അസാദ്ധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൂദാ ശ്ലീഹായോടുള്ള പ്രാർത്ഥന
ഈശോയുടെ വിശ്വസ്ത ദാസനും സ്നേഹിതനും അപ്പസ്തോലനുമായ വിശുദ്ധ യൂദായേ, ദിവ്യ ഗുരുവിനെ ശത്രുക്കളുടെ കരങ്ങളിൽ ഏൽപ്പിച്ചു കൊടുത്തവൻ്റെ പേരിനോട് അങ്ങയുടെ പേരിനുള്ള സാമ്യം പലരും അങ്ങയെ മറക്കുവാൻ കാരണമാക്കിയല്ലോ. എങ്കിലും നിരാശാജനകവും അസാദ്ധ്യവുമായ കാര്യങ്ങളുടെ മദ്ധ്യസ്ഥനായി തിരുസഭ അങ്ങയെ സാർവത്രികമായി വണങ്ങുകയും അങ്ങേ സഹായം അപേക്ഷിക്കുകയും ചെയ്യുന്നു. വളരെയധികം കഷ്ടപ്പെടുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ആശയറ്റ സന്ദർഭങ്ങളിൽ ദൃശ്യമായ സഹായം അതിവേഗം പ്രദാനം ചെയ്യുന്നതിന് അങ്ങേയ്ക്കു സംസിദ്ധമായിരിക്കുന്ന പ്രത്യേകാനുകൂല്യത്തെ എനിക്കുവേണ്ടി വിനയോഗിക്കണമെന്ന് ഞാനങ്ങയോട് അഭ്യർത്ഥിക്കുന്നു.
എൻ്റെ എല്ലാ ആവശ്യങ്ങളിലും കഷ്ടതകളിലും ദുഃഖങ്ങളിലും പ്രത്യേകിച്ച് ....... (നിയോഗം) .... സ്വർഗത്തിൽ നിന്നുള്ള സഹായവും ആശ്വാസവും കിട്ടുന്നതിനുമായി ഈ വലിയ ആവശ്യനേരത്ത് എൻ്റെ സഹായത്തിനു എത്തേണമേ. അങ്ങനെ അങ്ങയോടും മറ്റെല്ലാ വിശുദ്ധരോടുംകൂടെ ദൈവത്തെ അനവരതം സ്തുതിക്കുന്നതിന് എനിക്ക് ഇടയാകട്ടെ. ഓ! വാഴ്ത്തപ്പെട്ട വിശുദ്ധ യൂദായെ, ഈ വലിയ അനുഗ്രഹത്തെ ഞാൻ എന്നും സ്മരിക്കുന്നതാണെന്നും എൻ്റെ ശക്തിയുള്ള പ്രത്യേക മദ്ധ്യസ്ഥനായി അങ്ങയെ വണങ്ങുന്നതിൽ ഞാൻ ഒരിക്കലും കുറവു വരുത്തുകയില്ലെന്നും അങ്ങയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിന് എൻ്റെ സർവ്വകഴിവുകളും വിനയോഗിക്കുന്നതാണെന്നും ഞാൻ ഇതാ പ്രതിജ്ഞ ചെയ്യുന്നു. ഏറ്റവും നീതിയുള്ളതും ആരാധ്യവും ഉന്നതവുമായ ദൈവത്തിൻ്റെ ഇഷ്ടം എല്ലാ കാര്യങ്ങളിലും എന്നും എന്നേയ്ക്കും സ്തുതിക്കപ്പെടുകയും പുകഴ്ത്തപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്യട്ടെ. എളിമയുടെ മാതൃകയും സഹനത്തിൻ്റെ കണ്ണാടിയും ശുദ്ധതയുടെ ലില്ലിപുഷ്പവും ദൈവ സ്നേഹത്തിൻ്റെ ജ്വാലയുമായ വിശുദ്ധ യൂദായെ ഞങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥം അപേക്ഷിക്കണമേ. ദുഖിതരുടെ ആശ്വാസവും പാപികളുടെ സങ്കേതവും വിഷമിക്കുന്നവരുടെ സഹായിയും അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ യൂദായെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. ആമേൻ.
View Count: 2360.
|