ലൂര്‍ദ്ദ് മാതാവിനോടുള്ള നൊവേന
പ്രാരംഭ ഗാനം
(നിത്യവിശുദ്ധയാം കന്യാമറിയമേ നിന്‍ നാമം...എന്ന രീതിയില്‍)
സത്യ പ്രകാശത്തിന്‍ ദീപം തെളിച്ചോരു
പുണ്യനിധിയായ ധന്യേ
നിന്‍ പാദതാരിലീ പാപികള്‍ കേഴുന്നു
കനിവാര്‍ന്ന് നിന്‍ ദയ തൂകൂ
എന്നും കനിവാര്‍ന്ന് നിന്‍ ദയ തൂകൂ
പാപത്തിന്‍ തീരാത്ത ഭാരം ചുമന്നിതാ
പാപികള്‍ നിന്‍ മുൻപിൽ നില്‍പ്പൂ
തൃക്കണ്‍തുറന്നു നിന്‍ കാരുണ്യം തൂകിടാന്‍
നിന്‍ ദയ തൂകിടൂ നാഥേ
നീലാംബരത്തിന്‍റെ പൊന്നാഭ ചാര്‍ത്തുന്ന
നിര്‍മ്മല വരദാന റാണി
ദാഹജലം തേടി, തീര്‍ത്ഥജലം തേടി
എത്തി നിന്‍ മക്കള്‍ ലൂര്‍ദ്ദില്‍
എന്നും എത്തി നിന്‍ മക്കള്‍ ലൂര്‍ദ്ദില്‍
പ്രാരംഭ പ്രാര്‍ത്ഥന
കാര്‍മ്മി: പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍
സമൂ: ആമ്മേന്‍.
കാര്‍മ്മി: അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി.
സമൂ: ആമ്മേന്‍.
കാര്‍മ്മി: ഭൂമിയില്‍ മനുഷ്യര്‍ക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.
സമൂ: ആമ്മേന്‍.
കാര്‍മ്മി: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ (സമൂഹവും കൂടി)......
മധ്യസ്ഥപ്രാര്‍ത്ഥന
കാര്‍മ്മി: കാരുണ്യവാനും അനുഗ്രഹദാതാവുമായ ദൈവമേ നിന്‍റെ കൃപയാല്‍ മനുഷ്യവര്‍ഗ്ഗത്തെ സൃഷ്ടിക്കുകയും നിന്‍റെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹാവഴി മനുഷ്യവര്‍ഗ്ഗത്തിന്‍റെ പരിത്രാണകര്‍മ്മം പൂര്‍ത്തിയാക്കുവാന്‍ നീ തിരുമനസ്സാവുകയും ചെയ്തല്ലോ. ആ പുത്രനെ ഞങ്ങള്‍ക്ക് നല്കുകയും ഞങ്ങളുടെ സംരക്ഷകയും സഹായിയുമായി പരിശുദ്ധ കന്യാമറിയത്തെ തിരഞ്ഞെടുക്കുകയും ചെയ്ത നിന്‍റെ അനന്തമായ കാരുണ്യത്തിന് ഞങ്ങള്‍ നന്ദി പറയുന്നു. ഞങ്ങളുടെ അഭയവും തുണയുമായ മറിയം വഴി ഞങ്ങള്‍ സമര്‍പ്പിക്കുന്ന യാചനകേട്ടു തന്‍റെ പുത്രനായ ഈശോയില്‍ ഞങ്ങള്‍ക്ക് സഹായമരുളണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: ആമ്മേന്‍.
നമുക്ക് പ്രാര്‍ത്ഥിക്കാം
കാര്‍മ്മി: സനാതന പ്രകാശവും (എല്ലാവരും ചേര്‍ന്ന്) മനുഷ്യവര്‍ഗ്ഗത്തിന്‍റെ പ്രതീക്ഷയുമായ മിശിഹായുടെ വത്സല മാതാവേ, ഇതാ അങ്ങയുടെ മക്കള്‍ ഒന്നുചെര്‍ന്നു കണ്ണുനീരില്‍ കുതിര്‍ന്ന ജീവിതഭാരം കൈകുമ്പിളിലെന്തി നിന്റെ കണ്മുമ്പില്‍ നില്ക്കുന്നു, ലൂര്‍ദിലും ഫാത്തിമായിലും നിന്‍റെ വിശ്വസ്ത ദാസര്‍ക്ക് പ്രത്യക്ഷപ്പെട്ടു വരമരുളിയ അങ്ങ് നിന്‍റെ വത്സല മക്കളായ ഞങ്ങളിലും നിന്‍റെ അനുഗ്രഹത്തിന്‍റെ വരനിര ചൊരിയട്ടെ, ഞങ്ങളുടെ അനര്‍ത്ഥനകള്‍ നിരസിക്കാതെ ഞങ്ങളെ നിരന്തരം കാത്തുകൊള്ളണമേ,ഈ യാചനകളെല്ലാം നിന്‍റെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹാവഴി ഞങ്ങളി ഫലദായകമാക്കണമെന്ന് നിന്നോടു ഞങ്ങള്‍ അപേക്ഷിക്കുന്നു, ആമ്മേന്‍.
സങ്കീര്‍ത്തനം-23
കാര്‍മ്മി: കര്‍ത്താവാണെന്‍റെ ഇടയന്‍ എനിക്കൊന്നിനും കുറവുണ്ടാകുകയില്ല
സമൂ: പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്നെനിക്ക് വിശ്രമമരുളുന്നു. പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു.
കാര്‍മ്മി: അവിടുന്ന് എനിക്കു ഉന്മേഷം നല്കുന്നു; തന്‍റെ നാമത്തെ പ്രതി നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.
സമൂ: മരണത്തിന്‍റെ നിഴല്‍ വീണ താഴ്വരയില്‍ക്കൂടിയാണ് ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്ന് എന്‍റെ കൂടെയുള്ളതിനാല്‍ ഞാന്‍ഭയപ്പെടുകയില്ല;
കാര്‍മ്മി: അങ്ങയുടെ ഊന്നുവടിയും ദണ്ഡും എനിക്കുറപ്പേകുന്നു; എന്‍റെ ശത്രുക്കളുടെ മുമ്പില്‍ അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു.
സമൂ: എന്‍റെ ശിരസ് തൈലം കൊണ്ട് അഭിഷേകം ചെയ്യുന്നു; എന്‍റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.
കാര്‍മ്മി: അവിടുത്തെ നന്മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും; കര്‍ത്താവിന്‍റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.
കാര്‍മ്മി: തെരഞ്ഞെടുക്കപ്പെട്ട ജനത്തിന്‍റെ മാതാവും സംരക്ഷകയുമായ അമ്മേ, ഞങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ പരിഗണിച്ച് ഞങ്ങള്‍ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകള്‍ നീ കേട്ടരുളണമേ. ഞങ്ങളുടെ വാഗ്ദാനഭൂമിയായ സ്വര്‍ഗ്ഗീയ ജറുസലേമിലേക്ക് ഞങ്ങളെ നയിക്കുകയും ഞങ്ങള്‍ക്കു വഴികാട്ടിയും മാര്‍ഗ്ഗദീപാവുമായി ഞങ്ങളില്‍ നിരന്തരം വസിക്കുകയും ചെയ്യണമേ.
സമൂ: ആമ്മേന്‍.
ഗാനം
വാനിലെ താരകള്‍ പാടുകയായ്
വാനവറാണിതന്‍ സ്തുതിഗീതം
തന്ത്രികള്‍ മീട്ടുകയായ് പാടുക സ്തുതിഗീതം
പ്രശാന്ത മേഘവിതാനങ്ങള്‍
പ്രഭതന്‍ കതിര്‍ ചൂടി
താരാമലരുകള്‍ പൊന്മുടി ശിരസ്സില്‍
നറുതേന്‍ കനിചൂടി,പൂന്തേനിതള്‍ ചൂടി
നിത്യം പൂന്തേനിതള്‍ ചൂടി
അമ്മേ,നിന്‍ തിരുസന്നിധി പൂകാന്‍
ഹൃദയം കേഴുന്നു.
അവിടുത്തെ തിരുമുമ്പില്‍ നില്ക്കും
മെഴുതിരിപ്പൂവുകളായ്
മെഴുതിരിപ്പൂവുകളായ്
ഞങ്ങള്‍ മെഴുതിരിപ്പൂവുകളായ്
പ്രാര്‍ത്ഥന (രോഗികള്‍ക്ക്)
കാര്‍മ്മി: അന്ധന് കാഴ്ചയും (എല്ലാവരും ചേര്‍ന്ന്) ചെകിടനു കേള്‍വിയും രോഗികള്‍ക്ക് സൌഖ്യവും അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്വാസവും, പകര്‍ന്നു കൊടുത്ത ഈശോയേ രോഗികളായി കഴിയുന്ന സര്‍വ്വരെയും അങ്ങ് കടാക്ഷിക്കണമേ, സജീവ ദൈവത്തിന്‍റെ പുത്രനായ ഈശോയേ നിന്‍റെ ജീവന്‍റെ വചസ്സുകള്‍ അവരുടെ കഠിന വേദനകളെ അകറ്റുന്ന ദിവ്യ ഔഷധമായി അനുഭവപ്പെടട്ടെ. ലാസറിന്‍റെ കല്ലറയില്‍ കണ്ണുനീര്‍ തൂകിയ സ്നേഹനിധിയായ നല്ലയിടയാ, നിന്‍റെ സ്നേഹത്തിന്‍റെ കണ്ണുകള്‍ നിന്‍റെ വത്സലമക്കളുടെ മേലും തിരിക്കണമേ, അങ്ങയുടെ സാദൃശ്യത്തില്‍ അങ്ങ് സൃഷ്ടിക്കുകയും അവിടുത്തെ അരൂപിയാല്‍ ധന്യമാക്കുകയും ചെയ്ത ഞങ്ങളുടെ ആത്മാക്കള്‍ക്ക് ശക്തിയും ജീവനും നല്‍കണമേ. രക്ഷകനായ ദൈവമേ, അവിടുത്തെ മാതാവായ മറിയം വഴി ലൂര്‍ദിലെ അത്ഭുത രോഗശാന്തി ഇവിടെയും ഫലമാണിയുവാന്‍ നീ ഇടയാക്കണമേ. ഇനിയും സഹിക്കുവാനാണ് നിന്‍റെ തീരുമനസെങ്കില്‍ എല്ലാം ദൈവത്തിരുമനസ്സിന് വിധേയമാക്കികൊണ്ടു ജീവിക്കുവാന്‍ ഞങ്ങളെ നീ അനുഗ്രഹിക്കണമേ. ഈ യാചനകളെല്ലാം ഞങ്ങളുടെ നാഥയും സംരക്ഷകയുമായ പരി.മറിയം വഴി സാധിച്ചുതരണമെന്ന് നിന്നോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.
രോഗികള്‍ക്ക് ആശീര്‍വാദം
കാര്‍മ്മി: നിങ്ങളെ സംരക്ഷിക്കുവാന്‍ നമ്മുടെ കര്‍ത്താവിശോമിശിഹാ നിങ്ങളോടു കൂടെ ഉണ്ടായിരിക്കട്ടെ, നിങ്ങളെ പരിപാലിക്കാന്‍ അവിടുന്ന് നിങ്ങളില്‍ വസിക്കട്ടെ, കനിവിന്‍റെ വലംകൈ നീട്ടി അവിടുന്ന് നിങ്ങളെ എല്ലാ രോഗങ്ങളില്‍നിന്നും സുഖപ്പെടുത്തട്ടെ, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍.
സമൂ: ആമ്മേന്‍.
കാറോസൂസ
ശുശ്രൂ:നമുക്കെല്ലാവര്‍ക്കും ഭക്തിയോടും പ്രതീക്ഷയോടും കൂടെനിന്നു കര്‍ത്താവേ ഞങ്ങളുടെ അമ്മയായ പരി.കന്യകാമറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ എന്നു അപേക്ഷിക്കാം.
സമൂ: കര്‍ത്താവേ ഞങ്ങളുടെ അമ്മയായ പരി.കന്യകാമറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
ശുശ്രൂ: ഞങ്ങളുടെ മാതൃരാജ്യത്തെയും അതിന്‍റെ ഭരണാധിപന്മാരെയും വിവേകവും വിജ്ഞാനവും നല്കി അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ ഞങ്ങളുടെ അമ്മയായ പരി.കന്യകാമറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
ശുശ്രൂ: ഞങ്ങളുടെ കുടുംബങ്ങളില്‍ ശാന്തിയും സമാധാനവും കളിയാടുവാനും യുവതി യുവാക്കന്‍മാര്‍ വിശുദ്ധരായി ജീവിക്കുവാനും, ഞങ്ങള്‍ പരസ്പരസ്നേഹചൈതന്യത്തില്‍ വളരുവാനും വേണ്ട വരം തരണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ ഞങ്ങളുടെ അമ്മയായ പരി.കന്യകാമറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
ശുശ്രൂ: നല്ല കാലാവസ്ഥയും സമൃദ്ധമായ ധാന്യവിളകളും നല്കി ഞങ്ങളുടെ നാടിനെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ ഞങ്ങളുടെ അമ്മയായ പരി.കന്യകാമറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
ശുശ്രൂ: തൊഴിലില്ലായ്മയും പട്ടിണിയും മൂലം കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ജീവിതമാര്‍ഗ്ഗവും സന്തുഷ്ടിയും നല്കി അവരെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ ഞങ്ങളുടെ അമ്മയായ പരി.കന്യകാമറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
ശുശ്രൂ: പാപത്തിലും പാപസാഹചര്യങ്ങളിലും നിന്‍റെ മക്കളെ മാനസാന്തരപ്പെടുത്തി കൌദാശികജീവിതം നയിക്കുവാന്‍ പ്രരിപ്പിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ ഞങ്ങളുടെ അമ്മയായ പരി.കന്യകാമറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
ശുശ്രൂ: ഞങ്ങളുമായി ദൈനദിനജീവിതത്തില്‍ ബന്ധപ്പെടുന്ന മറ്റ് അക്രൈസ്തവ സഹോദരരേയും സമൃദ്ധമായി അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ ഞങ്ങളുടെ അമ്മയായ പരി.കന്യകാമറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
ശുശ്രൂ: പാപത്തെക്കുറിച്ച് പശ്ചാത്തപിക്കണമെന്നും ലോകരക്ഷക്കായി പ്രാര്‍ത്ഥിക്കണമെന്നും, കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനും സഭയുടെ സംരക്ഷണത്തിനുമായി ജപമാല ചൊല്ലണമെന്നും ആവശ്യപ്പെട്ട മാതാവിന്‍റെ മാദ്ധ്യസ്ഥതയാല്‍ പാപത്തെക്കുറിച്ചുള്ള മനസ്താപവും പ്രാര്‍ത്ഥനയിലുള്ള താല്പര്യവും ഞങ്ങളില്‍ വര്‍ദ്ധിപ്പിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ ഞങ്ങളുടെ അമ്മയായ പരി.കന്യകാമറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായിട്ടുള്ള പ്രാര്‍ത്ഥന
കാര്‍മ്മി: എല്ലാ നന്‍മകളുടെയും ദാതാവായ ദൈവമേ (എല്ലാവരും ചേര്‍ന്ന്) ഞങ്ങളുടെ ഹൃദയവിചാരങ്ങള്‍ക്കുടി അറിയുന്ന അങ്ങ് ഞങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങളെ നന്നായി മനസ്സിലാക്കുന്നുവല്ലോ.ഞങ്ങള്‍ താഴയോടുകൂടി അപേക്ഷിക്കുന്നതും പ്രത്യേകമായി ആഗ്രഹിക്കുന്നതുമായ (ആവശ്യം പറയുക) നിന്‍റെ അനന്ത കൃപയാല്‍ ഞങ്ങളുടെ മധ്യസ്ഥയായ ലൂര്‍ദ് മാതാവുവഴി നീ സാധിച്ചുതരണമേ.ഞങ്ങളുടെ ഹൃദയസ്പന്തനങ്ങള്‍ പോലും അറിയുന്ന അങ്ങ് ഞങ്ങളെ കൈവിടരുതേ, മാതൃകാപരമായ ഉത്തമജീവിതത്തിലൂടെ ഞങ്ങള്‍ അങ്ങയെ പൂര്‍ണ്ണമായി അനുകരിക്കുകയും തീര്‍ത്ഥാടകരായ ഞങ്ങളുടെ കടമകള്‍ നിറവേറ്റുവാന്‍ ഞങ്ങള്‍ പരിശ്രമിക്കുകയും ചെയ്യും.കരുണാര്‍ദ്രയായ അമ്മേ അങ്ങ് ഞങ്ങളുടെ പ്രതീക്ഷയും പ്രത്യാശയുമാകുന്നു.ആപത്തുകളില്‍ സഹായവും അഭയവുമായ അങ്ങ് ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ ശ്രവിച്ചു കൃസ്തുവിലൂടെ ഞങ്ങളെ അനുഗ്രഹിക്കണമേ,ആമ്മേന്‍.
കാര്‍മ്മി: കനിവുള്ള അമ്മേ ഞങ്ങളുടെ സ്ഭാധികാരികളെ അനുഗ്രഹിക്കണമേ.സാര്‍വ്വത്രികസഭയുടെ തലവനായ റോമായിലെ (പേര്) മാര്‍പാപ്പായെയും, ഞങ്ങളുടെ രൂപതാ അധിപനായ മാര്‍ (പേര്) മെത്രാനെയും മറ്റ് മെത്രാന്‍മാരെയും ഭരാനാധിപന്മാരെയും നീ അനുഗ്രഹിക്കണമേ.കത്തോലിക്കാസഭയില്‍ നിന്നു വേര്‍പ്പെട്ടുപോയ മറ്റ് ക്രൈസ്തവ സഹോദരങ്ങളെയും വി.കുര്‍ബാനയില്‍ ഐക്യപ്പെടുത്തുവാന്‍ അമ്മേ നീ ഇടയാക്കണമേ,അങ്ങനെ എല്ലാവരും ഒന്നുചേരുവാനും നിന്‍റെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായുടെ ശരീരമാകുന്ന സഭയുടെ വളര്‍ച്ചക്കും നിലനില്‍പ്പിനും വേണ്ടി യത്നിക്കുന്ന ധീരയോദ്ധാക്കളായി ജീവിക്കുവാനും ഇടയാക്കണമേ.
സമൂ: ആമ്മേന്‍.
കാര്‍മ്മി: സാര്‍വ്വത്രികസഭയ്ക്കും ഭരണാധിപന്‍മാര്‍ക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
1സ്വര്‍ഗ്ഗ,1നന്മ,1ത്രീ.
(ലൂര്‍ദ് മാതാവിന് സ്വയം സമര്‍പ്പിച്ചുകൊണ്ടു മൌനപ്രാര്‍ത്ഥന ചൊല്ലുന്നു)
എത്രയും ദയയുള്ള മാതാവേ.....(എല്ലാവരും ചേര്‍ന്ന് ചൊല്ലുന്നു.)
കാര്‍മ്മി: പരി.അമ്മയുടെ അമലോത്ഭവ ഹൃദയത്തിന് നമ്മെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാം.(എല്ലാവരും ചേര്‍ന്ന്) എട്ടാം മഹത്വമുള്ള കന്യകയും കരുണയുടെ മാതാവും സ്വര്‍ഗ്ഗത്തിന്‍റെ രാജ്ഞിയും പാപികളുടെ സങ്കേതവുമായ പരി.മറിയമേ ഞങ്ങള്‍ അങ്ങയുടെ വിമലഹൃദയത്തിന്ഞങ്ങളെത്തന്നേ പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ജീവനെത്തന്നെയും ജീവിതത്തെമുഴുവനായും ഞങ്ങള്‍ക്കുള്ളതെല്ലാം ഞങ്ങളിഷ്ടപ്പെടുന്നതെല്ലാം ഞങ്ങള്‍ എന്തായിരിക്കുന്നുവോ അതെല്ലാം ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. അങ്ങേക്ക് ഞങ്ങള്‍ ഞങ്ങളുടെ കുടുംബങ്ങളെയും ഞങ്ങളുടെ രാജ്യത്തെയും നല്കുന്നു. ഞങ്ങളുടെ അന്തരംഗങ്ങളിലുള്ളതെല്ലാം ഞങ്ങളുടെ പരിസരങ്ങളിലുള്ളതെല്ലാം അങ്ങയുടെതാകണമെന്നും, അങ്ങയുടെ മാത്രുവാത്സല്യത്തിന്‍റെ പരിലാളനക്കു ഞങ്ങള്‍ പങ്കാളികളാകണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ പ്രതിഷ്ഠാജപം തീര്‍ച്ചയായും ഫലമണിയുന്നതിനും നിലനിക്കുന്നതിനും ഇന്നേ ദിവസം ഞങ്ങള്‍ അങ്ങയുടെ തൃപ്പാദങ്ങളില്‍ ഞങ്ങളുടെ ജ്ഞാനസ്നാനത്തിന്‍റെയും ആദ്യകുര്‍ബാനസ്വീകരണത്തിന്‍റെയും വാഗ്ദാനങ്ങള്‍ നവീകരിക്കുന്നു. സുധീരം എന്നും പരിവാപനമായ ഞങ്ങളുടെ വിശ്വാസസത്യങ്ങള്‍ക്കനുസൃതമായും മാര്‍പ്പാപ്പയുടെയും അദ്ദേഹത്തോട് വിധേയരായ മെത്രാന്‍മാരുടെയും എല്ലാ നിര്‍ദേശങ്ങളോടും അനുസരണമുള്ളവരായ കത്തോലിക്കര്‍ക്ക് ചേര്‍ന്നപോലെയും ജീവിച്ചുകൊള്ളമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു. ദൈവത്തിന്‍റെയും അവിടുത്തെ തിരുസഭയുടെയും നിയമങ്ങള്‍ പാലിക്കുമെന്നും പ്രത്യേകിച്ചു കര്‍ത്താവിന്‍റെ ദിനം പര്‍വാപ്പണമായി ആചരിക്കുമെന്നും ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു. അതുവഴി ഞങ്ങളുടെ സ്വന്തഹൃദയങ്ങളിലും എല്ലാ മനുഷ്യരുടെ ഹൃദയങ്ങളിലും ഞങ്ങളുടെ രാജ്യത്തും ലോകം മുഴുവനിലും സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമായിത്തീരട്ടെ. ആമ്മേന്‍.
സമാപന പ്രാര്‍ത്ഥന
കാര്‍മ്മി: സ്വര്‍ഗ്ഗവാസികളുടെയും ഭൂവാസികളുടെയും നാഥയായ പരി.കന്യാമറിയമേ നിന്‍റെ സന്നിധിയില്‍ അഭയം തേടിയ പാപികളായ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ, ഉത്തമ കത്തോലിക്കാ ജീവിതം നയിക്കുവാനും ക്രിസ്തുവിന് സാക്ഷ്യംവഹിച്ചുകൊണ്ട് സുവിശേഷതത്വങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനും ഈ പ്രാര്‍ത്ഥന ഞങ്ങളെ സഹായിക്കട്ടെ, പ്രപഞ്ചത്തെ വിധിക്കുവാനായി വാനമേഘങ്ങളില്‍ മഹത്വത്തോടുകൂടി വരുന്ന നിന്‍റെ പ്രിയപുത്രന്‍റെ സമക്ഷം ഞങ്ങള്‍ക്ക് നീ കനിവോടെ സഹായമരുളനമേ, ഞങ്ങളെല്ലാവരും നിന്‍റെ സ്നേഹത്തിലും വിമലഹൃദയത്തിന്‍റെ സംരക്ഷണയിലും വളരുവാന്‍ ഈ പ്രാര്‍ത്ഥന ഞങ്ങളെ സഹായിക്കട്ടെ. ഈ നവാനാളില്‍ സംബദ്ധിച്ച എല്ലാവരെയും നീ പ്രത്യേകമായി അനുഗ്രഹിക്കണമേ. ഇപ്പോഴും എപ്പോഴും എന്നേക്കും.
സമൂ: ആമ്മേന്‍.
സമാപന ഗാനം
അമലോദ്ഭവയാം മാതാവേ നിന്‍
പാവനപാദം ചേരുന്നു.
കനകാലയമേ, കന്യാംബേ
പരലോകത്തിന്‍ വാതില്‍ നീ
കദനം തിങ്ങിയിതാ ഞങ്ങള്‍ നിറ
കണ്ണുകളോടെ കേഴുന്നു.
കരുണാനിറഞ്ഞൊരു നാഥേ നീ
വിരവോടു തൃക്കണ്‍പാര്‍ക്കണമേ,
നിത്യമാനോഹര സൌഭാഗ്യം നിന്‍
സുതനുടെ കനിവിനാല്‍ നേടിടാന്‍
സുതവത്സലയാം മാതാവേ,
പ്രാര്‍ത്തിക്കണമേ ഞങ്ങള്‍ക്കായി
View Count: 2759.
|