസലേം പുത്രിമാരുടെയല്ല , അവന്‍റെ കണ്ണീരും വിയര്‍പ്പും രക്തവും സ്നേഹത്താല്‍ ഒപ്പിമാറ്റിയ വെറോനിക്കയുടെ ഹൃദയ തൂവാലയിലാണ് അവന്‍റെ മുഖ മുദ്ര പതിഞ്ഞത് ...
അവന്‍റെ കുരിശൊന്നു താങ്ങാന്‍ ഇടയായപ്പോഴാണ് ശിമയോന് തന്‍റെ ജിവിത നുകം കനമില്ലാത്തതായി തോന്നിയത്...
സ്വര്‍ഗ്ഗത്തിന്‍റെ ഉത്തരത്തിനായി കാത്തു നില്‍ക്കാതെ പിതാവിന്‍റെ കൈകളില്‍ ആത്മാവിനെ സമര്‍പ്പിച്ചവന്‍ മഹിമയോടെ ഉയര്‍പ്പിപ്പിക്കപ്പെട്ടു....
സഹനങ്ങളുടെ പറുദീസയോട് 'ഇതാ കര്‍ത്താവിന്‍റെ ദാസി' എന്നു പറഞ്ഞവളെ പറുദീസയുടെ രാജ്ഞി എന്നു വിളിക്കുന്നു ...
ഒറ്റുകാരനും തള്ളിപ്പറയുന്നവനും ഇടം നിഷേധിക്കാത്ത പിതാവിന്‍റെ ഹൃദയത്തില്‍ എനിക്കും നിങ്ങള്‍ക്കും ഓരോ വാസസ്ഥലം ..!!
അതു നേടാനുള്ള അവസരമാണ് കുരിശു വഹിക്കുന്ന, നിണം അണിയുന്ന ഓരോ സഹജീവിയും എനിക്ക് സമ്മാനിക്കുന്നതെന്ന സത്യം ഞാന്‍ എന്തേ ആദ്യമേ അറിഞ്ഞില്ല ...?
കുരിശുകള്‍ അവ പേറുന്നവര്‍ക്ക് മാത്രമല്ല അപരര്‍ക്കും കിരീടങ്ങള്‍ ഒരുക്കുന്നു എന്നും...