വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന
പ്രാരംഭ പ്രാര്‍ത്ഥന
മനുഷ്യവര്‍ഗ്ഗത്തിന്‍റെ നേരെ കൃപയും അനുഗ്രഹവും നിറഞ്ഞ ഈശോയുടെ മാധുര്യമേറുന്ന ദിവ്യഹൃദയമേ, ഞങ്ങള്‍ അങ്ങയെ ആരാധിച്ചു വണങ്ങുന്നു. അങ്ങു ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ നന്മകളെക്കുറിച്ചും ഏറ്റം തീക്ഷ്ണമായ സ്നേഹത്തോടെ ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. സര്‍വ്വനന്മ സ്വരുപിയായ അങ്ങയെ ഞങ്ങള്‍ പൃര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു. ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കുകയും ഞങ്ങളുടെ ആപത്തുകളില്‍ ഞങ്ങളെ സംരക്ഷിക്കുകയും ഞങ്ങളുടെ ദുഃഖാരിഷ്ടതകളില്‍ ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യണമെന്ന് എളിമയോടെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
കാരുണ്യവാനായ ഈശോയെ, അങ്ങേ വളര്‍ത്തുപിതാവായ വിശുദ്ധ യൗസേപ്പിനെ ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥനും പിതാവുമായി ഞങ്ങള്‍ എറ്റുപറയുന്നു. ഉണ്ണിഈശോയേയും പരി. കന്യകമറിയത്തെയും സംരക്ഷിക്കുവാന്‍ ദൈവം തെരഞ്ഞെടുത്ത യൗസേപ്പുപിതാവേ, ഞങ്ങള്‍ അങ്ങയെ വണങ്ങുന്നു. തിരുക്കുടുംബഞ്ഞെ കാത്തുപരിപാലിച്ച അങ്ങ് ഞങ്ങള്‍ ഓരോരുത്തരേയും ഞങ്ങളുടെ കുടുംബങ്ങളേയും കാത്തുപരിപാലിക്കണമേ. കരുണാനിധിയായ ദൈവമേ, വിശുദ്ധ യൗസേപ്പിനെപ്പോലെ സത്യത്തിലും നീതിയിലും വിനയത്തിലും വിവേകത്തിലും വളരുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. അനുഗ്രഹദാതാവായ ദൈവമേ, യൗസേപ്പുപിതാവു വഴി ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന കാരുണ്യപൂര്‍വ്വം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേന്‍.
ദിവസത്തിന്‍റെ പ്രാര്‍ത്ഥന:
ഒന്നാം ദിവസം:
മനുഷ്യനായി അവതരിച്ച ദൈവകുമാരന്‍റെ വളര്‍ത്തുപിതാവാകുവാനുള്ള മഹാഭാഗ്യം സിദ്ധിച്ച വിശുദ്ധ യൗസേപ്പേ, ഞങ്ങള്‍ അങ്ങയെ വണങ്ങുന്നു. അങ്ങയെ ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥനായി തെരഞ്ഞെടുക്കുന്നു. പുണ്യപിതാവേ, ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളിലും അങ്ങ് ഞങ്ങള്‍ക്ക് തുണയും സഹായവുമായിരിക്കണമേ. ഈശോയെ പുര്‍ണ്ണമായി അനുകരിച്ച് ഉത്തമ ക്രിസ്തീയ ജീവിതം നയിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. പിതാവേ, അങ്ങ് ഈശോയോടുകൂടിയും ഈശോയ്ക്കു വേണ്ടിയും ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയതതുപോലെ ഞങ്ങളും ഈശോയ്ക്ക് ഇഷ്ടമുള്ളവരായി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ വല്ലഭമായ മാദ്ധ്യസ്ഥ്യം വഴി ഞങ്ങള്‍ക്കു ലഭിക്കുമാറാകണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.
രണ്ടാം ദിവസം
തിരുക്കുടുംബത്തിന്‍റെ തലവനായ വിശുദ്ധ യൗസേപ്പേ, പരിശുദ്ധ കന്യകമറിയവും ഈശോമിശിഹായും ഉള്‍പ്പെട്ട കുടുംബത്തെ അങ്ങ് മാതുകാപരമായി നയിക്കുകയും പരിപാലിക്കുകയും ചെയ്തുവല്ലോ. പ്രിയപിതാവേ, ഞങ്ങളുടെ കുടുംബങ്ങളെ നസ്രത്തിലെ തിരുക്കുടുംബം പോലെ, പരസ്പര സ്നേഹത്തിലും കുട്ടായ്മയിലും സഹകരണത്തിലും സമാധാനത്തിലും നിലനിറുത്തണമേ. കുടുംബജീവിതത്തിന്‍റെ ഭദ്രതയും പാവനതയും കളങ്കപ്പെടുത്തുന്ന ശക്തികളില്‍നിന്നും ഞങ്ങളുടെ ഭവനങ്ങളെ അങ്ങ് കാത്തുപരിപാലിക്കണമേ. വത്സലപിതാവേ, എല്ലാ കുടുംബാംഗങ്ങളും തങ്ങളുടെ ചുമതലകള്‍ വേണ്ടവിധം ഗ്രഹിച്ച് പരസ്പരം സഹകരിച്ച് ഉത്തമ കുടുംബജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം നല്‍കണമെ.പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ വല്ലഭമായ മാദ്ധ്യസ്ഥ്യം വഴി ഞങ്ങള്‍ക്കു ലഭിക്കുമാറാകണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.
മൂന്നാം ദിവസം
തൊഴിലാളികളുടെ പ്രത്യേക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഉന്നതകുലജാതനെങ്കിലും തച്ചന്‍റെ ജോലി വിശ്വസ്തതയോടെ നിര്‍വ്വഹിച്ചുകൊണ്ട് തൊഴിലിന്‍റെ മാഹാത്മ്യം ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തന്നുവല്ലോ. ജോലിയിലുള്ള ഞങ്ങളുടെ ആത്മാര്‍ത്ഥതയും സമീപനവുമാണ് ജീവിതം അര്‍ത്ഥപുര്‍ണ്ണമാക്കുന്നത് എന്ന് അങ്ങ് ഞങ്ങളെ പഠിപ്പിച്ചുവല്ലോ. ഞങ്ങള്‍ ഓരോരുത്തരുടെയും ജീവിതാന്തസിന്‍റെ ചുമതലകളും ദൈവപരിപാലനയില്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന ഉത്തരവാദിത്വങ്ങളും വിശ്വസ്തതാപുര്‍വ്വം നിര്‍വ്വഹിച്ചുകൊണ്ട് ജീവിതം ധന്യമാക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചുതരണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ണ്‍ങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ വല്ലഭമായ മാദ്ധ്യസ്ഥം വഴി ഞങ്ങള്‍ക്കു ലഭിക്കുമാറാകണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.
നാലാം ദിവസം
തിരുക്കുടുംബത്തിന്‍റെ രക്ഷകനായ വിശുദ്ധ യൗസേപ്പേ, അങ്ങ് അനേകം അപകടങ്ങളില്‍ നിന്നും ഉണ്ണിഈശോയെ കാത്തുപരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്തുവല്ലോ. നെറ്റിയിലെ വിയര്‍പ്പു ചിന്തി അപ്പം ഭക്ഷിക്കുക എന്നുള്ള ദൈവികാഹ്വാനത്തെ അങ്ങ് തിരുക്കുടുംബത്തില്‍ അന്വര്‍ത്ഥമാക്കി. തിരുസഭാസംരക്ഷകനായ അങ്ങ് ഞങ്ങള്‍ ഓരോരുത്തരേയും കാത്തുപരിപാലിക്കണമെ. യാതൊരുവിധ അപകടങ്ങളിലും അകപ്പെടാതിരിക്കുവാന്‍ വേണ്ട അനുഗ്രഹം അങ്ങേ വല്ലഭമുള്ള മാദ്ധ്യസ്ഥ്യം വഴി ഞങ്ങള്‍ക്ക് വാങ്ങിത്തരണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ മാദ്ധ്യസ്ഥ്യം വഴി ലഭിക്കുമാറാകണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
1 സ്വര്‍ഗ്ഗ. ന്രന്മ. 1 ത്രി.
അഞ്ചാം ദിവസം
പ്രാര്‍ത്ഥനാജീവിതത്തിന്‍റെ ഉത്തമമാതൃകയായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഞങ്ങളെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കണമേ. പ്രാര്‍ത്ഥനയിലുടെ ദൈവൈക്യ ജീവിതം നയിച്ചിരുന്ന അങ്ങേയ്ക്ക് ദൈവദുതന്‍ വഴി ദൈവം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അങ്ങ് വിശ്വസ്തതാപുര്‍വ്വം പാലിച്ചുവല്ലോ. ഈശോയോടുകൂടി, ഈശോയില്‍ , ഈശോയ്ക്കുവേണ്ടി എല്ലാം നിര്‍വ്വഹിച്ചു കൊണ്ട് അങ്ങേ ജീവിതം മുഴുവന്‍ ഒരു പ്രാര്‍ത്ഥനയാക്കിമാറ്റിയല്ലോ. വത്സലപിതാവേ, ഞങ്ങളോരോരുത്തരും പ്രാര്‍ത്ഥനയിലും ദൈവാരാധനയിലും തീക്ഷ്ണതയുള്ളവരാകുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങള്‍ക്ക് പ്രാപിച്ചു തരണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ മാദ്ധ്യസ്ഥ്യം വഴി ലഭിക്കുമാറാകേണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.
ആറാം ദിവസം
ദരിദ്രരുടെ പരിപാലകനും സംരക്ഷകനുമായ വിശുദ്ധ യൗസേപ്പേ, ആത്മീയവും ലൌകീകവുമായ ദാരിദ്ര്യദുഃഖത്താല്‍ വലയുന്ന എല്ലാവരേയും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യണമെ. ദരിദ്രരിലും നിരാലംബരിലും രോഗികളിലും ഈശോയെ ദര്‍ശിക്കുവാനുള്ള അനുഗ്രഹം ലഭിക്കുവാന്‍ അങ്ങ് ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. ദാരിദ്ര്യവും രോഗവുംമുലം കഷ്ടപ്പെടാതെ ജീവിക്കാന്‍ ദുഃഖത്തിലും ക്ലേശത്തിലും ഞങ്ങള്‍ ഓരോരുത്തരേയും അങ്ങു കാത്തുപരിപാലിക്കണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ വല്ലഭമുള്ള മാദ്ധ്യസ്ഥ്യംവഴി ലഭിക്കുമാറാകണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.
ഏഴാം ദിവസം
നല്‍മരണ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഈശോമിശിഹായുടെ തൃക്കരങ്ങളില്‍ ,പരിശുദ്ധ കന്യകാമറിയത്തിന്‍റെ സാന്നിദ്ധ്യത്തില്‍ സമാധാന പുര്‍ണതയില്‍ ഭാഗ്യമരണം പ്രാപിച്ചുവല്ലോ. പാപികളായ ഞങ്ങളുടെ മരണസമയത്തും ഈശോയുടെയും പരിശുദ്ധ മാതാവിന്‍റെയും അങ്ങയുടെയും സഹായം ഞങ്ങള്‍ക്കുണ്ടാകണമേ. മരണംവരെ ദൈവത്തിനിഷ്ടകരമായി ജീവിക്കുവാന്‍ ഞങ്ങള്‍ക്കിടയാക്കേണമേ. പ്രിയപിതാവേ, അങ്ങയെപ്പോലെ ഭാഗ്യമരണം ലഭിക്കത്തക്കവിധം ദൈവചിത്തമനുസരിച്ച് ജീവിക്കുവാനുള്ള കൃപ ഞങ്ങള്‍ക്ക് പ്രാപിച്ചുതരേണമേ. സമാധാനപൂര്‍ണ്ണമായ മരണത്തിന് പ്രതിബന്ധമായ പാപത്തേയും പാപസാഹചര്യങ്ങളേയും ലൗകികവസ്തുക്കളോടുള്ള അമിതമായ പ്രതിപത്തിയേയും വര്‍ജ്ജിക്കുവാനുള്ള വിവേകം ഞങ്ങളില്‍ ഉളവാക്കേണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ മാദ്ധ്യസ്ഥ്യം വഴി ലഭിക്കുമാറാകേണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.
എട്ടാം ദിവസം
എളിമയുടെ മാതൃകയായ വിശുദ്ധ യൗസേപ്പേ, ഞങ്ങള്‍ ഓരോരുത്തരും എളിമയോടുകുടി ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. അങ്ങ് എളിമയുടെ ഉത്തമദൃഷ്ടാന്തമാണെന്നും സകല സുകൃതങ്ങളുടെയും അടിസ്ഥാനം എളിമയാണെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. അഹങ്കാരം എന്ന ദുര്‍ഗുണം ഞങ്ങളില്‍നിന്നും അകറ്റണമെ. ഞങ്ങള്‍ ഓരോരുത്തരും എളിമയോടു കുടി ദൈവാനുഗ്രഹമുള്ളവരായിത്തീരുവാനും ജീവിക്കുവാനും ഇടയാക്കണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ മാദ്ധ്യസ്ഥം വഴി ഞങ്ങള്‍ക്കു ലഭിക്കുമാറാകണമെന്ന് എറ്റംവലിയ ശരണത്തോടെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.
ഒന്‍പതാം ദിവസം
കന്യാവ്രതക്കാരുടെ കാവല്‍ക്കാരനും ദിവ്യജനനിയുടെ വിരക്ത ഭര്‍ത്താവുമായ മാര്‍ യൗസേപ്പേ, ആത്മശരീരനൈര്‍മ്മല്യത്തോടുകുടി ജീവിതം നയിക്കുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു പ്രാപിച്ചു തരണമേ. വന്ദ്യപിതാവേ, അങ്ങും അങ്ങേ മണവാട്ടിയായ പരിശുദ്ധ കന്യകാമറിയവും ആത്മശരീരശുദ്ധതയെ വിലമതിക്കുകയും ആത്മശരീര നൈര്‍മ്മല്യത്തോടെ ജീവിക്കുകയും ചെയതുവല്ലോ. കന്യാവ്രതം അനുഷ്ഠിച്ച് വിരക്ത ജീവിതം നയിക്കുന്നവരെ അങ്ങ് പ്രത്യേകം കാത്തുപരിപാലിക്കുകയും ജീവിതാന്ത്യംവരെ നിര്‍മ്മലരായി ജീവിക്കുവാന്‍ അവരെ ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ മാദ്ധ്യസ്ഥ്യംവഴി ലഭിക്കുമാറാകണമെന്ന് എറ്റം വലിയ ശരണത്തോടെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.
സമൂഹപ്രാര്‍ത്ഥന
കാര്‍മ്മി: നമുക്കെല്ലാവര്‍ക്കും സന്തോഷത്തോടും ഭക്തിയോടുംകുടെ കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ എന്നപേക്ഷിക്കാം.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
കാര്‍മ്മി: ബാല്യം മുതല്‍ അനിതരസാധാരണമായ ഹൃദയശുദ്ധതയോടെ ദൈവഭക്തിയിലും വിവേകത്തിലും വളര്‍ന്നുവന്ന വിശുദ്ധ യൗസേപ്പിനെപ്പോലെ ഞങ്ങളും ദൈവഭക്തിയിലും വിവേകത്തിലും വളര്‍ന്നു വരുവാനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
കാര്‍മ്മി: കഷ്ടപ്പാടുകളും വേദനകളും സന്തോഷപുര്‍വ്വം സഹിച്ചുകൊണ്ട് തീക്ഷ്ണമായ പ്രാര്‍ത്ഥനയിലുടെ ദൈവതിരുമുമ്പില്‍ സംപ്രീതനായ വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ ഞങ്ങളും തീക്ഷ്ണമായ സ്നേഹവും പ്രാര്‍ത്ഥനാരൂപിയുമുള്ളവരായിത്തീരുവാനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
കാര്‍മ്മി: മാതൃകാപരമായി തച്ചന്‍റെ ജോലി നിര്‍വ്വഹിച്ച് തിരുക്കുടുംബത്തെ പരിപാലിക്കുകയും തൊഴിലിന്‍റെ മാഹാത്മ്യം മനസ്സിലാക്കിത്തരുകയും ചെയ്ത വിശുദ്ധ യൗസേപ്പിതാവിനെ അനുകരിച്ച് ഞങ്ങളും വിശ്വസ്തതയോടെ ഞങ്ങളുടെ കര്‍മ്മരംഗങ്ങളില്‍ വ്യാപരിക്കുവാനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
കാര്‍മ്മി: വിരക്തജീവിതത്തിലൂടെ കന്യാവ്രതക്കാരുടെ കാവല്‍ക്കാരനെന്ന് അറിയപ്പെടുന്ന വിശുദ്ധ യൗസേപ്പിതാവിനെ അനുകരിച്ച് ഞങ്ങളും ചാരിത്ര്യശുദ്ധിയില്‍ വളര്‍ന്നുവരുവാനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
കാര്‍മ്മി: ജീവിതത്തിലുടനീളം എളിമയോടുകൂടിജീവിച്ച് എളിമയുടെ മാതൃകയായിത്തീര്‍ന്ന വിശുദ്ധ യൗസേപ്പിതാവിനെ അനുകരിച്ച് ഞങ്ങളും എളിമയോടുകൂടി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
കാര്‍മ്മി: ഈശോയുടെ തൃക്കരങ്ങളില്‍ മാതാവിന്‍റെ സാമീപ്യത്തില്‍ ഇഹലോകവാസം വെടിയുവാനുള്ള മഹാഭാഗ്യം സിദ്ധിച്ച വിശുദ്ധ യൗസേപ്പിതാവിനെ അനുകരിച്ച് ഞങ്ങള്‍ ഓരോരുത്തര്‍ക്കം ജീവിതാന്ത്യത്തില്‍ നല്ല മരണവും സ്വര്‍ഗ്ഗഭാഗ്യവും ലഭിക്കുന്നതിനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
വിശുദ്ധ യൗസേപ്പിതാവിന്‍റെ ലുത്തീനിയ
കര്‍ത്താവേ കനിയണമെ
മിശിഹായേ കനിയണമേ
കര്‍ത്താവേ ഞങ്ങളണയ്ക്കും
പ്രാര്‍ത്ഥന സദയം കേള്‍ക്കണമേ.
സ്വര്‍ഗപിതാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
നരരക്ഷകനാം മിശിഹായേ
ദിവ്യാനുഗ്രഹമേകണമേ
ദൈവാത്മാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
പരിപാവനമാം ത്രിത്വമേ
ദിവ്യാനുഗ്രഹമേകണമേ.
ദൈവകുമാരനു മാതാവാം
വിശുദ്ധയാകും കന്യകതന്‍
വിരക്തപതിയാം യൗസേപ്പേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.
ദാവീദിന്നുടെ സന്തതിയായ്
ഗോത്രപിതാക്കടെ ദീപികയായ്
വന്നവനാം മാര്‍ യൗസേപ്പേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.
കന്യകയാകും മാതാവിന്‍
നിര്‍മ്മലനാം പരിരക്ഷകനേ
മിശിഹായുടെ പരിപാലകനേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.
തിരുക്കുടുംബം തണലേകി
നയിച്ച നന്മ നിറഞ്ഞവനേ
വിവേകമതിയാം നായകനേ,
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.
ധീരതയുടെ സുരതാരകമേ
വിശ്വാസികളുടെ ആശ്രയമേ,
വിനീതനാകും പുണ്യാത്മാ,
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.
ദാരിദ്ര്യത്തിന്‍ സ്നേഹിതനേ
അദ്ധ്വാനത്തിന്‍ മാതുകയേ
ആശ്വാസകനാം ശ്രേഷ്ഠപിതാ,
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.
സമര്‍പ്പണത്തിന്‍ ദര്‍പ്പണമേ
കന്യാവ്രത പരിപാലകനേ
കുടുംബപാലക, യൗസേപ്പേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.
രോഗം, മരണഭയങ്ങളിലും
ഉഴലുന്നോരുടെ ആശ്രയമേ
പാവനചരിതാ, വന്ദ്യഗുരോ,
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.
ലോകത്തിന്‍ പാപങ്ങള്‍.......(3)
സമാപന പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ സുകൃതങ്ങളാല്‍ സമ്പന്നമായ തിരുക്കുടുംബത്തിന്‍റെ നാഥനും നേതാവുമായി ദൈവത്താല്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട മഹാത്മാവായ വിശുദ്ധ യൗസേപ്പേ, ഞങ്ങള്‍ ഓരോരുത്തരുടെയും കുടുംബങ്ങളില്‍ നാഥനും നേതാവുമായി അങ്ങു വാഴണമേ. ഞങ്ങള്‍ അങ്ങയെ പിതാവും മദ്ധ്യസ്ഥനും മാര്‍ഗ്ഗദര്‍ശിയുമായി സ്വീകരിക്കുന്നു. ഞങ്ങളുടെ ആത്മശരീരങ്ങളും ഞങ്ങള്‍ക്കുള്ള സമസ്തവും ഞങ്ങളുടെ ജീവനും മരണവും അങ്ങേ വല്ലഭമായ സംരക്ഷണയില്‍ ഞങ്ങള്‍ ഭരമേല്പിക്കുന്നു. ഞങ്ങള്‍ ഓരോരുത്തരേയും അങ്ങേ മക്കളായി സ്വീകരിേരണമേ. ദൈവതിരുമനസ്സിന് അനുയോജ്യമാംവിധം, തികഞ്ഞ സ്നേഹത്തോടും ഉറച്ച വിശ്വാസത്തോടുംകുടെ ദൈവത്തിനും മനുഷ്യര്‍ക്കും ഇഷ്ടകരമാംവിധം ജീവിതം നയിക്കുവാന്‍ വേണ്ട കൃപാവരം ഞങ്ങള്‍ക്കായി പ്രാപിച്ചുതരേണമെ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്കു സാധിച്ചു തരണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.
സമാപനഗാനം
( ഈണം: സ്നേഹപിതാവിന്‍ ഭവനമിതില്‍ )
സ്നേഹപിതാവിന്‍ ഭവനത്തില്‍
വാണരുളും പ്രിയ താതാ, നീ
പാപികള്‍ ഇവരുടെ യാചനകള്‍
കൈക്കൊണ്ടാശിഷമേകണമേ.
ലില്ലിപ്പുഷ്പവും ഉണ്ണിയേയും
താങ്ങിടും തിരുപ്പാണികളില്‍
ഞങ്ങളെയും നീ താങ്ങീടണേ
വത്സല താതാ, എന്നാളും.
അന്തിമനേരമടുക്കുമ്പോള്‍
ആശ്രയമറ്റു വിളിക്കുമ്പോള്‍
സ്നേഹപിതാവേ, വന്നിടണേ
പുത്രനോടൊത്തെന്നരികേ നീ
സ്നേഹപിതാവിന്‍ ഭവനത്തില്‍
വാണരുളും പ്രിയ താതാ, നീ
പാപികള്‍ ഇവരുടെ യാചനകള്‍
കൈക്കൊണ്ടാശിഷമേകണമേ.
View Count: 8473.
|