വിതക്കാരന്‍റെ ഉപമ
യേശു പറഞ്ഞു:
വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു. വിതയ്ക്കുമ്പോള്‍ ചിലതു വഴിയരികില്‍ വീണു. ആളുകള്‍ അതു ചവിട്ടിക്കളയുകയും പക്ഷികള്‍ വന്നു തിന്നുകയും ചെയ്തു.
ചിലതു പാറമേല്‍ വീണു. അതു മുളച്ചു വളര്‍ന്നെങ്കിലും നനവില്ലാതിരുന്നതുകൊണ്ട് ഉണങ്ങിപ്പോയി.
ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ അതിനോടൊപ്പം വളര്‍ന്ന് അതിനെ ഞെരുക്കിക്കളഞ്ഞു.
ചിലതു നല്ല നിലത്തു വീണു. അതു വളര്‍ന്നു നൂറുമേനി ഫലം പുറപ്പെടുവിച്ചു. തുടര്‍ന്ന് അവന്‍ സ്വരമുയര്‍ത്തിപ്പറഞ്ഞു: കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
ഉപമയുടെ വിശദീകരണം
ഈ ഉപമയുടെ അര്‍ഥമെന്ത് എന്നു ശിഷ്യന്‍മാര്‍ അവനോടു ചോദിച്ചു.
അവന്‍ പറഞ്ഞു: ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ അറിയാന്‍ വരം ലഭിച്ചിരിക്കുന്നത് നിങ്ങള്‍ക്കാണ്. മററുള്ളവര്‍ക്കാകട്ടെ അവ ഉപമകളിലൂടെ നല്‍കപ്പെടുന്നു. അവര്‍ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്.
ഉപമ ഇതാണ്: വിത്ത് ദൈവവചനമാണ്.
ചിലര്‍ വചനം ശ്രവിച്ചെങ്കിലും അവര്‍ വിശ്വസിക്കുകയോ രക്ഷപെടുകയോ ചെയ്യാതിരിക്കുവാന്‍വേണ്ടി പിശാചു വന്ന് അവരുടെ ഹൃദയങ്ങളില്‍ നിന്ന് വചനം എടുത്തുകളയുന്നു. ഇവരാണ് വഴിയരികില്‍ വീണ വിത്ത് .
പാറയില്‍ വീണത് , വചനം കേള്‍ക്കുമ്പോള്‍ സന്തോഷത്തോടെ അതു സ്വീകരിക്കുന്നവരാണ്. എങ്കിലും അവര്‍ക്കു വേരുകളില്ല. അവര്‍ കുറെ നാളത്തേക്കു വിശ്വസിക്കുന്നു. എന്നാല്‍ പ്രലോഭനങ്ങളുടെ സമയത്ത് അവര്‍ വീണുപോകുന്നു.
മുള്ളുകളുടെ ഇടയില്‍ വീണത് , വചനം കേള്‍ക്കുന്നെങ്കിലും ജീവിത ക്ലേശങ്ങള്‍, സമ്പത്ത്, സുഖഭോഗങ്ങള്‍ എന്നിവ വചനത്തെ ഞെരുക്കിക്കളയുന്നതുകൊണ്ട് ഫലം പുറപ്പെടുവിക്കാത്തവരാണ്.
നല്ല നിലത്തു വീണതോ, വചനം കേട്ട്, ഉത്കൃഷ്ടവും നിര്‍മലവുമായ ഹൃദയത്തില്‍ അതു സംഗ്രഹിച്ച് ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവരാണ്.
(ലുക്കാ, 8: 4-15)
View Count: 8443.
|