വിശുദ്ധ സെബസ്ത്യാനോസിനോടുള്ള നൊവേന
Mount Carmel Church Mariapuram

വിശുദ്ധ സെബസ്ത്യാനോസിനോടുള്ള നൊവേന

പ്രാരംഭ ഗാനം

(നിത്യസഹായ നാഥേ... എന്ന രീതി)
വിശുദ്ധനായ താതാ 
സെബസ്ത്യാനോസ് പുണ്യാത്മാവേ
പാദതാരിലണയും 
മക്കളെ കാത്തീടണേ 

ക്രിസ്തുവിന്‍ ധീരസാക്ഷീ 
വിശ്വാസ സംരക്ഷകാ 
പാരിന്നു മാതൃകയേ
മാദ്ധ്യസ്ഥമേകീടണേ 

സുവിശേഷ ചൈതന്യത്തില്‍ 
നിത്യം വളര്‍ന്നീടുവാന്‍ 
വന്ദ്യനാം പുണ്യതാതാ 
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ

പ്രാരംഭ പ്രാര്‍ത്ഥന

സര്‍വ്വനന്മകളുടെയും നിക്ഷേപമായ ദിവ്യ ഈശോയേ, അത്യന്തഭക്തിയോടും പൂര്‍ണ്ണമനസ്സോടും കൂടെ അങ്ങയെ ഞങ്ങള്‍ സ്തുതിച്ചാരാധിക്കുന്നു. മഹത്വമുള്ള വേദസാക്ഷിയും തീക്ഷ്ണതനിറഞ്ഞ അത്മായ പ്രേഷിതനുമായ വി.സെബസ്ത്യാനോസിനെ ഞങ്ങള്‍ക്ക് മദ്ധ്യസ്ഥനായി നല്‍കിയതിനെ ഓര്‍ത്ത് അങ്ങേയ്ക്ക് ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു. നന്ദിഹീനരായ മനുഷ്യര്‍ അങ്ങേ അളവറ്റ സ്നേഹത്തെ അവഗണിച്ച് അങ്ങേയ്ക്കെതിരായി തെറ്റുചെയ്തതിനേയും അങ്ങേ നാമത്തെ നിന്ദിക്കുന്നതിനേയും ഓര്‍ത്തു ഞങ്ങള്‍ പശ്ചാത്തപിക്കുന്നു. പാപികളുടെ മാനസാന്തരം ആഗ്രഹിക്കുന്ന ദിവ്യരക്ഷകാ ഇതാ ഞങ്ങള്‍ അങ്ങേപ്പക്കലേക്ക് പിന്തിരിഞ്ഞു വരുന്നു. വഴിതെറ്റിയ ആട്ടിന്‍കുട്ടിയെ അന്വേഷിക്കുന്ന ദിവ്യഇടയാ, ധൂര്‍ത്തനായ മകനെ വാത്സല്യത്തോടെ തഴുകുന്ന നല്ല പിതാവേ, ഞങ്ങളെ കൈവിടാതെ അങ്ങയുടെ തിരുരക്തത്താല്‍ കഴുകി വിശുദ്ധീകരിക്കണമേ. നന്ദിഹീനരായ ഞങ്ങള്‍ക്കുവേണ്ടി തിരുഹൃദയം മുറിപ്പെടാന്‍ തിരുമനസ്സായ അങ്ങേ സ്നേഹത്തേയും കരുണയേയും കുറിച്ച് പാപദുര്‍ഗുണങ്ങള്‍ നിറഞ്ഞ ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധമാക്കി അങ്ങയെ മാത്രം സ്നേഹിപ്പാനും അങ്ങേയ്ക്ക് പ്രിയമുള്ള മക്കളായിരിപ്പാനും കൃപ ചെയ്യണമേ. സ്നേഹപിതാവേ വി. സെബസ്ത്യാനോസുവഴിയായി ഞങ്ങള്‍ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥന അങ്ങ് കരുണാപൂര്‍വ്വം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേന്‍. 1 സ്വര്‍ഗ. 1 നന്മ. 1 ത്രി.

മദ്ധ്യസ്ഥപ്രാര്‍ത്ഥന

വിശുദ്ധ വേദസാക്ഷിയും തിരുസഭയുടെ അഭിമാനവും വ്യാധികളെ നീക്കിക്കളയുന്നവനുമായ വി. സെബസ്ത്യാനോസേ, അങ്ങേ മദ്ധ്യസ്ഥംവഴിയായി ലഭിക്കുന്ന നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. അങ്ങയുടെ പ്രസംഗത്താലും സന്മാതൃകകളാലും അനേകം പേരെ സത്യസഭയിലേക്ക് ആനയിക്കുവാന്‍ തിരുമനസ്സായല്ലോ. ദൈവസന്നിധിയില്‍ അങ്ങേയ്ക്കുള്ള പ്രത്യേകമായ മദ്ധ്യസ്ഥശക്തിയാല്‍ അങ്ങ് അനേകരുടെ ശാരീരികവും ആത്മീയവുമായ രോഗങ്ങളെ സുഖപ്പെടുത്തിയല്ലോ. പാപികളെങ്കിലും അങ്ങേ സഹായം യാചിങ്ങുന്ന ഞങ്ങളുടെ ആത്മീയവും ശാരീരികവുമായ രോഗങ്ങളെ സൗഖ്യമാകാനും പ്രത്യേകമായി ഞങ്ങള്‍ക്കിപ്പോള്‍ എറ്റവും ആവശ്യമായിരിക്കുന്ന ഈ അനുഗ്രഹം ..... (ഇവിടെ ആവശ്യം പറയുക) സാധിച്ചുകിട്ടുന്നതിന് അങ്ങയുടെ ശരീരത്തില്‍ തുളച്ചുകയറിയ അമ്പുകളുടെ യോഗ്യതയാല്‍. പരമകാരുണികന്റെ മുമ്പില്‍ അങ്ങ് മദ്ധ്യസ്ഥം വഹിക്കണമെന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു.
1 സ്വര്‍ഗ. 1 നന്മ. 1 ത്രി.

സമൂഹപ്രാര്‍ത്ഥന

ദൈവസന്നിധിയില്‍ ഞങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസേ, അങ്ങേ സഹായം അപേക്ഷിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമേ. ബലഹീനരെ ശക്തിപ്പെടുത്തുകയും ദുഃഖിതരെ ആശ്വസിപ്പിക്കുകയും ചെയ്യണമേ. ഞങ്ങളുടെ സംരക്ഷകനും പരിപാലകനുമായ ദൈവമേ, തിരുസഭാ സംരക്ഷകനായ വിശുദ്ധ സെബസ്‌ത്യാനോസിന്‍റെ യോഗ്യതകളെ പരിഗണിച്ച് ആ വിശുദ്ധന്‍റെ മാദ്ധ്യസ്ഥം വഴിയായി ഞങ്ങളുടെ ആവശ്യങ്ങളില്‍ അങ്ങേ സഹായം ലഭിക്കുന്നതിനുള്ള കൃപ നല്‍കണമേ. ആമ്മേന്‍. 

ലുത്തിനിയ

("ഞങ്ങളെ അനുഗ്രഹിക്കണമേ" എന്നു പ്രതിവാചകം)
കര്‍ത്താവേ അനുഗ്രഹിക്കണമേ 
മിശിഹായെ അനുഗ്രഹിക്കണമേ 
കര്‍ത്താവേ അനുഗ്രഹിക്കണമേ 
മിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ 
മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ 
സ്വര്‍ഗസ്ഥനായ പിതാവായ ദൈവമേ 
ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ 
പരിശുദ്ധാത്മാവായ ദൈവമേ 
ഏകദൈവമായ പരിശുദ്ധ ത്വിത്വമേ 

("ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ" എന്നു പ്രതിവാചകം)
പരിശുദ്ധ മറിയമേ 
ഞങ്ങങ്ങളുടെ പിതാവായ വിശുദ്ധ സെബസ്ത്യാനോസേ, 
അപേക്ഷിക്കുന്നവര്‍ക്ക് എന്നും സഹായമരുളുന്ന വിശുദ്ധ സെബസ്ത്യാനോസേ,
സ്വന്തം ജനനത്താല്‍ നര്‍ബോന എന്ന നഗരത്തെ ലോകപ്രസിദ്ധമാക്കിയ വിശുദ്ധ സെബസ്ത്യാനോസേ, 
സത്യവിശ്വാസത്തെപ്രതി പീഡയനുഭവിക്കുന്നവര്‍ക്ക് സഹായം ചെയ്യുന്നതിനായി പട്ടാളസേവനം നടത്തിയ വിശുദ്ധ സെബസ്ത്യാനോസേ, 
അനേകം അവിശ്വാസികളെ സത്യവെളിച്ചത്തിലേക്ക് ആനയിച്ച വിശുദ്ധ സെബസ്ത്യാനോസേ, 
പീഡകള്‍ നിമിത്തം ചഞ്ചലബുദ്ധികളായവരെ യഥാര്‍ത്ഥ വിശ്വാസത്തില്‍ ഉറപ്പിച്ച വിശുദ്ധ സെബസ്ത്യാനോസേ, 
വചനത്താലും പ്രവൃത്തിയാലും സന്മാതൃക നല്‍കിയ വിശുദ്ധ സെബസ്ത്യാനോസേ, 
സത്യത്തെപ്രതി പീഡകള്‍ സഹിക്കുന്നവര്‍ക്ക് ധൈര്യം കൊടുക്കുന്ന വിശുദ്ധ സെബസ്ത്യാനോസേ, 
വേദസാക്ഷികളുടെ പീഡകളിലും മരണത്തിലും ബലവും സഹായവുമായിരുന്ന വിശുദ്ധ സെബസ്ത്യാനോസേ, 
ഭക്തി നിറഞ്ഞ വചനങ്ങളാല്‍ അനേകരുടെ ഹൃദയത്തില്‍ ദൈവസ്നേഹം ജ്വലിപ്പിച്ച വിശുദ്ധ സെബസ്ത്യാനോസേ, 
വിശ്വാസികള്‍ക്കു സഹായമായി റോമാചക്രവര്‍ത്തിയുടെ പടത്തലവനായി ദൈവകൃപയാല്‍ ഉയര്‍ത്തപ്പെട്ട വിശുദ്ധ സെബസ്ത്യാനോസേ, 
വിശുദ്ധ കുരിശിന്‍റെ അടയാളത്താല്‍ തളര്‍വാതത്തെ നീക്കിയ വിശുദ്ധ സെബസ്ത്യാനോസേ, 
ബധിരരെ സുഖപ്പെടുത്തിയ വിശുദ്ധ സെബസ്ത്യാനോസേ, 
അനേക വ്യാധികളെ ശമിപ്പിച്ച് ആരോഗ്യം നല്‍കിയ വിശുദ്ധ സെബസ്ത്യാനോസേ, 
പാളയത്തില്‍ വ്യാപരിച്ചിട്ടും ബ്രഹ്മചര്യത്തില്‍ വിളങ്ങിയിരുന്ന വിശുദ്ധ സെബസ്ത്യാനോസേ, 
ഈശോയോടുള്ള സ്നേഹത്തെപ്രതി ചക്രവര്‍ത്തിയുടെ സ്നേഹത്തെയും സ്ഥാനമാനങ്ങളേയും ത്യജിച്ചവനായ വിശുദ്ധ സെബസ്ത്യാനോസേ, 
സത്യവിശ്വാസം നിമിത്തം മരണത്തിന് വിധിക്കപ്പെട്ടവനായ വിശുദ്ധ സെബസ്ത്യാനോസേ, 
അനേകം അമ്പുകളാല്‍ എയ്യപ്പെട്ടവനായ വിശുദ്ധ സെബസ്ത്യാനോസേ, 
അസ്ത്രങ്ങള്‍ ഏറ്റതിനാല്‍ മരിച്ചവനെപ്പോലെ ഉപേക്ഷിക്കപ്പെട്ട വിശുദ്ധ സെബസ്ത്യാനോസേ, 
ജീവന്‍ പിരിയാതെ വീണ്ടും രാജസന്നിധിയില്‍ ചെന്ന് വിശ്വാസികളെ ഉപദ്രവിക്കുന്നതില്‍ രാജാവിനെ ശാസിച്ച വിശുദ്ധ സെബസ്ത്യാനോസേ, 
രാജകല്പനയാല്‍ കെട്ടപ്പെട്ട് കഠോരമായ അടികളാല്‍ മരണത്തെ കൈവരിച്ച വിശുദ്ധ സെബസ്ത്യാനോസേ, 
ഒരു പ്രഭ്വിക്കുണ്ടായ വെളിപാടിന്‍ പ്രകാരം മഹാപൂജ്യതയോടെ അടക്കപ്പെട്ട വിശുദ്ധ സെബസ്ത്യാനോസേ, 
സ്വര്‍ഗ്ഗരാജ്യത്തില്‍ സര്‍വ്വേശ്വരനാല്‍ അത്യന്തമഹിമയുള്ള വേദസാക്ഷിക്കിരീടം ധരിപ്പിക്കപ്പെട്ട വിശുദ്ധ സെബസ്ത്യാനോസേ,
സകല ക്രിസ്ത്യാനികള്‍ക്കും ദയനിറഞ്ഞപിതാവായ വിശുദ്ധ സെബസ്ത്യാനോസേ, 

ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായഞ്ഞാടായ ഈശോതമ്പുരാനേ, 
കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍  ക്ഷമിക്കണമേ 

ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായഞ്ഞാടായ ഈശോതമ്പുരാനേ, 
കര്‍ത്താവേ  ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ 

ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായഞ്ഞാടായ ഈശോതമ്പുരാനേ, 
കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ

പ്രാര്‍ത്ഥിക്കാം

സകലനന്മസ്വരൂപിയായിരിക്കുന്ന സര്‍വേശ്വരാ, കര്‍ത്താവേ, അങ്ങേ ദാസനായ വിശുദ്ധ സെബസ്ത്യാനോസിനെ വണക്കം ചെയ്യുന്ന അങ്ങേ മക്കളുടെ ബലഹീനതയെയും തെറ്റുകളെയും കൃപയോടെ നോക്കണമേ. ഞങ്ങളുടെ പാപങ്ങള്‍ മൂലം വന്നിരിക്കുന്ന കഷ്ടതകളെ നീക്കി വിശുദ്ധ സെബസ്ത്യാനോസിനെ മദ്ധ്യസ്ഥതയാല്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്കു നല്‍കുമാറാകണമെന്ന് നിത്യമായി ജീവിച്ചുവാഴുന്ന പിതാവും പുത്രനും പരിശുദ്ധാത്മാവുമായ അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. 

സമാപന പ്രാര്‍ത്ഥന

നര്‍ബോനാ എന്ന നഗരത്തിന്‍ ജനിച്ച് വീരോചിതമായ വിശ്വാസജീവിതം നയിക്കുകയും ക്രിസ്തുവിന് സാക്ഷ്യം വഹിച്ച് അനേകായിരങ്ങളെ സത്യവിശ്വാസത്സില്‍ ഉറപ്പിച്ച് കഠിനമായ പീഡകള്‍ സഹിച്ച് രക്തസാക്ഷിമുടി ചൂടിയ വിശുദ്ധ സെബസ്ത്യാനോസേ, പാപികളും രോഗികളുമായ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. സത്യവിശ്വാസത്തില്‍ നിന്നും വ്യതിചലിച്ച് മന്ദജീവിതം നയിക്കുന്ന ഞങ്ങളുടെ ഉദാസീനത ഞങ്ങള്‍ മനസ്സിലാക്കുന്നു. പാപസാഹചര്യങ്ങളില്‍ നിന്നു പൂര്‍ണ്ണമായി വിട്ടുമാറി വിശ്വാസജീവിതം നയിക്കുന്നതിന് വേണ്ട അനുഗ്രഹം അങ്ങയുടെ പ്രാര്‍ത്ഥനവഴിയായി ഞങ്ങള്‍ക്ക് ലഭിക്കുവാന്‍ ഇടയാക്കണമേ. പിശാചിന്‍റെ ഉപദ്രവങ്ങളില്‍ നിന്നും സാംക്രമികരോഗങ്ങളില്‍ നിന്നും ഞങ്ങള്‍ രക്ഷപ്രാപിക്കുന്നതിനുള്ള അനുഗ്രഹം അങ്ങുവഴിയായി ഞങ്ങള്‍ക്ക് ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കണമേ. ഞങ്ങളേയും ഞങ്ങളുടെ കുടുംബത്തേയും നാടിനെയും സാംക്രമികരോഗങ്ങളില്‍ നിന്നും അങ്ങേ മദ്ധ്യസ്ഥതയാല്‍ കാത്തു പരിപാലിക്കണമേ. പ്രത്യേകമായി ഞങ്ങള്‍ക്കിപ്പോള്‍ ഏറ്റവും ആവശ്യമായിരിക്കുന്ന ഈ അനുഗ്രഹങ്ങള്‍ ....... പരമപിതാവില്‍ നിന്നും ലഭിച്ചു തന്ന് ഞങ്ങള്‍ക്ക് സമാധാനവും സഹായവും നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. 
1 സ്വര്‍ഗ. 1 നന്മ. 1. ത്രി. 
ആമ്മേന്‍.

സമാപനഗാനം

((നിത്യവിശുദ്ധയാം... എന്ന് രീതി)
സ്നേഹ സ്വരൂപനാം ദൈവത്തിന്‍ ദാസനേ 
പുണ്യാത്മ സെബസത്യാനോസേ 
നിന്‍പുണ്യ പാദം വണങ്ങുന്നു ഞങ്ങള്‍ 
നന്ദിയോടെന്നെന്നും മോദാല്‍ 

തിന്മയ്ക്കെതിരായി ധീരമായ് പോരാടി 
മന്നിതില്‍ മാതൃക നല്‍കി
വിശ്വാസം കാക്കുവാന്‍ രക്തസാക്ഷിയായ് 
മര്‍ത്യര്‍ക്ക് മാതൃകയായി - എന്നും 
മര്‍ത്യര്‍ക്കു മാതൃകയായി 

സ്വാര്‍ത്ഥത വിട്ടെന്നും നേര്‍വഴി കണ്ടെത്താന്‍ 
ഞങ്ങള്‍ക്കു നീ തുണയാകൂ 
സ്നേഹത്തില്‍ ജീവിതം നിത്യം നയികുവാന്‍ 
നല്‍വരമേകണേ താതാ - എന്നും 
നല്‍വരമേകണേ താതാ
View Count: 11580.
HomeContact UsSite MapLoginAdmin |
Login