യേശുദാസന്‍ മരിയാപുരം - ഒരു ജനതയുടെ ആത്മീയ ഗുരു
ശ്രീ. യേശുദാസന്‍ പനങ്കാല, മരിയാപുരം
ശ്രീ. യേശുദാസന്‍, ഫാദര്‍ അഗസ്റ്റ്യനോടൊപ്പം
ശ്രീ. യേശുദാസന്‍, പ്രസംഗവേദിയില്‍
ഒരു നാടിന്‍റെ പ്രിയങ്കരനായ ശ്രീ. യേശുദാസന്‍ പനങ്കാല 24.10.2013 - ല്‍ ഞങ്ങളെ വിട്ടു പിരിഞ്ഞു. മരിയാപുരം ഇടവകയുടെ ആത്മീയമായ നവോത്ഥാനത്തിന് ഏറെ പങ്കു വഹിച്ച ഒരു വ്യക്തിയാണ് അദ്ദേഹം. ഞാനുള്‍പ്പെടെയുള്ള ഒരു സമൂഹത്തിന്‍റെ - ചെറുപ്പക്കാരുടെയും മുതിര്‍ന്നവരുടെയും വയസ്സായവരുടെയും - മാര്‍ഗ്ഗദര്‍ശിയും കണ്ണിലുണ്ണിയുമായി മാറി യേശുദാസന്‍. ദൈവത്തെ മുറുകെപ്പിടിച്ച് ദൈവജനത്തിനു മാതൃകയും വഴികാട്ടിയുമായി. ബൈബിളില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹത്തിന് ദൈവവചനം ലളിതമായ ഭാഷയില്‍, സാധാരണക്കാര്‍ക്ക് മനസിലാകുന്ന തരത്തില്‍ വിശദീകരിച്ച്, ജനഹൃദയത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു.
അദ്ദേഹം ജീവിതത്തില്‍ എറെ കഷ്ടപ്പെട്ടു. സാമ്പത്തിക പരാധീനതകളും രോഗങ്ങളും അപകടങ്ങളും മാറി മാറി ജീവിതത്തെ വലിയൊരു പരീക്ഷണമാക്കി മാറ്റി. മദ്യത്തിന്‍റെ പിടിയിലമര്‍ന്ന കലുഷിതമായ ഒരു പൂര്‍വകാലം അദേഹത്തിനുണ്ടായിരുന്നു . അവിടെ നിന്നും ദൈവം അദ്ദേഹത്തെ വിളിച്ച് വേര്‍തിരിച്ചത് പെട്ടെന്നായിരുന്നു. പോട്ട ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ മാത്യു നായ്ക്കംപറമ്പില്‍ അച്ഛനും ജോര്‍ജ് പനക്കല്‍ അച്ഛനും യേശുദാസന് നല്‍കിയത് വിശുദ്ധമായ ഒരു രണ്ടാം ജന്മമാണ്. അദ്ധേഹത്തിന്‍റെ ജീവിതത്തിലെ രണ്ടാം ഘട്ടത്തിന് പൗലോസ് അപ്പസ്തോലനെയും സെന്‍റ് അഗസ്റ്റിനെയും അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള തീഷ്ണതയും പ്രബോധന വൈഭവവും ഉണ്ടായിരുന്നു.
മരിയാപുരത്ത് കരിസ്മാറ്റിക് പ്രാര്‍ത്ഥനാ ഗ്രൂപ്പ് ആരംഭിച്ചു. വിവിധതരം അന്ധവിശ്വാസങ്ങളിലും മന്ത്രവാദങ്ങളിലും വശംവദരായിരുന്ന ചിലരെ സത്യവിശ്വാസത്തിലേക്ക് നയിച്ചു. ധാരാളം നവീകരണ ധ്യാനങ്ങള്‍ നടത്തുന്നതിന് ചുക്കാന്‍ പിടിച്ചു. രോഗികളുടെയും കഷ്ടത അനുഭവിക്കുന്നവരുടെയും അടുത്തെത്തി അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. അക്ഷരാര്‍ത്ഥത്തില്‍ തന്നെ, ദൈവനാമത്തില്‍ അവരെ സുഖപ്പെടുത്തി. അവര്‍ക്ക് സാധിക്കുന്നിടത്തോളം സഹായങ്ങള്‍ സമാഹരിച്ചു നല്‍കി. പോട്ട ഡിവൈന്‍ ധ്യാനകേന്ദ്രത്തിലേക്ക് ആളുകളെ എത്തിക്കാന്‍ നൂറുകണക്കിന് തവണ വാഹനങ്ങള്‍ ഏര്‍പ്പാടാക്കി. പഴയനിയമ കാലത്തെ പുറപ്പാടിന്‍റെ ഒരു ആവര്‍ത്തനം തന്നെയായിരുന്നു അത്. ആധുനിക ജനതയുടെ ആത്മീയതയിലേക്കുള്ള ഒരു പുത്തന്‍ പുറപ്പാട്. ആ നിലക്ക് യേശുദാസന്‍ ഒരു ജനതയെ ആത്മീയതയിലേക്ക് നയിച്ച ആധുനിക മോശ തന്നെ. ആത്മീയ രോഗങ്ങള്‍ സുഖപ്പെടുത്തിയ ഭിഷഗ്വരന്‍. ശരിയായ അറിവിലേക്ക് നയിച്ച ഗുരു. കുട്ടികളുടെയും ചെറുപ്പക്കാരുടെയും ഞങ്ങളുടെയും സ്വന്തം അണ്ണന്‍.
യേശുദാസന്‍ മരിച്ചിട്ടില്ല. ഒരു ജനതയിലൂടെ, ഞങ്ങളിലൂടെ ജീവിക്കുന്നു. അദ്ദേഹം പതിപ്പിച്ച ദൈവീകമുദ്ര അനശ്വരമാണ്. ദൈവവചനം പകര്‍ന്നു നല്‍കിയ ആ ആത്മാവ് സൌഖ്യദായകമാണ്. ദൈവത്തിലലിഞ്ഞു ചേര്‍ന്ന ആ ആത്മാവ്, സ്വര്‍ഗീയ മദ്ധ്യസ്ഥനായി എന്നും നമ്മോടൊപ്പം ഉണ്ടാവും.
[ഡേവിഡ്സണ്‍ കരക്കാട്]
View Count: 1306.
|